പുതുവർഷം, പുതിയ ടെക്നോളജി
പുതുവർഷം, പുതിയ ടെക്നോളജി
Wednesday, January 4, 2017 7:15 AM IST
2017 ജനുവരി അഞ്ച്. ടെക് ലോകം കണ്ണുംനട്ട് കാത്തിരിക്കുന്ന ദിവസം. അന്നാണ് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ട്രേഡ് ഷോ അമേരിക്കയിലെ ലാസ് വേഗസിൽ നടക്കുന്നത്. വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യകളാണ് ഷോയിൽ അവതരിപ്പിക്കപ്പെടുക. ടെക് ലോകം ഈ വർഷം പ്രതീക്ഷിക്കുന്ന ചില സ്മാർട്ട്ഫോണുകളും ടെക്നോളജികളുമുണ്ട്. ഇതാ അവയിൽ ചിലത്.

സ്മാർട്ട്ഫോൺ

2016 ൽ സ്മാർട്ട്ഫോണുകളുടെ വർഷമായിരുന്നു. റാം സ്പേസും റോം സ്പേസും കംപ്യൂട്ടറിനേക്കാൾ അധികമായുള്ള ഫോണുകൾ 15,000 രൂപയ്ക്കു താഴെ വിപണിയിൽ സുലഭമായ വർഷം. 4 കെ, എച്ച്ഡി ഡിസ്പ്ലേകൾ ഫോണുകൾക്ക് വ്യാപകമായി. പുതിയ വർഷത്തിലും ഐഫോണും സാംസംഗും നോക്കിയയും ശക്‌തമായി വിപണിയിൽ ഉണ്ടാകും.

ഐ ഫോൺ 8

ഐ ഫോണിന്റെ പത്താമത്തെ വാർഷികമാണ് ഈ വർഷം. അതുകൊണ്ടു തന്നെ പുതിയ സീരീസ്, ഐഫോൺ വിപണി പ്രതീക്ഷിക്കുന്നു. ഒഎൽഇഡി ഡിസ്പ്ലേയോടു കൂടിയായിരിക്കും ഐ ഫോൺ 8 എത്തുകയെന്നാണ് റിപ്പോർട്ട്. ഭാരവും കനവും കുറഞ്ഞ ഫോണാവും ആപ്പിളിന്റേതായി ഇനി വിപണികളിലെത്തുക.

സാംസംഗ് ഗാലക്സി എസ് 8

രണ്ടുവർഷം മുമ്പുവരെ സ്മാർട്ട്ഫോൺ വിപണിയിലെ എതിരാളിയില്ലാത്ത ബ്രാൻഡായിരുന്നു സാംസംഗ്. കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ വിപണി സാംസംഗ് പിടിച്ചെടുത്തു. പിന്നീട് കൂടുതൽ ഫീച്ചറുകളുമായി ഫോണുകൾ എത്തിയതോടെ സാംസംഗിന്റെ മേധാവിത്വം നഷ്‌ടപ്പെട്ടു. 2017ൽ 4 കെ ഡിസ്പ്ലേയോടെ ഗാലക്സി എസ് 8 വിപണിയിൽ എത്തും.

മൈക്രോസോഫ്റ്റ്

സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന മെറ്റൽ ബോഡിയോടുകൂടിയ ഫോണാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്. കീ ബോർഡും മോണിറ്ററും മൗസും ഈ ഫോണുമായി ബന്ധിപ്പിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

നോക്കിയ

ഒരു കാലത്ത് ഫോൺ എന്നാൽ നോക്കിയ എന്നുമാത്രമായിരുന്നു കേട്ടിരുന്നത്. സ്മാർട്ട്ഫോണുകളുടെ വരവോടെ നോക്കിയ ഔട്ടായി. 2017ൽ വൻതിരിച്ചുവരവിനൊരുങ്ങുകയാണ് നോക്കിയ. ഈ വർഷം കുറഞ്ഞത് മൂന്നു സ്മാർട്ട്ഫോണുകളെങ്കിലും നോക്കിയ വിപണിയിലെത്തിക്കും. ക്യു2, ക്യു3, ഡി1സിയുടെ പുതിയ മോഡൽ എന്നിവയാണ് നോക്കിയയിൽ നിന്നു പ്രതീക്ഷിക്കുന്നത്. അഞ്ച് മുതൽ 5.7 ഇഞ്ച് ഡിസ്പ്ലേയോടുകൂടി ഫോണുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ.


