കെയർ ഓഫ് സൈറാ ബാനു
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അമല അക്കിനേനി വീണ്ടും മലയാളത്തിലേക്ക്. ചിത്രം കെയർ ഓഫ് സൈറാ ബാനു. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനായ സോണി ആന്റണി സെബാസ്റ്റ്യൻ ആദ്യമായി സംവിധാനംചെയ്യുന്ന കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും അമല അക്കിനേനിയും ഒന്നിക്കുന്നത്.

പോസ്റ്റ് വുമൺ സൈറാ ബാനുവായി മഞ്ജു വാര്യരും അഡ്വക്കേറ്റ് ആനി ജോൺ തറവാടിയായി അമലയും അഭിനയിക്കുമ്പോൾ കിസ്മത്തിലൂടെ ശ്രദ്ധേയനായ ഷൈൻ നിഗം ജോഷ്വാ പീറ്ററായി പ്രത്യക്ഷപ്പെടുന്നു.

ഗണേഷ് കുമാർ, ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, തിരക്കഥാകൃത്ത് ജോൺ പോൾ, സുനിൽ സുഖദ, രാഘവൻ, കൊച്ചുപ്രേമൻ, സുജിത് ശങ്കർ, അമിത് ചക്കാലയ്ക്കൽ, സോഹൻ സീനുലാൽ, വെട്ടുക്കിളി പ്രകാശ്, വിനോദ് കെടാമംഗലം, ബിജു സോപാനം, നിരഞ്ജന, കാഞ്ചന, മാസ്റ്റർ അമാൻ, മാസ്റ്റർ വൈഷ്ണവ്, ബേബി ഹൃദ്യാ ശ്യാം എന്നിവരാണു മറ്റു താരങ്ങൾ.

സൈറാ ബാനു പോസ്റ്റ് വുമണാണ്. മേൽവിലാസക്കാർക്ക് കത്തും മറ്റും കൊടുക്കുന്ന സൈറാ ബാനുവിനു പക്ഷേ, സ്വന്തമായ മേൽവിലാസമില്ല. ആരുടെയോ കൃപയാൽ വാടകയ്ക്കെടുത്ത ഒരു ചെറിയ ഫ്ളാറ്റിലാണു താമസം. സൈറാ ബാനുവിന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് ഉണ്ടാവുകയെന്നതാണ്. അതിനുള്ള ശ്രമം ആരംഭിച്ചിട്ട് കുറേ നാളുകളായിട്ടും കാര്യം സഫലമായില്ല.

എങ്കിലും സൈറാ ബാനു സന്തോഷകരമായ ജീവിതമാണു നയിക്കുന്നത്. ഏക മകൻ ജോഷ്വാ പീറ്റർ രണ്ടാംവർഷ നിയമ വിദ്യാർഥിയാണ്. ഇവരുടെ പേരിലെ കൗതുകവും പ്രായവും മറ്റുള്വർക്ക് ആശ്ചര്യമാണ്. അമ്മയും മകനും പോലെയല്ല അവരുടെ പെരുമാറ്റശൈലി. തന്റെ സുഹൃത്തുക്കളെപ്പോലെ കഴിയുന്ന അവർ എപ്പോഴും കളിയിലും ചിരിയും ആവേശത്തിലുമാണ്. നിയമവിദ്യാർഥിയാണെങ്കിലും ജോഷ്വാ പീറ്ററിന് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാകാനാണ് ആഗ്രഹം. അച്ഛൻ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു. അതുകൊണ്ടുതന്നെ ജോഷ്വായുടെ കൈയിൽ ഒരു കാമറയുമുണ്ട്. ഒപ്പം കാമ്പസിലെ സീനിയർ വിദ്യാർഥിനിയായ അരുന്ധതിയെ ജോഷ്വാ പീറ്ററിനു വളരെ ഇഷ്ടമാണ്.


ഇതിനിടയിലേക്കാണ് ആനി ജോസ് തറവാടി കടന്നുവരുന്നത്. വക്കീൽ പാരമ്പര്യമുള്ള തറവാട്ടിലെ അംഗമായ അഡ്വക്കേറ്റ് ജോസ് തറവാടി ഏറെ പ്രശസ്തയാണ്. ഇതുവരെ കേസിൽ തോറ്റ ചരിത്രമില്ല. എല്ലാ കേസുകളും ആനി എടുക്കാറില്ല. എടുത്താൽ വിജയം സുനിശ്ചിതം. ആനി ജോസ് തറവാടി സൈറാ ബാനുവിന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിൽ സോണി ആന്റണി സെബാസ്റ്റ്യൻ ദൃശ്യവത്കരിക്കുന്നത്. അരുന്ധതിയായി നിരഞ്ജന അഭിനയിക്കുന്നു. ജോഷ്വാ പീറ്ററിന്റെ സുഹൃത്ത് പ്രിൻസായി അമിത് ചക്കാലയ്ക്കൽ പ്രത്യക്ഷപ്പെടുന്നു.
ഇറോസ് ഇന്റർനാഷണൽ, മാക്യുട്രോ പിക്ചേഴ്സ് എന്നിവർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ ആർ.ജെ. ഷാൻ എഴുതുന്നു. ബിപിൻ ചന്ദ്രനാണു സംഭാഷണം എഴുതുന്നത്. ബി.കെ. ഹരിനാരായണൻ, ജിലു ജോസഫ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. പ്രൊഡ. എക്സിക്യൂട്ടീവ്– ബിജി കണ്ടാഞ്ചേരി.

എ.എസ്. ദിനേശ്