അച്ചായൻസ്
അച്ചായൻസ്
Wednesday, February 8, 2017 5:50 AM IST
കൊച്ചിയിലെ അതിപുരാതനമായ തോട്ടത്തിൽ തറവാട്ടിൽ ഇപ്പോൾ പ്രധാനിയാണ് ടോണി വാവച്ചൻ. വർക്കി വാവച്ചന്റെയും ഏലിയാമ്മ വാവച്ചന്റെയും മകനായ ടോണിയുടെ ഇപ്പോഴത്തെ ജീവിതം എല്ലാ ദുശീലങ്ങളും അടങ്ങിയതാണ്. തികഞ്ഞ മദ്യപാനി. ഒരു ഉത്തരവാദിത്വവുമില്ലാതെ ആർഭാടമായി കഴിയുന്നു. ജ്യേഷ്ഠ സഹോദരൻ റോയ് തോട്ടത്തിൽ തറവാട്ടിലില്ല. അങ്ങുദൂരെ മറയൂരിൽ പ്ലാന്ററായി കഴിയുന്നു. വിവാഹം കഴിച്ചിട്ടില്ല. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന വിശ്വാസം നടപ്പിലാക്കി കഴിയുന്നു. അനിയൻ എബി തോട്ടത്തിൽ പി.സി. ജോർജിന്റെ കീഴിൽ തികഞ്ഞ രാഷ്ട്രീയ പ്രവർത്തകനായി വിലസുന്നു.

ടോണി സിവിൽ എൻജിനീയറിംഗ് കഴിഞ്ഞ് നിൽക്കുകയാണെങ്കിലും ഒരു ജോലിയും ചെയ്യാതെ മദ്യത്തിന്റെ അടിമയായി കഴിയുന്നു. സഹോദരങ്ങളുടെ ഈ തരികിട പരിപാടികൾക്കെല്ലാം റോയിയുടെ സഹകരണമുണ്ട്. ടോണിയെ രക്ഷപ്പെടുത്താൻ വീട്ടുകാർ കണ്ടുപിടിച്ച മാർഗം കല്യാണം കഴിപ്പിക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ടോണിയെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ജെസീക്ക. തനിക്കൊരു വിവാഹമുണ്ടെങ്കിൽ അതു ടോണിയുമായിട്ടായിരിക്കുമെന്ന പ്രതിജ്‌ഞയും എടുത്തിട്ടുണ്ട് ജെസീക്ക.



തോട്ടത്തിൽ തറവാട്ടിൽ ഒരു വിവാഹം നിശ്ചയിച്ചു. പക്ഷേ, പല കാരണങ്ങളാൽ അതു നടന്നില്ല. അതുമൂലമു ണ്ടായ വിഷമങ്ങൾ മാറ്റാനായി റോയ് ഒരു യാത്ര പ്ലാൻ ചെയ്യുന്നു. ടോണി, എബി, റോയ് എന്നിവർക്കൊപ്പം കൂട്ടുകാരനായ റാഫിയും യാത്രയിലുണ്ടായിരുന്നു. ഹൈറേഞ്ചിലേക്കായിരുന്നു യാത്ര. ഈ യാത്രയ്ക്കിടയിൽ രണ്ടു പെൺകുട്ടികൾ കടന്നുവരുന്നു. റീത്തയും പ്രയാഗയും. അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് അച്ചായൻസ് എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.


ആടുപുലിയാട്ടം എന്ന ചിത്രത്തിനുശേഷം കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന അച്ചായൻസ് എന്ന ചിത്രത്തിൽ റോയ് തോട്ടത്തിലായി ജയറാം അഭിനയിക്കുന്നു. ടോണിയായി ഉണ്ണി മുകുന്ദനും എബിയായി ആദിൽ ഇബ്രാഹിമും റാഫിയായി സഞ്ജു ശിവറാമും വേഷമിടുന്നു. റീത്തയായി അമലാ പോൾ, പ്രയാഗയായി അനു സിത്താര, ജെസീക്കയായി ശിവദ എന്നിവരുമെത്തുന്നു. ഒരു ഇടവേളയ്ക്കുശേഷം കാർത്തിക് വിശ്വനാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രകാശ് രാജുമെത്തുന്നു.

ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ. പത്മകുമാർ നിർമിക്കുന്ന അച്ചായൻസിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം സേതു എഴുതുന്നു.
എ.എസ്. ദിനേശ്