യുവതിയും യുവാവും ഭാര്യയും ഭർത്താവുമാകുമ്പോൾ
യുവതിയും യുവാവും ഭാര്യയും ഭർത്താവുമാകുമ്പോൾ
Friday, January 6, 2017 6:56 AM IST
വ്യക്‌തിബന്ധങ്ങളാണു സാമൂഹിക ജീവിതത്തിന്റെ അടിസ്‌ഥാന ശിലകൾ. വ്യക്‌തിബന്ധങ്ങൾ കുടുംബജീവിതത്തിൽ നിന്ന് രൂപം കൊള്ളുകയും കുടുംബങ്ങളിലൂടെ വളരുകയും ചെയ്യുന്നു. സഹജീവികളുമായി സഹകരിക്കാനും ജീവിതം പങ്കുവയ്ക്കാനും വ്യക്‌തിബന്ധങ്ങൾ സഹായിക്കുന്നു. അമ്മ, അച്ഛൻ, സഹോദരങ്ങൾ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം നമ്മുടെ സാമൂഹികജീവിതത്തിന്റെ ആദ്യകണ്ണികളാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ കുടുംബത്തിനു പുറത്തുള്ളവരുമായും നാം വ്യക്‌തിബന്ധങ്ങൾ സ്‌ഥാപിക്കാറുണ്ട്. സഹജീവികളുമായി ഇടപഴകാനും പരസ്പരം മനസറിഞ്ഞ് പ്രവത്തിക്കാനുമുള്ള മനുഷ്യന്റെ ഈ കഴിവിനെ നമുക്ക് ‘സാമൂഹ്യ ബന്ധി’ എന്നു വിശേഷിപ്പിക്കാം. കൂട്ടായും യോജിച്ചുമുള്ള പ്രവർത്തനത്തിനും സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ബുദ്ധിയുടെ വികാസവും അനുപേക്ഷണീയമാണ്.

വ്യത്യസ്തമായ ചുറ്റുപാടുകളിൽ വളർന്നവരും വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ളവരുമായ രണ്ടുപേരാണ് വിവാഹബന്ധത്തിലൂടെ ഒന്നാകുന്നത്. ഒരു യുവതിയും യുവാവും ഭാര്യയും ഭർത്താവുമാകുമ്പോൾ എന്തെല്ലാം മാറ്റങ്ങളുണ്ടാകുന്നുവെന്ന് അറിയാം...

വ്യക്‌തിവികാസം

മനുഷ്യൻ സാമൂഹിക ജീവിയാണ്. നിരവധി പേരുമായി ഇടപഴകിയാണ് നാം ജീവിക്കുന്നത്. ബന്ധങ്ങളുടെ എണ്ണം വർധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹിക ജീവിതം വിപുലീകരിക്കപ്പെടുന്നു. സാമൂഹ്യബന്ധങ്ങളുടെ ഗുണനിലവാരം നമ്മുടെ വ്യക്‌തിപരമായ അനുഭവങ്ങളെ സ്വാധീനിക്കുകയും ചെയ്യും. സാമൂഹിക ജീവിതത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് വ്യക്‌തിബന്ധങ്ങളുടെ ഊഷ്മളതയുടെ മാറ്റുകുറയാതെ നോക്കാനും നമുക്കു കഴിയണം.

പുതിയ വ്യക്‌തിബന്ധങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കണം. സ്വന്തം താൽപര്യവും മറ്റൊരാളുടെ താൽപര്യവും എല്ലായ്പ്പോഴും ഒന്നു തന്നെയോ ഓരോ ദിശയിലുള്ളതോ ആയിക്കൊള്ളണമെന്നില്ലല്ലോ. പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി ഇരുവരുടെയും ഇഷ്‌ടാനിഷ്‌ടങ്ങൾ കണക്കിലെടുത്ത് പെരുമാറുകയാണ് അഭികാമ്യം. വിട്ടുവീഴ്ചാ മനോഭാവത്തിന്റെ പ്രസക്‌തി എടുത്തുപറയാതെ വയ്യ.

