ചക്ക ഷുഗർ കുറയാനും വയർ നിറയാനും
ചക്ക ഷുഗർ കുറയാനും വയർ നിറയാനും
Wednesday, December 28, 2016 6:10 AM IST
പ്രമേഹ രോഗികളുടെ തലസ്‌ഥാനം ഏതെന്നു ചോദിച്ചാൽ കേരളം എന്നായിരിക്കും ഉത്തരം. കാരണം അത്രക്കുണ്ട് കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം. മരുന്ന് വ്യായാമം, ഡയറ്റ് എന്നിങ്ങനെ പോകുന്നു അതിനുള്ള പ്രതിവിധികൾ.

അതിനെക്കാളൊക്കെ കിടിലൻ പ്രതിവിധിയുമായി ഇന്ന് ഒരാൾ കേരളത്തിൽ തരംഗമാകുകയാണ്. ‘ജാക്ക്ഫ്രൂട്ട് 365’ എന്ന ഉത്പന്നവുമായി ആലുവ സ്വദേശി ജെയിംസ് ജോസഫ്. ‘വയർ നിറയാനും ചക്ക, ഷുഗർ കുറക്കാനും ചക്ക’ എന്ന പരസ്യ വാചകത്തോടെ തലയുയർത്തി നിൽക്കുന്ന വലിയ ഹോർഡിംഗുകൾ അവിടെയും ഇവിടെയുമെല്ലാം പലരും കണ്ടിട്ടുണ്ടായിരിക്കും അതാണ് മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങി പുറപ്പെട്ട ജെയിംസ് ജോസഫ് തന്റെ ഉത്പന്നത്തിലൂടെ നൽകുന്ന ഉറപ്പ്. ഇക്കാര്യത്തിൽ അത്രയ്ക്ക് ആത്മവിശ്വാസമാണ് ജെയിംസ് ജോസഫിന്.

ചക്കയ്ക്കു പിന്നാലെ

‘മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ചിട്ട് സ്വന്തം സംരംഭം അതും ചക്ക ഉപയോഗിച്ചോ’ എന്നു ചോദിച്ചവർ ഇന്ന് ജെയിംസ് ജോസഫിന്റെ വിജയം കണ്ട് അമ്പരക്കുന്നുണ്ടാകും. ആലുവയിലെ വീട്ടലിരുന്ന ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ എന്നും പ്ലാവും ചക്കയും കണ്ടുകണ്ടാണ് ഇത്തരമൊരു ആശയം ജെയിംസിന്റെ മനസിലേക്ക് എത്തുന്നത്. പിന്നെ അതിനു പിന്നാലെയായി യാത്ര. ‘അയ്യേ! ചക്ക എന്നു പറഞ്ഞ സ്‌ഥാനത്ത് ആഹാ! ചക്ക എന്നാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.’ അതു സാധിച്ചു: ജെയിംസ് ജോസഫ് പറയുന്നു.

1993 മുതൽ 2009 വരെയായിരുന്നു മൈക്രോസോഫ്റ്റിൽ ജെയിംസ് ജോലിചെയ്തത്. അതിനുശേഷം കേരളത്തിൽ നിന്നു തന്നെ മൈക്രോസേഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്നതു തന്നെയാണ് നല്ലെതെന്നുള്ള തോന്നലാണ് ജെയിംസിനെ ഇങ്ങോട്ടെത്തിച്ചത്. ഇതിനിടയ്ക്ക് ഒരു പുസത്കവും ജെയിംസ് എഴുതി.‘ ഗോഡ്സ് ഓൺ ഓഫീസ്’.

2013 ലാണ് ജാക്ക ഫ്രൂട്ട് 365 ന് തുടക്കമാകുന്നത്. പാഴായി പോകുന്ന ചക്ക എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു ചിന്തിച്ചു ചിന്തിച്ച് ചക്ക ബർഗർവരെയുണ്ടാക്കി. ചക്കപ്പുഴുക്ക് എല്ലാവർക്കും ഇഷ്‌ടമാണെങ്കിലും അതിനെ ഒരു നേരത്തെ ആഹാരമായി കണക്കാക്കി കഴിക്കാൻ മലയാളി തയാറല്ല എന്ന് ജെയിംസ് പറയുന്നു.

സ്റ്റാർ ഹോട്ടലുകളിലെ വിഭവമാക്കാൻ നിരവധി ഷെഫുമാരുടെ സഹായവും ജെയിംസ് തേടി. പക്ഷേ, അവരെല്ലാം പറയുന്നത് ഒരേതരം പ്രശ്നങ്ങൾ. ഒരു ചക്ക പാകം ചെയ്യാൻ തയാറാക്കി എടുക്കണമെങ്കിൽ നല്ല അദ്ധ്വാനം വേണം. കൂടാതെ കയ്യിൽൽ ഒട്ടിപ്പിടിക്കുന്ന മുളഞ്ഞിൽ കളയാൻ പിന്നെയും പണി. എളുപ്പമല്ല ചക്കകൊണ്ടുള്ള വിഭവങ്ങൾ. അതിനും ജെയിംസ് ജോസഫ് പരിഹാരം കണ്ടെത്തി. ചക്കച്ചുള ഉണക്കി പാക്കറ്റിലാക്കി വിതരണം ചെയ്യുക അതോടെ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി.

