സിദ്ധി ആനന്ദത്തിലാണ്....
പ്രേക്ഷക മനസിൽ ആനന്ദം നിറച്ചുകൊണ്ട് പുത്തൻ താരോദയത്തിനു സാക്ഷിയാവുകയാണ് തിയറ്റർ വിജയം നേടുന്ന ആനന്ദം. കുസൃതിയും കുറുമ്പും നിറഞ്ഞ ദിയ എന്ന പാത്രത്തിലൂടെ പുതുമുഖം സിദ്ധി മഹാജൻ ആസ്വാദക മനസിൽ ഇതിനോടകം തന്നെ ഇടം പിടിച്ചിരിക്കുന്നു. നാളെയുടെ താരം സിദ്ധി ആനന്ദത്തിന്റെ വിജയ വിശേങ്ങളും പുത്തൻ സ്വപ്നങ്ങളും പങ്കുവെയ്ക്കുന്നു.

ആനന്ദം പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു. എന്തു തോന്നുന്നു?

ഒറ്റവാക്കിൽ പറഞ്ഞാൽ പരമാനന്ദം. മലയാളി പ്രേക്ഷകർ ഞങ്ങളെ സ്വീകരിച്ചിരിക്കുന്നു എന്നത് തന്നെ വളരെ സന്തോഷം നൽകുന്നതാണ്. ഇഷ്ടപ്പെട്ടു, ജീവിതവുമായി ബന്ധപ്പെട്ടതായി തോന്നുന്നു എന്നു പ്രേക്ഷകർ പറയുമ്പോൾ അതിയായ സന്തോഷമാണ് തോന്നുന്നത്.

ദിയ എന്ന കഥാപാത്രം വെല്ലുവിളിയായിരുന്നോ?

സിനിമയിലെ ദിയയെ പോലെയാണ് യഥാർത്ഥ ജീവിതത്തിൽ ഞാനും. അതുകൊണ്ടു തന്നെ എനിക്ക് അഭിനയിക്കേണ്ടതായി വന്നില്ല. ദിയയ്ക്കുണ്ടാകുന്ന സന്ദർഭങ്ങളിൽ ഞാൻ എങ്ങനെയായിരിക്കുമെന്നു ഞാൻ ആലോചിച്ചു. അങ്ങനെയാണ് ഓരോന്നും ചെയ്തത്. അതിനു സംവിധാകൻ ഗണേഷേട്ടന്റെ പൂർണ പിന്തുണയും കിട്ടി.

ആനന്ദത്തിലേക്കുള്ള അവസരം എങ്ങനെയാണു ലഭിച്ചത്?

വിദ്യോദയയിൽ എന്റെ സൂപ്പർ സീനിയറായിരുന്നു ഗണേഷേട്ടൻ. ഡ്രമാറ്റിക് ക്ലബ്ബിൽ ഓഡിഷനു വേണ്ടി തിരക്കിയപ്പോൾ അധ്യാപകർ എന്റെ പേരു പറഞ്ഞിരുന്നില്ല. 18 മുതൽ 21 വയസുവരെയുള്ളവരെയായിരുന്നു അന്നു ഓഡിഷനിലേക്കു തെരഞ്ഞെടുത്തത്. എനിക്കന്നു 17 വയസായിരുന്നു. ഒരു ദിവസം എന്നെ പഠിപ്പിക്കുന്ന രമ മിസ് എന്റെയൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതു കണ്ടിട്ടാണ് ഓഡിഷനിലേക്ക് എന്നെയും വിളിക്കുന്നത്. ഓഡിഷനു ചെന്നപ്പോൾ എനിക്കു വലിയ ടെൻഷൻ ഇല്ലായിരുന്നു. കിട്ടിയാൽ കിട്ടി എന്നതായിരുന്നു എന്റെ മനസിലും. അവിടെ ഓഡിഷന് അഭിനയിക്കാൻ രണ്ടു മൂന്നു സീൻ തന്നിരുന്നു. അതു കാമറമാൻ ആനന്ദ് ചേട്ടൻ ഷൂട്ടു ചെയ്തു. പിന്നീട് ഒരു ആഴ്ചയ്ക്കു ശേഷമാണ് എന്നെ ദിയയുടെ വേഷത്തിലേക്കു തെരഞ്ഞെടുത്തതായി അറിയിക്കുന്നത്.ബാക്കിയുള്ളവരുടെ സപ്പോർട്ട് എത്രത്തോളം സഹായകമായി?

കാമറയ്ക്കു മുന്നിലും പിന്നിലും എല്ലാവരുടേയും ആദ്യ സിനിമയാണ് ആനന്ദം. അപ്പോൾ എല്ലാവർക്കും ഒരു എനർജി ഉണ്ടായിരുന്നു. ഏറ്റവും മികച്ചതാക്കണമെന്നാണ് ലക്ഷ്യം. വിനീതേട്ടനെ നിർമാതാവെന്നതിനുപരി ഒരു മാർഗ്ഗദർശിയായിട്ടാണ് ഞങ്ങളെല്ലാവരും കണ്ടത്. നമുക്കു നല്ല സ്വാതന്ത്യം നൽകിയിരുന്നു. ഒപ്പം മികച്ച പിന്തുണയും.


