പലിശ കുറയുമ്പോൾ എഫ്ഡിക്കു പകരം ഡെറ്റ് ഫണ്ട്
പലിശ കുറയുമ്പോൾ എഫ്ഡിക്കു പകരം ഡെറ്റ് ഫണ്ട്
Tuesday, December 13, 2016 6:49 AM IST
ജനുവരിക്കുശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ അടിസ്‌ഥാന പലിശനിരക്കിൽ 1.75 ശതമാനത്തിന്റെ വെട്ടിക്കുറവു വരുത്തി. ഇതു സ്‌ഥിരനിക്ഷേപത്തിന്റെ പലിശനിരക്കിലും വലിയ കുറവുണ്ടാക്കി. പല പ്രധാന ബാങ്കുകളുടേയും ഒരു വർഷത്തെ സ്‌ഥിരനിക്ഷേപത്തിന്റെ പലിശനിരക്കിൽ 1.2–1.40 ശതമാനംവരെ കുറവുണ്ടായിട്ടുണ്ട്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിൽനിന്നു റീപോ നിരക്കിൽ ഇനിയും വെട്ടിക്കുറവു പ്രതീക്ഷിക്കാം. അതിനർത്ഥം ഡിപ്പോസിറ്റ് നിരക്ക് ഇനിയും താഴുമെന്നാണ്.

പണപ്പെരുപ്പം കുറയുന്നുവെന്നു പറയുമ്പോഴും ശരിക്കും ജീവിതത്തിൽ അനുഭവപ്പെടുന്നത് കണക്കുകളേക്കാൾ ഉയർന്ന വിലക്കയറ്റമാണ്. പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷേപത്തിൽനിന്നു കിട്ടുന്ന വരുമാനം അതിനോട് ചേർന്നുപോകുന്നതല്ല.

ഈ സാഹചര്യത്തിൽ നിക്ഷേപകർക്ക് എന്തു ചെയ്യാൻ സാധിക്കും? പ്രത്യേകിച്ചും ഡിപ്പോസിറ്റിൽ മാത്രം ആശ്രയിച്ചു കഴിയുന്ന വലിയൊരു പങ്ക് ജനങ്ങൾക്കു ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട വരുമാനം ലഭിക്കുവാൻ വഴിയുണ്ടോ?

ഡെറ്റു ഫണ്ടുകൾ

പലിശ നിരക്കു കുറയുന്നതും നികുതിഘടകവും കൂടി കണക്കിലെടുക്കുമ്പോൾ ഡെറ്റ് ഫണ്ടുകൾ തീർച്ചയായും ഇത്തരത്തിലുള്ളവർക്കു മറ്റൊരു നിക്ഷേപ വഴിയാണ്.

വൈവിധ്യമാർന്ന നിക്ഷേപ ഉത്പന്നങ്ങൾ ഇക്വിറ്റി ഫണ്ടുകളിലുള്ളതുപോലെ തന്നെ ഡെറ്റ് വിഭാഗത്തിലും വളരെ വൈവിധ്യമാർന്ന നിരവധി ഫണ്ടുകൾ നിക്ഷേപത്തിനു ലഭ്യമാണ്. വിവിധ ഡെറ്റ് ഉപകരണങ്ങളെ അടിസ്‌ഥാനമാക്കി രൂപകൽപ്പന ചെയ്തിട്ടുള്ള ഫണ്ടുകളാണിത്.

ഓഹരി വിപണിയുടെ വന്യമായ വ്യതിയാനങ്ങൾ താങ്ങുവാൻ സാധിക്കാത്ത, എന്നാൽ ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട റിട്ടേൺ ആഗ്രഹിക്കുന്ന യാഥാസ്‌ഥിതികരായ നിക്ഷേപകർക്ക് പരിഗണിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ.

റിസ്ക് പൂർണമായും ഇല്ലായെന്നു പറയാനാകില്ലെങ്കിലും ഇക്വിറ്റി ഫണ്ടു പദ്ധതികളുടെ റിസ്കിനേക്കാൾ വളരെ കുറവാണ് ഇവയ്ക്ക്.

മൂന്നുവർഷത്തിലധികം കാലം കൈവശം വയ്ക്കുന്ന ഡെറ്റ് ഫണ്ട് പദ്ധതികളുടെ റിട്ടേണിന് ഇൻഡെക്സേഷനോടുകൂടി 20 ശതമാനം നികുതി നൽകിയാൽ മതി. ഇതു തീർച്ചയായും ബാങ്ക് ഡിപ്പോസിറ്റുകളേക്കാൾ കുറഞ്ഞ നികുതി ബാധ്യതയേ വരുത്തുകയുള്ളു. ഡെറ്റ് ഫണ്ടുകൾ ഏതൊക്കെയെന്നു പരിശോധിക്കാം.



