തത്തമ്മച്ചുണ്ടുപോലൊരു പൂവ്
തത്തമ്മച്ചുണ്ടുപോലൊരു പൂവ്
Tuesday, December 20, 2016 6:50 AM IST
തത്തമച്ചുണ്ടുപോലെ വളഞ്ഞ സവിശേഷരൂപമുള്ള പൂക്കളും വെള്ളിത്തിളക്കമുള്ള ഇലകളും. അതിസുന്ദരിയായ ഈ പൂച്ചെടി വീട്ടുദ്യാനങ്ങളിൽ വളർത്തിയാലേ രക്ഷനേടുകയുള്ളൂ എന്ന അവസ്‌ഥയിലാണ്. പടർന്നു വളരുന്ന സ്വഭാവമുള്ള ഈ ചെടി ചുമരുകളിലും മതിലുകളിലുമെല്ലാം പറ്റിപ്പിടിച്ചു വളരും. പുഷ്പസുരഭിലമായ ഒരു ഹരിതമറയായും ഇതു വളർത്താം.

ലോട്ടസ് വൈൻ ഫ്ളവർ, പാരറ്റ് ബീക്ക്, പെലിക്കൻ ബീക്ക്, കോറൽ ജെം എന്നല്ലാം വിളിപ്പേരുള്ള ഈ ചെടി താമരയുടെ ജനുസിൽപ്പെട്ടതാണ്. വലിയ ഇലകൾ ഓരോന്നും മൂന്നു മുതൽ അഞ്ചു കുഞ്ഞിലകൾ വരെയായി വിഭജിച്ചിരിക്കുന്നു. ഇവയെല്ലാം സൂചിപോലെ നേർത്ത് വെള്ളിരോമങ്ങളാൽ ആവൃതമാണ്. ചെടി പരമാവധി 60 മുതൽ 90 സെന്റീമീറ്റർ വരെ ഉയരരത്തിൽ വളരും. പൂക്കൾക്ക് ചുവപ്പോ സ്വർണം കലർന്ന മഞ്ഞ നിറമോ ആകാം.

ലോട്ടസ് വൈൻ ചെടിയുടെ രണ്ട് പ്രധാന ഇനങ്ങളാണ് ഗോൾഡ് ഫ്ളാഷും റെഡ് ഫ്ളാഷും. സ്വർണ മഞ്ഞനിറമുള്ള ഇതളുകളിൽ ഓറഞ്ച് നിറം കലർന്നതാണ് ഗോൾഡ് ഫ്ളാഷ്. ചെറുതീനാളങ്ങൾ പോലെയോ തത്തമ്മച്ചുണ്ടുപോലെയോ തോന്നിക്കും. എന്നാൽ റെഡ് ഫ്ളാഷിനാകട്ടെ കടുത്ത ചുവപ്പു നിറമാണ്. രൂപത്തിൽ തത്തമ്മച്ചുണ്ടിനോട് സാമ്യം. ഇലകൾ അതിമൃദുലമാണ്. തീനാളച്ചുവപ്പുള്ള പൂക്കൾ വിടർത്തുന്ന ഈ ചെടി നല്ല വെയിൽ ഇഷ്ടപ്പെടുന്നു. കൂടകളിലും ചട്ടികളിലും വളർത്താൻ ഉത്തമം. ഇതിന്റെ തന്നെ ആമസോൺ സൺസെറ്റ് എന്ന ഇനം അത്യാകർഷകമാണ്.



അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന, നീർവാർച്ചയുള്ള മണ്ണിൽ വളരാനാണ് ലോട്ടസ് വൈൻ ഇഷ്ടപ്പെടുന്നത്. ചെറുചെടികളുടെ തലപ്പ് നുള്ളിവിട്ടാൽ ചെടി കൂടുതൽ പടർന്നു വളരും. ജലസേചനം അധികമാകുന്നതും തീരെ കുറയുന്നതും ഇലപൊഴിയാൻ ഇടയാക്കും. വരൾച്ച പ്രതിരോധശേഷിയുമുണ്ട്. നിലത്തു പടർന്ന് ഒരു മെത്തപോലെ വളരുമെന്നതിനാൽ മണ്ണു പുതച്ചു വളർത്തുന്ന പതിവുമുണ്ട്.


വിത്തു പാകിയും വേരുപിടിപ്പിച്ച തണ്ടു നട്ടും പുതിയ ചെടി വളർത്താം. തണ്ട് നടുന്ന മിശ്രിതത്തിലായാലും തടത്തിലായാലും കുറച്ച് മണൽ കൂടെ ചേർത്ത് നീർവാർച്ച ഉറപ്പാക്കാൻ ശ്രദ്ധിക്കണം. വിത്തുപാകി വളർത്തുന്ന തൈകൾ അതേ വർഷം തന്നെ പൂ ചൂടണമെന്നില്ല. എന്നാൽ ഇവ ഇലവളർച്ചയിൽ ശ്രദ്ധേയമായ ആകർഷണിയത പ്രദർശിപ്പിക്കും. എന്നാൽ തണ്ടു മുറിച്ചു നട്ടുവളർത്തുന്ന തൈകൾ അതേ വർഷം തന്നെ പുഷ്പിക്കാൻ സാധ്യത കൂടുതലാണ്. വേനൽക്കാലത്താണ് തണ്ടുമുറിച്ചു നടേണ്ടത്.

ചട്ടികളിൽ ഒതുക്കി വളർത്തിയ ലോട്ടസ് വൈൻ പൂമുഖങ്ങൾ, ജനാലപ്പടികൾ, വരാന്ത എന്നിവിടങ്ങൾ അലങ്കരിക്കാൻ ഉത്തമമാണ്. ചില തരം ഇലച്ചെടികളോടും പെറ്റൂണിയ, വയോള, സീനിയ, സ്നാപ്ഡ്രാഗൺ തുടങ്ങിയ പൂച്ചെടികളോടുമൊപ്പം ഇണക്കി ഇടകലർത്തി വളർത്താൻ ഉത്തമമാണ് ലോട്ടസ് വൈൻ ചെടി. അകത്തളച്ചെടിയായി വളർത്തുമ്പോൾ കുറഞ്ഞത് ആറുമുതൽ എട്ടു മണിക്കൂറെങ്കിലും വെയിൽ കിട്ടുന്ന ജനാലവശത്ത് വയ്ക്കാൻ ശ്രദ്ധിക്കണം. ജൈവവളങ്ങളോട് പ്രത്യേക പ്രതിപത്തിയുള്ള ഉദ്യാനസസ്യമാണിത്. ചിലന്തിച്ചെള്ള്, മുഞ്ഞ, മീലിമുട്ട എന്നിവയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. അങ്ങനെയെങ്കിൽ വേപ്പെണ്ണ സോപ്പുമായി കലർത്തി എമൽഷൻ രൂപത്തിൽ വെള്ളത്തിൽ നേർപ്പിച്ച് തളിച്ചു കൊടുത്താൽ മതി. ഉദ്യാനങ്ങലെ പുഷ്പസുരഭിലമാക്കാൻ കഴിവുള്ള ലോട്ടസ് വൈൻ ഇനിയും നമ്മുടെ നാട്ടിൽ പ്രചരിക്കേണ്ടിയിരിക്കുന്നു.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം