ബ്ലോക് ബെസ്റ്റർ മൂവി
ബ്ലോക് ബെസ്റ്റർ മൂവി
Saturday, January 7, 2017 6:39 AM IST
പുലിമുരുകൻ

മലയാളത്തിലെ ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു മോഹൻലാൽ ചിത്രം പുലിമുരുകൻ. 25 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം വേൾഡ് വൈഡ് കളക്ഷനിൽ 150 കോടിയിലേക്കു കുതിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് ഈ ചിത്രം പ്രദർശനം തുടരുന്നത്. ടൈറ്റിൽ കഥാപാത്രം മുരുകനായി മോഹൻലാലാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. സിനിമ ആസ്വാദകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന വിഷ്വൽ ട്രീറ്റ്മെന്റും മോഹൻലാലിന്റെ അവിശ്വസനീയമായ ആക്ഷൻ രംഗങ്ങളും മാസ് സിനിമയുടെ ചേരുവകളും കാടിന്റെ ഭീകരതയിൽ പുലി നായാട്ടിന്റെ പുത്തൻ കാഴ്ചാനുഭവം കൂടിച്ചേർന്നതോടെ പുലിമുരുകൻ ദ്വിഗ്വിജയം നേടുകയായിരുന്നു. ഷാജി കുമാറിന്റെ കാമറ, ഗോപി സുന്ദറിന്റെ സംഗീതം ഇവയൊക്കെ ചിത്രത്തിനു മുതൽകൂട്ടായി. തെലുങ്കു നടൻ ജഗപതി ബാബു, കിഷോർ, ലാൽ, സിദ്ധിഖ്, ബാല, വിനു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, കമാലിനി മുഖർജി, നമിത എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിലെത്തിയത്.

മഹേഷിന്റെ പ്രതികാരം

വ്യത്യസ്തമായ പ്രതികാര കഥയും പ്രണയവും ഇടുക്കിയുടെ പശ്ചാത്തലത്തിൽ രസകരമായി കോർത്തിണക്കിയെത്തിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. തുടർച്ചയായി സംഭവിച്ച പരാജയങ്ങൾക്കു ശേഷം ഫഹദ് ഫാസിലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. 100 ദിവസം പ്രദർശന വിജയം നേടിയ ചിത്രം മികച്ച ഗ്രോസ് കളക്ഷനാണ് നേടിയത്. ചലച്ചിത്ര താരം ദിലീഷ് പോത്തനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ ആഷിക് അബു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി, അനുശ്രീ എന്നിവരാണ് നായികമാരായത്.

ആക്ഷൻ ഹീറോ ബിജു

പ്രേമത്തിന്റെ ഹാംഗോവറിനു ശേഷം നിവിൻ പോളിയുടെ ഈ വർഷത്തെ ആദ്യ റിലീസായിരുന്നു ഈ ചിത്രം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി ആദ്യമായി പോലീസിന്റെ വേഷത്തിലെത്തുകയായിരുന്നു. ഒരു പോലീസുകാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയെ വളരെ റിയലിസ്റ്റിക്കായി നർമ്മരസത്തോടെ ഒരുക്കിയിരിക്കുകയാണ് ഈ ചിത്രത്തിൽ. ആദ്യ വാരം മികച്ച കളക്ഷൻ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം 100 ദിവസം വിജയ പ്രദർശനം നേടുകയായിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കിംഗ് ലയർ

സിദ്ധിഖ് ലാലിന്റെ തിരക്കഥയിൽ ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ ദിലീപിന്റെ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായിരുന്നു. 22 വർഷത്തിനു ശേഷം സിദ്ധിഖ് ലാലിന്റെ കൂടിച്ചേരലിനു കാരണമായ ചിത്രം മികച്ച ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. തികച്ചും ഫാമിലി എന്റർടെയ്ൻമെന്റായി ഒരുക്കിയ കിംഗ് ലയർ ദിലീപിന്റെ പതിവു ഹാസ്യ പ്രകടനത്തിനുള്ള അരങ്ങായിരുന്നു. ലാൽ, ആശാ ശരത്, മഡോണ സെബാസ്റ്റ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. അവധിക്കാലത്തു തിയറ്ററിലെത്തിയ ചിത്രങ്ങളിൽ മികച്ച വിജയമാണ് ഈ ചിത്രം നേടിയത്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം

വിനീത് ശ്രീനിവാസൻ– നിവിൻ പോളി കൂട്ടുകെട്ടിന്റെ മാജിക്കായിരുന്നു ചിത്രത്തിന്റെ വിജയം. തികച്ചും ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ഈ ചിത്രം ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ ഹിറ്റാണ് ഇത്. ടൈറ്റിൽ കഥാപാത്രം രൺജി പണിക്കറിനു പുറമെ ലക്ഷ്മി രാമകൃഷ്ണൻ, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തി. മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രം തിയറ്ററുകളെ അവധിക്കാലത്തു സജീവമാക്കി.

ഒപ്പം

മാന്ത്രിക കൂട്ടുകെട്ട് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ആദ്യ ത്രില്ലർ എന്ന ലേബലോടെ എത്തിയ ചിത്രം 50 കോടിക്കു മുകളിലാണ് ഗ്രോസ് കളക്ഷൻ നേടുന്നത്. ദൃശ്യത്തിനു ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മോഹൻലാൽ ചിത്രമാണിത്. അന്ധനായ ജയരാമൻ മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഒരു അവിസ്മരണീയമായ കഥാപാത്രമാണ്. ത്രില്ലർ സ്വഭാവം നഷ്ടമാക്കാതെ ഒരുക്കിയ ചിത്രത്തിനു തിരക്കഥ ഒരുക്കിയത് പ്രിയദർശൻ തന്നെയാണ്. നെടുമുടി വേണു, സമുദ്രക്കനി, വിമല രാമൻ, ബേബി മീനാക്ഷി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളായി.

കട്ടപ്പനയിലെ ഋത്വിക് റോഷൻ

തികച്ചും ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നാദിർഷയുടെ മുൻ ചിത്രം അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളായിരുന്ന വിഷ്ണുവും ബിബിൻ ജോർജും ചേർന്നാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണുവാണ് ചിത്രത്തിൽ നായകനായതും. നടൻ ദിലീപ് നിർമിച്ചിരിക്കുന്ന ചിത്രം സലിം കുമാറിന്റെ കോമഡിയിലേക്കുള്ള തിരിച്ചു വരവിനും കാരണമായി. പ്രയാഗ മാർട്ടിനും ലിജോമോളുമാണ് ചിത്രത്തിലെ നായികമാർ.

പാവാട

ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ പാവാട. രണ്ടു മദ്യപാനികളുടെ ജീവിതത്തിലൂടെ അവരൊന്നിച്ചു നേരിടുന്ന ഒരു സാമൂഹ്യ പ്രശ്നത്തെ സരസമായി കാണിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി മാർത്താണ്ഡനാണ്. അനൂപ് മേനോനൊപ്പം ചിത്രത്തിന്റെ നിർമാതാവായ മണിയൻപിള്ള രാജു, നെടുമുടി വേണു, മിയ ജോർജ്, ആശ ശരത് എന്നിവരും പ്രധാന താരങ്ങളായി എത്തി.

പുതിയ നിയമം

വിജയ ജോഡി മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച ചിത്രം ഈ വർഷത്തെ മികച്ച വിജയങ്ങളിലൊന്നാണ്. വ്യത്യസ്തമായ പ്രമേയം കൊണ്ടും നയൻതാരയുടെ ശക്‌തമായ അഭിനയ മികവ് കൊണ്ടും ശ്രദ്ധ നേടിയ ചിത്രത്തിന് എ.കെ സാജനാണ് രചനയും സംവിധാനവും നിർവഹിച്ചത്. നാഗരികതയുടെ പശ്ചാത്തലത്തിൽ ഒരു പെണ്ണിന്റെ ജീവിതവും പ്രതികാര കഥയാണ് പുതിയ നിയമം പറഞ്ഞത്. മലയാളത്തിൽ നയൻതാരയുടെ ശക്‌തമായൊരു വേഷമാണ് ഇതിലെ വാസുകി അയ്യർ.

