സിനിമാ സംസ്കാരം മാറുമ്പോൾ
ഒരു ഫ്ളാഷ് ബാക്ക്

കോടമ്പാക്കത്തെ ഉമാലോഡ്ജിൽ നിന്നുയർന്ന നെടുവീർപ്പുകൾ നഷ്ടസ്വപ്നങ്ങളുടേതായിരുന്നു. പൊട്ടിച്ചിരികളാകട്ടെ നേടിയവരുടേതും. അതൊരു വലിയ ഭൂമികയായിരുന്നു. മനസിൽ നിറയെ സിനിമാസ്വപ്നങ്ങളുമായി മദ്രാസ് മെയിലിനു വണ്ടി കയറിയവർ. കോടമ്പാക്കത്തെ ലോഡ്ജുകളിൽ അവസരം ചോദിച്ച് അരവയർ പട്ടിണിയുമായി കിടന്നവർ. കഷ്ടപ്പാടുകൾ അവർക്കൊരു പ്രശ്നമേയല്ല. എങ്ങനെയും സിനിമയിൽ കയറിപ്പറ്റണം. അവരിൽ സംവിധായക മോഹമുള്ളവരുണ്ടായിരുന്നു. അഭിനയിക്കാനുള്ള അവസരം തേടിയവരുണ്ട്. പാട്ടുകാർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ.... ഇങ്ങനെ സ്വപ്നം പേറി ഒരു പറ്റം മനുഷ്യർ. അവരിൽ ചിലർ രക്ഷപ്പെട്ടു. പലരും ഈയാമ്പാറ്റകളായി പൊ ലിഞ്ഞു. കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും കുതികാൽവെട്ടിലൂടെയുമാണ് പലരും ഉന്നതങ്ങളിലെത്തിയത്. കാലം മാറി. മലയാളസിനിമ കോടമ്പാക്കം വിട്ടിട്ട് നാളുകളേറെയായി. പുതിയ കാലത്തിൽ സിനിമയുടെ രീതികളും നിയമങ്ങളും മാറിക്കഴിഞ്ഞു. ഇന്നു സിനിമയിലെത്തപ്പെടുക എന്നതു പഴയതുപോലെ ദുഷ്കരമല്ലാതായിരിക്കുന്നു. വ്യവസ്‌ഥാപിതമായ പല രീതികളും മാറിയപ്പോൾ അതിന് ഗുണവും ദോഷവും ഉണ്ടായി.

സിനിമാ സംസ്കാരം മാറുമ്പോൾ

സിനിമയുടെ സംസ്കാരം അപ്പാടെ മാറിക്കഴിഞ്ഞു. കുറേക്കാലമായി പതുക്കെ പതുക്കെ തുടങ്ങിയ മാറ്റം 2017–ൽ എത്തുമ്പോൾ ശക്‌തമാവുകയാണെന്നു പറയാം. പ്രമേയത്തിലും മേക്കിംഗിലും മാത്രമല്ല പരമ്പരാഗതമായുള്ള സിനിമ നിർമാണ രീതിയിലും കൂട്ടുകെട്ടിലുമെല്ലാം ഈ മാറ്റം പ്രകടമായിക്കഴിഞ്ഞു. എല്ലാ അർത്ഥത്തിലും യുവ തലമുറ സിനിമയെ കീഴടക്കി കഴിഞ്ഞു. അഭിനയത്തിലും സംവിധാനത്തിലും കാമറയിലും സംഗീതത്തിലും മറ്റു സാങ്കേതിക രംഗത്തുമെല്ലാം ഈ തലമുറ മാറ്റം നമുക്കു ദൃശ്യമാകും.

സംവിധായക നിരയിലെ മാറ്റം

നമ്മുടെ സീനിയർ സംവിധായകർ മിക്കവരും തന്നെ നിശബ്ദരായിക്കൊണ്ടിരിക്കുകയാണ്. ഹരിഹരൻ, ജോഷി, ഫാസിൽ, ഭദ്രൻ, പ്രിയദർശൻ, സിബിമലയിൽ, സത്യൻ അന്തിക്കാട്, ഷാജികൈലാസ്, കെ.മധു, തുടങ്ങി എൺപതുകളിലേയും തൊണ്ണൂറുകളിലേയും സംവിധായകരിൽ ഭൂരിഭാഗവും ഇന്നു സജീവമല്ല. പ്രിയദർശനും സത്യൻ അന്തിക്കാടും ജോഷിയുമൊക്കെ വല്ലപ്പോഴും സാന്നിധ്യമറിയിക്കുന്നതൊഴിച്ചാൽ സംവിധാന രംഗം പൂർണമായും പുതിയ തലമുറയിലേക്കു വന്നു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ സംവിധായക നിരയെടുത്താൽ പകുതിയും പുതുമുഖങ്ങളോ ഒന്നോ രണ്ടോ ചിത്രങ്ങൾ സംവിധാനം ചെയ്ത ന്യൂജൻ ഡയറക്ടർമാരോ ആണെന്നും കാണാം. ഇവരിൽ പലരും ആരുടേയും അസോസിയേറ്റായോ അസിസ്റ്റന്റായോ നിൽക്കാതെ സംവിധാനത്തിലേക്ക് എത്തിയവരും. അവിടെയാണ് സിനിമയുടെ കൾച്ചർ മാറുന്നതിന്റെ വ്യക്‌തമായ സൂചനകൾ ലഭിക്കുന്നത്.സംവിധായകൻ– സങ്കൽപങ്ങൾ മാറുന്നു

ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള യുവാക്കൾ സംവിധായകരായി വരുക എന്നതു മലയാളസിനിമയെ സംബന്ധിച്ച് കുറച്ചുനാൾ മുമ്പുവരെ ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഏറെ നാൾ ഒരു സംവിധായകനൊപ്പം അസിസ്റ്റന്റായും അസോസിയേറ്റായുമൊക്കെ നിന്ന് സ്വതന്ത്ര സംവിധായകനാകുമ്പേഴേക്കും വയസ് മുപ്പതിൽ അധികമാവും. ഏതെങ്കിലും സംവിധായകനൊപ്പം നിന്നു പണി പഠിച്ച് സ്വതന്ത്ര സംവിധായനാകുക എന്ന രീതിയിൽ നിന്ന് മനസിൽ സിനിമയുണ്ടെങ്കിൽ സംവിധായകനാകാം എന്ന അവസ്‌ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പക്ഷേ പുതുതായി വരുന്ന സംവിധായകരിൽ എത്രപേർ കാലിബർ തെളിയിക്കുന്നു എന്നതും കാണേണ്ടതുണ്ട്. കുറച്ചുപേർ തങ്ങളുടെ ക്രാഫ്റ്റ്മാൻഷിപ്പ് തെളിയിക്കുമ്പോൾ ഭൂരിഭാഗം പേരും പിന്തള്ളപ്പെടുകയാണ്
ഒരു വർഷം ഒരു സിനിമ

ഒരു വർഷം ഒരു സിനിമയിൽ കൂടുതൽ സംവിധാനം ചെയ്യുന്ന സംവിധായകർ ഇന്നില്ല. ഐ.വി.ശശിയേപ്പോലുള്ളവർ ഒരു വർഷം പത്തും പതിനഞ്ചും സിനിമകൾ ചെയ്തിടുത്തു നിന്നാണ് ഈ മാറ്റം. ഒരു സിനിമയിൽ നിന്നു തന്നെ തെറ്റില്ലാത്ത പ്രതിഫലം ലഭിക്കും. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രോജക്ട് രൂപപ്പെടുത്താൻ ഇവർക്ക് കൂടുതൽ സമയം ലഭിക്കും. ഒന്നിൽ കൂടുതൽ പ്രോജക്ടുകൾ ചിന്തിക്കാനോ അതു പ്രാവർത്തികമാക്കാനോ പുതിയ തലമുറയ്ക്ക് ആത്മവിശ്വാസമില്ലെന്നും കരുതേണ്ടിയിരിക്കുന്നു. കൂട്ടുകെട്ടിൽ നിന്നാണ് ഇന്നത്തെ സിനിമയുണ്ടാകുന്നത്. സെറ്റിലെ കാര്യസ്‌ഥൻ സംവിധായകൻ എന്ന പതിവിൽ നിന്നും മാറി ഒരുപറ്റം പേർ ഒരുമിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുകയാണ് ന്യൂ ജനറേഷന്റെ രീതി.


പ്രോജക്ട് വരുന്ന വഴി

വൻകിട ബാനറുകൾ, തഴക്കവും പഴക്കവുമുള്ള സംവിധായകർ, സൂപ്പർ താരങ്ങൾ ഇവരായിരുന്നു പണ്ട് സിനിമയുടെ നെടുംതൂൺ. ബാനറുകളും സംവിധായകരുമാണ് താരങ്ങളെ തീരുമാനിക്കുന്നതും പ്രോജക്ടിനു മുൻകൈയെടുക്കുന്നതും. സംവിധായകരാണ് എല്ലാറ്റിന്റെയും അവസാനവാക്ക്. നിർമാതാക്കൾക്കും സ്വാധീനമുണ്ടായിരുന്നു. ഈ രീതിയിലുള്ള പ്രോജക്ടുകൾ ഇന്നു വല്ലപ്പോഴും സംഭവിക്കുന്നതായി കഴിഞ്ഞു. ഇന്നു താരങ്ങളാണ് പ്രോജക്ടുകൾ രൂപപ്പെടുത്തുന്നത്. താരങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു സബ്ജക്ടുമായി ചെന്നാൽ അവർ തന്നെ നിർമാതാവിനേയും സംവിധായകനേയും മറ്റു താരങ്ങളേയുമൊക്കെ തീരുമാനിക്കുകയും പ്രോജക്ട് രൂപപ്പെടുകയും ചെയ്യും. ഒപ്പം താരങ്ങൾ തന്നെ സിനിമാ നിർമാണത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്നു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, നിവിൻപോളി, ജയസൂര്യ, കുഞ്ചാക്കോബോബൻ, ആസിഫ് അലി എന്നിവരെല്ലാം നിർമാണരംഗത്തും സജീവമാണ്.