ലിക്വിഡ് ഫണ്ട്:

ചെറിയ കാലാവധിയിൽ നിക്ഷേപം ഉദ്ദേശിക്കുന്നവർക്കുള്ള ഫണ്ടാണിത്. വളരെ ചെറിയ സമയത്തിനുള്ളിൽ ഇതു റിഡീം ചെയ്തു പണമാക്കി മാറ്റാം. എക്സിറ്റ് ലോഡുമില്ല. സേവിംഗ്സ് ഡിപ്പോസിറ്റ് എന്നപോലെ ഇതിനെ കണക്കാക്കാം. സേവിംഗസ് ഡിപ്പോസിറ്റിന് നാലു ശതമാനം പലിശയാണുള്ളത്.
മെച്ചപ്പെട്ട റിട്ടേണിന് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലുള്ള തുക ലിക്വിഡ് ഫണ്ടിലേക്ക് മാറ്റുക. മുപ്പതു ദിവസ കാലയളവുവരെയുള്ള തുക ഇത്തരത്തിൽ നിക്ഷേപത്തിന് ഉപയോഗിക്കാം.
അൾട്ര ഷോർട്ട് ടേം ഡെറ്റ് ഫണ്ട്:

ലിക്വിഡ് ഫണ്ടിനേക്കാൾ ഉയർന്ന കാലാവധിയിൽ നിക്ഷേപം നടത്തുവാൻ സാധിക്കുന്ന ഫണ്ടാണിത്. ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവാണ് സാധാരണഗതിയിൽ അൾട്ര ഷോർട്ട് ടേം ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഉടനേ ആവശ്യമില്ലാത്തതും എന്നാൽ താമസിയാതെ ആവശ്യമുള്ളതുമായ പണം നിക്ഷേപിക്കുവാനുള്ള ഉപകരണമാണിത്.

ഷോർട്ട് ടേം ഡെറ്റ് ഫണ്ട്:

അൾട്ര ഷോർട്ട് ടേം ഡെറ്റ് ഫണ്ടിനേക്കാൾ ദീർഘകാലയളവിലുള്ള നിക്ഷേപത്തിനു യോജിച്ച ഫണ്ടാണിത്. ഈ ഫണ്ടുകൾ കൂടുതലും നിക്ഷേപിക്കുന്നത് കമ്പനി ബോണ്ടുകളിലും ഗവൺമെന്റ് സെക്യൂരിറ്റികൾ, ബാങ്ക് ഡിപ്പോസിറ്റ്, കൊമേഴ്സ്യൽ പേപ്പപ്ഡ തുടങ്ങിയവയിലാണ്. ഏതാനും ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ ഫണ്ട് നിക്ഷേപം നടത്തുന്നു.
എങ്കിലും ഈ ഫണ്ടിന്റെ നിക്ഷേപശേഖരത്തിന്റെ ശരാശരി മച്യൂരിറ്റി കാലയളവ് സാധാരണ 2–3 വർഷമാണ്. അതുകൊണ്ടുതന്നെ രണ്ട്– മൂന്നു വർഷം ഫിക്സഡ് ഡിപ്പോസിറ്റിനു പകരമായി നിക്ഷേപത്തിനു പരിഗണിക്കാം.

ലോംഗ് ടേം ബോണ്ട് ഫണ്ട്:

ഇത്തരം ഫണ്ടുകൾ ദീർഘകാലത്തിലുള്ള ഗവൺമെന്റ് സെക്യൂരിറ്റികൾ, മറ്റു ഡെറ്റ് ഉപകരണങ്ങൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്നവയാണ്. ഒരു വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള ഡെറ്റുകളിലാണ് നിക്ഷേപം.

ഗിൽറ്റ് ഫണ്ട്:

ഡെറ്റ് ഫണ്ടുകളിൽ ഏറ്റവും സുരക്ഷിതത്വമുളള പദ്ധതികളാണ് ഗിൽറ്റ് ഫണ്ടുകൾ. നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്ന കടപ്പത്രങ്ങളുടെ പ്രത്യേകതയാണ് അതിനു കാരണം. ഗവൺമെന്റ് പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങൾ, ബോണ്ടുകൾ തുടങ്ങിയവയിൽ മാത്രമാണ് ഇവയുടെ നിക്ഷേപം. കേന്ദ്ര, സംസ്‌ഥാന ഗവണ്മെന്റുകളുടെ കടപ്പത്രങ്ങൾ ( ഗിൽറ്റ്– ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുളള കടപ്പത്രങ്ങൾ), ട്രഷറി ബില്ലുകൾ ( 1 വർഷത്തിൽ കുറഞ്ഞ കാലാവധിയുളള കടം ഉപകരണങ്ങൾ) തുടങ്ങിയവയിലാണ് നിക്ഷേപം. ഗവണ്മെന്റ് ഗാരന്റിയുളളതിനാൽ 100 ശതമാനം സുരക്ഷിതമാണ്.


