ജെമിനി
ഡോക്ടർമാരായ ഭർത്താവും ഭാര്യയും. വിവാഹിതരായിട്ട് വർഷമേറെയായിട്ടും കുട്ടികളുണ്ടാവാത്തതിനാൽ ഇരുവരും ചേർന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുന്നു. ഒരു അനാഥാലയത്തിൽനിന്നു രണ്ടര വയസുള്ള ഒരു പെൺകുഞ്ഞിനെ അങ്ങനെ അവ ദത്തെടുക്കുന്നു. കുട്ടിക്ക് അവർ ജെമിനി എന്നു പേരിട്ടു.

കുട്ടിക്ക് അഞ്ചു വയസുള്ളപ്പോൾ ജെമിനിയിൽ ഇതേ പ്രായത്തിലുള്ള സാധാരണ കുട്ടികളെക്കാൾ വ്യത്യസ്തമായ സ്വഭാവവും പെരുമാറ്റവും പ്രകടിപ്പിക്കാൻ തുടങ്ങി. ചില വികൃതികൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെ എന്ന ചിന്താഗതി ആ മാതാപിതാക്കൾക്ക് വന്നതിനാൽ ജെമിനിയെ ഡോക്ടറെ കാണിക്കാൻ തീരുമാനിക്കുന്നു. നല്ല മാതാപിതാക്കളായി കുട്ടിയോടു പെരുമാറുകയെന്നതായിരുന്നു ഡോക്ടറുടെ നിർദേശം. അങ്ങനെ പ്രത്യേക ശ്രദ്ധയോടെ അവർ ജെമിനിയെ സ്നേഹത്തോടെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എപ്പോഴോ അവർക്കിടയിൽ പ്രശ്നങ്ങൾ ഉയർന്നുവന്നു. പിന്നീടു പ്രശ്നങ്ങൾ സങ്കീർണമാവുകയും ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. അതൊരു വഴിത്തിരിവായിരുന്നു. ജെമിനി പിതാവിന്റെ കൂടെ ജീവിച്ചു.

ഇംഗ്ലീഷ് ട്രെയിനർ പ്രൊഫസർ ഗോകുൽദാസ് ജെമിനിയുടെ ജീവിതത്തിലെത്തി കൂടുതൽ സ്വാധീനം ചെലുത്തിയപ്പോൾ അതു മാതാപിതാക്കളെ കൂടുതൽ പ്രശ്നങ്ങളിലേക്കു വലിച്ചിഴച്ചു. തുടർന്ന് ഓരോരുത്തർക്കും ഉണ്ടാകുന്ന സംഭവബഹുലമായ പ്രശ്നങ്ങളാണ് ജെമിനി എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
പി.കെ. ബാബുരാജ് സംവിധാനംചെയ്യുന്ന ജെമിനിയിൽ ജെമിനിയായി കേന്ദ്രകഥാപാത്രത്തെ ബേബി എസ്തർ അവതരിപ്പിക്കുന്നു. മാതാപിതാക്കളായി രഞ്ജി പണിക്കർ, ധനുശ്രീ ഘോഷ് എന്നിവരും അഭിനയിക്കുന്നു. കിഷോർ സത്യ, സിജോയ് വർഗീസ്, ശശി കലിംഗ, സുനിൽ സുഖദ, അശോക് കുമാർ, രമേശ് കാപ്പാട്, ബാലൻ പാറക്കൽ, സേതുലക്ഷ്മി റോസ്ലിൻ, സ്നേഹ ശ്രീകുമാർ, ബേബി ദേവനന്ദ തുടങ്ങിയവരാണു മറ്റു താരങ്ങൾ.

റിച്ചീസ് സിനിമയുടെ ബാനറിൽ രൂപേഷ് ലാൽ നിർമിക്കുന്ന ജെമിനിയിൽ മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. ബിനു പുരുഷോത്തമൻ തിരക്കഥ, സംഭാഷണം എഴുതുന്നു. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, അനു എലിസബത്ത്, പി.കെ. ബാബുരാജ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ– ഷാജി പട്ടിക്കര, കല– എം. ബാവ, മേക്കപ്– രാജീവ് അങ്കമാലി.
എ.എസ്. ദിനേശ്