മമ്മൂട്ടി– രഞ്ജിത് ടീമിന്റെ പുത്തൻപണം
ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ രഞ്ജിത്– മമ്മൂട്ടി ടീം കൂട്ടുകെട്ട് വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് പുത്തൻപണം. ഏബ്രഹാം മാത്യു, രഞ്ജിത്, അരുൺ നാരായണൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

രഞ്ജിത്തിന്റെ ചിത്രങ്ങൾ എപ്പോഴും വ്യത്യസ്തവും കൗതുകം ജനിപ്പിക്കുന്നതും നിത്യജീവിതവുമായി ബന്ധമുള്ളതുമായിരിക്കും. ഇവിടെ പുത്തൻപണത്തിലും ഇതെല്ലാംപ്രതീക്ഷിക്കാം. വർത്തമാനകാലത്തിലെ ഏറ്റവും അനുയോജ്യമായ ഒരു ടൈറ്റിലിലൂടെയാണ് ഈ ചിത്രം എത്തുന്നത്.

നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പുത്തൻ പണക്കാരന്റെ നെഗളിപ്പും പൊങ്ങച്ചവുമൊക്കെ വ്യക്‌തമായി പ്രകടിപ്പിക്കുന്ന രൂപവും വേഷവുമൊക്കെയായാണ് ഈ കഥാപാത്രം എത്തുന്നത്. എന്നാൽ, എക്സിക്യൂട്ടീവ് സ്റ്റൈലിൽ എത്തുന്ന ഈ കഥാപാത്രം കാസർഗോട്ടെ ഉപ്പള സ്വദേശിയാണ്. എന്താണ് ഇയാൾ ചെയ്യുന്നതെന്നു ചോദിച്ചാൽ ആർക്കും വ്യക്‌തമായി ഉത്തരം നൽകാൻ കഴിയില്ല.
ഇദ്ദേഹത്തോടൊപ്പം നിഴൽപോലെ ഒരു സംഘവുമുണ്ട്. ഇവരോടൊപ്പം നിത്യാനന്ദ ഷേണായിയുടെ കൊച്ചിയലേക്കുള്ള യാത്രയും കൊച്ചിയിൽ ഇദ്ദേഹത്തിനു നേരിടേണ്ടിവരുന്ന സംഭവങ്ങളും അതിനിടയിൽ വന്നുചേരുന്ന കഥാപാത്രങ്ങളുമായുള്ള ബന്ധങ്ങളുമൊക്കെയാണ് ഏറെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇനിയ, ഷീലു ഏബ്രഹാം എന്നിവരാണു നായികമാർ. മാസ്റ്റർ സ്വരാജ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സായ്കുമാർ, സിദ്ധിഖ്, രഞ്ജി പണിക്കർ, മാമുക്കോയ, അബു സലിം, ഹരീഷ് കണാരൻ, നിർമൽ പാലാഴി, സിറാജ് പയ്യോളി, സോഹൻ സീനുലാൽ, പി. ബാലചന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഷഹബാസ് അമന്റേതാണു സംഗീതം. ഓം പ്രകാശാണു ഛായാഗ്രാഹകൻ. എഡിറ്റിംഗ്– മനോജ് കണ്ണോത്ത്.

കൊച്ചി, കാസർഗോഡ്, ഗോവ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
–വാഴൂർ