നെൽകൃഷി നടത്താം; വൈദ്യുതി കുറച്ച്
കേരളത്തിലെ നെൽപാടങ്ങളിൽ വെള്ളം വറ്റിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള പെട്ടിയും പറയുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിലവിലുള്ള പെട്ടിയും പറയും സമ്പ്രദായത്തിന്റെ ഡിസൈൻ നവീകരണത്തിലൂടെയും ഇത് പൂർണമായി മാറ്റി പകരം ഊർജക്ഷമതയുള്ള ലോഹെഡ് പമ്പുകൾ ഉപയോഗിച്ചും ചെലവ് കുറഞ്ഞ വിധത്തിൽ വെള്ളം വറ്റിക്കാം.

പരമ്പരാഗത പെട്ടിയും പറയും പമ്പിംഗ് സമ്പ്രദായത്തിൽ 40 സെന്റീമീറ്റർ വ്യാസമുള്ള പറയിൽ നിന്നും ജല ബഹിർഗമന പെട്ടിയുടെ ഭാഗവുമായി 90 ഡിഗ്രി എൽബോ ആകൃതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വെള്ളം പുറംതള്ളുന്ന പെട്ടിക്ക് 20 സെന്റിമീറ്റർ ഉയരവും 80 സെന്റീ മീറ്റർ വീതിയും നാലു മീറ്റർ നീളവുമാണുള്ളത്. ജല ബഹിർഗമന പറയുടെ വ്യാസം 40 സെന്റീമീറ്റർ വേണ്ടിടത്ത് ഉയരം 20 സെന്റീമീറ്റർ മാത്രമാണ്. അക്കാരണത്താൽ 300 ലിറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ പുറന്തള്ളാനാവുന്നത്.

പരമ്പരാഗത പെട്ടിയുടെയും പറയുടെയും ബഹിർഗമന ഭാഗമായ പെട്ടിയിൽ നേരിയ മാറ്റം വരുത്തിയാൽ 600 ലിറ്റർ വെള്ളം ഒരു സെക്കൻഡിൽ പുറന്തള്ളാൻ കഴിയുന്നു. അതിനായി പഴയ പെട്ടി മാറ്റി പകരം 40 സെന്റീമീറ്റർ വ്യാസമുള്ള ബെൻഡ് ഉപയോഗിച്ച് നവീനമാക്കിയാൽ വൈ ദ്യുതി ചെലവ് പകുതിയാക്കാം. ഇത്തരം സംവിധാനത്തിൽ വരമ്പിന്റെ മുകളിലൂടെ 40 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പിൽക്കൂടി പമ്പുചെയ്യുന്നതിനാൽ പെട്ടി ഉപയോഗിച്ചിരുന്ന സമയങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന മട വീഴ്ച ഒഴിവാക്കാം. അതിലൂടെ കൃഷിനാശം തടയാം. ഇത്തരം നവീന മാതൃകയിലുള്ള പെട്ടി യും പറയും വൈദ്യുതി ബോർ ഡിന്റെ ഊർജസംരക്ഷണ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ കുട്ടനാട് ചമ്പക്കുളം മാപ്പിളപ്പറമ്പിലെ 40 ഏക്കർ പാടത്ത് നിർമിച്ചിട്ടുണ്ട്.

ഊർജസംരക്ഷണ പ്രവർ ത്തനങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് കോട്ടയം ജില്ലയിലെ പള്ളം–പുഞ്ച നിലത്തിൽ പെട്ടിയും പറയും പൂർണമായും മാറ്റി കാര്യക്ഷമത കൂടിയ സബ്മേഴ്സിബിൾ പമ്പുകൾ സ്‌ഥാപിച്ചുകൊണ്ട് ഒരു പ്രാഥമിക പഠനം നടത്തി. പെട്ടിയും പറയും സമ്പ്രദായത്തിൽ 15 കുതിരശക്‌തി മോട്ടോർ ഉപയോഗിക്കുമ്പോൾ ഒരു സെക്കൻഡിൽ 26 ലിറ്റർ വെള്ളം പമ്പുചെയ്യുന്നതായാണ് കണ്ടത്. അതായത് പമ്പിന്റെ ക്ഷമത വെറും പത്തുശതമാനത്തിൽ താഴെ. പെട്ടിയും പറയും മാറ്റി 7.5 കുതിരശക്‌തിയുള്ള രണ്ട് സബ്മേഴ്സിബിൾ പമ്പുകൾ ഉപയോഗിച്ചപ്പോൾ ആറിരട്ടി വെള്ളം പമ്പുചെയ്യുന്നതായി കണ്ടെത്തി. ക്ഷമത ഏകദേശം 50 ശതമാനമായി വർധിച്ചു. തൃശൂർ കോൾ നിലങ്ങളിൽ 50 കുതിരശക്‌തിയുള്ള പെട്ടിയും പറയും മാറ്റി വെർട്ടിക്കൽ ടർബൈൻ പമ്പുകൾ സ്‌ഥാപിച്ചപ്പോഴും ആറിരട്ടി ജലം പമ്പുചെയ്യുന്നതായും തെളിഞ്ഞു. 2014–15 ൽ ചങ്ങനാശേരി, ആലപ്പുഴ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലെ 10 പാടശേഖരങ്ങളിൽ പെട്ടിയും പറയും മാറ്റി ഇത്തരത്തിലുള്ള ഊർജക്ഷമതയുള്ള പമ്പിംഗ് രീതി നടപ്പിലാക്കി. അതും വിജയകരമായി പ്രവർത്തിക്കുന്നു.കേരളത്തിൽ ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലായി ഉദ്ദേശം 2000 പരമ്പരാഗത പെട്ടി–പറ പമ്പുകൾ ഉണ്ട്. അവയുടെ മൊത്തശേഷി 70 മെഗാവാട്ടും പ്രതിവർഷ ഉപഭോഗം 10 കോടി യൂണിറ്റും ആണ്. നിലവിലുള്ള പെട്ടിയും പറയും സമ്പ്രദായം വളരെക്ഷമത കുറഞ്ഞവയാണ്. ക്ഷമത കൂടിയ പമ്പുകൾ ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാൻ കഴിയും. ഓരോ കൃഷിക്കും പെട്ടിയും–പറയും അറ്റകുറ്റപ്പണി നടത്തുന്നതിന് ഭീമമായ തുക ചെലവാക്കുന്നതും ഒഴിവാക്കാം.


കൃഷി ആവശ്യത്തിന് വെള്ളം ഉയരത്തിലേക്കു കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷനിൽ ശരാശരി 30 ശതമാനം മാത്രം കാര്യക്ഷമതയുള്ള 100 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുന്ന പമ്പുസെറ്റുകൾ കേരളത്തിൽ പ്രവർ ത്തിക്കുന്നുണ്ട്. അത്തരം പമ്പുകളുടെ സക്ഷൻ പൈപ്പും ഫുട്ട് വാൽവും ശാസ്ത്രീയമല്ല. മൂന്നിഞ്ച് പമ്പിന് നാലിഞ്ച് സക്ഷൻ പൈപ്പാണ് ഊർജക്ഷമതയോടെയുള്ള പ്രവർത്തനത്തിന് ആവശ്യം. ഫുട്ട് വാൽവിലൂടെ വെള്ളം തടസംകൂടാതെ കയറുന്നതിന് നൂറുശതമാനം തുറന്ന ഫുട്ട്വാൽവ് തന്നെ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ഘടിപ്പിച്ചിരിക്കുന്നവയിൽ 70 ശതമാനം മാത്രമേ തുറക്കാറുള്ളൂ.

