കേരളം പഠിക്കാത്ത ജലപാഠങ്ങൾ
സമീപകാല ചരിത്രത്തിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ് കേരളം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിനു പിന്നാലെ തുലാവർഷവും ചതിച്ചതോടെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത കാലാവസ്‌ഥാ പ്രതിസന്ധിയിലാണ് സംസ്‌ഥാനം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ 34 ശതമാനത്തോളം കുറവുണ്ടായപ്പോൾ തുലാവർഷം പല ജില്ലകളെയും തിരിഞ്ഞു നോക്കിയതേയില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് കേരളത്തിൽ ലഭിക്കേണ്ടിരുന്നത് ശരാശരി 2309 മില്ലിലിറ്റർ മഴയായിരുന്നു. എന്നാൽ ലഭിച്ചതാകട്ടെ 1352 മില്ലിലിറ്റർ മഴയും. തുലാവർഷ മഴയിൽ മിക്ക പ്രദേശങ്ങളിലും 60 ശതമാനത്തിലേറെയാണ് കുറവ്. പടിഞ്ഞാറോട്ട് ഒഴുകുന്ന 41 ഉം തെക്കോട്ട് ഒഴുകുന്ന ഭവാനിയും പാമ്പാറും കാവേരിയും ഉൾപ്പെടെ 44 നദികളും വർഷം മുഴുവൻ സമൃദ്ധമായ മഴയും ചേർന്ന് കേരളത്തെ ജലസമൃദ്ധമാക്കിയിരുന്ന നല്ലകാലം വിസ്മൃതിയിലാവുകയാണ്. വേനൽ കടുക്കുന്നതിനു മുമ്പുതന്നെ ജലസംഭരണികളും കിണറുകളുമെല്ലാം വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. ജലസമൃദ്ധമായ സംസ്‌ഥാനമെന്ന അഹങ്കാരത്താൽ വർഷങ്ങളായി ജലസംരക്ഷണത്തിൽ കാണിച്ച തികഞ്ഞ അലംഭാവത്തിന്റെ തിരിച്ചടികൂടിയാണ് ഇന്ന് കേരളം നേരിടുന്ന ജലപ്രതിസന്ധി.

തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ കുറവുണ്ടായാലും മറ്റ് മഴ കൂടുതലായി ലഭിക്കുന്നതിനാൽ ആകെ മഴയിൽ വലിയ കുറവു സംഭവിക്കാറില്ല എന്ന പതിവ് ഈ വർഷം തെറ്റി. കാലാവസ്‌ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ ഇതിലും വലിയ വ്യതിയാനങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഉഷ്ണമേഖല പസഫിക് സമുദ്രം ചൂടുപിടിച്ചുണ്ടാകുന്ന എൽ നിനോ പ്രതിഭാസത്തിന്റെ ചെറിയ സാന്നിധ്യം പോലും ഇന്ത്യൻ മൺസൂണിനെ തളർത്തുന്നു. കാലാവസ്‌ഥാവ്യതിയാനം രൂക്ഷമാകുന്ന ഭാവികാലത്ത് മൺസൂൺ കൂടുതൽ അസ്‌ഥിരപ്പെടുമെന്നാണ് ഒരു വിഭാഗം കാലാവസ്‌ഥാ ശാസ്ത്രജ്‌ഞന്മാരുടെ അഭിപ്രായം. തെക്കുപടിഞ്ഞാറൻ കാലവർഷവും തുലാവർഷവും പ്രവചനാതീതവും അസ്ഥിരവുമായി മാറുന്നത് കേരളത്തിലെ കൃഷിയെയും സുഖകരമായ ജീവിതത്തെയും തകിടം മറിക്കും.

