സീനിയേഴ്സ്, ജൂണിയേഴ്സ് ക്ലിക്ഡ്
സീനിയേഴ്സ്, ജൂണിയേഴ്സ് ക്ലിക്ഡ്
Saturday, January 7, 2017 6:40 AM IST
നായക നിരയിൽ സീനിയർ താരങ്ങളും യുവനിരയും പുതുമുഖങ്ങളുമെല്ലാം തിളങ്ങിയ വർഷമാണ് 2016. ഹിറ്റുകളുടെ ഭാഗമാകാൻ മിക്ക താരങ്ങൾക്കും കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ദീലീപ്, ബിജുമേനോൻ തുടങ്ങിയവരുടെ കരിയർ ഈ വർഷം സേഫ് ആയി.

മമ്മൂട്ടിക്ക് നാലുചിത്രങ്ങളുണ്ടായിരുന്നു. പുതിയ നിയമം, കസബ, വൈറ്റ്, തോപ്പിൽജോപ്പൻ. ഇതിൽ വൈറ്റ് ഒഴികെയുള്ള ചിത്രങ്ങൾ മികച്ച വിജയം നേടി. എ.കെ.സാജൻ സംവിധാനം ചെയ്ത പുതിയ നിയമം ആണ് ഈ വർഷം ആദ്യമെത്തിയ ചിത്രം. അവതരണത്തിലും കഥയിലും പുതുമ കൊണ്ടുവന്ന ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രവും വേറിട്ടു നിന്നു. അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രമായി പ്രേക്ഷകരെ കൈയിലെടുക്കാൻ ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു. രൺജി പണിക്കരുടെ പുത്രൻ നിഥിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത കസബയിലെ പോലീസ് വേഷം ഈ നടന്റെ മറ്റൊരു വ്യത്യസ്തതയായി. മികച്ച ഇനിഷ്യലാണ് ചിത്രം നേടിയത്. ജോണി ആന്റണി ഒരുക്കിയ തോപ്പിൽ ജോപ്പനാണ് മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ്. വൈറ്റിലെ വേഷപ്പകർച്ച ശ്രദ്ധേയമായെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

മോഹൻലാലിനെ സംബന്ധിച്ച് കരിയറിലെ അവിസ്മരണീയ വർഷമാണ് 2016 എന്നു പറയാം. തൊട്ടതെല്ലാം പൊന്നാക്കിയ വർഷം. നൂറുകോടി ക്ലബ്ബിൽ കടന്ന ആദ്യ മലയാളസിനിമയിലെ നായകനായി പുലിമുരുകനിലൂടെ ലാൽ. ലാലിന്റെ സുദീർഘമായ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പുലിമുരുകൻ. പ്രിയദർശന്റെ ഒപ്പത്തിലെ വേഷം ഈ നടന്റെ മറ്റൊരു ജനപ്രിയ കഥാപാത്രമായി. ഇതുവരെ കണ്ട അന്ധൻ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായൊരു രൂപവും ഭാവവുമാണ് ഒപ്പത്തിലെ ജയരാമനിലൂടെ ലാൽ നൽകിയത്. ലാൽ അഭിനയിച്ച രണ്ട് അന്യഭാഷാ ചിത്രങ്ങളും ഇതോടൊപ്പം വിജയം നേടി. തെലുങ്കിൽ ജനതാ ഗാരേജ് വൻ വിജയം നേടിയപ്പോൾ വിസ്മയവും ശ്രദ്ധിക്കപ്പെട്ടു. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉടൻ തിയറ്ററിലെത്തും.

മൂന്നു ചിത്രങ്ങളുമായി ദിലീപ് പ്രേക്ഷക പ്രീതി നിലനിറുത്തി. സിദ്ധിഖ്– ലാലിന്റെ കിംഗ്ലയറിൽ വ്യത്യസ്ത വേഷപ്പകർച്ചയിൽ എത്തിയ ദിലീപിന് അടൂരിന്റെ പിന്നെയും എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പ് ആണ് ലഭിച്ചത്. സുന്ദർദാസ് ഒരുക്കിയ വെൽക്കം ടു സെൻട്രൽ ജയിലിൽ പതിവ് കോമഡികളുമായി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ കഴിഞ്ഞു. ജയറാം ഒരേയൊരു ചിത്രത്തിൽ മാത്രമേ ഈ വർഷം അഭിനയിച്ചുള്ളൂ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം. ചിത്രം വിജയം നേടുകയും ചെയ്തു.

