ട്രെൻഡി 2016
ന്യൂജെൻ ഗാൽസിന് ട്രെൻഡി ഐറ്റംസ് സമ്മാനിച്ച വർഷമാണ് 2016. ഫാഷൻ ആക്സസറീസ് ചാർട്ടിൽ കൊച്ചു മൂക്കുത്തി മുതൽ വലിയ മാല വരെ ഇടം പിടിച്ചു. 2016 വിടവാങ്ങുമ്പോൾ ഫാഷൻ ആക്സസറീസിലെ ചില പുതുമകളിലേക്ക് ഒന്നു കടന്നുചെല്ലാം...

മാലകളിലെ വൈവിധ്യം

കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ ലേറ്റസ്റ്റ് ട്രെൻഡ് ഡിസൈൻ വജ്രമെന്ന് തോന്നിക്കുന്ന തരത്തിലുള്ള നെക്ലസുകളാണ്. കാഴ്ചയിൽ സ്വർണത്തിലോ പ്ലാറ്റിനത്തിലോ വജ്രക്കല്ലുകൾ പതിപ്പിച്ചതുപോലെ തന്നെ തോന്നും.

മറ്റൊരു ട്രെൻഡ് ഡെയ്ലി വെയർ മാലകളാണ്. മുത്തുകളിൽ കോർത്ത ഈ മാലകൾ സാരിക്കും ചുരിദാറിനുമൊപ്പം അണിയാം. മെറ്റൽകൊണ്ടു നിർമിച്ച മാലകളും ലഭ്യമാണ്. കാഴ്ചയിൽ ഭാരമുള്ളതാണെന്ന് തോന്നുമെങ്കിലും ലൈറ്റ് വെയ്റ്റ് ആണ് ഇവ. 150 മുതൽ 600 രൂപ വരെയാണ് ഇവയുടെ വില.

ടീനേജേഴ്സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെൻഡന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകൾ ലെതർ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്. പെൻഡന്റുകളിൽ പുതുമകൾ ഏറെയാണ്. ചെറിയ കുപ്പി, ക്ലോക്ക്... ഇങ്ങനെ പോകുന്നു.


ചോക്കറുകളാണ് മറ്റൊരു സവിശേഷത. ലേയ്സുകൊണ്ട് മനോഹരമാക്കിയിരിക്കുന്ന ചോക്കറുകൾ കഴുത്തിനോട് ചേർന്നു കിടക്കുന്നതു കണ്ടാൽ സൂപ്പർ ലുക്കാണ്. റബർ, ഷെൽ അങ്ങനെ പെൺമനം കവരാനായി ചോക്കറുകൾ പല തരത്തിലുണ്ട്.

മൂക്കുത്തിയോടും പ്രിയം

മൂക്കു കുത്തുന്ന ശീലം മലയാളികൾക്കിടയിൽ പണ്ടേ ഉണ്ടെങ്കിലും അത് ഫാഷൻ ചാർട്ടിൽ ഇടം നേടിയത് ചാർലി സിനിമയുടെ വരവോടെയാണ്. വലിയ മൂക്കുത്തികളാണ് ലേറ്റസ്റ്റ് ട്രെൻഡ്. മൂക്കു തുളയ്ക്കാൻ വിഷമമുള്ളവർ പേടിക്കേണ്ട. അവർക്കായി മൂക്കിൽ വച്ചുപിടിപ്പിക്കാവുന്ന തരം മൂക്കുത്തികളും ലഭ്യമാണ്. ഇരുപതു രൂപ മുതൽ തുടങ്ങും ഇവയുടെ വില.

ഇയർ കഫുകൾ ഫാഷൻ

കമ്മലുകളുടെ വൈവിധ്യങ്ങൾ എന്നും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇയർ കഫാണ് താരം. ചെവി മുഴുവനായി മൂടി നിൽക്കുന്ന രീതിയിലാണ് ഇവയുടെ ഫാഷൻ. രണ്ടു ചെവിയിലായിട്ടോ ഒന്നിലോ എങ്ങനെ വേണമെങ്കിലും ഇതു ധരിക്കാം. എല്ലാതരം വസ്ത്രങ്ങളുടെ കൂടെയും ഇയർ കഫ് ഇണങ്ങുമെന്നതാണ് ഇവയുടെ പ്രത്യേകത.

നമിത സൂസൻ ജെയിൻ