തെക്കുപടിഞ്ഞാറൻ കാലവർഷവും വടക്കു–കിഴക്കൻ കാലവർഷവും കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ ലക്ഷണങ്ങൾ ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ കണ്ടു തുടങ്ങിയിരുന്നു. മഴ വൈകുന്നതും ഇല്ലാതാകുന്നതും മഴയുടെ അളവിലും വിന്യാസത്തിലുമെല്ലാം മാറ്റങ്ങളുണ്ടാകുന്നതുമെല്ലാം ഈ പ്രതിഭാസത്തിന്റെ ലക്ഷണങ്ങളാണ്. വരണ്ട മേഖലയിലുള്ള പ്രദേശങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടാകുന്നതും സ്‌ഥിരമായി മഴകിട്ടിക്കൊണ്ടിരുന്ന പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിൽ അമരുന്നതുമെല്ലാം മൺസൂൺ അസ്‌ഥിരപ്പെടുന്നതിന്റെ പ്രതിഫലനങ്ങളാണ്. ദീർഘകാലാടിസ്‌ഥാനത്തിൽ കാലാവസ്‌ഥാവ്യവസ്‌ഥകളുടെ തകർച്ചയും മഴയുടെ അളവിലും വ്യത്യാസത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും കേരളത്തിലെ കൃഷി യെ ദോഷകരമായി ബാധിക്കും. പശ്ചിമഘട്ട പ്രദേശങ്ങളിലെ മഴയുടെ അളവിൽ ക്രമാനുഗതമായ കുറവുണ്ടാകുന്നതായി കാലാവസ്‌ഥാ ശാസ്ത്രജ്‌ഞർ കണ്ടെത്തിയിട്ടുണ്ട്. മൺസൂൺ വ്യതിയാനം പശ്ചിമഘട്ടങ്ങളിലെ തനതു കാലാവസ്‌ഥയിൽ വളരുന്ന മിക്ക തോട്ടവിളകളുടെയും കൃഷി ഏറെക്കുറെ അസാധ്യമാക്കിത്തീർക്കും. കാലവർഷം വൈകുന്നതും കൃത്യസമയങ്ങളിലും ഇടവേളകളിലും മഴലഭിക്കാത്തതും കൃഷിയുടെ താളം തെറ്റിക്കും. സമയത്തിനു വിത്തിറക്കാനാകാതെ വന്നാൽ തന്നെ ലക്ഷക്കണക്കിനു ഹെക്ടർ തരിശിടേണ്ടിവരും. കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃ ഷി മേഖലകളായ കുട്ടനാട്ടിലും പാലക്കാട്ടും കോൾ നിലങ്ങളിലും നെൽകൃഷി സുഗമമായി നടത്താനാവാത്ത സ്‌ഥിതിയുണ്ടാകും.
പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമായതിനാൽ കേരളത്തിൽ പതിക്കുന്ന മഴവെള്ളം 48 മണിക്കൂറിനുള്ളിൽ തന്നെ ഒഴുകി കടലിലെത്തും. മഴവെള്ളം കൃഷിയിടത്തിൽ തന്നെ പിടിച്ചുനിറുത്തുന്നതിനെക്കുറിച്ച് ഓരോവർഷവും തെക്കു പടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിനുമുമ്പ് പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടാകാറില്ല.

