നെൽകൃഷി: രീതിമാറ്റിയില്ലെങ്കിൽ ആക്രമണ സ്വഭാവവും മാറും
നെൽകൃഷി: രീതിമാറ്റിയില്ലെങ്കിൽ ആക്രമണ സ്വഭാവവും മാറും
Thursday, January 5, 2017 6:07 AM IST
അന്നം ഭൂതാനം ജ്യേഷ്‌ടം– പഞ്ചഭൂതങ്ങളിൽ ഏറ്റവും ശ്രേഷ്‌ടമായത് അന്നം അഥവ ആഹാരമാണ്. നെല്ല് മാനവരാശിക്ക് ആഹാരത്തിന്റെ നേർ പര്യായമാണ്. ലോകജനസംഖ്യയുടെ പകുതിയോളം പേർ അരിയാഹാരം കഴിക്കുന്നവരാണ്. ഏഷ്യൻ വൻകരയിലെ ജനങ്ങളുടെ ആഹാരവും ജീവിതവും നെല്ലിനെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇന്ത്യയിലായാലും കേരളത്തിലായാലും ജനതയുടെ സാംസ്കാരിക അടിത്തറ നെൽകൃഷിയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. എന്നാൽ കേരളത്തിൽ സ്‌ഥിതിമാറിക്കൊണ്ടിരിക്കുന്നു. അന്യസംസ്‌ഥാനങ്ങളെ മാത്രം ആശ്രയിച്ച് അരിയാഹാരം കഴിക്കേണ്ട അവസ്‌ഥയിലേക്കു നാം മാറുകയാണ്. നെൽകൃഷിചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതുമൂലം നെല്ലിന്റെയും ജലത്തിന്റെയും ലഭ്യത കുറയുകയാണ്. അമിതമായ രാസവളപ്രയോഗവും കീട, കുമിൾനാശിനി ഉപയോഗവും മണ്ണിന്റെ ജീവനും പ്രകൃതിയുടെ സന്തുലിതാവസ്‌ഥയും തകിടം മറിക്കുന്നു. ഇതുമൂലം പലപ്രശ്നങ്ങളും തലപൊക്കുന്നു. പുതിയ കീടങ്ങളുടെ ആവിർഭാവം, അപ്രധാന കീടങ്ങൾ പ്രധാന കീടങ്ങളാകുക തുടങ്ങി പുതിയ പ്രശ്നങ്ങൾ തലപൊക്കുകയാണ്. നെല്ലിലെ മിത്രകീടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയേ ഈ വെല്ലുവിളികളെ നമുക്കു നേരിടാൻ കഴിയൂ. അടുത്തകാലത്ത് നെൽകൃഷിയിൽ പുതിയ ഒരു ഉണർവ് ദൃശ്യമായിട്ടുണ്ട്. കൂടുതൽപേർ നെൽകൃഷിയിലേക്കു ചുവടുവയ്ക്കുന്നു. പ്രത്യേകിച്ചും ചെറുപ്പക്കാർ. നെൽകൃഷിയിൽ കൂടുതൽ ഉത്പാദന ക്ഷമത കൈവരിക്കാൻ പരമാവധി മിത്രകീടങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള കീട നിയന്ത്രണ മാർഗങ്ങൾ ഉൾപ്പെടുത്തി നമുക്കു മുന്നേറാനാവും. അതിനായി ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

1. ആദ്യഘട്ടങ്ങളിൽ കീടനാശിനി വേണ്ട

നെൽചെടികൾക്ക് പ്രകൃതി സവിശേഷമായ ഒരു കഴിവു നൽകിയിട്ടുണ്ട്. നെല്ലിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന 30 ശതമാനം വെല്ലുവിളികളേയും അതിജീവിച്ച് വളരാൻ ഇവയ്ക്കാകും. അതിനാൽ പറിച്ചു നട്ട് 40 ദിവസത്തേക്ക് രാസകീടനാശിനിപ്രയോഗം ഒഴിവാക്കുകയാണുത്തമം. ആദ്യഘട്ടങ്ങളിൽ നെല്ലിനെ ആക്രമിക്കുന്ന ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, കുഴൽപ്പുഴു എന്നിവയെ നിയന്ത്രിക്കുവാൻ കീടനാശിനി പ്രയോഗിക്കുമ്പോൾ മിത്രകീടങ്ങൾ ഏറെക്കുറേ മുഴുവനായും നശിപ്പിക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതോടെ മുഞ്ഞയുടെ ആക്രമണം രൂക്ഷമായി കനത്ത വിളനാശമുണ്ടാകുന്നു. ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവയ്ക്കെതിരേ ഒരേക്കറിലേക്ക് രണ്ട് ക്യുബിക് സെന്റിമീറ്റർ(സിസി) എന്നതോതിൽ ആറുപ്രാവശ്യം മുട്ടക്കാർഡുകൾ വയ്ക്കാവുന്നതാണ്. തണ്ടുതുരപ്പനായി മഞ്ഞക്കാർഡുകളും ഓലചുരുട്ടിക്കായി നീലക്കാർഡുകളുമാണ് ഉപയോഗിക്കേണ്ടത്. നട്ട് ഏഴുദിവസം കഴിഞ്ഞോ അല്ലെങ്കിൽ വിതച്ച് 25 ദിവസങ്ങൾക്കു ശേഷമോ മുട്ടക്കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.


