തയാറാക്കാം, വാഴയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ
വാഴക്കാമ്പ് അച്ചാർ

ചേരുവകൾ
വാഴക്കാമ്പ്–150 ഗ്രാം
വറ്റൽമുളക്–6 എണ്ണം
പച്ചമുളക്–3 എണ്ണം
കായം–1/4 ടീസ്പൂൺ
ഉലുവപ്പൊടി–1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി–1/4 ടീസ്പൂൺ
ഉപ്പ്–ആവശ്യത്തിന്
വിനാഗിരി–6 ടീസ്പൂൺ
മുളകുപൊടി–1/2 ടീസ്പൂൺ
എണ്ണ–ഒരു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ വാഴക്കാമ്പ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ആവിയിൽ വേവിച്ചതിനുശേഷം വിനാഗിരിയും ഉപ്പും ചേർത്ത് അരമണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, വറ്റൽ മുളക്, പച്ചമുളക്, ഉലുവ, കായപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് വാഴക്കാമ്പ് ചേർത്ത് നന്നായി ഇളക്കുക.
നാര് ധാരാളമായി അടങ്ങിയിരിക്കുന്ന വാഴക്കാമ്പ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.

ബനാന ടോഫി

ചേരുവകൾ
നേന്ത്രപ്പഴം (തൊലികളഞ്ഞത്)–100 ഗ്രാം
നെയ്യ്–72 മില്ലി
പഞ്ചസാര–72 ഗ്രാം
ലിക്വിഡ് ഗ്ലൂക്കോസ്–4 ഗ്രാം
പാൽപ്പൊടി–14 ഗ്രാം
മിൽക്ക് മെയ്ഡ്–2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
പഴത്തിന്റെ നടുഭാഗത്തുള്ള കറുപ്പുനിറത്തിലുള്ള ഭാഗം കളഞ്ഞശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഒരുപാൻ ചൂടാക്കി അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച ശേഷം തയാറാക്കിയ പൾപ്പ് പാനിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്തിളക്കുക. നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് ലിക്വിഡ് ഗ്ലൂക്കോസ് മൂന്നു ടേബിൾ സ്പൂൺ ചേർക്കുക. കട്ടിയായി തുടങ്ങുമ്പോൾ നാലു ടേബിൾ സ്പൂൺ നെയ്യ് ചേർത്തിളക്കുക. തുടർന്ന് 14 ഗ്രാം പാൽപ്പൊടി, രണ്ടു ടേബിൾസ്പൂൺ മിൽക്ക്മെയ്ഡ് എന്നിവയും ചേർത്ത് പാനിൽ നിന്നു വിട്ടുവരുന്ന പരുവമാകുമ്പോൾ ബനാന ടോഫി ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്.

ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം

ചേരുവകൾ
ഉണ്ണിപ്പിണ്ടി–250 ഗ്രാം
തൈര്–1.5 കപ്പ്
ഉപ്പ്–ആവശ്യത്തിന്

തയാറാക്കുന്ന വിധം
ഒരുമിനിറ്റു നേരം ഉണ്ണിപ്പിണ്ടി തിളപ്പിച്ച വെള്ളത്തിൽ മുക്കി വയ്ക്കുക. ഇത് ഒരു തുണിയിൽ വിരിച്ച് രണ്ടു ദിവസം വെയിലത്തു വെച്ചുണക്കുക. ശേഷം തൈരും ഉപ്പും ചേർത്ത് യോജിപ്പിച്ച് ഇതിലേക്ക് ഉണങ്ങിയ ഉണ്ണിപിണ്ടി ഇട്ട് രണ്ടു മണിക്കൂർ വെയ്ക്കുക. വെയിലത്ത് വെച്ച് നന്നായി വെള്ളം തോരുന്നതു വരെ ഉണക്കുക. ആവശ്യാനുസരണം എണ്ണയിലിട്ട് വറുത്തെടുക്കുക.