ജനസംഖ്യ വർധിക്കുന്തോറും നെല്ലിന്റെ ആവശ്യം വർധിക്കുന്നു. എങ്കിലും നെൽകൃഷിയെ കരുതലോടെ പരിഗണിക്കുന്നില്ല. തൃശൂ ർ, മലപ്പുറം ജില്ലകളിലായി 14,000 ഹെക്ടർ പ്രദേശത്ത് തണ്ണീർത്തടങ്ങളായും നെൽപ്പാടങ്ങളായും പരന്നുകിടക്കുന്നതാണ് കോൾ നിലങ്ങൾ. വളരെയധികം ഫലഭൂയിഷ്ഠതയുള്ള കോൾ നിലങ്ങളിൽ വൻതോതിൽ വിളയിക്കാനാവുന്നതുകൊണ്ടാണ് കോൾ എന്നറിയപ്പെടുന്നത്. കോൾ നിലങ്ങൾ നിലയ്ക്കാത്ത ജലസ്രോതസാണ്. മഴ പെയ്താൽ കരവെള്ളം ഒഴുകിയെത്തുന്നതും ഇവിടെ സംഭരിക്കുന്നു. ഈ വെള്ളം ക്രമേണ മണ്ണിലേക്ക് കിനിഞ്ഞിറങ്ങി ഭൂർഗഭ ജലസ്രോതസിനെ ശക്‌തിപ്പെടുത്തുന്നുണ്ട്. കൃഷിയിറക്കുന്നതിനു മുമ്പ് വെള്ളം വറ്റിക്കുന്നതിനുള്ള പമ്പ് സെറ്റുകളുടെ കാര്യക്ഷമത കുറവ്, യന്ത്രവത്കരണത്തിന്റെ പോരായ്മ, കളകൾ, കീടങ്ങൾ എന്നിവയുടെ ആക്രമണം, മടവീഴ്ച തുടങ്ങിയവ കാരണം ഇവിടങ്ങളിലെ നെൽകൃഷി വളരെയധികം പ്രതിസന്ധികൾ നേരിടുകയാണ്. ഇതര സംസ്‌ഥാന കൃഷിയെ ആശ്രയിച്ചാണ് നമ്മുടെ പത്തായപ്പുരകൾ ഇപ്പോൾ നിറയുന്നത്. നവീന പമ്പിംഗ് സമ്പ്ര ദായം നടപ്പാക്കുന്നതോടെ കൃഷിച്ചെലവ് വൻതോതിൽ കുറയ്ക്കാൻ കഴിയുന്നു.നെന്മണിയിൽ 85 ശതമാനം കാർബോഹൈഡ്രേറ്റും 7–10 ശതമാനം പ്രോട്ടീനും രണ്ടു ശതമാനം കൊഴുപ്പും വിറ്റാമിൻ ഇ യും ബിയും അടങ്ങിയിട്ടുണ്ട്. അരിയിലെ തവിടിലെ വിറ്റാമിനും കൊഴുപ്പും അരിവെളുപ്പിച്ചാൽ നഷ്ടമാകും. നെൽകൃഷി എന്നാരംഭിച്ചുവെന്നതിന് വ്യക്‌തമായ രേഖകളില്ല. എന്നാൽ നെൽകൃഷി ചൈനയിൽ ആരംഭിച്ചതായിട്ടാണ് കരുതുന്നത്. കേരളത്തിൽ മാർച്ച്– ഏപ്രിൽ മാസത്തെ വേനൽമഴയോടെ വിത്തുവിതച്ച് സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ വിരിപ്പുകൃഷി നടത്തുന്നു. ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ വിത്തു വിതച്ച് നവംബർ–ഡിസംബർ മാസങ്ങളിൽ കൊയ്യുന്നതാണ് മുണ്ടകൻ കൃഷി. ഡിസംബർ–ജനുവരി മാസങ്ങളിലാണ് പുഞ്ചകൃഷി ആരംഭിക്കുന്നത്. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു. നെൽകൃഷിക്ക് കൈത്താങ്ങായി മാറുന്നതിന് നിലവിലുള്ള പെട്ടിയും പറയും സമ്പ്രദായം നവീകരിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്ത് പകരം ക്ഷമത കൂടിയ സബ്മേഴ്സിബിൾ, വെർട്ടിക്കൽ ടർബൈൻ പമ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. ഇങ്ങനെ നെൽകൃഷി ആദായകരമാക്കാം. ഫോൺ: തമലം വിജയൻ– 94470 13 990.

തമലം വിജയൻ
അസി. എൻജിനിയർ, ഊർജസംരക്ഷണ വിഭാഗം, വൈദ്യുതി ബോർഡ്, തിരുവനന്തപുരം.