2. മാറ്റി നടീൽ

മാറ്റി നടുമ്പോൾ വിത്തിന്റെ മൂപ്പനുസരിച്ച് ഇടയകലം നൽകേണ്ടതാണ്.
പറിച്ചു നടുമ്പോൾ മൂന്നുമീറ്റർ കഴിഞ്ഞ് 30 സെന്റീമീറ്റർ വീതിയുള്ള ഇടച്ചാലുകൾ ഇടുന്നത് വായൂസഞ്ചാരം സുഗമമാക്കുന്നതിനും കീടബാധ കുറയ്ക്കുന്നതിനും സഹായിക്കും.

3. വളപ്രയോഗം

സമീകൃതവും സംയോജിതവുമായ വളപ്രയോഗം ചെടികളുടെ ആരോഗ്യത്തേയും രോഗപ്രതിരോധശേഷിയേയും വർധിപ്പിക്കും. നൈട്രജൻ വളങ്ങൾ അമിതമായി നൽകുന്നത് ചെടിയുടെ പ്രതിരോധശേഷി കുറയ്ക്കും. ആവശ്യത്തിനനുസരിച്ചുള്ള നൈട്രജൻ, പൊട്ടാസ്യം വളങ്ങളുടെ പ്രയോഗം ഓലചുരുട്ടി, മുഞ്ഞ എന്നിവയെ നിയന്ത്രിക്കും.

4. ജലനിയന്ത്രണം

നെല്ലിലെ പല കീടങ്ങളേയും ജലനിയന്ത്രണരീതികളിലൂടെ നിയന്ത്രിക്കാം. ഉദാഹരണം നെല്ലിലെ ഇലപ്പേൻ എന്ന കീടത്തിന്റെ ആക്രമണത്തെ നിയന്ത്രിക്കുവാൻ പാടത്ത് വെള്ളം കയറ്റി നിർത്തുന്നത് അഭികാമ്യമാണ്. എന്നാൽ മുഞ്ഞ, കുഴൽപ്പുഴു എന്നീ കീടങ്ങളെ നിയന്ത്രിക്കുവാൻ പാടത്തെ വെള്ളം വാർത്തുകളയണം. വയലിലെ ജനനിരപ്പ് സ്‌ഥിരമായി 5–8 സെന്റീ മീറ്റർ ആയി നിർത്തുകയാണെങ്കിൽ കളകളുടെ ശല്യവും ഒരു പരിധിവരെ കുറയ്ക്കാം.

5. ഇലപ്പേൻ

ഞാറ്റടിയിലും പറിച്ചുനട്ടതിനുശേഷവും കാണുന്നു. ഞാറ്റടിയിൽ വെള്ളം കെട്ടിനിർത്തുകയാണെങ്കിൽ എളുപ്പത്തിൽ നിയന്ത്രിക്കാം. ഞാറ്റടിയിൽ മണ്ണിരകമ്പോസ്റ്റ് 7.5 കിലോഗ്രാം 10 സെന്റിന് എന്ന രീതിയിൽ കൊടുക്കുന്നതും നല്ലതാണ്.

6. മുഞ്ഞയുടെ നിയന്ത്രണം

കീടനാശിനികളുടെ ദുരുപയോഗമാണ് മുഞ്ഞയുടെ അനിയന്ത്രിതമായ വംശവർധനവിന് ഒരു പ്രധാനകാരണം. കീടനാശിനി ലക്ഷ്യസ്‌ഥാനത്ത് എത്താ തെ ചെടിയുടെ ഉപരിതലത്തിൽ മാത്രമായി പതിക്കുന്നതും, മിത്രകീടങ്ങളുടെ നാശവും മുഞ്ഞയുടെ ആക്രമണം രൂക്ഷമാക്കുന്നു. മുഞ്ഞയ്ക്കെതിരേ പ്രതിരോധശേഷിയുള്ള നെല്ലിനങ്ങളായ ഭദ്ര, കാഞ്ചന, ഉമ എന്നിവ ഉപയോഗിക്കുക, നടീൽ എല്ലാപാടശേഖരങ്ങളിലും ഒരേസമയത്ത് ആക്കുക, കൃത്യമായ സമയത്ത് വിളയിറക്കുക, മുഞ്ഞയുടെ ആക്രമണം കാണുന്ന പാടങ്ങളിൽ വെള്ളം വാർത്തുകളഞ്ഞ് ഈർപ്പം കുറയ്ക്കുക, നൈട്രജൻ വളങ്ങൾ പല തവണകളായി നൽകുക, കീട നീരീക്ഷണത്തിന്റെ അടിസ്‌ഥാനത്തിൽ ആവശ്യമാണെന്ന് കണ്ടാ ൽ മാത്രം കീടനാശിനികൾ ഉപയോഗിക്കുക എന്നിവ വഴി മുഞ്ഞയുടെ ആക്രമണം നിയന്ത്രിക്കാം.

ജോസഫ് ജോൺ തേറാട്ടിൽ
കൃഷി ഓഫീസർ, പഴയന്നൂർ, തൃശൂർ