എണ്ണത്തിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത് ബിജുമേനോനാണ്. ആറു സിനിമകളിൽ ഈ നടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. രഞ്ജിത്തിന്റെ ലീല ബിജുവിന്റെ മറ്റൊരു മുഖമാണ് നൽകിയത്. അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പ്രധാന ആകർഷണം ബിജുമേനോൻ തന്നെയായിരുന്നു. മരുഭൂമിയിലെ ആന, ഓലപ്പീപ്പി, കവി ഉദ്ദേശിച്ചത്, സ്വർണക്കടുവ എന്നീ ചിത്രങ്ങളും ബിജുമേനോന്റേതായി എത്തി.

യുവതാരങ്ങളിൽ ദുൽക്കർ സൽമാനും നിവിൻപോളിയും സൂപ്പർഹിറ്റുകളുമായി കരിയറിൽ മുന്നേറി. സമീർ താഹിർ സംവിധാനം ചെയ്ത കലിയാണ് ഈ വർഷം ആദ്യമെത്തിയ ദുൽക്കർ ചിത്രം. ദുൽക്കറിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളെല്ലാം ചിത്രത്തിലുണ്ടായിരുന്നു. മികച്ച ഇനിഷ്യൽ കളക്ഷൻ നേടാനും ചിത്രത്തിനു കഴിഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം ആയിരുന്നു മറ്റൊരു ചിത്രം. ദുൽക്കറിലെ അഭിനേതാവിന്റെ റേഞ്ച് മനസിലാക്കിത്തന്ന ചിത്രമായിരുന്നുവിത്. രണ്ടു വിജയ ചിത്രങ്ങളിലൂടെ നില ഭദ്രമാക്കാൻ ദുൽക്കറിനു കഴിഞ്ഞു. സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളാണ് ദുൽഖറിന്റെ പുതിയ ചിത്രം.

നിവിൻപോളിക്കും രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. വർഷത്തിന്റെ ആദ്യമെത്തിയ ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് വേഷം നിവിന്റെ കരിയറിൽ ഏറെ നേട്ടമായി. വൻവിജയം നേടിയ ഈ ചിത്രത്തിനുശേഷം എത്തിയ ജേക്കബിന്റെ സ്വർഗരാജ്യവും വിജയം ആവർത്തിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാൻ നിവിന് കഴിഞ്ഞു.


പൃഥിരാജിന് നാലു ചിത്രങ്ങളുണ്ടായിരുന്നു. പാവാട, ഡാർവിന്റെ പരിണാമം, ജയിംസ് ആൻഡ് ആലീസ്, ഊഴം. പാവാട പക്കാ കൊമേഴ്സ്യൽ ചിത്രമായപ്പോൾ മറ്റു ചിത്രങ്ങൾ സാമ്പത്തികമായി വൻ വിജയം നേടിയില്ലെങ്കിലും നിലവാരം പുലർത്തുന്നവയായിരുന്നു.

ജയസൂര്യയെ സംബന്ധിച്ച് പ്രേതം എന്ന സിനിമയിലൂടെ കരിയറിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. വ്യത്യസ്തമായ ഗെറ്റപ്പും പ്രകടനവുമായിരുന്നു പ്രേതത്തിൽ ജയസൂര്യയുടേത്. ഇടി, ഷാജഹാനും പരീക്കുട്ടിയും, സ്കൂൾബസ് എന്നീ സിനിമകളും ജയസൂര്യയുടേതായി എത്തി.

കുഞ്ചാക്കോബോബനെ സംബന്ധിച്ച് 2016–ന് പ്രത്യേകതയുണ്ടായിരുന്നു. കുടുംബ ബാനറായ ഉദയ വർഷങ്ങൾക്കുശേഷം സിനിമാ നിർമാണത്തിലെത്തിയത് ചാക്കോച്ചന്റെ നേതൃത്വത്തിലാണ്. ഉദയായെ പുനരുജീവിപ്പിക്കുക എന്ന ദീർഘനാളായുള്ള ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കാൻ ഈ നടനു കഴിഞ്ഞു. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രമായിരുന്നു ഉദയായുടെ ബാനറിലെത്തിയത്. നല്ല വിജയവും അഭിപ്രായവും നേടാൻ ചിത്രത്തിനു കഴിഞ്ഞു. വേട്ട, വള്ളീം പുള്ളീം തെറ്റി, സ്കൂൾബസ്, ഷാജഹാനും പരീക്കുട്ടിയും എന്നിവയായിരുന്നു മറ്റു ചാക്കോച്ചൻ ചിത്രങ്ങൾ. വേട്ടയിലെ ചാക്കോച്ചന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മികച്ചൊരു തിരിച്ചുവരവാണ് ഫഹദ് ഫാസിൽ ഈ വർഷം നടത്തിയത്. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് സെലക്ടീവായ ഫഹദിന് അതിന്റെ ഗുണം കിട്ടി. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റിലൂടെ ഫഹദിന് ഏറെ പ്രേക്ഷക പ്രീതി നേടാനായി. ഈ വർഷം ഏറെ ചർച്ചാ വിഷയമായ ചിത്രമായിരുന്നുവിത്. വർഷത്തിന്റെ ആദ്യമെത്തിയ മൺസൂൺ മാംഗോസായിരുന്നു ഫഹദിന്റെ മറ്റൊരു ചിത്രം. ആസിഫ് അലിക്ക് മൂന്നു ചിത്രങ്ങളുണ്ടായിരുന്നു. അനുരാഗ കരിക്കിൻവെള്ളം സൂപ്പർഹിറ്റിൽ ഇടം നേടി. കവി ഉദ്ദേശിച്ചതും സാമാന്യ വിജയം നേടി. ഇതു താൻടാ പോലീസ് ആയിരുന്നു ആസിഫിന്റെ മറ്റൊരു ചിത്രം.