ആരു ജയിക്കും, ആരു വിചാരിച്ചപോലെ കാര്യങ്ങൾ നടത്തിയെടുക്കാൻ പറ്റും എന്ന ചിന്ത നമ്മെ പലപ്പോഴും ഭരിക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതു കിടമത്സരത്തിനും ‘ഞാൻ’, ‘നീ’ എന്നീ വിശേഷണങ്ങളിലും കാര്യങ്ങളെ കൊണ്ടെത്തിക്കും. പലപ്പോഴും ഒരാളുടെ അഭിപ്രായപ്രകാരം മുന്നോട്ടുപോകേണ്ടി വരും. അതായിരിക്കും പ്രായോഗികമായ ഏകമാർഗം.

കുട്ടിക്കാലത്ത് സഹോദരങ്ങൾ തമ്മിൽ കിടമത്സരം ഉണ്ടാകുക പതിവാണ്. പലപ്പോഴും അൽപം അസൂയയും ഇതിന്റെ കൂടെയുണ്ടാവും. അമ്മ നവജാത ശിശുവിനെ ലാളിക്കുന്നതും ചെറിയ കുട്ടിയെ എപ്പോഴും എടുത്തുകൊണ്ടു നടക്കുന്നതും മൂത്ത കുട്ടിക്ക് ഒരൽപം നഷ്‌ടബോധവും അസൂയയും ഉളവാക്കിയെന്നുവരും. എന്നാൽ ജീവിത സാഹചര്യങ്ങൾ പങ്കുവയ്ക്കാൻ കുട്ടികൾ പിന്നീട് പഠിക്കും. ചേട്ടന്റെ പുസ്തകം അനിയന്റെ പുസ്തകം എന്നിവയെല്ലാമാകാമെങ്കിലും പല സാമൂഹിക ജീവിത സാഹചര്യങ്ങൾ കൃത്യമായി വേർതിരിച്ചനുഭവിക്കാൻ പറ്റില്ലല്ലോ!

പലകാര്യങ്ങളും നമുക്ക് തുല്യമായി വീതം വച്ചെടുക്കാൻ കഴിയാത്തവയാണ്. വാത്സല്യം എന്ന സന്തോഷകരമായ അനുഭവം സഹോദരനു ലഭിക്കുമ്പോൾ നിങ്ങൾക്കെന്തിനാണ് അസ്വാസ്‌ഥ്യം? സന്തോഷം പങ്കുവയ്ക്കുമ്പോൾ വർധിക്കുകയും സന്താപം പങ്കുവയ്ക്കുമ്പോൾ കുറയുകയും ചെയ്യുമെന്നോർക്കുക. എന്റെ സന്തോഷം എനിക്കു ചുറ്റുമുള്ളവരുടെ സന്തോഷമായി വേർതിരിക്കാൻ പറ്റാത്ത പോലെ ബന്ധപ്പെട്ടിരിക്കുന്നു. നാം വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരികയാണെങ്കിൽ അതു ഉൾക്കൊണ്ടുകൊണ്ട് അസഹിഷ്ണുത പ്രകടമാക്കാതെ ചിന്തിക്കുകയും പെരുമാറുകയും വേണം.

