നടന്നുകാണാം, ഈ ചിത്രങ്ങൾ
നടന്നുകാണാം, ഈ ചിത്രങ്ങൾ
Saturday, December 31, 2016 6:48 AM IST
അടച്ചുവച്ച കണ്ണുകൾ ഒന്നും തുറന്നടയ്ക്കുമ്പോൾ എന്തുകാണാം, അതേയുള്ളൂ ഒരു ഫോട്ടോയിൽ. പിന്നീടത് ഏറെനേരം നോക്കിയിരിക്കാമെന്നുമാത്രം. കണ്ണുതുറന്നുപിടിച്ച് കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ആവോളം തിരിച്ച് എന്തൊക്കെ കാണാമോ, ഒന്നുതിരിഞ്ഞ് എന്തൊക്കെ കാണാമോ, മുന്നോട്ടുനടന്ന് എന്തൊക്കെ കാണാമോ ആ കാഴ്ചകളെല്ലാമുണ്ട് പനോരമ ഫോട്ടോയിൽ. 360 ഡിഗ്രി കാഴ്ചകൾ. വെറും കാഴ്ചയല്ല, കാഴ്ചാനുഭവം. വർച്വൽ 360 ഡിഗ്രി ഫോട്ടോഗ്രാഫി, ജിഗാ ഇമേജിംഗ് സാങ്കേതികവിദ്യകൾ നൽകുന്നത് ആ അനുഭവമാണ്. ഈ രംഗത്ത് ലോകമന്വേഷിക്കുന്ന പേരാണ് ലീൻ തോബിയാസ് എന്ന ഫോട്ടോഗ്രാഫറുടേത്. കാഴ്ചയുടെ ആഴവും പരപ്പും നോക്കുന്നവരിലേക്കു പകരുന്ന മാന്ത്രികനാണ് ലീൻ.

പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന കാമറകളും ലെൻസുകളും കംപ്യൂട്ടർ സോഫ്റ്റ് വെയറുകളും ഉപയോഗിച്ചാണ് പനോരമ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. ആയിരക്കണക്കിനു ഫോട്ടോകൾ എടുത്ത് അവ കംപ്യൂട്ടർ സഹായത്തോടെ അതിവിദഗ്ധമായി കൂട്ടിയിണക്കിയാൽ മാത്രമേ ആ പ്രത്യേക സ്‌ഥലത്ത് നേരിട്ടുചെന്നുനിന്ന് ചുറ്റുംനോക്കുന്ന അനുഭവം ലഭ്യമാകൂ. തത്വത്തിൽ ഒരു സ്റ്റിൽ ഫോട്ടോയാണ് 360 ഡിഗ്രി ഫോട്ടോയും. എന്നാൽ ഫോട്ടോഗ്രാഫറുടെ വൈദഗ്ധ്യവും ഭാവനയും സാങ്കേതികവിദ്യയും ചേരുമ്പോൾ ചിത്രത്തിന് ജീവൻ വയ്ക്കുന്നു. നടന്നുകാണുകയോ അടുത്തുചെന്ന് സൂക്ഷിച്ചുനോക്കുകയോ ചെയ്യുന്ന അനുഭവം കൺമുന്നിലെത്തുന്നു. ചിത്രത്തിൽ മൗസ് ചലിപ്പിച്ചാൽ, അല്ലെങ്കിൽ മൊബൈൽ സ്ക്രീനിൽ വിരൽ ചലിപ്പിച്ചാൽ ചിത്രം സൂംചെയ്ത് കാണാം. എത്ര ഷോട്ടുകൾ ഏതൊക്കെ ആംഗിളിൽ എടുക്കണം, എത്രയൊക്കെ ഡിഗ്രികളിൽ വേണം എന്നൊക്കെയുള്ള തീരുമാനമാണ് 360 ഡിഗ്രി ഫോട്ടോയുടെ മിഴിവുകൂട്ടുന്നത്. വർഷങ്ങൾ നീണ്ട അനുഭവപരിചയമുള്ള ലീൻ ഈ രംഗത്ത് അഗ്രഗണ്യനാവുന്നതും ആ കഴിവുകൊണ്ടുതന്നെ.