സംസ്‌ഥാനത്ത് മണ്ണിൽ പെയ് തിറങ്ങുന്ന മഴയുടെ 70 ശതമാനവും പ്രയോജനരഹിതമായി ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുകയാണ്. വടക്കൻ ജില്ലകളിൽ 80 ശതമാനം മഴവെള്ളവും ഉപരിതല നീരൊഴുക്കായി കടലിലേക്കു പോകുന്നു. കേരളത്തിൽ നാലോ അഞ്ചോ ജില്ലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വരൾച്ചാ പ്രതിഭാസം എല്ലാ ജില്ലകളിലേക്കും വ്യാപിച്ചിട്ടും മഴവെള്ളം ഇങ്ങനെ പാഴാക്കി കളയേണ്ടതല്ല എന്ന ബോധ്യം ഇതുവരെയും നമുക്കുണ്ടായിട്ടില്ല. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള പുരപ്പുറത്ത് മൂന്നു ലക്ഷം ലിറ്റർ മഴവെള്ളം ഒരു വർഷം വീഴുന്നുവെന്നാണ് കണക്ക്. തമിഴ്നാട് പോലെ ജലക്ഷാമം രൂക്ഷമായ ഒരു സംസ്‌ഥാനം മേൽക്കൂര മഴവെള്ള സംഭരണത്തിലൂടെ ഒരു തുള്ളിപോലും പാഴാക്കാതെ സംഭരിക്കുന്നു. പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായസ്‌ഥാപനങ്ങൾ തുടങ്ങി ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലെല്ലാം മേൽക്കൂര മഴസംഭരണ സംവിധാനമേർപ്പെടുത്തണമെന്ന് കേന്ദ്ര ഗവൺമെന്റ് 2009 ൽ നിർദ്ദേശിച്ചിരുന്നു. പ്രധാനപ്പെട്ട സംസ്‌ഥാന പാതകളിലും ദേശീയ പാതകളിലുമെല്ലാം മഴവെള്ള സംഭരണത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പ്രധാന പാതകളോടു ചേർന്ന് കോൺക്രീറ്റ് കനാലുകളുണ്ടാക്കി മഴവെള്ളം ഒഴുക്കി കളയുകയാണ് ദേശീയപാത അഥോറിറ്റി.
സംസ്‌ഥാനത്ത് ഉപരിജലസ്രോതസുകൾ മാത്രമല്ല ഭൂഗർഭജലസ്രോതസുകളും കടുത്ത സമ്മർദ്ദത്തിലാണ്. രാജ്യത്തു പൊതുവേ ഭൂഗർഭജലത്തിന്റെ ലഭ്യത അടുത്തകാലത്ത് 15 ശതമാനം കണ്ട് കുറഞ്ഞു. ദേശീയ ആളോഹരി ഭൂഗർഭജലലഭ്യത 2001 ൽ 1816 ക്യൂബിക് മീറ്ററായിരുന്നത് 2011 ൽ 1544 ക്യുബിക് മീറ്ററായി കുറഞ്ഞു. ഭൂഗർഭജലം വീണ്ടും നിറയ്ക്കുന്നത് പ്രധാനമായും മഴവെള്ളം മണ്ണിലൂടെ ആഴ്ന്നിറങ്ങിയാണ്. മഴക്കുറവ് നേരിടുന്നതോടെ ഭൂഗർഭജലം വീണ്ടും നിറയുന്നതിന്റെ നിരക്കു കുറയുന്നു. നിറയുന്നതിലും കൂടിയ നിരക്കിൽ ചൂഷണം ചെയ്യപ്പെടുകയും അമിത ഉപയോഗത്താൽ ശോഷിക്കുകയും ചെയ്യുന്നു. പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിൽ ഭീകരമാണ് ഭൂഗർഭജലശോഷണം.

കുളങ്ങൾ, തോടുകൾ തുടങ്ങിയ ഉപരിജലസ്രോതസുകളെക്കുറിച്ച് കേന്ദ്ര ജലവിഭവവകുപ്പിന് വ്യക്‌തമായ സ്‌ഥിതിവിവരക്കണക്കുകൾ ഇല്ലെന്ന് കഴിഞ്ഞ മാസം പാർലമെന്റിനു സമർപ്പിച്ച ഒരു റിപ്പോർട്ടിൽ കേന്ദ്ര ജലവിഭവ വകുപ്പിന്റെ പാർലമെന്ററിസ്റ്റാൻ ഡിംഗ് കമ്മിറ്റി പറയുന്നു. എത്ര യും പെട്ടെന്ന് രാജ്യത്തെ പ്രധാന ശുദ്ധജലസ്രോതസുകളെക്കുറിച്ച് സെൻസസ് നടത്തണമെന്ന് ക മ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജലസ്രോതസുകളിൽ നിന്നും വർഷാ വർഷം ചെളികോരി മാറ്റുന്നതിനോ കളകൾ നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കുന്നതിനോ വ്യക്‌തമായ കർമപരിപാടികളില്ല. ഉപരിജലസ്രോതസുകളുടെയും തണ്ണീർത്തടങ്ങളുടെയും അനധികൃത കൈയേറ്റം തടയുന്നതിനും നടപടി വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കുളങ്ങളും തോടുകളും നികത്തുന്ന പ്രവണതയും അവിരാമം തുടരുന്നു. ഭൂഗർഭജലസ്രോതസുകളുടെ ജലനിരപ്പ് അപകടകരമായി താഴുന്നതോടൊപ്പം അമിതമായി മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. വ്യാവസായിക മാലിന്യങ്ങൾ, രാസവളങ്ങളുടെയും കീടനാശിനികളുടെയും അവശിഷ്ടങ്ങൾ, ഖരമാലിന്യങ്ങൾ എന്നിവയെല്ലാം അപകടകരമായ അളവിൽ കൂടുന്നു. ഭൂഗർഭജലത്തിൽ അപകടകരമായ അളവിൽ ആർസനിക് കൂടുന്നതിന് അമിതമായ രാസവള പ്രയോഗവും ഒരു കാരണമാണ്. കേരളത്തിൽ തീരപ്രദേശങ്ങളിൽ മാത്രമല്ല ദൂരെ പ്രദേശങ്ങളിലുള്ള കുഴൽക്കി ണറുകളിൽ പോലും ഉപ്പിന്റെ അംശം ഏറിവരുന്നു. ചില കിണറുകളിലെങ്കിലും ഇരുമ്പ്, ഫ്ളൂറൈഡ്, ഖനലോഹങ്ങൾ എന്നിവയുടെ അളവ് അമിതമായി കൂടുന്നതിനാൽ വെള്ളം ഉപയോഗശൂന്യമായിത്തീരുന്നു. അമിതമായ മണലെടുപ്പും മഴക്കുറവും കാരണം തീരൊഴുക്കിലുണ്ടായ കുറവു കാരണം പെരിയാറിൽ ഉപ്പുവെള്ളം കയറി പമ്പിംഗ് നിർത്തിവയ്ക്കേണ്ടിവന്നത് അടുത്തകാലത്താണ്. സസ്യജലസാന്ദ്രതയിലും ജൈവവൈവിധ്യത്തിലുമുണ്ടായ വിനാശവും വനനശീകരണവും മണ്ണ്–ജലസംരക്ഷണ പദ്ധതികളുടെ അപര്യാപ്തതയുമെല്ലാം കേരളത്തിലെ ജല പ്രതിസന്ധിക്ക് കാരണങ്ങളാണ്. മലിനീകരണവും മിതമായ ചൂഷണവും ചേർന്ന് ഭൂഗർഭജലത്തെ ഉപയോഗശൂന്യമാക്കുന്നു.


ഭൂഗർഭ ജലപോഷണത്തിൽ വർഷങ്ങളായി തുടരുന്ന കുറവു കാരണം കേരളത്തിൽ പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമവുമുണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനും വേണ്ടിയുള്ള മത്സരത്തിനിടയിൽ വെള്ളം കൂടുതലായി ഗാർഹിക ആവശ്യങ്ങൾക്കു വേണ്ടി മാറ്റിവയ്ക്കപ്പെടേണ്ടി വരുന്നത് കൃഷി യെ ദോഷകരമായി ബാധിക്കും. തുറസായ സ്‌ഥലങ്ങളിൽ കൃത്രിമ കുളങ്ങൾ നിർമിച്ച് ജലം സംഭരിക്കുന്നതിൽ ഗുജറാത്തും രാജസ്‌ഥാനുമെല്ലാം വലിയ മുന്നേറ്റം നടത്തിയപ്പോൾ കേരളത്തിന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതി നേടാനായിട്ടില്ല. പരിമിതമായി പെയ്യുന്ന മഴയെപ്പോലും കൃത്യമായി സംഭരിച്ച് മണ്ണിലിറക്കുയാണ് ജലപ്രതിസന്ധിക്കുള്ള പ്രധാനപരിഹാരം. മഴക്കുഴികൾ ഭൂഗർഭ ജലസംരക്ഷണത്തിന് സഹായിക്കുന്ന പ്രധാനമാർഗമാണെങ്കിലും മുമ്പുണ്ടായിരുന്ന ആവേശം ഈ പദ്ധതി നടപ്പാക്കുന്നതിന് ഇപ്പോഴില്ല. മഴക്കുറവും കാലാവസ്‌ഥാ വ്യതിയാനവും കാരണം നദീതടങ്ങളിൽ നിന്നും കൂടുതൽ ജലം ഗാർഹിക ആവശ്യങ്ങൾക്കും ജലസേചനത്തിനും കൊടുക്കുന്നത് അസാധ്യമായിരിക്കുകയാണ്. കൃഷിയിടങ്ങളിലും വീടുകളിലും സ്‌ഥാപനങ്ങളിലുമെല്ലാം പരമാവധി ജലം മഴക്കാലത്തുതന്നെ സംഭരിച്ചു വയ്ക്കാനുള്ള പദ്ധതികൾ ജനപങ്കാളിത്തത്തോടെനടപ്പാക്കണം. പെരുകുന്ന മാലിന്യം ജലസ്രോതസുകളെ മലിനപ്പെടുത്തി. ജലസ്രോതസുകൾ സംരക്ഷിക്കുന്നതോടൊപ്പം അവയെ മാനില്യമുക്‌തമാക്കി ശുദ്ധീകരിക്കാനും നടപടികൾവേണം.
ഓരോ തുള്ളി വെള്ളത്തിൽ നിന്നും കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ വിവിധതലങ്ങളിലുള്ള ജലസേചന പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ട് കേന്ദ്രഗവൺമെന്റ് പ്രധാനമന്ത്രി കൃഷിസീഞ്ചായി യോജന എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ കൃഷിയിടത്തിലും വെള്ളമെത്തിക്കുകയും ഓരോ തുള്ളി വെള്ളത്തിൽ നിന്നും പരമാവധി വിളവുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 2015–16 മുതൽ മൂന്നു വർഷത്തേക്ക് നടപ്പാക്കാനുള്ള ജൽക്രാ ന്തി അഭിയാൻ എന്ന പദ്ധതിയും കേന്ദ്രഗവൺമെന്റ് തയാറാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും അമിതമായ ജലചൂഷണമുള്ള ബ്ലോക്കുകളിൽ നിന്നും രണ്ടു ഗ്രാമങ്ങളെ വീതം ദത്തെടുത്ത് മാതൃകാജലഗ്രാമങ്ങളായി വികസിപ്പിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമാണ്. ദേശീയ ജലമിഷൻ നടപ്പാക്കുന്നതും പ്രധാനമന്ത്രി കൃഷിസീഞ്ചായി യോജനയുടെ ഭാഗമാണ്. സംസ്‌ഥാനങ്ങൾക്കുള്ളിലും സംസ്‌ഥാനങ്ങൾ തമ്മിലും സു സ്‌ഥിരമായ ജലസംരക്ഷണ പദ്ധതികൾ നടപ്പാക്കുകയാണ് ദേശീ യ ജലമിഷന്റെ ലക്ഷ്യം.

കേരളത്തിലെ വെള്ളവും ശുചിത്വവും കൃഷിയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ ഡിസംബർ എട്ടിന് ആരംഭിച്ച ഹരിത കേരള മിഷനും ഏറെ പ്രതീക്ഷ നൽകുന്നു. ജലസ്രോതസുകളുടെ സംരക്ഷണം. ജലത്തിന്റെ ദുരുപയോഗം തടയൽ, മഴവെള്ള സംഭരണം പോലുള്ള ജലസംഭരണ മാർഗങ്ങളുടെ വ്യാപനം എന്നിവയെല്ലാം ഹരിതകേരള മിഷന്റെ പ്രധാന പ്രവർത്തനങ്ങളാണ്. മിഷന്റെ ആദ്യഘട്ടത്തിൽ കുളങ്ങൾ, തോടുകൾ, നീരുറവകൾ എന്നിവ വീണ്ടെടുക്കാനുള്ള പദ്ധതികളുണ്ടാകും. മഴവെള്ള സംഭരണം, മഴക്കുഴികളുടെ നിർമാണം, കിണറുകളുടെ റീചാർജിംഗ് എന്നീ പദ്ധതികൾക്ക് പ്രാധാന്യം നൽകും. കൃഷിയുടെ 50 ശതമാനമെങ്കിലും ജൈവകൃഷിയാക്കാനുള്ള മിഷന്റെ ലക്ഷ്യം മണ്ണിന്റെ ജല ആഗീരണശേഷി കൂട്ടി മഴവെള്ളത്തെ കൂടുതലായി മണ്ണിലേക്ക് താഴ്ത്തിയിറക്കാൻ സഹായിക്കും. 2030 ആകുന്നതോടെ ഇപ്പോഴുള്ളതിന്റെ 64 ശതമാനം അധികം ജലം കേരളത്തിന് വേണ്ടിവരുമെന്നത് കണക്കിലെടുത്താണ് ഹരിതകേരളം മിഷന്റെ പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. പരിസ്‌ഥിതി സാക്ഷരതയിൽ ഏറെ മുമ്പിലാണെങ്കിലും ജലസംരക്ഷണത്തിൽ കേരളം ഏറെ പിന്നിലാണ്. ലാഘവബുദ്ധിയോടെയുള്ള പതിവ് സമീപനങ്ങൾകൊണ്ട് കേരളം നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാനാവില്ല. ജലസംരക്ഷണത്തോടൊപ്പം കൃഷിയെ മാറുന്ന കാലാവസ്‌ഥയുമായി പൊരുത്തപ്പെടുത്തുന്നതിനും ശ്രമങ്ങൾ വേണം.

മഴതന്നെ ആശ്രയം

കേരളത്തിൽ ശുദ്ധജലത്തിന്റെ പ്രധാനസ്രോതസു തന്നെ മഴവെള്ളമാണ്. സംസ്‌ഥാനത്തെ മഴയുടെ ഏകദേശം 68 ശതമാനത്തോളം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ നിന്നാണ്. വാർഷിക മഴയുടെ 16 ശതമാനത്തോളം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു–കിഴക്കൻ കാലവർഷത്തിൽ നിന്നു ലഭിക്കുന്നു. 14 ശതമാനത്തോളം മഴ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിനു മുമ്പുള്ള വേനൽമഴയിൽ നിന്നുമാണ്. ശരാശരി 286 സെന്റി മീറ്ററോളമാണ് കേരളത്തിൽ ഒരു വർഷം ആകെ ലഭിക്കുന്ന മഴ.

വരൾച്ച മനുഷ്യനിർമിത ദുരന്തം

കാലാവസ്‌ഥാ വ്യതിയാനത്തോടൊപ്പം കൃഷിയെയും പരിസ്‌ഥിതിയെയും മറന്നുകൊണ്ടു നടത്തിയ വികസന പ്രവർത്തനങ്ങളുടെ കൂടി ദുരിതഫലമാണ് കേരളം ഇന്നനുഭവിക്കുന്ന കടുത്ത വരൾച്ച. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ നെൽവയലുകൾ വ്യാപകമായി നികത്തിയത് കേരളം നേരിടുന്ന ജലപ്രതിസന്ധിയും വരൾച്ചയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. വൻതോതിലുള്ള കുന്ന് ഇടിക്കലും മണ്ണ്–മണൽ ഖനനവും ജൈവവൈവിധ്യം പിഴുതെറിയുന്ന കരിങ്കൽ ക്വാറികളും വയൽ നികത്തലുകളുമെല്ലാം കേരളത്തിലെ നിത്യകാഴ്ചകളാണ്. 1975–76 ൽ കേരളത്തിൽ 8.76 ലക്ഷം ഹെക്ടർ സ്‌ഥലത്ത് നെൽകൃഷിയുണ്ടായിരുന്നു. 1980 കളുടെ ആരംഭത്തോടെ കേരളത്തിൽ നെൽകൃഷി സ്‌ഥലത്തിന്റെ വിസ്തൃതിയും നെല്ല് ഉത്പാദനവും കുത്തനെ ഇടിയാൻ തുടങ്ങി. 2014–15 ൽ ഇത് 1.98 ലക്ഷം ഹെക്ടർസ്‌ഥലത്തേക്ക് ചുരുങ്ങി. അനിയന്ത്രിതമായ വയൽ നികത്തൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും ജലസുരക്ഷയിലും ഒരു പോലെ ആഘാതമേൽപ്പിച്ചു. മൂന്നു പൂവും കൃഷി ചെയ്യുന്ന ഒരു ഹെക്ടർ നെൽവയലിൽ ഒരു വർഷം രണ്ടു കോടിലിറ്റർ വെള്ളം താഴുമെന്നാണ് കണക്ക്. ഇത് വലിയൊരളവിൽ ആഴത്തിലേക്ക് ഊർന്നിറങ്ങി ഭൂഗർഭജലത്തെ പരിപോഷിപ്പിക്കുന്നു. സംസ്‌ഥാനത്ത് ജലലഭ്യത ഉറപ്പുവരുത്താൻ ചുരുങ്ങിയത് അഞ്ചു ലക്ഷം ഹെക്ടർ സ്‌ഥലത്തെങ്കിലും നെൽകൃഷിക്കു വേണം. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും മഴവെള്ളം ഒഴുകി സമുദ്രത്തിൽ എത്തുന്നതിന്റെ വേഗം കൂട്ടിയിട്ടുണ്ട്.

