ചിരിച്ചും ചിന്തിപ്പിച്ചും വീണ്ടും ജിബു ജേക്കബ്
ചിരിച്ചും ചിന്തിപ്പിച്ചും വീണ്ടും ജിബു ജേക്കബ്
Wednesday, January 18, 2017 6:21 AM IST
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റു ചിത്രം മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് ജിബു ജേക്കബ്. കാമറാമാനായാണ് ഈ പ്രതിഭയെ മലയാളി പ്രേക്ഷകർക്കു പരിചിതമാകുന്നത്. സംവിധായകനായ ആദ്യ ചിത്രത്തിന്റെ വിജയത്തിനു ശേഷം മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവുമായി എത്തുകയാണ് ജിബു. പോയ വർഷം ക്രിസ്മസ് ആഘോഷത്തിനെത്തേണ്ട ചിത്രം സിനിമ മേഖലയിലെ സമരം മൂലം റിലീസിംഗ് നീട്ടിവെക്കുകയാണുണ്ടായത്. കാമറമാനായി, സംവിധായകനായി, നടനായി മലയാളി പ്രേക്ഷകർക്കു പരിചിതമായ ജിബുവിന്റെ പുതിയ ചിത്രം പ്രണയത്തിന്റെ പുത്തൻ തലങ്ങളെ മലയാളികൾക്കു പരിചിയപ്പെടുത്താനാണ് എത്തുന്നത്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ജിബു.

കാമറാമാനിൽ നിന്നും സംവിധാനകുപ്പായവും അണിഞ്ഞിരിക്കുന്നു. എങ്ങനെയായിരുന്നു ആ ഒരു മാറ്റം?

സംവിധാന മോഹം മനസിൽ ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്നു സാധ്യമാകുമെന്ന് കരുതിയതല്ല. ഏകദേശം മുപ്പതോളം സിനിമകൾക്കു ഞാൻ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. അങ്ങനെ സിനിമയുടെ പല ചർച്ചകൾക്കിടയിലാണ് വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജിയെ പരിചയപ്പെടുന്നത്. അദ്ദേഹം പറഞ്ഞ കഥയും കഥാപാത്രവും എന്നെ ആകർഷിച്ചു. മാമച്ചനെപ്പോലൊരു രാഷ്ട്രീയ ക്കാരനെയും ആ കഥാ പശ്ചാത്തലവും നല്ല പരിചയം തോന്നി. വെള്ളിമൂങ്ങ ഞാൻ സംവിധാനം ചെയ്യണമെന്നു കരുതിയതല്ല. മറ്റു സംവിധായകരിലേക്കെത്താൻ വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി എന്നെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ കഥയെ ഒരു സിനിമ രൂപത്തിലേക്കു മാറ്റാനായി ഞാനും ജോജിയും പലപ്പോഴും ചർച്ചയ്ക്കിരിക്കും. എനിക്കു സമയമുള്ളപ്പോൾ ജോജി ശനിയാഴ്ച വീട്ടിൽ വരും. ഈ ആഴ്ച ഞങ്ങൾ ചർച്ച ചെയ്യുന്നത് അടുത്താഴ്ച വരുമ്പോഴേക്ക് ജോജി എഴുതി തയ്യാറാക്കും. അങ്ങനെ പല ചർച്ചകളും തിരുത്തലുകളും കഴിഞ്ഞ് ഒരു സിനിമ രൂപമായി എന്നെനിക്കു ബോധ്യം വന്നിട്ടാണ് ഒന്നു രണ്ടു സംവിധായകരുടെ അടുത്തേക്ക് കഥ പറയാനായി ജോജിയെ വിടുന്നത്. പക്ഷേ, കഥ മുഴുപ്പിക്കാതെ തന്നെ ഇതിലൊന്നുമില്ല എന്നു പറഞ്ഞ് അവർ ഇതിനെ തഴഞ്ഞു. അവൻ വന്നിട്ട് വിഷമത്തോടെ അതെന്നോട് പറഞ്ഞു. ആ വാശിയിൽ നിന്നുമാണ് ഞാൻ സംവിധായകനാകുന്നത്.

മാമച്ചൻ എന്ന നായകകഥാപാത്രമായി ബിജു മേനോൻ എങ്ങനെയെത്തി?