കലി

പോയ വർഷാവസാനമെത്തിയ ചാർളിക്കു പിന്നാലെ ഹിറ്റായി മാറിയ ദുൽഖറിന്റെ ഈ വർഷത്തെ ആദ്യ റിലീസാണ് കലി. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സമീർ താഹിർ ഒരുക്കിയ ഈ ചിത്രം പുലിമുരുകനു മുമ്പുവരെ മലയാളത്തിലെ ഉയർന്ന ഇനിഷ്യൽ കളക്ഷൻ നേടിയ സിനിമയാണ്. ക്ഷുഭിതായ ഒരു യുവാവിന്റെ ജീവിതവും അയാളുടെ മാറ്റവുമാണ് ചിത്രം ചർച്ച ചെയ്തത്. മികച്ച കളക്ഷൻ തുടർന്നുള്ള ദിവസങ്ങളിൽ ലഭിച്ചില്ലെങ്കിലും ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

ഹാപ്പി വെഡ്ഡിംഗ്

സൂപ്പർ താരങ്ങളുടെ പിൻബലവും മറ്റവകാശവാദങ്ങളുമൊന്നുമില്ലാതെ തിയറ്ററുകളിൽ അത്ഭുത വിജയം നേടിയ ചിത്രം. സിജോ, ഷറഫുദ്ദീൻ, വിൽസൺ ജോസഫ് എന്നീ യുവ താരങ്ങളെ നായകരാക്കി നവാഗതനായ ഒമർ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് മികച്ച നർമ്മ മുഹൂർത്തങ്ങളോടെ പ്രേക്ഷകരെ രസിപ്പിച്ചു. വമ്പൻ ചിത്രങ്ങളുടെ ഇടയിൽ നിന്നുകൊണ്ടു തന്നെ ഹാപ്പി വെഡ്ഡിംഗ് നേടിയ വിജയം ബിഗ് ബജറ്റും സൂപ്പർതാരങ്ങളും ന്യൂജെൻ ട്രെൻഡുമല്ല ഒരു സിനിമയുടെ വിജയ ഘടകമെന്ന് ഓമപ്പെടുത്തുന്നു.


ആടുപുലിയാട്ടം

തുടർച്ചയായുള്ള പരാജയത്തിന്റെ ക്ഷീണത്തിൽ നിന്നും ജയറാം കരകയറിയ ചിത്രമാണ് ഇത്. ഹൊറർ കോമഡി പാറ്റേണിൽ കഥ പറയുന്ന ചിത്രം കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്നു. ബേബി അക്ഷര, ഷീലു ഏബ്രഹാം, തെന്നിന്ത്യൻ നായിക രമ്യ കൃഷ്ണൻ, ബോളിവുഡ് ഇതിഹാസം ഓം പുരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും രസിപ്പിച്ച ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടി.

കമ്മട്ടിപ്പാടം

ദുൽഖർ സൽമാന്റെ ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റു ചിത്രമാണു കമ്മട്ടിപ്പാടം. മികച്ച നിരൂപക പ്രശംസയും കളക്ഷനും നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. കൊച്ചിയുടെ ചരിത്രത്തിലൂടെ റിയലിസ്റ്റിക്കായി കഥ പറഞ്ഞെത്തിയ ചിത്രത്തിൽ വിനായകൻ, മണികണ്ഠൻ, ഷോൺ റോമി എന്നിവരും ശക്‌തമായ പ്രകടനം കാഴ്ച വെച്ചു. പ്രേക്ഷക – മാധ്യമ ചർച്ചകൾക്കു കാരണമായിത്തീർന്ന ഈ ചിത്രം മികച്ച കളക്ഷനോടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

