അച്ചായൻസ്
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമായ അച്ചായൻസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കണ്ണൻ താമരക്കുളമാണ് ഈ ചിത്രം സംവിധാനംചെയ്യുന്നത്.

കൊച്ചിയിലെ പ്രബലമായ ഒരു തറവാട്ടിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഈ കുടുംബത്തിലെ ഒരംഗത്തിന്റെ ബന്ധുവായ റോയി നടത്തുന്ന ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ജയറാമാണ് റോയി തോട്ടത്തിൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിൽ ഇബ്രാഹിമും സഞ്ജീവ് ശിവറാമുമാണ് നായക നിരയിലുള്ള മറ്റു രണ്ടുപേർ. അനു സിതാര, ശിവദ എന്നിവരാണു നായികമാർ.
സിദ്ധിഖ്, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാഷാണം ഷാജി, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, തെസ്നിഖാൻ, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സേതുവിന്റേതാണു തിരക്കഥ. കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് രതീഷ് വേഗ ഈണം പകരുന്നു.

പ്രദീപ് നായർ ഛായാഗ്രഹണവും രഞ്ജിത് കെ.ആർ എഡിറ്റിംഗും നിർവഹിക്കുന്നു.
വാഴൂർ ജോസ്