എന്നാൽ കോർപറേറ്റ് ബോണ്ടുകളേക്കാൾ പലിശ കുറവായിരിക്കും. പലിശനിരക്ക്, മറ്റ് സാമ്പത്തികഘടകങ്ങൾ തുടങ്ങിയവയെ ആധാരമാക്കി എൻ എ വിയിൽ മാറ്റമുണ്ടാകാം. ഒരുവർഷത്തിനു മുകളിലുളള നിക്ഷേപങ്ങൾക്കാണ് മെച്ചപ്പെട്ട റിട്ടേൺ ലഭിക്കുക. ദീർഘകാല, ഹ്രസ്വകാല ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപത്തിന് ലഭ്യമാണ്. അതേപോലെ ഡിവിഡൻഡ്, ഗ്രോത്ത് ഓപ്ഷനുകളും ലഭ്യമാണ്.

ഫിക്സഡ് മച്യുരിറ്റി പ്ലാൻ (എഫ്എംപി):

നിശ്ചിത കാലാവധിയുളള ക്ളോസ്ഡ് എൻഡ് മ്യൂച്വൽ ഫണ്ടുകളാണ്. നിശ്ചിത കാലയളവിനുളളിൽ സ്‌ഥിരതയാർന്ന റിട്ടേണും വിപണിയിലെ വ്യതിയാനങ്ങളിൽ നിന്ന് നിക്ഷേപകർക്ക് സംരക്ഷണവും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. മുപ്പതു ദിവസം മുതൽ അഞ്ചുവർഷം വരെ കാലവധിയുളള എഫ്എംപികളുണ്ട്.

എഫ്ഡിക്കു പകരമായി ഉയർന്നുവന്നിട്ടുള്ള മ്യൂച്വൽ ഫണ്ട് പദ്ധതിയായണിത്.
നിക്ഷേപകന്റെ ഹ്രസ്വ. മധ്യ, ദീർഘകാലാവശ്യങ്ങൾക്കനുസരിച്ച് ഇതിൽ നിക്ഷേപം നടത്താം. എങ്കിലും ഒരു വർഷത്തിൽ താഴെയുളള എഫ്എംപികളാണ് കൂടുതലും. ഡെറ്റ് ഒറിയന്റഡ് പദ്ധതികളാണിവ. കാലാവധിക്കു മുമ്പേ പദ്ധതിയിൽനിന്ന് മാറുവാൻ സാധിക്കുകയില്ല.

ഫണ്ടിന്റെ കാലാവധിയേക്കാൾ കുറഞ്ഞ കാലാവധിയിലുളള ഡെറ്റ്, പണവിപണി ഉപകരണങ്ങൾ, ഗവണ്മെന്റ് സെക്യൂരിറ്റി തുടങ്ങിയവയിലാണ് നിക്ഷേപം നടത്തുന്നത്. ഓഹരികളിൽ ചെറുതായി നിക്ഷേപിക്കുന്ന എഫ്എംപികളുമുണ്ട്. അധികം റിസ്ക് എടുക്കാൻ ആഗ്രഹമില്ലാത്തവർക്കും നികുതി ആനുകൂല്യം ലക്ഷ്യമിടുന്നവർക്കുമെല്ലാം തെരഞ്ഞെടുക്കാവുന്ന മാർഗമാണ് എഫ്എംപികൾ.

സ്‌ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതൽ നികുതിക്ഷമമാണ് എഫ്എംപികൾ. പണം എപ്പോൾ വേണമെന്നതു കണക്കുകൂട്ടി നിക്ഷേപകന് അനുയോജ്യമായ കാലാവധികൾ തെരഞ്ഞെടുക്കാം.

മംത്ലി ഇൻകം പ്ലാൻ (എംഐപി)

സ്‌ഥിരനിക്ഷേപത്തിന് ബദലായുളള മറ്റൊരു ഡെറ്റ് അധിഷ്ഠിത മ്യൂച്വൽ ഫണ്ട് പദ്ധതിയാണിത്. പ്രധാനമായും ഡെറ്റ്, പണവിപണി ഉപകരണങ്ങൾ തുടങ്ങിയവയിൽ നിക്ഷേപം (75–80 ശതമാനം) നടത്തി സ്‌ഥിരമായ വരുമാനം ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതോടൊപ്പം ദീർഘകാലത്തിൽ മൂലധന വളർച്ചയും ലക്ഷ്യമിടുന്നു. ഇതിനായി ചെറിയൊരു ഭാഗം ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കും.

