മുടി കൊഴിച്ചിൽ
സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പരസ്യങ്ങളിൽ കാണുന്ന എണ്ണകൾ മാറിമാറി പരീക്ഷിച്ചിട്ടും മുടിയുടെ എണ്ണം കുറയുന്നുവെന്നു തന്നെയാണ് പല സ്ത്രീകളുടെയും പരാതി. ഇതാ മുടികൊഴിച്ചിലിനുള്ള ആയുർവേദ പരിഹാരം...

മുടികൊഴിച്ചിലിന്റെ കാരണങ്ങൾ

മുടികൊഴിച്ചിലിനു കാരണമായി ധാരാളം ഘടകങ്ങളുണ്ട്. എങ്കിൽപ്പോലും കാലാവസ്‌ഥ വ്യതിയാനം, പാരിസ്‌ഥിതിക പ്രശ്നങ്ങൾ, പ്രായം കൂടുക, അധിക മാനസിക സമ്മർദ്ദം, പോഷകാഹാരങ്ങളുടെ കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യ ഘടകങ്ങൾ, തലയോട്ടിയിലെ ചർമത്തിലുണ്ടാകുന്ന രോഗബാധകൾ, കെമിക്കലുകൾ കൂടുതൽ അടങ്ങിയിരിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ അമിതമായ ഉപയോഗം, തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യങ്ങൾ, പോളിസിസ്റ്റിക്ക് ഓവറി രോഗം (പിസിഒഡി), വിളർച്ച, ദീർഘകാലാനുബന്ധിയായ മറ്റു രോഗങ്ങൾ എന്നിവയെല്ലാമാണ് കൂടുതലായും മുടി കൊഴിച്ചിൽ ഉണ്ടാക്കുന്നത്.

രോമങ്ങൾ കൊഴിയുന്നത് തലയിൽ മാത്രമായോ, ചിലപ്പോൾ ശരീരത്തിന് മുഴുവനുമായോ സംഭവിക്കാറുണ്ട്. പ്രായവുമായി ബന്ധപ്പെട്ട് പാരമ്പര്യമായി ഉണ്ടാകുന്ന മുടികൊഴിച്ചിലാണ് അധികമായും കാണപ്പെടുന്നത്. ചില മുടികൊഴിച്ചിലുകൾ താൽക്കാലികവും മറ്റു ചിലവ സ്‌ഥിരവുമായിരിക്കും. ഇവ വളരെ പെട്ടെന്ന് തന്നെയോ, സാവധാനത്തിലോ ഉണ്ടാകാറുണ്ട്.

പ്രായം കൂടുന്തോറും, നെറുകയിലെ മുടിയുടെ കനംകുറഞ്ഞ് കൊഴിഞ്ഞുപോകുന്ന അവസ്‌ഥയാണ് കൂടുതലായും കാണുന്നത്. ചിലരിൽ മുടി ഏതാനും ഭാഗത്ത് നാണയത്തുട്ടിന്റെ വലിപ്പത്തിൽ വട്ടത്തിൽ കൊഴിഞ്ഞുപോകുന്ന അവസ്‌ഥ കാണാറുണ്ട്. ഇവ ഇന്ദ്രലുപ്തം എന്നാണ് ആയുർവേദത്തിൽ അറിയപ്പെടുന്നത്. ഇതു തലയിലും പുരികത്തിലും ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഈ രോഗാവസ്‌ഥയിൽ ചിലപ്പോൾ കൊഴിച്ചിൽ ഉണ്ടാകുന്നതിന് മുൻപു ഈ ഭാഗത്ത് ചെറിയ ചൊറിച്ചിലോ വേദനയോ അനുഭവപ്പെടുന്നു.

പെട്ടെന്ന് ശരീരഭാരം കുറയുക, കടുത്ത പനി, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക, കുടുംബാംഗങ്ങളുടെയോ, ബന്ധുക്കളുടെയോ ആകസ്മിക നിര്യാണം എന്നിവ ശാരീരികമോ മാനസികമോ ആയ ക്ഷോഭങ്ങൾക്കു കാരണമാകും.

ഈ ക്ഷോഭങ്ങൾ മൂലം മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. മുടി ചീകുമ്പോഴും തലകഴുകുമ്പോഴും ധാരാളം മുടി കൊഴിയുന്നത് ഈ അവസ്‌ഥയിലെ പ്രത്യേകതയാണ്. എന്നാൽ ഒരു ഭാഗം തലയോട്ടി തെളിയുന്നതരം മുടി കൊഴിയുകയുമില്ല, പക്ഷേ മുടിയുടെ കട്ടി പെട്ടെന്ന് കുറയുകയും ചെയ്യും. ഇവ താൽക്കാലികവുമാണ്.


