ഓൺലൈൻ സുരക്ഷയ്ക്ക്.., ഒന്നുകൂടി ഓർക്കാൻ
ഓൺലൈൻ സുരക്ഷയ്ക്ക്.., ഒന്നുകൂടി ഓർക്കാൻ
Tuesday, December 13, 2016 6:47 AM IST
സ്വന്തം മൊബൈൽ നമ്പർ അറിയില്ലെങ്കിലും ആരും മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്– പാസ്വേഡ്. ഓൺലൈൻ ഇടപാടുകൾക്കും സോഷ്യൽ മീഡിയയിലെ കളികൾക്കുമെല്ലാം ഇത് ആവശ്യമാണ്. വിവിധ സൈറ്റുകളിൽ ഉപയോഗിക്കുന്ന പാസ്വേഡുകൾ ഓർത്തുവയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണെന്നതിൽ തർക്കമില്ല. എന്നിട്ടും ഈ പാസ്വേഡ് നഷ്‌ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ആളുകൾ ബോധവാൻമാരല്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് എടിഎമ്മിന്റെ പിൻ അതിന്റെ കവറിൽ സൂക്ഷിക്കുന്നവരും മൊബൈലിൽ സൂക്ഷിക്കുന്നവരുമൊക്കെ ഇപ്പോഴുമുള്ളത്. ഇതാ പാസ്വേഡും വ്യക്‌തി വിവരങ്ങളും സുരക്ഷിതമാക്കാൻ ചില ടിപ്സ്. അറിയാവുന്നതാണെ ങ്കിലും ഒന്നുകൂടി ഓർത്തുവയ്ക്കാൻ...

മികച്ച പാസ്വേഡ്

പാസ്വേഡുകൾ ബുദ്ധിപരമായി തെരഞ്ഞെടുക്കുക എന്നതാണ് ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ചില വലിയ ‘ബുദ്ധിമാന്മാർ’ ഉപയോഗിക്കുന്നതാണ് 123456, password എന്നീ പാസ്വേഡുകൾ. ഏറ്റവുമധികം ഹാക്ക് ചെയ്യപ്പെടുന്നതും ഇത്തരം പാസ്വേഡുകൾ ഉപയോഗിച്ച അക്കൗണ്ടുകളാണ്. ചിലർ സ്വന്തം മൊബൈൽനമ്പറും ജനനതീയതിയുമൊക്കെയാണ് പാസ്വേഡായി ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ ചിഹ്നങ്ങൾ തുടങ്ങിയവ അടങ്ങിയ (ആൽഫാ ന്യൂമെറിക്) പാസ്വേഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.

Twostep Verification

ഓൺലൈൻ സൈറ്റുകളിൽ ലോഗിൻ ചെയ്യുമ്പോൾ മൊബൈലിൽ OTP (One Time Password) ലഭിക്കാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യുക. ഓൺലൈൻ പേയ്മെന്റുകൾക്കും സോഷ്യൽ മീഡിയയിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ പെട്ടെന്ന് ലോഗിൻ ചെയ്യാനുള്ള സൗകര്യത്തിന് ഇത്തരം ഓപ്ഷനുകൾ അധികം ആളുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചാലും ഉപയോക്‌താവ് ആ വിവരം അറിയുന്നില്ല. പിന്നീട് അക്കൗണ്ടിൽ കയറാൻ ശ്രമിക്കുമ്പോഴാണ് തങ്ങളുടെ അക്കൗണ്ട് നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. മൊബൈൽനമ്പറിലേക്കും ഇ–മെയിലിലേക്കും ഛഠജ ലഭിക്കാനുള്ള ഓപ്ഷൻ എല്ലാ സൈറ്റുകളിലും ഉണ്ട്.


സുരക്ഷിതമായ ചാറ്റിംഗ്

ടെക്സ്റ്റ് ചാറ്റിംഗ് ചോർത്താൻ താരതമ്യേന ഏളുപ്പമാണ്. എൻക്രിപ്റ്റ് ഓപ്ഷൻ ഇല്ലാത്തതാണ് ഇത്തരം മെസേജിംഗ് ആപ്ലിക്കേഷനുകളെന്നതാണ് ഇതിനു കാരണം. വ്യക്‌തിവിവരങ്ങളടക്കം പല കാര്യങ്ങളും ഇത്തരം മെസേജുകളിലൂടെ നാം പങ്കുവയ്ക്കാറുണ്ട്. ചില പ്രധാനപ്പെട്ട പാസ്വേഡുകളും ഇത്തരത്തിൽ ബന്ധുക്കൾക്കോ, കൂട്ടുകാർക്കോ അയച്ചു കൊടുക്കാറുണ്ട്. ഇതെല്ലാം ചോർത്തപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. എൻക്രിപ്റ്റഡ് മെസേജിംഗ് സേവനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. വാട്സ്ആപ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകൾ എൻക്രിപ്റ്റഡ് ആണ്.

പ്രൈവറ്റ് ബ്രൗസർ

പബ്ലിക് കംപ്യൂട്ടറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന പലർക്കും അതിൽ നമ്മുടെ വ്യക്‌തിത്വം വെളിപ്പെടുത്താതെ ഉപയോഗിക്കാൻ കഴിയുന്ന ഓപ്ഷനെക്കുറിച്ച് അറിയില്ല. പ്രൈവറ്റ് / ഇൻകോഗ്നിറ്റോ മോഡിൽ ഉപയോഗിച്ചാൽ നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി ആർക്കും അറിയാൻ സാധിക്കില്ല. രഹസ്യസ്വഭാവമുള്ള സൈറ്റുകളിൽ ലോഗിൻ ചെയ്യേണ്ടി വരുമ്പോൾ ഈ ഓപ്ഷൻ ഉപയോഗിക്കുന്നതാണ് നല്ലത്.

ഹാർഡ് ഡ്രൈവ് സുരക്ഷ

ഇൻർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറിൽ നിന്നു വിവരങ്ങൾ ചോർത്താൻ വലിയ ബുദ്ധിമുട്ടില്ലാതെ ഹാക്കർമാർക്കു കഴിയും. അതുകൊണ്ട് ഇൻർനെറ്റ് ഉപയോഗിക്കാതിരിക്കാൻ കഴിയില്ലല്ലോ. പിന്നെ എന്താണ് മാർഗം? കംപ്യൂട്ടറിലെ വിവരങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് പോംവഴി. ഇതിനായുള്ള മാർഗം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വിൻഡോസ് ബിറ്റ്ലോക്കർ (Bit Locker) എന്ന സംവിധാനവും ആപ്പിൾ ഫയൽ വോർട്ടും (FileVault) ഏർപ്പെടുത്തിയിട്ടുണ്ട്. വെബ് കാമറ മൂടിവയ്ക്കുന്നത് സുരക്ഷയ്ക്കു അനിവാര്യമാണ്.

–സോനു തോമസ്