കാമറയ്ക്കുള്ളിലെ വധൂവരന്മാർ
കാമറയ്ക്കുള്ളിലെ വധൂവരന്മാർ
Tuesday, December 27, 2016 6:23 AM IST
മാതാപിതാക്കൾ ആലോചിച്ച് ഉറപ്പിച്ച വിവാഹം. പെണ്ണുംചെറുക്കനും വിദേശത്ത് ആയതുകൊണ്ട് നേരിൽ കണ്ടിട്ടില്ല. സ്കൈപ്പിലൂടെ ഇരുവരും കണ്ടു ഇഷ്‌ടപ്പെട്ടു വിവാഹം ഉറപ്പിച്ചു. വിവാഹത്തിനായി ആദ്യം നാട്ടിലെത്തിയത് ചെറുക്കനായിരുന്നു. പിറകെ വന്ന പെണ്ണിനെ സ്വീകരിക്കാൻ ഇരുകൂട്ടരുടെയും മാതാപിതാക്കളും കൂട്ടുകാരും വിമാനത്താവളത്തിൽ കാത്തു നിന്നു. പെണ്ണും ചെറുക്കനും ആദ്യമായി നേരിൽ കാണുകയാണ്. അവളെ കണ്ടപാടെ അവൻ ഒരു പൂക്കൂട അവൾക്ക് നേരെ നീട്ടി ചോദിച്ചു. വിൽ യു മാരി മീ... അപ്രതീക്ഷിത ഷോക്കിൽ നിൽക്കുന്ന അവളെ കെട്ടിപ്പിടിച്ച് അവൻ കാറിലേക്ക് ആനയിക്കുന്നു. ഇത് സിനിമകളിൽ കാണുന്ന സീൻ അല്ലേയെന്ന് വിചാരിച്ചെങ്കിൽ തെറ്റി. ഇന്നത്തെ വെഡിംഗ് ഫോട്ടോഗ്രഫിയുടെ പുതിയ മുഖമാണിത്. ആദ്യ കാഴ്ചയിൽ കണ്ണിൽ വിരിയുന്ന അദ്ഭുതവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളിലെ ഞെട്ടലുകളിൽ നിന്നുമാണ് ഇന്ന് വെഡിംഗ് വീഡിയോകളുടെ തുടക്കം. വരന്റെ പദ്ധതിയായിരുന്നു വിമാനത്താവളത്തിൽ നടന്ന സംഭവങ്ങൾ. ഇതെല്ലാം കാമറക്കണ്ണിൽ ഒപ്പിയെടുക്കാൻ വിവിധ ആംഗിളുകളിൽ വീഡിയോഗ്രഫേഴ്സ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കാലം മാറുന്നതനുസരിച്ച് വിവാഹ ആഘോഷങ്ങളുടെ കോലവും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനായി എത്ര പണം മുടക്കാനും ആളുകൾക്ക് മടിയില്ല.

സിനിമയിൽ അഭിനയിക്കാൻ പറ്റിയില്ലെങ്കിലെന്ത് അതിലും കിടുവായി കല്യാണ വീഡിയോയിൽ അഭിനയിച്ചില്ലെ.. വീഡിയോ യൂട്യൂബിൽ ഹിറ്റാണെന്ന് പറയുന്നവരുടെ എണ്ണം കൂടിവരുകയാണ്. സിനിമ എന്ന പോലെ ഇന്ന് യൂട്യൂബിൽ വെഡിംഗ് വീഡിയോയ്ക്കും കാഴ്ചക്കാർ എറെയാണ്.

ടെക്നോളജിക്ക് ഒപ്പം
വിവാഹവും മാറി
‘എവിടെ കല്യാണച്ചെക്കനും പെണ്ണും?
അവരെ ഫോട്ടോഗ്രഫർമാർ കൊണ്ടുപോയേക്കുവാ..
ഹോ.. ഇവരെ കൊണ്ടുതോറ്റല്ലോ...’

കുറച്ച് നാൾ വരെ എല്ലാ വിവാഹയിടങ്ങളിൽ നിന്നും ഉയർന്നിരുന്ന വിലാപമാണിത്. ഇന്ന് അതിന് അറുതിവന്നിരിക്കുന്നു. ടെക്നോളജിയിൽ ഉണ്ടായ വലിയ മാറ്റം തന്നെയാണ് ഇതിന് കാരണം. ഫിലിംകാമറയിൽ നിന്ന് ഡിഎസ്എൽആർ കാമറയിലേക്കുള്ള മാറ്റം അക്ഷരാർഥത്തിൽ വിവാഹം എന്ന ചടങ്ങിനെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷമാക്കി മാറ്റി. ടെക്നോളജിയുടെയും ആഘോഷങ്ങളുടെയും കെട്ടുംമട്ടും മാറിയതോടെ വിവാഹത്തിന് മറ്റ് എന്തിനേക്കാളും വിലപ്പെട്ടതായി മാറി കാമറക്കണ്ണുകൾ. ഒരുകാലത്ത് താലികെട്ട്, വിരുന്ന്, ഗ്രൂപ്പ്ഫോട്ടോ ഇതായിരുന്നു മലയാളിയുടെ കല്യാണ ആൽബമെങ്കിൽ ഇന്ന് പെണ്ണിനെ ആദ്യം കണ്ടുമുട്ടുന്നത് മുതൽ കല്യാണം കഴിഞ്ഞ് വിദേശത്ത് തീം ഷൂട്ടിന് പോകുന്നതുവരെയായി കാര്യങ്ങൾ. ആൽബം മെറ്റാലിക്, പേൾ പ്രിന്റിംഗ് ആയതോടെ മാഗസിൻ പോലെ കട്ടിയും തൂക്കവും കുറഞ്ഞു. പേജുകളുടെ തെളിമയും ഭംഗിയും കൂടി. എത്രകാലം വരെയും ഒരു കേടും കൂടാതെ ഇത് സൂക്ഷിക്കാനുമാകും.



പണ്ട് ഫിലിം കാമറയിൽ ഫോട്ടോയെടുക്കുന്നതിൽ പരിധിയുണ്ടായിരുന്നു. ചിത്രം പതിഞ്ഞോ ഇല്ലയോ എന്ന് അറിയണമെങ്കിൽ ഫിലിം കഴുകുന്നതു വരെ കാത്തിരിക്കണം. ഡിഎസ്എൽആർ കാമറകളുടെ വരവോടെ എടുക്കുന്ന ഫോട്ടോകൾ അപ്പോൾതന്നെ കാണാമെന്ന് മാത്രമല്ല മെമ്മറി കാർഡിൽ ഫോട്ടോ സൂക്ഷിക്കുന്നതുകൊണ്ട് എത്ര വേണമെങ്കിലും ഫോട്ടോകൾ എടുക്കാമെന്നായി. ലക്ഷങ്ങൾ വിലയുള്ള കനോൺ 5ഡി മാർക്ക് 4, മാർക്ക് 3, 6ഡി കാമറകളാണ് ഇന്ന് വെഡിംഗ് ഫോട്ടോഗ്രഫിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടെ വ്യത്യസ്ത ആംഗിളുകളിലുള്ള ടെലി, വൈഡ് ലെൻസുകളും. ഇവകൂടാതെ സ്റ്റഡിക്യാം, ഗോപ്രോക്യാം, ഫേസ്ക്യാം, ഹെലിക്യാം തുടങ്ങിയ കാമറകൾ വെഡിംഗ് വീഡിയോയ്ക്ക് ആവശ്യമായ വ്യത്യസ്തങ്ങളായ ഷോട്ടുകൾ എടുക്കാൻ ഉപയോഗിക്കുന്നുണ്ട്. വീഡിയോയും ഇത്തരത്തിലുള്ള ഡിഎസ്എൽആർ കാമറകളിലാണ് ഇന്ന് പകർത്തുന്നത്. ദിനംപ്രതി ടെക്നോളജിയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഏറ്റവും പുതിയ തരം കാമറകൾ വിപണി കീഴടക്കിത്തുടങ്ങി. ഇതുമൂലം ന്യൂജെൻ വെഡിംഗ് ഫോട്ടോഗ്രഫിയായ ആളുകൾ അറിയാതെ അവരുടെ ഭാവങ്ങൾ പകർത്തിയിരുന്ന ക്യാന്റീഡ് ഫോട്ടോഗ്രഫിയിൽ നിന്ന് സ്റ്റോറിടെല്ലിംഗ്, 3ഡി ഫോട്ടോഗ്രഫി എന്നിവയിലേക്ക് മാറിത്തുടങ്ങി വെഡിംഗ് ഫോട്ടോഗ്രഫി.