വാതരോഗം, വിഷാദരോഗം, ഹൃദ്രോഗം, അമിത രക്‌തസമ്മർദ്ദം എന്നിവയ്ക്ക് ചെയ്യുന്ന അലോപ്പതി ചികിത്സകൾ, കാൻസർ രോഗത്തിനു ചെയ്യുന്ന കീമോതെറാപ്പി, റേഡിയേഷൻ എന്നിവയുടെ ഫലമായി ശരീരത്തിലെ രോമങ്ങൾ മുഴുവനും കൊഴിഞ്ഞുപോകാറുണ്ട്. എന്നാൽ പലപ്പോഴും ഇവ വീണ്ടും ഉണ്ടായി വരികയും ചെയ്യും. സോറിയാസിസ് തുടങ്ങി തലയോട്ടിയിലൂടെ ചർമത്തെ ബാധിക്കുന്ന രോഗങ്ങളും റിംഗ് വേമും തലയോട്ടിയിൽ നിന്നും രോമങ്ങൾ കൊഴിഞ്ഞുപോകുന്നതിനു കാരണമാകാറുണ്ട്. ഇത്തരം പല രോഗങ്ങളിലും മുടി പൊട്ടിപ്പോകുകയും തലയോട്ടിയിലെ ചർമത്തിനു ചുവപ്പുനിറം, നീര്, പഴുപ്പ് ഒലിക്കുക എന്നിവയും ഉണ്ടാകാറുണ്ട്.

ഹോർമോൺ വ്യതിയാനങ്ങളും സംതുലനാവസ്‌ഥയിലെ മാറ്റങ്ങളും താൽക്കിലകമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗർഭധാരണം, പ്രസവം, ആർത്തവ വിരാമം എന്നീ അവസ്‌ഥകളോടനുബന്ധിച്ചാണ് സാധാരണയായി ഇത്തരം ഹോർമോൺ വ്യത്യയാനങ്ങൾ ഉണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവോ, അതിപ്രവർത്തനമോ ഹോർമോണുകളുടെ അളവിൽ വ്യത്യാസങ്ങൾ വരുത്താറുണ്ട്. അതുകൊണ്ട് തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങളും മുടികൊഴിച്ചിലിനുള്ള ഒരു കാരണമായി മാറുന്നു.

പരിഹാര മാർഗങ്ങൾ

ഹോർമോൺ വ്യതിയാനങ്ങളെ ക്രമപ്പെടുത്തുന്നതിനും പോഷകക്കുറവ് പരിഹരിക്കുന്നതിനും ഇരുമ്പിന്റെ അംശകുറവ് മൂലം ഉണ്ടാകുന്ന വിളർച്ചയെ തടയുന്നതിനും തലയോട്ടിയിലെ ചർമത്തിനെ ബാധിക്കുന്ന രോഗങ്ങളെ ശമിപ്പിക്കുന്നതിനും പര്യാപ്തമായ ആയുർവേദ ഔഷധങ്ങളുടെ ഉപയോഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗവും തക്രധാര (ഔഷധങ്ങൾ ചേർത്ത് പാകപ്പെടുത്തിയ മോര് തലയിൽ ധാര ചെയ്യുക), തൈലധാര (മുടികൊഴിച്ചിലും തലയോട്ടിയിലെ ചർമത്തിനെ ബാധിച്ചിരിക്കുന്ന രോഗങ്ങളെയും ശമിപ്പിക്കുന്ന എണ്ണകൾ തലയിൽ ധാര ചെയ്യുക), ശിരോവസ്തി(ഇത്തരം തൈലങ്ങൾ തലയിൽ തൊപ്പി പോലെ ഉണ്ടാക്കിയതിൽ ഒഴിച്ചു നിർത്തുക), വിച്ചു (തൈലത്തിൽ മുക്കിയ പഞ്ഞി തലയിൽ വയ്ക്കുക), തലപൊതിച്ചിൽ (ഔഷധങ്ങൾ അരച്ചു തലയിൽ തേച്ചു പിടിപ്പിക്കുക), എന്നിവയും മുടികൊഴിച്ചിലിനെ തടയുന്നതിനും മുടിയുടെ കരുത്തും അഴകും വർധിപ്പിക്കുന്നതിനും സഹായകമായ ആയുർവേദ ചികിത്സാവിധികളാണ്.

ഡോ. ആർ. രവീന്ദ്രൻ ബിഎഎംഎസ്
അസി. സീനിയർ മെഡിക്കൽ ഓഫീസർ
ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ്,
ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം.