ബഷീറിന്റെ പ്രേമലേഖനം
ബഷീറിന്റെ പ്രേമലേഖനം
Thursday, February 2, 2017 6:45 AM IST
പ്രണയത്തിനു പുതിയ ഭാഷ്യം രചിക്കുന്ന അനീഷ് അൻവർ സംവിധാനംചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.

ഫോർട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൽത്താഫ് മുഹമ്മദും പി.എം. ഹാരിസും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഫർഹാൻ ഫാസിലും സന അൽത്താഫുമാണ് ഈ ചിത്രത്തിലെകേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു പുതിയ താരജോഡിയെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുമ്പോൾ മുൻകാല താരജോഡികളായ മധുവും ഷീലയും ഈ ചിത്രത്തിലെ അതിശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശക്‌തമായി സാന്നിധ്യമുറപ്പിക്കുന്നു.

ജോയ് മാത്യുവാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എൺപതുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം അക്കാലത്തെ ആചാര രീതികളോട് ഏറെ പൊരുത്തപ്പെട്ടും ഒപ്പം അന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയുമാണ് അവതരിപ്പിക്കുന്നത്.


ഏറെ സരസമായ മുഹൂർത്തങ്ങളിലൂടെ ഒരു നാടിന്റെ മുഴുവൻ വികാരങ്ങളും ഒപ്പിയെടുക്കാനും ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഒരു പ്രേമലേഖനമുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. തികഞ്ഞ യാഥാസ്‌ഥിതിക വ്യവസ്‌ഥകളിലൂടെ നീങ്ങുന്ന കുന്നത്തു ഹുസൈൻ ഹാജിയുടെ മകൾ സുഹ്റയും ബഷീർ എന്ന യുവാവുമായുള്ള പ്രണയമാണ് ഒരു നാടിന്റെ മുഴുവൻ പ്രശ്നമായി മാറുന്നത്.
ഒരു നാട്ടിലെ ഒരു പൊതുവിഷയവുമായി ഈ പ്രണയം ബന്ധപ്പെടുകയും നാടിന്റെ പൊതുവികാരമായി മാറുകയും ചെയ്യുന്നു. ഫർഹാൻ ഫാസിലും സന അൽത്താഫുമാണ് ബഷീറിനെയും സുഹ്റയെയും അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വർഗീസ്, നെടുമുടി വേണു, ഹരീഷ് കണാരൻ, മണികണ്ഠൻ, രഞ്ജിനി ജോസ്, പൊന്നമ്മ ബാബു തുടങ്ങിയവരും അഭിനയിക്കുന്നു.

സഞ്ജയ് ഹാരിസ് ഛായാഗ്രഹണവും രഞ്ജിത് ടച്ച്റിവർ എഡിറ്റിംഗും നിർവഹിക്കുന്നു.
വാഴൂർ ജോസ്