പരിചയപ്പെടാം, ടു ഇൻ വൺ മരച്ചീനിയെ
പരിചയപ്പെടാം, ടു ഇൻ വൺ മരച്ചീനിയെ
Wednesday, December 28, 2016 6:10 AM IST
കണ്ടാൽ കുറ്റിച്ചെടി, ചുവടുകുഴിച്ചാൽ മരച്ചീനി. ചെടിയായും ഭക്ഷണത്തിനും രണ്ടുപയോഗമുള്ള മരച്ചീനി. നാലുപാടും ഇലകൾ വീശി, നിറയെ ശിഖരങ്ങളുമായി ഒരു തണൽച്ചാർത്ത് തീർക്കുന്ന ഹരിതസൗന്ദര്യം. കണ്ടാൽ പെട്ടെന്നാരും ഇതൊരു മരച്ചീനിയാണെന്നു പറയില്ല. എന്നാൽ കൂർത്തുനേർത്ത വിരലുകൾ പോലുള്ള ഇലകൾ ഉണ്ട് എന്നേയുള്ളൂ. സാധാരണ മരച്ചീനി ഇനത്തിൽപ്പെടുന്നതു തന്നെയാണ് ഇവയും. പടർന്നു പന്തലിച്ചത് പോലുള്ള നിൽപ്പ് കണ്ടാവും നഗരങ്ങളിൽ ചില വൃക്ഷസ്നേഹികളൊക്കെ ഇപ്പോൾ ഈ മരിച്ചീനിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്തും തൊടിയിലും നട്ടുവളർത്തുന്നത്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന മരിച്ചീനിയുടെ ഇലകളിൽ നിന്നും വ്യത്യസ്തമായ ഇലകളാണ് ഇതിന്റെ പ്രധാന സവിശേഷത. കൈവിരലുകളുടെ മാതൃകയിൽ ഏഴു കൂർത്ത ഇലഇതളുകളാണ് ഈ മരിച്ചീനിക്കുള്ളത്. മരിച്ചീനി ഇലയുടെ തണ്ട് ചുവപ്പ് തന്നെയെങ്കിലും മുഖ്യ കമ്പിന് ഇളംപച്ച നിറമാണ്. നീളമുള്ള വെള്ള നിറത്തിലെ മരിച്ചീനിയാണ് ലഭിക്കുന്നത്. ഇവ സാധാരണ പോലെ തന്നെ പുഴുങ്ങിയോ കറിവച്ചോ കഴിക്കാം.

നല്ലവളക്കൂറുള്ള മണ്ണിൽ നന്നായി പരിപാലിച്ചുവളർത്തുമ്പോഴാണ് ഇതു പോലെ നിറയെ ഇലച്ചാർത്തുള്ള ഒരു തണൽ ച്ചെടിയുടെ സൗകുമാര്യവും കുളിർമ്മയും ലഭിക്കുന്നത്. നെൽപാടങ്ങളിലും തഴച്ചുവളരും. ഈ മരിച്ചീനി ചെടിയുടെ ഭംഗിയും, തണലും കൊണ്ടാവും ഫലച്ചെടിഎന്നതിനെക്കാൾ അലങ്കാരച്ചെടിയായാണ് പലരും ഇതു വളർത്തുന്നത്. കേരളത്തിൽ പതിവായി കാണുന്ന മരിച്ചീനിയിൽ നിന്നും വ്യത്യസ്‌ഥമായതുകൊണ്ടു തന്നെ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനെ ഒരു കിഴങ്ങുവർഗമായി കരുതാത്തവരും ഉണ്ട്. അതായത് മണ്ണിൽ ശീതളഛായ പരത്തുന്ന ചെടി പിഴുതാൽ മനുഷ്യർക്കു കഴിക്കുവാൻ കഴിയുന്ന മരിച്ചീനി ലഭിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട് എന്നർഥം. ഗാമ്പിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന മരിച്ചീനി ഇനങ്ങളോട് സാമ്യമുള്ളതിനാൽ ഗാമ്പിയകസാവ എന്ന പേരിൽ ഇന്റർനെറ്റിൽ പരാമർശമുണ്ട്.


വെറും മരിച്ചീനി അല്ല എന്ന തോന്നലുള്ളതുകൊണ്ടാവും കേരളത്തിന്റെ ചില പ്രദേശങ്ങളിൽ ഇതു ചെടിചീനി എന്നാണറിയപ്പെടുന്നത്. വ്യത്യസ്‌ഥമായ ആകൃതിയിൽ കാണപ്പെടുന്നെങ്കിലും മരച്ചീനി ഇനത്തിൽ പ്പെടുന്നത് തന്നെയാണിതെന്നു സിറ്റിസിആർഐ ക്രോപ്പ് ഇംപ്രൂവ്മെന്റ് ഡിവിഷൻ മേധാവി ഡോ. എം.എൻ. ഷീല പറയുന്നു. വെള്ളനിറത്തിലെ മരിച്ചീനി അത്ര പ്രചാരത്തിലില്ലാത്തതിനാലാണ് നാട്ടുകാർക്കു കൗതുകം തോന്നുന്നത്. തമിഴ്നാട്ടിലൊക്കെ വെള്ള നിറത്തിലെ മരിച്ചീനിയും വ്യാവസായിക അടിസ്‌ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട് എന്നും ഡോ. ഷീല പറയുന്നു. കേരളത്തിൽ പത്തനംതിട്ട, ഇലന്തൂർ എന്നിവിടങ്ങളിലും ഇത്തരം മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. 1600 ഓളം വ്യത്യസ്‌ഥങ്ങളായ മരിച്ചീനി ഇനങ്ങൾ (ഇലമാതൃകകളിലെ വ്യത്യസ്തത ഉൾപ്പെടെ) സിറ്റി സിആർഐയിൽ ലഭ്യമാണ്. ഫോൺ: മഞ്ജുള– 9745505465.

എസ്. മഞ്ജുളാദേവി