വെള്ളിമൂങ്ങയുടെ കഥ കേട്ടപ്പോൾ തന്നെ എന്റെ മനസിൽ ബിജു മേനോനാണ് ആ കഥാപാത്രമായി എത്തിയത്. ചേട്ടായീസിന്റെ ഷൂട്ടിംഗിനിടയിൽ ബിജുവിന്റെ ഫ്ളാറ്റിലിരുന്നാണ് കഥ പറയുന്നത്. മിണ്ടാതിരുന്നു കഥ കേട്ട ബിജുവിനെ കണ്ടപ്പോൾ തന്നെ എനിക്കു ടെൻഷനായി. കഥ മുഴുവൻ കേട്ടു കഴിഞ്ഞിട്ട് എഴുന്നേറ്റു വന്നു കെട്ടിപ്പിടിച്ചുകൊണ്ടു ബിജു ചോദിച്ചു എപ്പോഴാണ് നമ്മൾ ഈ സിനിമ തുടങ്ങുന്നതെന്ന്? ബിജു തന്ന ആ ഒരു ധൈര്യത്തിൽ നിന്നുമാണ് ഞാൻ സംവിധാനം ചെയ്യാമെന്നു ഉറപ്പിക്കുന്നത്. അവിടെ നിന്നും സിനിമ തുടങ്ങുകയായിരുന്നു. പിന്നീട് ഒന്നര വർഷത്തോളം സമയമെടുത്തു അതു സിനിമയാകാൻ. നിർമാതാക്കൾ പലരും മാറിമറഞ്ഞു. അതിനിടയിൽ മറ്റു സ്റ്റാറുകളിലേക്കു പോകാനും സമ്മർദ്ദം വന്നു. പക്ഷെ, അതിലേക്കൊന്നും പോകാതെ ഞാൻ ബിജുവിൽ തന്നെ മുറുകെ പിടിച്ചു. സിനിമയുടെ വിജയത്തിനു കാരണവും അതാണെന്നാണ് ഞാൻ വിശ്വാസിക്കുന്നതും.



വെള്ളിമൂങ്ങയിലെ ക്രി സ്ത്യൻ പശ്ചാത്തലം എങ്ങനെ പരിചിതമായി?

അതിനെപ്പറ്റി ഞാൻ പഠിച്ചട്ടാണ് സിനിമ ചെയ്തത്. എന്റെ ഗുരുനാഥന്റെ സ്‌ഥലം കാഞ്ഞിരപ്പള്ളിയാണ്. മുന്തിരിവള്ളിയുടെ കാമറാമാൻ പ്രമോദും ആ നാട്ടുകാരനാണ്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജിയുടെ സ്‌ഥലവും അവിടെയാണ്. അപ്പോൾ എനിക്കു പരിചിതമാണ് ആ നാടും അവിടെയുള്ളവരുടെ ജീവിതവും. വെള്ളിമൂങ്ങയുടെ സബ്ജറ്റായതിനു ശേഷം ഞാൻ അവന്റെ വീട്ടിൽ കുറച്ചു ദിവസം താമസിച്ചിരുന്നു. സിനിമയിലെ ഓരോ കഥാപാത്രവും അവൻ കണ്ടെത്തിയത് ആ ചുറ്റുപാടിൽ നിന്നായിരുന്നു. ബിജു മേനോൻ സിനിമയിൽ സ്‌ഥിരം ഒരു പ്രത്യേക രീതിയിൽ തലയാട്ടുന്നുണ്ട്. അതു ഞാൻ കണ്ടെത്തിയതുപോലും അവിടുത്തെ നാട്ടുകാരിൽ നിന്നുമാണ്. സിനിമയിൽ കണ്ട പല സന്ദർഭങ്ങളും നിത്യ ജീവിതത്തിൽ നടന്ന് എനിക്ക് പരിചിതമായ കാര്യമാണ്. കൂടെ പഠിച്ച പെണ്ണിന്റെ മകളെ പെണ്ണുകാണാൻ ചെല്ലുന്നതൊക്കെ അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്. അത്രത്തോളം ആ സിനിമയ്ക്കു വേണ്ടി വർക്കു ചെയ്തിട്ടുണ്ട്. അതിന്റെ ഫലമാണ് കിട്ടിയതും.