ഇപ്പോൾ വെഡിംഗ് കമ്പനികളായി

പണ്ട് വിവാഹം ഉറപ്പിച്ചാൽ സ്റ്റുഡിയോയിൽ പോയി തീയതി പറഞ്ഞ് പോരുകയായിരുന്നു പതിവ്. ഒരു ഫോട്ടോഗ്രഫർ, ഒരു വീഡിയോഗ്രഫർ കൂടെ ലൈറ്റ് ബോയിയും വിവാഹ ദിവസം രാവിലെ വീട്ടിൽ എത്തും. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തിയാൽ അടുത്തുള്ള പറമ്പിലോ റോഡിലോ കൊണ്ടുപോയി നിർത്തി വധൂവരൻമാരുടെ വിവിധ ഭാവത്തിലുള്ള കുറച്ച് ഫോട്ടോകൾ എടുക്കും. ഒരുമാസം കഴിയുമ്പോൾ രണ്ടു കിലോ തൂക്കമുള്ള ആൽബവും സിനിമ പാട്ടുകളുള്ള വിവാഹസിഡിയും കിട്ടും. ഇന്ന് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു. സ്റ്റുഡിയോകൾക്ക് പകരം വെഡിംഗ് കമ്പനികൾ ഉദയം ചെയ്തു. ആരും അത്ര പ്രാധാന്യം കൊടുക്കാതിരുന്ന വെഡിംഗ് ഫോട്ടോഗ്രഫി വർഷം കോടികൾ മറിയുന്ന ബിസിനസായി മാറി. സിനിമ, ഫാഷൻ രംഗത്ത് കഴിവ് തെളിയിച്ച പ്രഫഷണലുകളെ ഉൾപ്പെടുത്തിയാണ് വെഡിംഗ് ഫോട്ടോഗ്രഫി കമ്പനികൾ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഫോട്ടോഗ്രഫർ, വീഡിയോഗ്രഫർ, ആർട്ട് ഡയറക്ടർ, സ്റ്റോറിലൈൻ ഡയറക്ടർ, ഓഡിയോ ഡയറക്ടർ, തീം ഡയറക്ടർ, ലൈറ്റ് ബോയ് തുടങ്ങിയ ആളുകൾ ഉണ്ടാകും ഒരു വെഡിംഗ് ഫോട്ടോഗ്രഫി കമ്പനിയിൽ. ഇവരാകും വിവാഹം എങ്ങനെ മനോഹരമാക്കാമെന്ന് കസ്റ്റമർക്ക് ഐഡിയകൾ നൽകുന്നത്.



