കന്നുകാലികളിലെ ഗർഭകാല പരിചരണം
ക്ഷീരമേഖലയിലെ യുവകർഷകർ വളർത്താൻ ആഗ്രഹിക്കുന്നത് ദിവസവും 20 ലിറ്ററോ, അതിൽ കൂടുതലോപാൽ തരുന്ന പശുക്കളെയാണ്. ഇത്തരക്കാരെ മോഹവലയത്തിൽ വീഴ്ത്തി ലാഭം കൊയ്യുന്ന ദല്ലാളന്മാർ നാട്ടിൽ സുലഭമാണ്. ഇവ രുടെ വാചകക്കസർത്തുകളിൽ മയങ്ങിവീണ് പശുക്കളെവാങ്ങി പാലും പ്രസവവും ലഭിക്കാതെ നിരാശരായ അനേകം ക്ഷീരകർഷകർ നാട്ടിലുണ്ട്. എന്തൊക്കെയാണ് ഇവരുടെ പ്രധാന പ്രശ്നങ്ങൾ?

1. എന്നും രാവിലെ 15 ലിറ്റർ പാൽ ഉറപ്പായും ലഭിക്കുമെന്ന ധാരണയിൽ വാങ്ങിയ പശു ഏഴു ലിറ്ററോളം പാലേ തരുന്നുള്ളൂ.

2. പ്രസവിച്ച് ഒരാഴ്ചയേ ആയുള്ളൂ എന്നു പറഞ്ഞ് മുന്തിയ വില നല്കി വാങ്ങിയ പശു, കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞതോടെ അസുഖം ബാധിച്ച് ആരോഗ്യം നശിച്ച് എല്ലുംതോലുമായി നില്ക്കുന്നു. ഇപ്പോൾ തീറ്റ എടുക്കുന്നില്ല, പാൽതീരെ കുറഞ്ഞു.

3. പ്രസവശേഷം വാങ്ങിയ പശു മാസം പലതുകഴിഞ്ഞിട്ടും നാളിതുവരെ മദിലക്ഷണം കാണിച്ചതേയില്ല.

ഈ മൂന്നു സ്‌ഥിതിവിശേഷങ്ങൾക്കും മുഖ്യകാരണം ഈ പശുക്കളുടെ ഗർഭകാലത്തെ അവസാന ഏഴ്, എട്ട്, ഒമ്പത് മാസങ്ങളിലെ തീറ്റയും പരിചരണവും വളരെ മോശമായിരുന്നു എന്നതുതന്നെയാണ്. ഒരു ക്ഷീരകർഷകന്റെ ഏറ്റവും വലിയ മൂലധനമാണ് ചെനയിലുള്ള പശു. ഇവയുടെ ശാസ്ത്രീയ പരിപാലനം നാട്ടിലെ ഭൂരിഭാഗം കർഷകർക്ക് ഇന്നും അജ്‌ഞാതമാണ്. ഇവയുടെ പരിപാലനം, തീറ്റ എന്നിവ ഉറപ്പാക്കിയാൽ ക്ഷീരകർഷകന്റെ മൂന്ന് മുഖ്യ ആഗ്രഹങ്ങൾ പശു നിറവേറ്റും.

1. അവയുടെ ജനിതകശേഷിക്കനുസരിച്ചുള്ള പാൽ ഉത്പാദനം നടക്കുന്നു.

2. പ്രസവശേഷം രണ്ടുമാസത്തിൽ വീണ്ടും ചെനയേൽക്കാനുള്ള സാധ്യത തെളിയുന്നു.

3. ആരോഗ്യമുള്ള കന്നുകുട്ടിയെ ലഭിക്കുന്നു.

കർഷകർക്ക് പലപ്പോഴും സംഭവിക്കുന്ന മുഖ്യപാളിച്ച വറ്റുകാലപരിചരണം ലഭിക്കാതെ പ്രസവിക്കുന്ന പ്രശ്നക്കാരികളായ പശുക്കളെ മോഹവില നല്കി വാങ്ങു ന്നെന്നതു തന്നെയാണ്. തുടക്കത്തിൽ പറഞ്ഞ മൂന്നു പ്രശ്നങ്ങളുടെയും കാരണം ഇതുതന്നെ.