പഴത്തൊലി ഹൽവ


ചേരുവകൾ
പഴത്തൊലി–4–6 എണ്ണം
പഞ്ചസാര–1/2 ടേബിൾസ്പൂൺ
ഏലക്കായ–1/2 ‘ടീസ്പൂൺ
നെയ്യ്–2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ്–4–6 എണ്ണം
പാൽപൊടി–1/2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
പഴം നന്നായി കഴുകി തൊലിയെടുക്കുക. രണ്ടറ്റവും മുറിച്ചെടുത്ത തൊലി, തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. ഒരു പാത്രത്തിൽ തൊലി എടുത്ത്, അത് മുങ്ങിക്കിടക്കത്തക്ക വിധത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. അടുപ്പിൽ നിന്ന് ഇറക്കി, തണുക്കുന്നതിനായി വയ്ക്കുക. വേറൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. ഇതിൽ തന്നെ പഞ്ചസാര നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് തയാറാക്കിവച്ചിരിക്കുന്ന കുഴമ്പ് പരുവത്തിലുള്ള പഴത്തൊലി ചേർത്തിളക്കുക. ശേഷം പാൽപ്പൊടി, ഏലക്കായ, നെയ്യ് എന്നിവ ചേർത്തിളക്കുക. ഇത് പാത്രത്തിൽ നിന്ന് വിട്ട് വരുന്നിടം വരെ ഇളക്കുക. തണുത്തതിനുശേഷം അണ്ടിപ്പരിപ്പിട്ട് അലങ്കരിക്കുക.

ഉണ്ണിപ്പിണ്ടി കാൻഡി

ചേരുവകൾ
ഉണ്ണിപ്പിണ്ടി–വട്ടത്തിൽ മുറിച്ചത് 500 ഗ്രാം
പഞ്ചസാര–1/2 കിലോ
സിട്രിക് ആസിഡ്–മൂന്നു ഗ്രാം
പൊട്ടാസ്യം മെറ്റാബൈ
സൾഫേറ്റ്–അഞ്ചു ഗ്രാം

തയാറാക്കുന്ന വിധം
ഉണ്ണിപ്പിണ്ടി നാലു മില്ലിമീറ്റർ കട്ടിയിൽ മുറിച്ചെടുക്കുക. കളറുമാറുന്നത് തടയാൻ 25 ഗ്രാം സിട്രിക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഇട്ടു വയ്ക്കുക. 20 മിനിറ്റ് നേരം പ്രഷർകുക്കറിൽ വച്ച് വേവിക്കുക. 25 ഗ്രാം കാത്സ്യം ക്ലോറൈഡും ഒരു ലിറ്റർവെള്ളത്തിൽ ലയിപ്പിക്കുക. ലായനിയിൽ ഉണ്ണിപ്പിണ്ടി 30 മിനിറ്റിട്ടു വയ്ക്കുക. പഞ്ചസാര സിറപ്പിൽ ഇവ ഒരു രാത്രി മുഴുവൻ ഇട്ടു വയ്ക്കുക. പിന്നീട് കഷണങ്ങൾ ലായനിയിൽ നിന്നു മാറ്റി അൽപം പഞ്ചസാര ചേർത്തു തിളപ്പിച്ച് തണുപ്പിക്കുക. പഞ്ചസാര ലായനിയിൽ വീണ്ടും ഉണ്ണിപ്പിണ്ടി ഇട്ട് ഒരു രാത്രി വയ്ക്കുക. ഇങ്ങനെ മൂന്നുനാലു ദിവസം ആവർത്തിക്കുക. നാലാം ദിവസം പഞ്ചസാര സിറപ്പിന്റെ കൂടെ അൽപം സിട്രിക് ആസിഡ് ചേർത്തു തിളപ്പിക്കുക. തണുത്തതിനുശേഷം അല്പം പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ചേർക്കുക. ഉണ്ണിപ്പിണ്ടി കഷ്ണങ്ങൾ ഏഴു ദിവസം ഈ ലായനിയിൽ ഇട്ടു വയ്ക്കുക. കഷ്ണങ്ങൾ ലായനിയിൽ ചെറു ചൂടുവെള്ളത്തിൽ കഴുകുക. ഇവ തണലത്തു വച്ച് ഉണക്കി, പൊടിച്ച പഞ്ചസാര പകുതി ഉണങ്ങിയ കാൻഡിയിൽ വിതറുക.

വിശാഖ ടി.
കാർഷിക കോളജ്, പടന്നക്കാട്