വധുവിനും വരനും വ്യത്യസ്ത ഫോട്ടോഗ്രഫർമാർ എന്ന രീതി മാറി ഇന്ന് വധുവും വരനും ഒരു വെഡിംഗ് കമ്പനിയെ സമീപിക്കുന്നു. ഇതുമൂലം ഫോട്ടോഗ്രഫിക്കായി ചെലവാക്കുന്ന പണത്തിൽ വലിയ ലാഭം കസ്റ്റമർക്ക് ഉണ്ടാകും. അതുപോലെ തന്നെ വിവാഹ വീട്ടിൽ വധുവരൻമാർക്കു വേണ്ടിയുള്ള ഫോട്ടോഗ്രഫർമാരുടെ പിടിവലിയും മത്സരവും ഒഴിവാകും. പേജിന്റെ ക്വാളിറ്റിയിലാണ് ആൽബത്തിന്റെ വില. 600 മുതൽ 1000 രൂപ വരെയാണ് ഒരു പേജിന് വാങ്ങുന്നത്. ഫോട്ടോകൾ ഇരുവീട്ടുകാർക്കും നൽകിയ ശേഷം അതിൽ നിന്ന് തെരഞ്ഞെടുക്കുന്നവയായിരിക്കും ആൽബത്തിൽ ഉപയോഗിക്കുക. 22 ദിവസത്തിനുള്ളിൽ ആൽബം വധൂവരൻമാരുടെ കൈയിൽ കിട്ടുകയും ചെയ്യും. ഹൈലൈറ്റ് വീഡിയോ, വെഡിംഗ് വീഡിയോ, തീം വീഡിയോ എന്നിവയെല്ലാം കൂടി 1.50 ലക്ഷം രൂപയിലാണ് വെഡിംഗ് ഫോട്ടോഗ്രഫിയുടെ തുടക്കം. ഉപയോഗിക്കുന്ന കാമറ, ഇവയുടെ എണ്ണം, കല്യാണത്തിന് വരുന്ന അതിഥികളുടെ എണ്ണം, കസ്റ്റമറുടെ വെഡിംഗ് ഫോട്ടോഗ്രഫി ബഡ്ജറ്റ് തുടങ്ങിയവ അടിസ്‌ഥാനമാക്കിയായിരിക്കും റേറ്റ് നിശ്ചയിക്കുക. അതിഥികളുടെ എണ്ണം അനുസരിച്ചായിരിക്കും ഫോട്ടോ, വീഡിയോഗ്രഫർമാരുടെ എണ്ണം നശ്ചിയിക്കുക. 1000 പേർക്ക് അഞ്ച് കാമറമാൻ. അഞ്ച് അസിസ്റ്റന്റ് കാമറമാൻ എന്ന കണക്കിനാണ് ഇവരുടെ എണ്ണം നിശ്ചയിക്കുന്നത്.


സിനിമയെ വെല്ലും ഈ തീമുകൾ

സിനിമയിൽ കാണുന്ന പല രംഗങ്ങളും ജീവിതത്തിലും നടന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. പ്രത്യേകിച്ച് വിവാഹം പോലുള്ള ആഘോഷങ്ങളുടെ രംഗങ്ങൾ. എന്നാൽ സിനിമയെ വെല്ലുന്ന തരത്തിൽ ഈ രംഗങ്ങൾ സ്വന്തം ജീവിതത്തിലും പ്രാവർത്തികമാക്കാൻ പറ്റുമെന്നതാണ് ഇന്നത്തെ വിവാഹ ആഘോഷങ്ങളുടെ ഹൈലൈറ്റ്. ഹിഡൻ ഷൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന വീഡിയോ ഷൂട്ടാണ് ഏറ്റവും പുതിയ ട്രെൻഡ്. ആദ്യമായി കണ്ടുമുട്ടിയ രംഗം പുനരാവിഷ്കരിക്കുകയോ അല്ലെങ്കിൽ കോഫിഷോപ്പ്, ഷോപ്പിംഗ് മാൾ, പാർക്ക് തുടങ്ങി ജനക്കൂട്ടം ഉള്ളയിടത്ത് നിന്ന് വിവാഹ അഭ്യർഥന നടത്തുന്ന രംഗം മറഞ്ഞ് നിന്ന് ചിത്രീകരിക്കുകയാണ് ഈ വീഡിയോകളുടെ പ്രത്യേകത. കർണാടക മുൻമന്ത്രി ജനാർദ്ദന റെഡിയുടെ മകളുടെ വിവാഹക്ഷണക്കത്ത് വാർത്താ പ്രാധാന്യം നേടിയിരുന്നു. വധൂവരൻമാർ പാട്ട് പാടി വിവാഹത്തിന് ക്ഷണിക്കുന്നത് കാണാൻ എൽസിഡി സ്ക്രീൻ സഹിതമുള്ള വിവാഹക്ഷണക്കത്താണ് നൽകിയത്. എന്നാൽ ഇതിന്റെ മറ്റൊരു രീതി നേരത്തെ തന്നെ കേരളത്തിൽ ട്രെൻഡ് ആയി മാറിയിരുന്നു. വധൂവരൻമാരുടെ രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമുള്ള വിവാഹം ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ വാട്ട്സ് ആപ്, മെയിൽ ഐഡി, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മാധ്യമങ്ങളിലൂടെ അയച്ചു നൽകുന്ന രീതി നേരത്തെ തന്നെ കേരളത്തിൽ പരീക്ഷിച്ചിരുന്നു.

