രക്ഷാധികാരി ബൈജു ഒപ്പ്
ബൈജു എന്നു പറഞ്ഞാൽ ഏതു ബൈജു എന്നു ചോദിച്ചേക്കാം. പക്ഷേ, രക്ഷാധികാരി ബൈജു എന്നാണ് പറയുന്നതെങ്കിൽ ഒരു സംശയവുമില്ല. സുപരിചിതനാണ്. കുമ്പളം ഗ്രാമത്തിൽ. ജനപ്രിയനാണ്. നാട്ടുകാരുടെയും പ്രത്യേകിച്ചു ചെറുപ്പക്കാരുടെയും എല്ലാ കാര്യത്തിലും മുന്നിലുണ്ടാകും. യുവജനതയുടെ ഹരമാണ് ബൈജു. അവരെക്കാൾ ഇരട്ടി പ്രായമുണ്ട്. വിവാഹിതനാണ്. ഭാര്യയും കുട്ടിയുമുണ്ട്. വീട്ടിൽ മാതാപിതാക്കളുണ്ട്. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ ജോലിയുണ്ടെങ്കിലും വല്ലപ്പോഴും പോയാൽ മതി.

ആ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് കുമ്പളം ബ്രദേഴ്സ് എന്ന ക്ലബ്. നാട്ടുകാരെല്ലാം ഈ ക്ലബ്ബിൽ പലതരം കളികളുമായി സജീവമാണ്. ഇവിടെയാണു സംഭവവികാസങ്ങൾ ഉടലെടുക്കുന്നതും പരക്കുന്നതുമെല്ലാം. ഈ ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയെല്ലാം നടത്തിപ്പുകാരനായി ബൈജു ഉണ്ടാകും. പലപ്പോഴും ചിന്തയും പ്രവർത്തിയും അസ്‌ഥാനത്താകുമെങ്കിലും ബൈജു ആ ഗ്രാമത്തിന്റെ ജീവനാണ്. രക്ഷാധികാരിയാണ്. ബൈജുവിന്റെ ഈ കുട്ടിക്കളി വീട്ടുകാർക്ക് ഇഷ്ടമില്ലെങ്കിലും ഉപദേശിച്ചിട്ടു കാര്യമില്ലെന്നു ബോധ്യമായി.

നന്മയും വിശുദ്ധിയും നിറഞ്ഞ, ജീവിക്കാൻ നന്നായി കഷ്ടപ്പെടുന്ന ആ നാട്ടുകാരുടെ മുന്നേറ്റത്തിനിടയിൽ ഒരിക്കൽ അവർ തിരിച്ചറിയുന്ന ഒരു യാഥാർഥ്യത്തിന്റെ മുന്നിൽ പകച്ചുനിന്നു. അവർക്കുമുന്നിൽ ഈ ബൈജു പ്രത്യക്ഷപ്പെട്ടു. അവരുടെ കൂട്ടായ്മയ്ക്കും കുടുംബജീവിതങ്ങൾക്കും കാലത്തിന്റെ പുത്തൻ അടയാളങ്ങൾ കടന്നുവരുമപോൾ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം. രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിൽ ബൈജുവായി ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ബിജു മേനോൻ തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായിട്ടാണ് പുത്തൻ രൂപഭാവത്തിൽ ബൈജുവായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.


വളരെ നർമത്തിലൂടെ നമ്മുടെ കാലികപ്രശ്നം ഈ ഗ്രാമത്തിലെ കൊച്ചുകൊച്ചു കുടുംബജീവിതങ്ങളിലൂടെ അവതരിപ്പുകയാണ് ഈ ചിത്രത്തിൽ. കുമ്പളം എല്ലാ ഗ്രാമങ്ങളുടെയും പ്രതിനിധിയാണ്. യഥാർത്ഥ വികസനമെന്താണെന്ന് സാധാരണക്കാരുടെ ജീവിതത്തിലൂടെ വളരെ സരസമായി അവതരിപ്പിക്കുകയാണ് രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിൽ.

അജു വർഗീസ്, ദീപക്, ഹരീഷ് കണാരൻ, ജനാർദ്ദനൻ, വിജയരാഘവൻ, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, ദിലീഷ് പോത്തൻ, അലൻസിയർ, മണികണ്ഠൻ പട്ടാമ്പി, സുനിൽ ബാബു, ഉണ്ണി രാജൻ പി. ദേവ്, വിജയൻ കാരന്തൂർ തുടങ്ങിയവർ അഭിനയിക്കുന്നു. ഹൺഡ്രഡ്ത് മങ്കി മൂവീസിന്റെ ബാനറിൽ അലക്സാണ്ടർ മാത്യു, സതീഷ് കോലം എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു.
എ.എസ്. ദിനേശ്