പി. സുകുമാർ (കാമറ സ്ലോട്ട്)
പി. സുകുമാർ (കാമറ സ്ലോട്ട്)
Friday, December 9, 2016 5:51 AM IST
സരളവും ഗംഭീരവുമായ ഉജ്വലമുഹൂർത്തങ്ങൾ നിറഞ്ഞ നിരവധി ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ച് പ്രേക്ഷകരുടെ മനം കുളിർപ്പിച്ച ഛായാഗ്രാഹകനാണ് പി. സുകുമാർ. പി. ചന്ദ്രകുമാർ, പി. ഗോപികുമാർ എന്നീ സംവിധായകരായ സഹോദരങ്ങളെ പിന്തുടർന്നു സിനിമയിലെത്തിയ ഇദ്ദേഹം ഛായാഗ്രഹണ മേഖലയിലാണു തിളങ്ങിയത്. 27 വർഷത്തോളം നീണ്ട കരിയറിനിടയിൽ നടൻ, സംവിധായകൻ നിർമാതാവ് എന്നീ നിലകളിലും സാന്നിധ്യമറിയിച്ചു. അറുപതിലേറെ ചിത്രങ്ങൾക്കു ഛായാഗ്രഹണം നിർവഹിച്ച ഈ പാലക്കാട് സ്വദേശിക്കു സ്വ ലേ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്‌ഥാന അവാർഡും ലഭിച്ചു.

പി. ചന്ദ്രകുമാറിന്റെ കല്പന ഹൗസിനു ഛായാഗ്രഹണം നിർവഹിച്ചുകൊണ്ടാണ് സുകുമാർ സ്വതന്ത്രഛായാഗ്രാഹകനായത്. തുടർന്നു ജയരാജിന്റെ തുടക്കകാല ചിത്രങ്ങളായ സോപാനം, ഹൈവേ, തുമ്പോളി കടപ്പുറം തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രമാണ് സുകുമാറിന്റെ കരിയർഗ്രാഫ് കുത്തനെ ഉയർത്തിയത്. വള്ളുവനാടൻ ഗ്രാമഭംഗി ഒപ്പിയെടുത്ത ഈ ചിത്രം ഇദ്ദേഹത്തിന്റെ കാമറാമികവിന് ഉത്തമോദാഹരണമാണ്. കഥയ്ക്കൊപ്പം സിനിമയുടെ പശ്ചാത്തല ഭംഗിക്കും ഗാനരംഗങ്ങൾക്കും പ്രാധാന്യംകൊടുക്കുന്ന കമലിനൊപ്പം പിന്നീടും നിരവധി ചിത്രങ്ങളിൽ സുകുമാർ പ്രവർത്തിച്ചു. അഴകിയ രാവണൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, അയാൾ കഥയെഴുതുകയാണ്, നിറം, മധുരനൊമ്പരക്കാറ്റ്, സ്വപ്നക്കൂട്, ഗ്രാമഫോൺ, പെരുമഴക്കാലം, മഞ്ഞുപോലൊരു പെൺകുട്ടി, രാപ്പകൽ, പച്ചക്കുതിര, കറുത്ത പക്ഷികൾ, ഗോൾ എന്നീ കമൽ ചിത്രങ്ങളുടെ കാമറ നിയന്ത്രിച്ചതു സുകുമാറാണ്. ദൃശ്യമനോഹരങ്ങളായ ഈ കമൽ ചിത്രങ്ങൾ മിക്കവയും കാലത്തെ മറികടന്ന് മധുരവും സുഗന്ധവും പേറി പ്രേക്ഷക ഹൃദയങ്ങളെ ഇന്നും സ്പർശിക്കുന്നവയാണ്.

വേണു നാഗവള്ളിയുടെ രക്‌തസാക്ഷികൾ സിന്ദാബാദ്, ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടൊരു പെണ്ണ്, രഞ്ജിത്തിന്റെ രാവണപ്രഭു, അക്ബർ ജോസിന്റെ മഴത്തുള്ളിക്കിലുക്കം, ഷാഫി ചിത്രങ്ങളായ കല്യാണരാമൻ, പുലിവാൽ കല്യാണം, ശശിശങ്കറിന്റെ കുഞ്ഞിക്കൂനൻ, ജോഷിയുടെ റൺവേ, ലയൺ, ട്വന്റി ട്വന്റി, അനിൽ സി. മേനോന്റെ ബെൻ ജോൺസൺ, എം. മോഹനന്റെ കഥ പറയുമ്പോൾ, രഞ്ജിത് ശങ്കറിന്റെ പാസഞ്ചർ, തോംസൺ സംവിധാനം ചെയ്ത കാര്യസ്‌ഥൻ, സന്ധ്യാ മോഹന്റെ മിസ്റ്റർ മരുമകൻ തുടങ്ങിയ വമ്പൻ ഹിറ്റുകൾ സുകുമാറിന്റെ കാമറയിൽ പിറവികൊണ്ടവയാണ്. ദൃശ്യഭംഗിയും കലാമേന്മയും ഒത്തുചേർന്നു വൻ വാണിജ്യവിജയം നേടിയവയാണ് ഈ ചിത്രങ്ങൾ.


മലയാളത്തിലെ പ്രമുഖ ചലച്ചിത്രതാരങ്ങളെയെല്ലാം ഉൾപ്പെടുത്തി ദിലീപ് നിർമിച്ച ട്വന്റി ട്വന്റിയുടെ ഛായാഗ്രഹണം നിർവഹിച്ചതിലൂടെ മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടംനേടാനും സുകുമാറിനു സാധിച്ചു.

ഷാജുൺ കാര്യാലിന്റെ ഡ്രീംസ്, നേമം പുഷ്പരാജിന്റെ ബനാറസ് തുടങ്ങിയ ചിത്രങ്ങൾ സുകുമാറിന്റെ ചിത്രീകരണഭംഗികൊണ്ടു ശ്രദ്ധിക്കപ്പെട്ടവയാണ്. അശോക് ആർ നാഥിന്റെ ഏകാദശി വ്യത്യസ്ത ചിത്രമായിരുന്നു. പുതുമുഖ സംവിധായനായിവന്ന വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ്.

2012–ൽ പുറത്തിറങ്ങിയ എം. മോഹന്റെ നയൻ വൺ സിക്സ് എന്ന ചിത്രത്തിനുശേഷം ഈ വർഷം തിയറ്ററുകളിലെത്തിയ ഹലോ നമസ്തേ എന്ന ചിത്രത്തിനുവേണ്ടിയാണ് സുകുമാർ കാമറ നിയന്ത്രിച്ചത്. ജയൻ കെ. നായർ സംവിധാനം ചെയ്ത ഹലോ നമസ്തേ തിയറ്റർ വിജയം നേടി. കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുകയാണ് ഉടൻ റിലീസാകുന്ന മറ്റൊരു ചിത്രം. അനൂപ് മേനോൻ, ഭാവന എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ.

കൈയൊപ്പ്, കൈക്കുടന്ന നിലാവ്, ചേട്ടായീസ് എന്നീ ചിത്രങ്ങളിൽ അഭിനേതാവായ സുകുമാർ, ചേട്ടായീസ്, മായാ മോഹിനി എന്നീ ചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയായി.

തയാറാക്കിയത്: സാലു ആന്റണി