കരിങ്കുന്നം സിക്സസ്

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ദീപു കരുണാകരൻ ഒരുക്കിയ ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. അനൂപ് മേനോൻ, ബാബു ആന്റണി, സുധീർ കരമന, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലെത്തിയത്. ജയിൽ പുള്ളികളുടെ വോളിബോൾ ടീമൊരുക്കുന്ന കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. കോച്ചിന്റെ വേഷം ചെയ്ത മഞ്ജു വാര്യരുടെ പ്രകടനം ശ്രദ്ധ നേടിയരുന്നു.

അനുരാഗ കരിക്കിൻ വെള്ളം

നവാഗതനായ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു പൃഥ്വിരാജിന്റെ ആഗസ്റ്റ് ഫിലിംസ് നിർമിച്ച ചിത്രമായിരുന്നു ഇത്. ബിജു മേനോൻ ആസിഫ് അലിയുടെ അച്ഛനായി എത്തിയ ചിത്രം മികച്ച അഭിപ്രായത്തോടെ ഹിറ്റ് ചാർട്ടിൽ ഇടം നേടി. നർമ്മത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു തലമുറയുടെ കഥ പറഞ്ഞ ചിത്രത്തിൽ ആശ ശരത്, രജീഷ വിജയൻ എന്നിവരാണ് നായികമാരായത്. ഫാമിലി എന്റർടെയ്ൻമെന്റായ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച വിജയം നേടുകയായിരുന്നു.

ഒഴിവുദിവസത്തെ കളി

2015 ലെ മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന സർക്കാരിന്റെ പുരസ്കാര നേട്ടവുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിച്ചത് സംവിധായകൻ ആഷിക് അബുവാണ്. റിലീസിംഗിൽ സമൂഹമാധ്യമങ്ങളിൽ തരംഗമുണർത്താനും അതു തിയറ്റർ കളക്ഷനാക്കി മാറ്റാനും സാധിച്ചു. ഉണ്ണി. ആറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന താരങ്ങളായത്.

കസബ

വലിയൊരു ഇടവേളയ്ക്കു ശേഷമുള്ള മമ്മൂട്ടിയുടെ പോലീസ് വേഷമായിരുന്നു ചിത്രത്തിന്റെ ആകർഷണീയത. നടനും സംവിധായകനുമായ രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച വിജയവും നേടിയിരുന്നു. മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം കയ്യടിനേടിയപ്പോൾ വരലക്ഷ്മി ശരത് കുമാർ, നേഹ സക്സേന, സമ്പത്ത്, ജഗദീഷ് എന്നിവരും ശ്രദ്ധനേടി. ഏറെ വിവാദം ഉയർന്നു വന്നെങ്കിലും അതു ചിത്രത്തിന്റെ കളക്ഷനെ ഗുണകരമായാണ് ബാധിച്ചത്.

ആൻ മരിയ കലിപ്പിലാണ്

ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുട്ടിയുടെ പ്രതികാരവും അതിനായി അവൾ കണ്ടെത്തുന്ന വാടക ഗുണ്ടയുടെ കഥയും പറഞ്ഞ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ബേബി സാറയും സണ്ണി വെയ്നുമാണ് പ്രധാന താരങ്ങളായത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലെത്തിയതും ശ്രദ്ധേയമായി. അജു വർഗീസ്, ലിയോണ ലിഷോയി എന്നിവരും പ്രധാന വേഷത്തിലെത്തി.