ഷുഗർ കുറക്കാൻ

ചക്കപ്പുഴുക്ക് കഴിക്കുന്നത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നും പ്രമേഹരോഗികൾക്ക് ഇതുവഴി ഇൻസുലിൻ ഉപയോഗം കുറയ്ക്കാമെന്നുമുള്ള കണ്ടെത്തലായിരുന്നു അടുത്തത്. അതിന് അനുഭവസാക്ഷികൾ തന്നെയുണ്ടയത് ജെയിംസിന് ചക്കയിലുള്ള വിശ്വാസം വർധിപ്പിച്ചു.


‘എനിക്കു പരിചയമുള്ള ഒരു പുരോഹിതൻ ഒരു ദിവസം രാത്രിയിൽ ചക്കപുഴുക്ക് കഴിച്ചതിനുശേഷം ഇൻസുലിനെടുത്തു. പെട്ടന്നു പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന് അദേഹം കുഴഞ്ഞു വീണു. അദേഹം എന്നോട് ഇക്കാര്യം പറഞ്ഞു.’ അതുകൂടി കേട്ടപ്പോൾ പിന്നെ അതിനെക്കുറിച്ച് പഠിച്ചു. അറിയാവുന്നവരോടെല്ലാം സംസാരിച്ചു. ശ്രീലങ്കൻ ജേർണലിലാണ് ആദ്യമായി ചക്കയുടെ പ്രമേഹത്തെ തടയാനുള്ള കഴിവിനെ ആസ്പദമാക്കി ഒരു ലേഖനം വന്നത്.

പഴുത്ത ചക്കയിലാണ് പഞ്ചസാരയുടെ അളവ് കൂടുതൽ. പച്ച ചക്കയിൽ ഇത് അഞ്ചിലൊന്ന് മാത്രമാണുള്ളത് എന്നതു നിരന്തരമായ പഠനങ്ങളിലൂടെ മനസിലാക്കി. അതിനാൽ ധൈര്യമായി പ്രമേഹ രോഗികൾക്ക് ചക്ക കഴിക്കാം എന്നു ജെയിംസ് പറയുന്നു. വരും നാളുകളിൽ പ്രമേഹ രോഗികൾ ചക്ക, വ്യായാമം, പിന്നെ മരുന്ന് എന്ന രീതിയിലേക്ക് മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ജെയിംസ് ജോസഫ് ആത്മവിശ്വാസത്തോടെ പറയുന്നു.

വർഷം മുഴുവൻ ചക്ക

കേരളത്തിൽ ചക്ക ലഭിക്കുന്നത് കുറഞ്ഞ കാലത്തു മാത്രമാണ്. പക്ഷേ, പ്രമേഹരോഗികൾ ദിവസവും ചക്ക കഴിക്കുന്നതാണ് നല്ലത്. അവർക്ക് എല്ലാ ദിവസവും ചക്ക ലഭ്യമാക്കാൻ ജെയിംസ് ജോസഫിന്റെ ജാക്ക് ഫ്രൂട്ട് 365 ന് കഴിയുന്നുണ്ട്.

ചക്ക പാകമാകുന്ന കാലത്ത് പാറശാല മുതൽ ഇടുക്കി വരെയുള്ള സ്‌ഥലങ്ങളിൽ നിന്നും ചക്ക ശേഖരിക്കും. ചക്കയെ ചക്കച്ചുളകളാക്കി വേർതിരിച്ചു തരാൻ സഹായിക്കുന്ന മെഷീനിനും രൂപം കൊടുത്തിട്ടുണ്ട്. അതിനാൽ പണികളെല്ലാം എളുപ്പമാണ്. അമാൽഗം ഫുഡ്സാണ് പാക്കിംഗ് വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. ആമസോൺ വഴിയാണ് വിൽപന.

ഈസ്റ്റേണിന്റെ റീട്ടെയിൽ ഔട്ടലെറ്റുകളിലും ജാക്ക് ഫ്രൂട്ട് 365 ലഭിക്കും. ഉണക്കി പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചക്കയെ വെള്ളത്തിലിട്ടാൽ സാധാരണ ചക്കച്ചുളയായി ലഭിക്കും. ഇങ്ങനെ കുതിർത്ത് ചക്കപ്പുഴുക്ക് ഉണ്ടാക്കാം.

ദോശ, ഇഡലി എന്നിവയുടെ മാവിൽ ചക്ക കൂടി ചേർത്ത് ഉപയോഗിക്കാം. ചക്ക ചേർത്തിട്ടുണ്ടെന്നുള്ള തോന്നലെ ഉണ്ടാകില്ല എന്നും ജെയിംസ് പറയുന്നു. ഉണക്ക ചക്ക പൊടിച്ചാണ് ദോശയുടെയും ഇഡലിയുടെയും മാവിൽ ചേർക്കേണ്ടത്. ഉപയോഗിക്കുന്ന മാവിന്റെ മൂന്നിലൊന്ന് ചക്ക പൊടി ചേർത്താൽ മതി. 180 ഗ്രാമിന്റെ ഒരു പാക്കറ്റ് ഉണക്ക ചക്കയ്ക്ക് വില 360 രൂപയാണ്. പ്രമേഹ രോഗികൾക്ക് മൂന്നു ദിവസം കഴിക്കാൻ ഒരു പാക്കറ്റ് ഉണക്ക ചക്ക മതി. ദിവസവും 60 ഗ്രാം വീതം. ജെയിസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണൽ ഭാർതി എ്ന്ന സ്റ്റാർട്ടപ് കമ്പനിയുടെ ഒരു പ്രവർത്തനമായാണ് ഉത്പന്നത്തെ വിപണിയിലെത്തിച്ചിരിക്കുന്നത്.