വിവാഹം എപ്പോൾ, എവിടെ, എങ്ങനെ നടത്തണം, അതിന് ആവശ്യമായ ഡ്രസ് കോഡുകൾ, മണ്ഡപം, ഓഡിറ്റോറിയം, വീട് തുടങ്ങിയ എല്ലാത്തിന്റെയും തീം നേരത്തെ തന്നെ വെഡിംഗ് കമ്പനിയിലെ ആർട്ട് ഡയറക്ടർ, സ്റ്റോറിലൈൻ ഡയറക്ടർ, ഓഡിയോ ഡയറക്ടർ, തീം ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച് വധൂവരൻമാർ തീരുമാനിക്കും. ഇതിന് ശേഷമാകും മറ്റ് കാര്യങ്ങൾ ക്രമീകരിക്കുക. വെഡിംഗ് കമ്പനിയുടെ സ്റ്റോറിലൈനിൽ വിവാഹം മുന്നോട്ട് പോകുന്നതുകൊണ്ട് അടുത്തത് എന്ത് എന്ന കൺഫ്യൂഷനും കാമറമാന്മാർക്കില്ല. എല്ലാം സ്റ്റോറിലൈൻ അനുസരിച്ച് തയാറെടുപ്പോടെ നിൽക്കാനാകും. കാമറമാൻമാരുടെ ശല്യമില്ലാതെ വധൂവരൻമാർക്ക് ബന്ധുമിത്രാദികൾക്കൊപ്പം ചെലവഴിക്കാൻ ഇഷ്‌ടംപോലെ സമയമായി. ഒരു കാമറാമാനും ആരുടെയും വിലപ്പെട്ട സമയം കവരുകയുമില്ല. എന്നാൽ സിനിമയെ വെല്ലുന്ന മനോഹാരിതയോടെ എല്ലാം കാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്യും. വിവാഹത്തിന്റെ രീതികൾ, ആളുകൾ, സ്‌ഥലം, ബഡ്ജറ്റ് എന്നിവയനുസരിച്ച് തീമിൽ മാറ്റം വരും.