സ്റൈൽ, ഒരു മുറൈ വന്തു പാർത്തായേ എന്നീ ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ നായകനായി.

അനൂപ്മേനോനും ഈ വർഷം സജീവമായിരുന്നു. പാവാടയിൽ പൃഥ്വിരാജിനൊപ്പം ശ്രദ്ധിക്കപ്പെട്ട അനൂപ് മാൽഗുഡി ഡേയ്സ്, 10 കൽപനകൾ, കുട്ടികളുണ്ട് സൂക്ഷിക്കുക, പാവ, കരിങ്കുന്നം സിക്സസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പാവയിലെ വൃദ്ധ കഥാപാത്രം വ്യത്യസ്തമായി. ഏറെ നാളുകൾക്കുശേഷം റഹ്മാന്റെ മികച്ച ഒരു കഥാപാത്രവും ഈ വർഷമുണ്ടായി. വി.എം. വിനുവിന്റെ മറുപടിയിലെ നായകവേഷം റഹ്മാന് ഗുണംചെയ്തു.

നരേൻ മലയാളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച വർഷമായിരുന്നു ഇത്. ഹല്ലേലുയ്യ, അങ്ങനെ തന്നെ നേതാവേ എന്നീ ചിത്രങ്ങളിൽ നായകനായപ്പോൾ കവി ഉദ്ദേശിച്ചതിൽ വ്യത്യസ്ത വേഷപ്പകർച്ചയിലൂടെ കാരക്ടർ വേഷം കയ്യാളി. ഡഫേദാർ, അന്യർക്കു പ്രവേശനമില്ല എന്നീ ചിത്രങ്ങളിൽ ടിനി ടോം നായകനായി. ആൻമരിയ കലിപ്പിലാണ് എന്ന ഹിറ്റു ചിത്രത്തിലൂടെ സണ്ണിവെയിൻ സാന്നിധ്യം നിലനിറുത്തി.

ഒരു പറ്റം പുതുതാരനിരയും ശ്രദ്ധിക്കപ്പെടുന്ന സിനിമകളുമായി എത്തി. പ്രേമത്തിലൂടെ എത്തിയ സിജുവിൽസൺ ഹാപ്പിവെഡ്ഡിംഗ് എന്ന ചിത്രത്തിൽ നായകനായി എത്തി വിജയം നേടി. കട്ടപ്പനയിലെ ഋത്വിക് റോഷനിലും സിജു ശ്രദ്ധിക്കപ്പെട്ടു. ഒരേ മുഖത്തിൽ നായകനായി ധ്യാൻ ശ്രീനിവാസൻ സാന്നിധ്യമറിയിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി. ടോവിനോ തോമസ് ഗപ്പിയിൽ നായകനായപ്പോൾ സ്റ്റൈൽ എന്ന ചിത്രത്തിൽ പ്രതിനായകനായും ശ്രദ്ധിക്കപ്പെട്ടു. അബിയുടെ മകൻ ഷെയ്ൻ നിഗം കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. കമ്മട്ടിപ്പാടത്തിലും ചെറുതെങ്കിലും ശ്രദ്ധേയ വേഷം ഷെയിനുണ്ടായിരുന്നു. സുരേഷ്ഗോപിയുടെ മകൻ ഗോകുൽ സുരേഷ് മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം മോശമാക്കിയില്ല.

സലിംകുമാർ, മുകേഷ്, വിനീത്, മക്ബുൽ സൽമാൻ, വിനീത്കുമാർ, ശ്രീജിത്ത് വിജയ്, ജഗദീഷ്, സിദ്ധാർത്ഥ് ലാമ, റിയാസ്ഖാൻ, ഭഗത്മാനുവൽ, സുദേവ് തുടങ്ങിയവരും നായക നിരയിലുണ്ടായിരുന്നു.

–സ്റ്റാഫ് പ്രതിനിധി