ആപ്പുകൾ

ടെക്നോളജി ട്രേഡ് ഷോയിൽ വിവിധ ആപ് അടിസ്‌ഥാന സാങ്കേതിക വിദ്യകളാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് ഉപയോഗിച്ച് മുറിയിൽ വ്യത്യസ്ത മണം നിറയ്ക്കാനും ഫ്രിഡ്ജിലുള്ള സാധനങ്ങളുടെ കാലാവധിയും ഗുണമേന്മയും അറിയുന്നതിനുമായുള്ള ആപ്പുകൾ അവതരിപ്പിക്കും. ബയോമെട്രിക് അടിസ്‌ഥാനമാക്കിയുള്ള ഫോണുകളിൽ ഉപയോഗിക്കാൻ നിരവധി ബയോമെട്രിക് ആപ്പുകളും പ്ലേസ്റ്റോറുകളിൽ എത്തും.

ഗാഡ്ജറ്റുകൾ

നിരവധി ഗാഡ്ജറ്റുകളാണ് 2017ൽ പുറത്തിറങ്ങാനിരിക്കുന്നത്. സാധാരണക്കാർക്കും യുവജനത്തിനും വേണ്ടിയുള്ള ഗാഡ്ജറ്റുകളായിരിക്കും ഇവ.

ഐപാഡ് പ്രോ

ആപ്പിളിന്റെ പുതിയ ഐപാഡ് പ്രോ ഈ വർഷം വരും. 7.9, 10.9, 12.9 ഇഞ്ച് വലിപ്പത്തിലാണ് ഐപാഡ് പ്രോ വിപണിയിലെത്തുന്നത്. പുതിയ ചിപ് സെറ്റും 32 ജിബി റാമുമാണ് ഈ ഗാഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്.

നിൻടെൻഡോ സ്വിച്ച്

വീഡിയോ ഗെയിമുകളെ ഇഷ്‌ടപ്പെടുന്നവർക്കായി നിരവധി പുതിയ വീഡിയോ ഗെയിം ഡിവൈസ് പുറത്തുവരുന്നുണ്ട്. 6.2 ഇഞ്ച് ഡിസ്പ്ലേയോടുകൂടിയാണ് പ്രമുഖ കമ്പനിയായ നിൻടെൻഡോ പുതിയ ഗാഡ്ജറ്റ് വിപണിയിലെത്തുന്നത്.

ടൈറ്റോ കെയർ

രോഗങ്ങൾ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. പക്ഷേ ഡോക്ടറുടെ അടുത്തുപോകാൻ പലർക്കും മടിയാണ്. ഇതിനൊരു പരിഹാരമായാണ് ടൈറ്റോ കെയർ എത്തുന്നത്. ടൈറ്റോ ഹോം എന്ന ഡിവൈസ് വീട്ടിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടൈറ്റോ ഹോം ഉപയോഗിച്ചുള്ള പരിശോധനയുടെ ഫലം ഡിവൈസ് തനിയെ ഡോക്ടറുടെ മൊബൈലിലേക്ക് അയച്ചുകൊടുക്കുന്നു. ഈ ഫലം പരിശോധിച്ച ശേഷം ഡോക്ടർ ആവശ്യമായ മരുന്നുകൾ നിർദേശിക്കുന്നു.

ഈ വിവരങ്ങളെല്ലാം വെറും സാമ്പിൾ വെടി ക്കെട്ടാണെന്നാണ് റിപ്പോർട്ട്. റോബോട്ടുകളുടെ ഒരു വലിയ നിരതന്നെ ടെക്നോളജി ട്രേഡ് ഷോയിൽ അണിനിരക്കുന്നുണ്ട്. അണിയറയിൽ ഒരുങ്ങുന്ന ടെക്നോളജികളും ഡിവൈസുകളും അത്ഭുതപ്പെടുത്തുന്നതായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

സോനു തോമസ്