കൊല്ലം സ്വദേശിയായ ലീൻ തോബിയാസ് നേരത്തേ പത്ര ഫോട്ടോഗ്രാഫറായിരുന്നു. യേശുദാസിന്റെ ഫോട്ടോ ബയോഗ്രാഫിയിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ അംഗീകാരവും അതിലൂടെ അദ്ദേഹത്തെ തേടിയെത്തി. പനോരമ ചിത്രത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി സംസാരിച്ചതും യേശുദാസിനോടുതന്നെയാണെന്ന് ലീൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂകാംബിക ക്ഷേത്രം വേളാങ്കണ്ണി പള്ളി എന്നിവയാണ് 360 ഡിഗ്രിയിൽ ആദ്യം പകർത്തിയത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 32 രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്തമായ ഒട്ടേറെയിടങ്ങൾ അദ്ദേഹത്തിന്റെ കാമറയിൽ പതിഞ്ഞു. എടയ്ക്കൽ ഗുഹ ചിത്രീകരിച്ചത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ടൂറിസം, റിയൽ എസ്റ്റേറ്റ്, സയൻസ്, കുറ്റാന്വേഷണ മേഖലകൾക്ക് ഏറെ പ്രയോജനകരമായ പനോരമ ഫോട്ടോഗ്രാഫിയിൽ പരീക്ഷണങ്ങളുമായി മുന്നോട്ടാണ് ലീൻ എന്നും. യുഎഇ കേന്ദ്രമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.


വർച്വൽ റിയാലിറ്റി പനോരമ ഫോട്ടോകൾക്കൊപ്പം ജിഗാ ഇമേജ് എന്ന ദൃശ്യാവിഷ്കാരവും ലീൻ ഒരുക്കുന്നു. വർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ചു കാണേണ്ട ദൃശ്യങ്ങളുണ്ട്. ടെലി ലെൻസിൽ പകർത്തുന്ന ഹൈഡെഫനിഷൻ ചിത്രങ്ങൾ കൂട്ടിയിണക്കി സൃഷ്‌ടിക്കുന്ന ജിഗാ ഇമേജ് ബൈനോക്കുലർ ഉപയോഗിച്ചു നോക്കുമ്പോൾ പോലും കാണാത്ത ദൃശ്യവ്യക്‌തത നൽകും. പത്മനാഭസ്വാമി ക്ഷേത്രം, ഖജുരാഹോ, ഇന്ത്യാഗേറ്റ് തുടങ്ങിയവയുടെ ജിഗാ ഇമേജുകൾ അതിസൂക്ഷ്മമായ കാഴ്ച സമ്മാനിക്കുന്നു. ഇന്ത്യാ ഗേറ്റിൽ കൊത്തിവച്ചിട്ടുള്ള രക്‌തസാക്ഷികളുടെ പേരുകൾ പോലും ഈ ചിത്രത്തിൽ വ്യക്‌തമായി വായിച്ചെടുക്കാം. പത്മനാഭസ്വാമി ക്ഷേത്രഗോപുരത്തിലെ പ്രതിമകളുടെ കൺപീലികൾപോലും കാണാം. ലക്ഷക്കണക്കിനുപേർ പങ്കെടുത്ത സമ്മേളനത്തിന്റെ ജിഗാ ഇമേജ് പകർത്തിയതും
അതിനൂതനമായ കാമറകൾ, ലെൻസുകൾ, റൊട്ടേഷണൽ സ്റ്റാൻഡുകൾ, സോഫ്റ്റ്വെയറുകൾ, വൈ–ഫൈ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് ലീൻ തോബിയാസ് ഈ രംഗത്ത് അത്ഭുതങ്ങളൊരുക്കുന്നത്.

ദൃശ്യങ്ങൾ കാണാനും ഷെയർ ചെയ്യാനും ലീനിന്റെ വെബ്സൈറ്റായ ംംം.ു4ുമിീൃമാമ.രീാൽ സൗകര്യമുണ്ട്. കംപ്യൂട്ടറിനു പുറമേ മൊബൈൽ, ടാബ്ലെറ്റുകൾ എന്നിവയിലും പനോരമ ദൃശ്യങ്ങൾ കണ്ടറിയാം. കുറഞ്ഞ ഇന്റർനെറ്റ് വേഗതയിലും ഇത് പ്രവർത്തിക്കും.

വി.ആർ. ഹരിപ്രസാദ്