സിനിമ റിലീസായതിന്റെ അന്ന് തിയറ്ററിൽ ആളു കുറവായിരുന്നു. അന്നു സത്യത്തിൽ ടെൻഷനായിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം തിയറ്ററിൽ ആളു നിറഞ്ഞു. പിന്നെ നമുക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. ഇപ്പോൾ ഇടയ്ക്കിടക്കു ടെലിവിഷനിൽ ഈ ചിത്രം വരുമ്പോഴും പ്രേക്ഷകർ കാണാനുണ്ടെന്നറിയുന്നത് സന്തോഷമാണ്.

സംവിധാന മോഹം നേരത്തെ മനസിലുണ്ടായിരുന്നോ?

അതു സിനിമയിൽ എല്ലാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മനസിലുള്ളതാണ്. അതിനുള്ള അവസരം എത്തിച്ചേരണം എന്നു മാത്രം. സംവിധാനം ചെയ്തു കഴിഞ്ഞപ്പോൾ അതിനുള്ള സംതൃപ്തി നമുക്ക് കിട്ടി. എങ്കിലും ഞാൻ ഛായാഗ്രഹണത്തിൽ നിന്നും പൂർണമായും മാറിയിട്ടില്ല. ദിലീപിന്റെ ഒരു ചിത്രത്തിനു കാമറ ചെയ്യാൻ ഞാൻ കമ്മിറ്റായതാണ്. പക്ഷെ അതിന്റെ ഡേറ്റും എന്റെ സിനിമയുടെ ഡേറ്റും ഒന്നിച്ചായപ്പോഴാണ് അതു ഡ്രോപ്പായത്.

സിനിമയിലേക്കുള്ള കടന്നു വരവ്?

ചെറുപ്പം മുതൽ തന്നെ സിനിമ കാണുക എന്നതു ഹരമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞിട്ടാണ് എന്റെ ഗുരുനാഥൻ സാലു ജോർജ് സാറിനൊപ്പം ചേരുന്നത്. അമ്പതു സിനിമയോളം സാറിനൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു. ഒരു വർഷം 12 സിനിമയിലധികം സാർ പ്രവർത്തിച്ചിട്ടുണ്ട്. അതു നമുക്കും വലിയൊരു അനുഭവമായിരുന്നു.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന പ്രോജക്ടിലേക്കെത്തിയത് എങ്ങനെയാണ്?

വെള്ളിമൂങ്ങ നൽകിയ അവാർഡാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ. ലാലേട്ടനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. വെള്ളിമൂങ്ങയ്ക്കു ശേഷം ഒന്നു രണ്ടു പ്രോജക്ടിന്റെ ചർച്ച നടക്കുന്ന സമയത്താണ് ഈ ചിത്രത്തിന്റെ നിർമാതാവ് എന്നെ വിളിച്ചത്. ജിബു പുതിയ സിനിമ കമ്മിറ്റായില്ലെങ്കിൽ ഞങ്ങൾക്കു വേണ്ടി ഒരു സിനിമ ചെയ്യുമോ എന്നു ചോദിച്ചു. സബ്ജറ്റ് കേട്ടിട്ട് ഇഷ്ടമാവുകയാണെങ്കിൽ ഞാൻ ചെയ്യാം എന്നു പറഞ്ഞു. ലാലേട്ടന് ഇഷ്ടപ്പെട്ട ഒരു സിനിമ ഉണ്ട്. എഴുതിയിട്ടില്ല, വൺ ലൈൻ റെഡിയാണെന്നു പറഞ്ഞു. സിന്ധുരാജാണ് എഴുതുന്നത്. എനിക്കു ഇഷ്ടമാവുകയാണെങ്കിൽ മാത്രം ഞാൻ ചെയ്യാമെന്നു പറഞ്ഞു. പിറ്റേന്നു ഞാൻ പോയി ചിത്രത്തിന്റെ കഥ കേട്ടു. എനിക്കു വളരെ ഇഷ്ടമായി. നമ്മളൊക്കെ ആഗ്രഹിക്കുന്ന ഒരു ലാലേട്ടന്റെ കഥാപാത്രമാണ് ഇതിലെ ഉലഹന്നാൻ. പല സംവിധായകരെ പരിഗണിച്ചെങ്കിലും ലാലേട്ടന്റെ കൂടെ ഇഷ്ടപ്രകാരമാണ് ഈ പ്രോജക്ട് എന്നിലേക്കെത്തുന്നത്. അതാണ് വെള്ളിമൂങ്ങ നൽകിയ അംഗീകാരമായി ഈ ചിത്രത്തെ കാണാൻ സാധിക്കുന്നത് എന്നു പറഞ്ഞത്.