പരിചയപ്പെടുത്തൽ വീഡിയോ വഴി

ഒരേ പോലെ വസ്ത്രം ധരിച്ച പെൺകുട്ടികൾ ഇംഗ്ലീഷിലും മലയാളത്തിലും സ്റ്റേജിൽ നിന്ന് വധൂവരൻമാരെയും അവരുടെ കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തുന്നതായിരുന്നു ഫാഷൻ. എന്നാൽ ആ രീതിക്ക് ചെറിയമാറ്റം ഇന്ന് ഉണ്ടായി. വധൂവരൻമാരുടെ കുട്ടിക്കാലം തൊട്ട് വിവാഹം ഉറപ്പിക്കുന്നതുവരെയുള്ള കാലത്തെ വീഡിയോകളും ചിത്രങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഇൻട്രൊഡക്ഷൻ വീഡിയോകളാണ് ഇപ്പോൾ വിരുന്നിന് സ്റ്റേജിൽ പ്രദർശിപ്പിക്കുക. ഒരു പക്ഷെ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ നിന്നാകണം ഈ തീം മലയാളിയുടെ മനസിൽ കയറിക്കൂടിയത്. റിയാലിറ്റി ഷോകളിൽ മത്സരാർഥിയെ പരിചയപ്പെടുത്തുന്നത് ഇത്തരം ഇൻട്രൊ വീഡിയോകളിലൂടെയാണല്ലൊ. വിവാഹവീഡിയോകളിൽ സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ സ്പോട്ട് ഡബ്ബിംഗിനോടാണ് എല്ലാവർക്കും താൽപര്യം. നടക്കുന്ന സംഭവങ്ങളുടെ യഥാർഥ സംഭാഷണങ്ങൾ തന്നെ കേൾക്കാനാണ് ഇപ്പോൾ ഇഷ്‌ടം. അതുപോലെ തന്നെ ഹൈലൈറ്റ്, ലൗ സോംഗ് വീഡിയോകളിൽ പാട്ടിന് പകരം സിനിമയിൽ നിന്നുള്ള സംഭാഷണങ്ങൾ കൂട്ടിയിണക്കിയുള്ള കോളാഷാണ് ന്യൂജെൻ ട്രെൻഡ്. ഫോട്ടോഗ്രഫർമാർക്കും പ്രത്യേകം ഡ്രസ് കോഡുകൾ ഉണ്ട്. ഇത് അഥിതികൾക്ക് പെട്ടെന്ന് തന്നെ ഇവരെ തിരിച്ചറിയുന്നതിനുവേണ്ടിയാണ്. രാത്രി ആഘോഷങ്ങളും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും വിവാഹത്തിന്റെ ഭാഗമായതോടെ വിവിധതരം കാമറകളുമായി ഫോട്ടോഗ്രഫർമാർ വിവാഹവീട്ടിൽ തമ്പടിക്കുകയായി. ആഘോഷങ്ങൾ നടക്കുമ്പോൾ ആർക്കും ശല്യം ഉണ്ടാക്കാത്ത വിധം കാമറകൾ മുക്കിലും മൂലയിലും പറന്നും ഇഴഞ്ഞു നടന്നും നീങ്ങിക്കൊണ്ടിരിക്കും. എല്ലാം ഒരു സിനിമപോലെ കാമറയ്ക്കുള്ളിൽ നിറയും.

വിവാഹം കഴിഞ്ഞതോടെ വെഡിംഗ് കമ്പനിയുമായുള്ള ബന്ധം കഴിഞ്ഞുവെന്ന് കരുതിയെങ്കിൽ തെറ്റി. വിവാഹവാർഷികം, ന്യൂ ഇയർ തുടങ്ങിയ ആഘോഷങ്ങളിൽ കൃത്യമായി വധൂവരൻമാരുടെ ഫോട്ടോ വച്ചിട്ടുള്ള ഫോട്ടോഫ്രെയിമോ കലണ്ടറോ വീട്ടിൽ എത്തിയിരിക്കും. പിന്നീട് ആ വീട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകളുടെയും ഫോട്ടോഗ്രഫി വർക്കുകൾ അവരെ ഏൽപ്പിക്കാനുള്ള വെഡിംഗ് കമ്പനികളുടെ മാർക്കറ്റിംഗ് തന്ത്രമാണിത്.

അരുൺ ടോം

ചിത്രങ്ങൾ: ഫോട്ടോജെനിക്
ഇന്റർനാഷണൽ വെഡ്ഡിംഗ് കമ്പനി
എറണാകുളം