മാസ്റ്റർപ്ലാൻ പെരുവഴിയിൽ

ഭൂഗർഭ ജലസ്രോതസുകളുടെ പുനരുജ്‌ജീവനത്തിനായി ഒരു മാസ്റ്റർപ്ലാൻ തയാറാക്കാൻ കേന്ദ്ര ഭൂഗർഭജലബോർഡ് സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള പ്രമുഖ സംസ്‌ഥാനങ്ങളൊന്നും തന്നെ മാസ്റ്റർപ്ലാൻ തയാറാക്കി നടപ്പാക്കാൻ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഭൂഗർഭ ജലസ്രോതസുകൾ കൃത്രിമമാർഗങ്ങളിലൂടെ പുനരുജ്‌ജീവിപ്പിക്കുന്നതിന് മിക്ക സംസ്‌ഥാനങ്ങൾക്കും പദ്ധതികളില്ലെന്നു മാത്രമല്ല ഭൂഗർഭജലസ്രോതസുകളുടെ അവസ്‌ഥയെക്കുറിച്ച് വ്യക്‌തമായ വിവരം പോലും അവരുടെ കൈവശമില്ല. രാജ്യത്തെ ഭൂഗർഭജലസ്രോതസുകളുടെ 89 ശതമാനവും ജലസേചനത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. കേന്ദ്ര ഭൂഗർഭ ജലബോർഡ് നടത്തിയ പഠനത്തിൽ 2006 നും 2016 നും ഇടയിൽ പഠനവിധേയമാക്കിയ കുഴൽക്കിണറുകളിൽ 66 ശതമാനത്തിലും ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഈ കാലയളവിൽ പഠനവിധേയമാക്കിയ 1240 കുഴൽക്കിണറുകളിൽ 63 ശതമാനത്തിലും ഭൂഗർഭ ജലനിരപ്പ് 10 വർഷം കൊണ്ട് കുറഞ്ഞതായി കണ്ടെത്തി.

ഇന്ത്യ ഇരട്ടി വെള്ളം ഉപയോഗിക്കുന്നു

ചൈനയും അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ യൂണിറ്റ് ഭക്ഷ്യഉത്പാദനത്തിനും ഇന്ത്യ ഇരട്ടി വെള്ളം ഉപയോഗിക്കുന്നു. ഡ്രിപ്, സ്പ്രിംഗ്ളർ, മൈക്രോസ്പ്രിംഗ്ളർ തുടങ്ങിയ സൂക്ഷ്മജലസേചന രീതികൾ വ്യാപകമായി പ്രചരിപ്പിച്ച് ജലനഷ്ടം പരമാവധികുറയ്ക്കാനും കൂടുൽ വിളവ് ഉറപ്പാക്കാനുമുള്ള പദ്ധതികളും പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയുടെ കീഴിൽ നടപ്പാക്കുന്നുണ്ട്.

ഡോ. ജോസ് ജോസഫ്
പ്രഫസർ ആൻഡ് ഹെഡ് വിജ്‌ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