മോഹൻലാൽ എന്ന നടനൊപ്പമുള്ള അനുഭവം?

മോഹൻലാൽ ഒരു വിസ്മയമാണ്. ഓരോ ഷോട്ടിലും നമ്മളെ വിസ്മയിപ്പിച്ചാണ് അദ്ദേഹം അഭിനയിക്കുന്നത്. മുമ്പ് കണ്ട ഒരു കഥാപാത്രവുമായി സാമ്യം തോന്നാത്തവിധമാണ് ഈ സിനിമയിൽ ലാലേട്ടൻ അഭിനയിച്ചത്. ഉലഹന്നാനു വേണ്ട അഭിനയവും ചലനങ്ങളുമാണ് ഈ സിനിമയിൽ അദ്ദേഹം നൽകിയത്. സംവിധായകനു വേണ്ടിയുള്ള നടനാണ് ലാലേട്ടൻ. ഒരു സംവിധായകന്റെ മനസിലെ കഥാപാത്രമായി അഭിനയിക്കാൻ എന്തു ത്യാഗവും സഹിക്കുന്ന വ്യക്‌തിയാണ് അദ്ദേഹം.

മോഹൻലാലിന്റെ ഉലഹന്നാൻ എന്ന കഥാപാത്ര ത്തെപ്പറ്റി?

നാല്പതു–അമ്പതു വയസിലേക്കടുക്കുന്നവരുടെ എല്ലാം മനസിൽ ഇന്നു പ്രണയം നഷ്ടമാകുന്ന അവസ്‌ഥയാണ് ഉള്ളത്. ഭാര്യ വീട്ടിൽ കാര്യങ്ങളൊരുക്കുമ്പോൾ ഞാൻ ജോലിയ്ക്കു പോകുന്നു എന്നാണ് മനസിൽ. യാന്ത്രികമായി പോകുന്നു ഓരോ ജീവിതവും. അപ്പോൾ പ്രണയത്തിനു വയസില്ലെന്നും അതു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വരാമെന്നുമുള്ള സന്ദേശമാണ് ചിത്രം പറയുന്നത്.

വെള്ളിമൂങ്ങയിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണല്ലോ?

വെള്ളിമൂങ്ങഒരു പൊളിറ്റിക്കൽ കോമഡി ട്രാക്കിലാണ് പോകുന്നത്. അതുപോലെ തന്നെ കോമഡി ട്രാക്ക് ഉണ്ടെങ്കിലും കുടുംബ ജീവിതത്തിന്റെ നിമിഷത്തിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. സിനിമയ്ക്കു വേണ്ടിയുള്ള ഹാസ്യം മാത്രമാണ് ചിത്രത്തിലുള്ളത്. ഈ സിനിമ കുടുംബ ജീവിതത്തിൽ നമുക്കു പരിചിതമായ ചില പ്രശ്നങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഉലഹന്നാൻ പഞ്ചായത്ത് സെക്രട്ടറിയാണ്. അവിടെയുള്ള സംഭവങ്ങളും ചിത്രത്തിൽ അരങ്ങേറുന്നു. മോഹൻലാലും മീനയുമാണ് പ്രധാന കഥാപാത്രമെങ്കിലും അനൂപ് മേനോൻ, അലൻസിയാർ, സുരാജ് വെഞ്ഞാറമ്മൂട്. കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മീന– മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലെത്തുകയാണല്ലോ?

മീനയുടെ കഥാപാത്രം ലാലേട്ടന്റെ ഭാര്യയാണ്. ഒരു വലിയ കുട്ടിയുടെ അമ്മ വേഷവുമാണ്. ഈ കഥാപാത്രത്തിനു നമ്മൾ ആലോചിച്ചിട്ട് ലാലേട്ടനൊപ്പം നിൽക്കാൻ മറ്റൊരു താരമില്ല എന്നതാണു വസ്തുത. അതുമല്ല അവർ തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന് ഏറെ ഗുണകരമായിട്ടുമുണ്ട്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന വളരെ വ്യത്യസ്തമായ ടൈറ്റിലെത്തിയത് എങ്ങനെയാണ്?