ഭാവിയിൽ സിനിമയുമായി മുന്നോട്ടു പോകാനാണ് ഇനിയുള്ള ശ്രദ്ധ?

തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ഞാൻ ബാംഗ്ലൂരിൽ ബിബിഎ ഒന്നാം വർഷം പഠിക്കുകയാണ്. അതു പൂർത്തിയാക്കിയതിനു ശേഷം സ്വന്തമായൊരു കമ്പനി തുടങ്ങണമെന്നാണ് ആഗ്രഹം. സിനിമയിലെത്തിയതുകൊണ്ട് മീഡിയ ലെവലിൽ ഒരു കമ്പനിയാണ് ഇനി മനസിലുള്ളത്.

ചെറുപ്പം മുതൽ അഭിനയത്തോടു താൽപര്യമുണ്ടായിരുന്നോ?

ഡാൻസും അഭിനയവും ചെറുപ്പം മുതൽ തന്നെ എന്റെ പാഷനായിരുന്നു. ഇത്രയും പെട്ടെന്നു സിനിമയിലെത്തുമെന്നു കരുതിയിരുന്നില്ല. അത് ദൈവാനുഗ്രഹമായാണ് കാണുന്നത്.

പുതിയ അവരങ്ങൾ തേടിയെത്തിയോ?

മലയാളത്തിൽ നിന്നും രണ്ടുമൂന്ന് അവസരങ്ങൾ വന്നിട്ടുണ്ട്. തമിഴിൽ നിന്നും ഒരു ചിത്രത്തിലേക്ക് വിളിച്ചിട്ടുണ്ട്. പക്ഷെ എനിക്കു സംതൃപ്തി കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ഞാൻ. കോളജ് ലൈഫ് കൂടി നോക്കിയിട്ടായിരിക്കും അടുത്തത് കമ്മിറ്റ് ചെയ്യുന്നത്.

സിനിമ അവസരം കിട്ടിയപ്പോൾ വീട്ടുകാരുടെ പിന്തുണ എത്രത്തോളമുണ്ടായിരുന്നു?

സിനിമയിൽ അഭിനയിക്കുന്നതിനോടു കുടുംബത്തിൽ നല്ല പിന്തുണയാണ്. ഞാൻ ഇങ്ങനൊരു സിനിമ ചെയ്തതിൽ അവർക്കു വലിയ സന്തോഷമുണ്ട്. എന്റെ ഏതു തീരുമാനത്തിനുമൊപ്പം എന്നും അവരുണ്ട്.കൊച്ചിയാണോ സ്വന്തം സ്‌ഥലം?

എന്റെ സ്വന്തം സ്‌ഥലം ബാംഗളൂരാണ്. അച്ഛൻ കോട്ടക് മഹീന്ദ്രയിലാണ് ജോലി ചെയ്തിരുന്നത്. ഞാൻ ജനിച്ചു രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛനു കൊച്ചിയിലേക്കു സ്‌ഥലം മാറി വന്നു. പിന്നെ കൊച്ചിയിൽ തന്നെ താമസിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ബാഗളൂരാണ് ജന്മനാടെങ്കിലും ഞാൻ വളർന്നത് കൊച്ചിയിലാണ്.

ദിയ എന്ന കഥാപാത്രത്തിനുവേണ്ടി സ്വന്തമായാണോ ഡബ്ബു ചെയ്തത്?

സിനിമയിൽ എനിക്കു വേണ്ടി ഡബ്ബ് ചെയ്തത് മറ്റൊരാളാണ്. ഞാൻ സംസാരിക്കുമ്പോൾ ചില വാക്കുകളുടെ ഉച്ചാരണം ശരിയാവില്ല. അതു എന്റെ പെർഫോമൻസിനെ അതു ബാധിക്കാതിരിക്കാൻ വിനീതേട്ടനാണ് മറ്റൊരാളെ കൊണ്ടു ഡബ്ബ് ചെയ്യിക്കാം എന്നു പറഞ്ഞത്. അതുകൊണ്ടു തന്നെ സിനിമ കാണുമ്പോൾ അതു മികച്ചതായി തോന്നുന്നുണ്ട്.

കഥാപാത്രങ്ങളിലെ തിരഞ്ഞെടുപ്പ്?

എനിക്ക് ഏറ്റവും കൂടുതൽ ബന്ധപ്പെടുത്താൻ കഴിയുന്ന, ഞാൻ ഇതു ചെയ്താൽ പ്രേക്ഷകർ സ്വീകരിക്കുമെന്നു എനിക്കു തോന്നുന്ന കഥാപാത്രത്തെ തെരഞ്ഞെടുക്കാനാണ് ഞാൻ കുടൂതലും ശ്രമിക്കുന്നത്.

–സ്റ്റാഫ് പ്രതിനിധി