പ്രേതം

ഹിറ്റ് കൂട്ട്കെട്ട് ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും ഒന്നിച്ച പ്രേതം ഹൊറർ കോമഡി ട്രാക്കിലാണ് കഥ പറഞ്ഞു പോകുന്നത്. ജയസൂര്യയുടെ മെന്റലിസ്റ്റ് ഡോൺ ബോസ്കോ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായി. അജു വർഗീസ്, ഷറഫുദ്ദീൻ, ഗോവിന്ദ് പത്മസൂര്യ, പേളി മാണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പതിവു ഹൊറർ സിനിമകളുടെ ട്രാക്കിൽ നിന്നും ട്രീറ്റ്മെന്റിൽ കൊണ്ടുവന്ന പുതുമ ചിത്രത്തിനു ഗുണകരമായി.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ

കുഞ്ചോക്കോ ബോബനും മാസ്റ്റർ രുദ്രാക്ഷും കേന്ദ്രകഥാപാത്രങ്ങളായി, നടനും ദേശീയ പുരസ്കാര ജേതാവുമായ സിദ്ധാർത്ഥ് ശിവ സംവിധാന ചെയ്ത ചിത്രം ഓണക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. പേരിന്റെ പുതുമയും ലളിതസുന്ദരമായ കഥയും വിജയ ഘടകമായി മാറി. കുഞ്ചാക്കോ ബോബൻ തന്നെ നിർമിച്ച ചിത്രം നാട്ടിൻ പുറത്തുകാരനായ ഒരു കുട്ടിയുടെ സ്വപ്ന സാഫല്യത്തിന്റെ കഥയാണ് പറയുന്നത്.

തോപ്പിൽ ജോപ്പൻ

ജോണി ആന്റണിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രം തികച്ചും കോമഡി ട്രാക്കിലൂടെയാണ് കഥ പറയുന്നത്. മദ്യപാനിയായ ജോപ്പന്റെ പ്രണയ ജീവിതം പറയുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രം ജോപ്പനായാണ് മമ്മൂട്ടി എത്തിയത്. മംമ്ത മോഹൻദാസും ആൻഡ്രിയയുമാണ് ചിത്രത്തിൽ നായികമാരായത്. നജീം കോയ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രമായിരുന്നു ഹൈലൈറ്റ്.

പിന്നെയും

ലോകോത്തര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമൊരുക്കിയ ചിത്രമായിരുന്നു പിന്നെയും. ഹിറ്റ് ജോഡി ദിലീപും കാവ്യ മാധവനും ഒന്നിച്ച ചിത്രം ഏറെ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. ഇൻഷുറൻസ് തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയ ഒരുക്കിയ ചിത്രത്തിൽ നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ് എന്നിവരും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.

വെൽക്കം ടു സെൻട്രൽ ജയിൽ

ദിലീപിന്റെ ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം. കഥയ്ക്കുമപ്പുറത്തു ഹാസ്യത്തിന്റെ രസക്കൂട്ടുമായി എത്തിയ ചിത്രം ഓണക്കാലത്തു തിയറ്ററുകളെ ഇളക്കി മറിച്ചു. കുട്ടികളും കുടുംബ പ്രേക്ഷകരും മികച്ച പിന്തുണ നൽകിയപ്പോൾ ചിത്രം പ്രതീക്ഷിച്ച വിജയം നേടി. നീണ്ട ഇടവേളയ്ക്കു ശേഷം സുന്ദർദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയത് ബെന്നി. പി നായരമ്പലമാണ്. വേദിക ചിത്രത്തിൽ നായികയായി.

ആനന്ദം

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നിർമിച്ച് നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. ഏഴു പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായ ചിത്രം ഒരു കാംപസ് റോഡ് മൂവിയാണ്. സൗഹൃദവും പ്രണയവും വിഷയമാകുന്ന ചിത്രത്തിന്റെ കാമറയ്ക്കു മുന്നിലും പിന്നിലും പുതുമുഖങ്ങൾ നിരന്നത് ശ്രദ്ധേയമായി. ഫീൽ ഗുഡ് മൂവി അഭിപ്രായം നേടിയ ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.