തിരക്കഥാകൃത്തായ സിന്ധുരാജാണ് അത്തരമൊരു തലക്കെട്ട് ചിത്രത്തിനു കണ്ടെത്തിയത്. മലയാളത്തിൽ പ്രണയം ഏറ്റവും നന്നായിട്ടു കാണിച്ചൊരു സിനിമയാണ് പത്മരാജൻ സാറിന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. അപ്പോൾ ഇങ്ങനൊരു ടൈറ്റിലാകുമ്പോൾ എന്താണ് സിനിമയുടെ മൂഡ് എന്നത് പ്രേക്ഷകനു വേഗത്തിൽ പിടികിട്ടും. അങ്ങനെയാണ് അത്തരമൊരു ടൈറ്റിലിലേക്കു എത്തുന്നത് തന്നെ.

കാമറാമാനിൽ നിന്നും സംവിധായകനായി. മനസിലുള്ള സിനിമ സങ്കൽപമെങ്ങനെയുള്ളതാണ്?

സിനിമ എന്നത് പ്രേക്ഷകനു ഇഷ്ടമാകണം, അവർക്കു പരിചിതമായിരിക്കണം. അതുകൊണ്ടു തന്നെ എല്ലാത്തരം സിനിമയും എനിക്കു ഇഷ്ടമാണ്. പിന്നെ സിനിമ വാണിജ്യ ഘടകവും ചേർന്നതാണ്. സിനിമാ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടു കുടുംബങ്ങളുണ്ട്. അപ്പോൾ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന സിനിമ ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു. അത്തരം സിനിമ ഒരുക്കണമെന്നാണ് ആഗ്രഹം.

കാമറാമാനായി ഇനിയും സിനിമയിൽ കാണാനാകുമോ?

നമ്മൾ പഠിച്ച പണി ഛായാഗ്രഹണമാണ്. അതിനിയും ചെയ്യണമെന്നുണ്ട്. എങ്കിലും സിനിമകൾ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. അതിനിടയിൽ കാമറയും ചെയ്യാൻ ശ്രമിക്കന്നുണ്ട്.
മുന്തിരവള്ളികൾക്കു ശേഷമുള്ള പുതിയ ചിത്രത്തിന്റെ വർക്കുകൾ ആരംഭിച്ചോ?
സബ്ജറ്റുകൾ ഒരുപാട് വരുന്നുണ്ട്. ഒന്നും കമ്മിറ്റു ചെയ്തിട്ടില്ല. ഒരു സിനിമ പൂർത്തിയായതിനു ശേഷമാണ് അടുത്തതിനെ പറ്റി ഞാൻ ആലോചിക്കുന്നത്. ഇഷ്ടപ്പെട്ട സബ്ജറ്റ് ഒന്നുരണ്ടുണ്ട്. അതിന്റെ എഴുത്ത് പൂർത്തിയായൽ മാത്രമേ ഞാൻ ആ സിനിമയിലേക്ക് ഇറങ്ങു.

ഇതിനിടയിൽ ഒരു സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത് അഭിനയത്തിലും കഴിവു തെളിയിച്ചല്ലോ?

ബെന്നിന്റെ സംവിധായകൻ വിപിൻ അറ്റ്ലി എന്റെ സുഹൃത്താണ്. അവന്റെ ഒരു ധൈര്യത്തിലാണ് ആ സിനിമയിൽ ഞാൻ അഭിനയിച്ചത് തന്നെ. ആ വേഷം നന്നായെന്നു പറയുമ്പോൾ അതിന്റെ ഫുൾ ക്രെഡിറ്റും അവനുള്ളതാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുമോ എന്നുപോലും ഞാൻ കരുതിയതല്ല. ആ കഥാപാത്രത്തിനു പറ്റിയ നടൻ ഞാനാണെന്നു പറഞ്ഞാണ് എന്നെ വിളിച്ചു കൊണ്ടു പോയത്. അവൻ പറഞ്ഞ പോലൊക്കെ അഭിനയിച്ചു എന്നു മാത്രം. ഇപ്പോഴും ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുമെന്ന വിശ്വാസം എനിക്കില്ല.

കുടുംബ വിശേഷം?

ഭാര്യയും രണ്ടു കുട്ടികളും. ഒപ്പം അപ്പച്ചനും അമ്മച്ചിയുമുണ്ട്. പിന്നെ രണ്ട് അനിയന്മാരും.

–ലിജിൻ കെ. ഈപ്പൻ