രണ്ടുപേർ ഒന്നിച്ച് സിനിമയ്ക്കു പോകാൻ തീരുമാനിച്ചുവെന്നിരിക്കട്ടെ. ഏതു സിനിമയാണ് കാണുന്നത് എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായാൽ എന്തു ചെയ്യും? ഒന്നിച്ച് ഒരു സിനിമയ്ക്ക് പോകുകയാണ് ലക്ഷ്യമെങ്കിൽ ഒരാളുടെ ഇഷ്‌ടത്തിനു മുൻതൂക്കം കിട്ടും. ഇതാരുടെയെന്ന കാര്യം തീരുമാനിക്കാൻ പറ്റാതെ സിനിമാ കാണാതിരിക്കുകയോ രണ്ടുപേരും വേറെ വേറെ പോയി അവർക്കിഷ്‌ടപ്പെട്ട സിനിമ കാണുകയോ, അതുമല്ലെങ്കിൽ ഇക്കാര്യത്തെപ്പറ്റി ഒരു സംഘട്ടനം തന്നെയുണ്ടാവുകയോ ആവാം. സന്തോഷം വേണമോ സംഘട്ടനം വേണമോ എന്ന് തീരുമാനിക്കേണ്ടതും ബന്ധപ്പെട്ടവർ തന്നെ !. ഒന്നിച്ചുപോയൊരു സിനിമ കണ്ടാൽ രണ്ടാളും സന്തോഷിക്കും. രണ്ടാളും ജയിക്കു. മറ്റെന്തു സംഭവിച്ചാലും രണ്ടാളും വിഷണ്ണരാവുകമാത്രം! അതും ആരേയും തോൽപിക്കാൻ നോക്കരുത്. മിതമായി പറഞ്ഞാൽ അതു വല്ലാത്ത ബുദ്ധിമോശമാണ്.


സ്ത്രീ– പുരുഷ ബന്ധങ്ങൾ

ഒരു യുവാവും യുവതിയും പരസ്പരം ആകൃഷ്‌ടരാകുകയും സ്നേഹബന്ധമുണ്ടാവുകയും പതിവാണ്. ചിലർ ഒരുമിക്കാനും വിവാഹിതരാവാനും ആഗ്രഹിക്കും. എന്നാൽ പലപ്പോഴും ഇത്തരം ആഗ്രഹങ്ങളും തീരുമാനങ്ങളും വൈകാരികതലത്തിൽ മാത്രം ഉടലെടുക്കുന്നവയാണ്. അങ്ങനെയുള്ള ബന്ധങ്ങൾ കെട്ടുറപ്പുള്ളതും സ്‌ഥായിയായതായും പരിണമിച്ചുകൊള്ളണമെന്നില്ല. വിവേകപൂർണമായ പരിപോഷണം ബന്ധങ്ങളെ ഊഷ്മളവും സന്തോഷകരവുമായി നിലനിർത്താൻ സഹായിക്കും. പറയാനെളുപ്പം, പ്രാവർത്തികമാക്കാൻ അത്ര എളുപ്പമല്ല !

‘മനസറിഞ്ഞ് പ്രവർത്തിക്കാൻ കഴിയും, കഴിയണം’ എന്നതു ശരിയാണ്. എന്നാൽ മനസിന്റെ ഇംഗിതം പറഞ്ഞു മനസിലാക്കേണ്ടി വരുന്നിടത്തെല്ലാം പറഞ്ഞു തന്നെ മനസിലാക്കണം. സ്വന്തം ഇംഗിതം മറ്റൊരാൾക്ക് മനസിലാകുന്ന രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് കൂട്ടായ്മ എളുപ്പമാകുന്നത്. മനസറിയാനും മനസറിയിക്കാനും ദമ്പതിമാർക്കാവും.

ദാമ്പത്യം എന്ന കൂട്ടായ്മ

പരസ്പരം അറിഞ്ഞും അറിയിച്ചും പ്രവർത്തിക്കാൻ നമുക്കു കഴിയും. പല കൂട്ടായ പ്രവർത്തനങ്ങളും നമുക്കു സാധിക്കുന്നത് ഇത്തരം കഴിവുപയോഗിച്ചുകൊണ്ടുതന്നെയാണ്. ഭാര്യയും ഭർത്താവും ദമ്പതിമാരായിരിക്കുമ്പോൾ തന്നെ, രണ്ടു വേറിട്ട വ്യക്‌തിത്വത്തിനുടമകളുമാണ്. ദമ്പതിമാർ ജീവിതത്തിൽ കൂടുതൽ സമയം ഒന്നിച്ചു ചെലവഴിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ പരസ്പരം അംഗീകരിച്ചും പിന്തുണച്ചും പ്രവർത്തിക്കേണ്ടവരാണ്.