ചെനയിലുള്ള പശുക്കളുടെ പരിപാലനം

മിക്കവാറും എല്ലാ ക്ഷീരകർഷകരും ആഗ്രഹിക്കുന്നത് കൂടുതൽ പാൽ തരുന്ന പശുക്കളെയാണ്. ആരോഗ്യമുള്ള ഇന്നത്തെ കന്നുകുട്ടിയാണ് നാളത്തെ പശുഎന്ന സത്യം ആരും തന്നെ ഓർക്കാറേയില്ല. ക്ഷീരകർഷകർ ഓർത്തിരിക്കേണ്ട ചില വിഷയങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. നല്ല ആരോഗ്യമുള്ള കിടാരികൾ ഒരുവയസാകുമ്പോൾ ആദ്യമദിലക്ഷണം കാണിച്ചുതുടങ്ങും. കണക്കുപ്രകാരം അതിന്റെ തള്ളപ്പശുവിന്റെ തൂക്കത്തിന്റെ 45 ശതമാനമാകുമ്പോൾ ആദ്യമദി കാണിക്കാം. പക്ഷെ തള്ളപ്പശുവിന്റെ തൂക്കത്തിന്റെ 60 ശതമാനമാകുമ്പോൾ മാത്രമെ ചെനയ്ക്ക് കുത്തിവയ്ക്കാൻ പാടുള്ളൂ. അതായത് ആദ്യ മദി കാണിച്ചാൽ തീറ്റ ഒന്നുകൂടി ഉഷാറാക്കണം. തുടർന്ന് രണ്ടു മദി അടുപ്പിച്ച് കാണിച്ചാൽ മൂന്നാമത്തെ മദിയിൽ ബീജാധാനം നടത്തുന്നിൽ അപാകതകൾ ഒന്നും തന്നെയില്ല. നമ്മുടെ ലക്ഷ്യം. വീട്ടിൽ ജനിച്ചു വളരുന്ന കന്നുകുട്ടികൾ രണ്ടുവയസിൽ ആദ്യപ്രസവം നടത്തണം എന്നതുതന്നെ. തള്ളപ്പശുവിന്റെ തൂക്കത്തിന്റെ 60 ശതമാനവും മൂന്നു മദികൾ തുടരെ മൂന്നു മാസങ്ങളിലായി കാണിക്കുന്ന സമയത്തുമായിരിക്കണം കിടാരികളുടെ ആദ്യബീജാധാനം എന്ന വസ്തുത ക്ഷീരകർഷകർ മറക്കാതിരിക്കുക.


2. ഇപ്രകാരം ചെനയ്ക്ക് കുത്തിവയ്പിച്ച കിടാരികൾ വീണ്ടും മദിലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് കുത്തിവയ്പ്പ് നടത്തി 18–21 ദിവസങ്ങളിൽ ശ്രദ്ധിക്കുക. വീണ്ടും മദിലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ രണ്ടുമാസം കഴിഞ്ഞോ, മൂന്നുമാസത്തിലോ ചെന പരിശോധന നടത്തി ചെനയുണ്ടെന്ന് ഉറപ്പുവരുത്തുക. ചെന പരിശോധന നടത്താൻ പലക്ഷീരകർഷകരും മടികാണിക്കുന്നത് ശരിയല്ല. ചെനയുള്ള പക്ഷം തീറ്റയിലും പരിചരണത്തിലും മാറ്റങ്ങൾ വരുത്താനും, ചെനയില്ലെങ്കിൽ തുടർചികിത്സയ്ക്കു അവസരം ഒരുക്കാനും ഈ പ്രക്രിയകൊണ്ട് സാധ്യമാകും.

3. ചെനയിലുള്ള പശുക്കളുടെ യോനിയിൽകൂടി രക്‌തം, പഴുപ്പ് തുടങ്ങിയ അഴുക്കുകൾ വെളിയിൽ വരുന്ന പക്ഷം ഉടനെ വിദഗ്ധ സഹായം തേടുക. പല കർഷകരും ഇത്തരം സ്രവങ്ങൾ വരുന്നതു ശ്രദ്ധിക്കാറേ ഇല്ല.

4. പശുക്കൾക്ക് 3–4 മാസം ചെനയുള്ളപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിരമരുന്നു നൽകണം. ഇത് പശുവിന്റെയും കന്നുകുട്ടിയുടെയും ആരോഗ്യത്തിനനിവാര്യമാണ്.

5. ഇത്തരം പശുക്കൾ തീറ്റയെടുക്കാൻ മടിക്കുക, മറ്റ് അസുഖലക്ഷണങ്ങൾ എന്നിവ കാണിച്ചാൽ വിദഗ്ധ സഹായം ഉറപ്പാക്കുക.

6. ചെനയിലുള്ള പശുക്കൾക്ക് രോഗപ്രതിരോധകുത്തിവയ്പുകൾ നടത്തുന്നതിൽ തടസമില്ല. ഇത്തരം കുത്തിവയ്പുകൾ നിരാകരിക്കുന്നത് നല്ല കീഴ്വഴക്കമല്ല.

7. ചെന ഏഴു മാസത്തോളമാകുമ്പോൾ ചില പശുക്കൾ കിടക്കുന്ന സമയത്ത് യോനിയിൽ കൂടെ ഗർഭപാത്രത്തിന്റെ ഭാഗമോ, യോനിയുടെ ഉൾവശമോ തള്ളിപുറത്തോട്ടുവരുന്നതു കാണാം. ഇതു കൂടുതലും അഞ്ചാറ് പ്രസവങ്ങൾ കഴിഞ്ഞ മാടുകളിലാണ് സംഭവിക്കുക. ഇങ്ങനെ സംഭവിക്കുന്ന പക്ഷം തള്ളിപുറത്തേക്കു വന്ന ഭാഗത്ത് വെള്ളം ഒഴിക്കുന്നതും ആ ഭാഗത്ത് ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ പുരട്ടുന്നതും നല്ലതാണ്. പശുക്കൾ ബലം പ്രയോഗിക്കുമ്പോൾ കൂടുതൽ ഭാഗം തള്ളിപുറത്തേക്കു വരുന്നെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതാണ്. പശുക്കളെ കിടക്കാൻ സമ്മതിക്കാതിരിക്കുന്നതും പുറകുവശം ഒരടിയോളം ഉയർത്തി പശുവിന്റെ നെഞ്ചിന് സമ്മർദ്ദം കൊടുക്കുന്നതും ശരിയല്ല. ഇത് ശ്വാസകോശത്തിലും ഹൃദയത്തിലും അമിത സമ്മർദ്ദം ഉണ്ടാക്കാൻ ഇടവരുത്തും. ഫോൺ ഡോ. മുരളീധരൻ– 9447055738.

ഡോ. കെ. മുരളീധരൻ