ഗ്രോത്ത്, ഡിവിഡൻഡ് ഓപ്ഷനുകൾ ലഭ്യമാണ്. പ്രതിമാസമോ ത്രൈമാസമോ ആയി ഡിവിഡൻഡ് ലഭിക്കും. ഡിവിഡൻഡ് നല്കണമെന്ന് നിർബന്ധമില്ല. അത് ഫണ്ടിന്റെ വിവേചനമാണ്. ആവശ്യക്കാർക്ക് ഡിവിഡൻഡ് പുനർനിക്ഷേപം നടത്തുവാനും സാധിക്കും.

ഡെറ്റിലെ നിക്ഷേപം സ്‌ഥിരത നല്കുമ്പോൾ ഇക്വിറ്റിയിലെ നിക്ഷേപം റിട്ടേൺ സാധ്യത വർധിപ്പിക്കുന്നു. ഇതിന്റെ സങ്കരം സ്‌ഥിര ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട റിട്ടേണിന് വഴിയൊരുക്കുന്നു. ഇക്വിറ്റി നിക്ഷേപം മൂലം എംഐപികൾ വിപണിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പിലശനിരക്കിലെ മാറ്റം, ഇക്വിറ്റിയിലെ വ്യതിയാനം, സമ്പദ്ഘടനയുടെ തളർച്ച തുടങ്ങിയവയെല്ലാം റിസ്ക് ഘടകങ്ങളാണ്. പിലശനിരക്ക് താഴുമ്പോൾ എംഐപിയുടെ എൻഎവി ഉയരുന്നു. മറിച്ച് പലിശനിരക്ക് ഉയരുമ്പോൾ എൻഎവി കുറയുന്നു. ആ സമയം ഇക്വിറ്റി വിഭാഗം സ്‌ഥിരതയാർന്ന റിട്ടേണിന് കളമൊരുക്കുന്നു. ഇക്വിറ്റിയുടെ റിസ്ക് എടുക്കുവാൻ സാധിക്കുന്നവർക്ക് ഈ എംഐപി തെരഞ്ഞെടുക്കാം. 2–3 വർഷക്കാലത്ത് എംഐ പിയിൽനിന്ന് 12–13 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം.

എംഐപിയിൽ നിക്ഷേപകന് ലഭിക്കുന്ന ഡിവിഡൻഡിന് നികുതി നൽകേണ്ടതില്ല. എന്നാൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ ലാഭവിതരണ നികുതി നൽകണം.

ഇൻകം ഫണ്ട്

ഡെറ്റ് ഫണ്ടുകളിൽ ഏറ്റവും പ്രശസ്തമാണ് ഇൻകം ഫണ്ടുകൾ. സുരക്ഷിതത്വം, റിട്ടേൺ, ലിക്വിഡിറ്റി ഇവ മൂന്നും സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയിട്ടുളള ഇത്തരം പദ്ധതികൾ, ഗുണനിലവാരവും സ്‌ഥിരവരുമാനവും ലഭിക്കുന്ന കടം ഉപകരണങ്ങളിലെ നിക്ഷേപം വഴി മധ്യ, ദീർഘകാലത്തിൽ മാക്സിമം റിട്ടേൺ നേടുക്കൊടുക്കുവാൻ ലക്ഷ്യമിടുന്നു.

വൈവിധ്യമാർന്ന ബോണ്ടുകളും കടപ്പത്രങ്ങളുമാണ് ഇവയുടെ നിക്ഷേപശശേഖരത്തിലുളളത്. മൂലധന വളർച്ച ഇത്തരം പദ്ധതികളിൽ കുറവാണ്. ഡിവിഡൻഡ്, ഗ്രോത്ത് ഓപ്ഷനുകൾ ഇവയിൽ ലഭ്യമാണ്. രണ്ടോ മൂന്നോ വർഷത്തെ ഡിപ്പോസിറ്റ് ഉദ്ദേശിക്കുന്നവർക്കു അതിനു പകരമായി ഇതു യോജിച്ചതാണ്.

സ്‌ഥിരമായ വരുമാനവും സുരക്ഷിതത്വവും ഉദ്ദേശിക്കുന്ന റിട്ടയർ ചെയ്തയാളുകൾക്ക് സ്‌ഥിര ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട റിട്ടേൺ നേടുവാൻ ഇവയിലെ നിക്ഷേപം സഹായിക്കുന്നു. ഹ്രസ്വ, ദീർഘകാല ഇൻകം ഫണ്ടുകൾ ലഭ്യമാണ്.