എന്തുതന്നെയായാലും വിവാഹത്തിനുശേഷം ജീവിതരീതികളിൽ ചെറിയതോതിലെങ്കിലും ഒരുമാറ്റം ആവശ്യമായി വരും. ദാമ്പത്യബന്ധം കൂടുതൽ വ്യക്‌തിപരമായ അനുഭവമായി മാറുന്നത് വിവാഹത്തിനുശേഷം മാത്രമാണ്. പുതിയ ഈ ബന്ധം രണ്ടുപേരുടെയും ജീവിതത്തിൽ അദ്ഭുതാവഹമായ അനുഭവങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. ഒരു പുതിയ ബന്ധം ഉണ്ടാകാൻ, അതു ഗാഢമാകാൻ, പക്വവും വിവേക സമ്പന്നവുമാക്കാൻ സമയവും പരിശ്രമവും വേണ്ടിവരും. ഈ പരിശ്രമം രണ്ടുപേരുടെയും ഭാഗത്തുണ്ടാകണം. അറിഞ്ഞോ അറിയാതെയോ അതുണ്ടാവുകതന്നെ ചെയ്യണം. ഒന്നോർക്കുക. നമ്മുടെ പങ്കാളി (ഭാര്യ അല്ലെങ്കിൽ ഭർത്താവ്) ഇക്കാര്യത്തിൽ വേണ്ടത്ര പരിശ്രമിക്കുന്നുണ്ടോ എന്നു ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ജോലി എന്നു തെറ്റിദ്ധരിക്കരുത്. ഇതു നിങ്ങളുടെ ജോലിയോ ഉത്തരവാദിത്വമോ അല്ല. മറിച്ചു തികച്ചും അവഗണിക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്യേണ്ട ഒരു കാര്യമാണിത്. ഇനി പ്രധാനമായും പരിഗണിക്കപ്പെടേണ്ട കാര്യമെന്താണെന്ന് നോക്കാം.
എനിക്ക് ഈ ബന്ധം മെച്ചപ്പെടുത്താൻ, പരിപോഷിപ്പിക്കാൻ വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നതാണ് പ്രസക്‌തമായ കാര്യം.

ഭർത്താവിനു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അയാൾക്കും ഭാര്യ വിചാരിച്ചാൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർക്കും മാത്രമേ ചെയ്യാൻ പറ്റുകയുള്ളു എന്നതാണ് യാഥാർഥ്യം. ഭർത്താവു വിചാരിക്കുന്ന പോലെ ഭാര്യക്കും ഭാര്യ വിചാരിച്ച പോലെ ഭർത്താവിനും പെരുമാറാൻ പറ്റിയെന്നുവരില്ല. എന്നാൽ, അവനവൻ വേണമെന്നു വച്ചാൽ അതുപോലെ പെരുമാറാനും പ്രവർത്തിക്കാനും ഓരോരുത്തർക്കും പറ്റും. തനിക്കു ചെയ്യാൻ പറ്റുന്ന രീതിയിൽ ദാമ്പത്യബന്ധം പരിപോഷിക്കാനായി പറ്റുന്ന കാര്യങ്ങൾ “സ്വയം ചെയ്യുക’ എന്നതിലാവാണം ശ്രദ്ധ. പങ്കാളിയുടെ സ്വഭാവം മാറ്റിയെടുക്കാനാണ് ദമ്പതിമാരിൽ ഒരാൾ ശ്രമിക്കുന്നത് എങ്കിൽ വിജയസാധ്യത കുറവാണ്.

ഒരു താക്കോൽ മാത്രമുള്ള മുറിയിൽ ബുദ്ധിമുട്ടുകൂടാതെ താമസിക്കാൻ രണ്ടുപേർ ശീലിക്കുമ്പോൾ ആവശ്യം വേണ്ടിവരുന്ന നീക്കുപോക്കുകൾ ദാമ്പത്യത്തിലും വേണ്ടിവരും. പരസ്പര വിശ്വാസവും വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയും ദാമ്പത്യത്തിന്റെ മാറ്റു കൂട്ടും.

ഡോ.കെ.എസ്.ഷാജി
പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ.മെഡിക്കൽ കോളജ്, തൃശൂർ
മോഡൽ: നിരഞ്ജൻ, ശാരി