പുതിയ താരങ്ങൾ, പുതിയ രീതികൾ

കഥാപാത്ര സൃഷ്ടിയിലും ഘടനയിലുമെല്ലാം കാര്യമായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ പകർന്നാടിയതുപോലുള്ള കഥാപാത്രങ്ങളല്ല ന്യൂജനറേഷൻ നായകന്മാരുടേത്. സ്വന്തം പരിമിതികൾ അറിഞ്ഞ് അതനുസരിച്ചുള്ള മേക്ക് ഓവറിലാണ് എല്ലാവരുടേയും ശ്രദ്ധ. നിവിൻപോളിയെപ്പോലുള്ളവർ ഡേറ്റ് നൽകുന്നത് അദ്ദേഹത്തിന്റെ ടീമിൽ പെട്ടവർക്കു മാത്രമാണ്. താരപുത്രൻമാരായ കാളിദാസനും പ്രണവുമൊക്കെ ശ്രദ്ധാപൂർവം കരുക്കൾ നീക്കി ഈ വർഷം രംഗത്തെത്തുകയാണ്.

കൂട്ടുകെട്ടുകൾ... പക്ഷേ

കൂട്ടുകെട്ടുകളിലൂലെയാണ് ഇന്നത്തെ സിനിമകൾ പിറവിയെടുക്കുന്നത്. പക്ഷേ ഇതെല്ലാം പ്രോജക്ടുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള കൂട്ടായ്മയ്ക്കപ്പുറം കാമ്പുള്ള ബന്ധങ്ങളും സഹകരണങ്ങളും ഇന്ന് സിനിമാ മേഖലയിൽ കുറഞ്ഞിരിക്കുന്നു. ഷൂട്ടിംഗ് സെറ്റിലെ അന്തരീക്ഷം തന്നെ മാറി. ഷോട്ടിന്റെ ഇടവേളകളിൽ കസേര ചുറ്റുമിട്ട് വെടിവട്ടം പറഞ്ഞിരിക്കുന്ന താരങ്ങളെ ഇന്ന് ഒരിടത്തും കാണാനില്ല. ഷോട്ട് കഴിയുമ്പോഴേ മുൻനിര താരങ്ങളെല്ലാം അവരവരുടെ കാരവാനിലെ സ്വകാര്യതയിലേക്ക് ഒളിക്കും. അവിടെ അവരുടെ മാത്രം ലോകം. തങ്ങൾക്കു വരുന്ന ഫോൺപോലും അറ്റൻഡ് ചെയ്യാനോ അതിനോട് പ്രതികരിക്കാനോ മിക്ക ന്യൂജൻ താരങ്ങൾക്കും താൽപര്യമില്ല.

അന്തരീക്ഷം അനുകൂലം

ഇതൊക്കെയാണെങ്കിലും സിനിമയ്ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇന്നുള്ളത്. കുറച്ചു താരങ്ങളിൽ ഒതുങ്ങി നിന്ന മലയാളസിനിമ ഇപ്പോൾ ഒട്ടേറെ താരങ്ങളുടെ ചുറ്റുമാണ്. മമ്മൂട്ടി മുതൽ നായക നിരയിൽ ഒടുവിൽ എത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണനു വരെ ഇവിടെ സ്പേസ് ഉണ്ട്. പക്ഷേ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൃഷ്ടിച്ചെടുത്ത താരസാമ്രാജ്യവും കരിസ്മയുമൊക്കെ പുതുതലമുറയിലെ എത്രപേർ നിലനിറുത്തും? പഴയ തലമുറയേക്കാൾ വളരെ പ്ലാനിംഗോടെ സേഫ് ആയി കരിയർ കൊണ്ടുപോകാനാണ് നിവിൻപോളിയും ദുൽക്കർ സൽമാനുമടക്കമുള്ള പുതുതലമുറ ശ്രമിക്കുന്നതെന്നു കാണാം. പുതിയ രീതികളിലൂടെ, സമീപനങ്ങളിലൂടെ ന്യൂ ജനറേഷൻ എത്രത്തോളം മുന്നേറുമെന്ന് കാലം തന്നെ തെളിയിക്കട്ടെ.

–ബിജോ ജോ തോമസ്