കെയർഫുൾ
ഒരു തികഞ്ഞ മർഡർ മിസ്റ്റററിയുമായി വി.കെ. പ്രകാശ് കടന്നുവരുന്നു. ചിത്രം കെയർഫുൾ. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

വൈഡ് ആംഗിൾ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് ബാലാജി, ജോർജ് പയസ് എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

കൊച്ചിൻ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യുവാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമം നിർവഹിച്ചു. നിർമാതാവ് ജോർജ് പയസ് ഫസ്റ്റ് ക്ലാപ്പു നൽകി.

ഒരു പത്രപ്രവർത്തകയുടെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം. ആ സംഭവം എങ്ങനെയാണ് അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്? എന്നിങ്ങനെയുള്ള അന്വേഷണമാണ് ഈ ചിത്രം.
പത്രപ്രവർത്തകയായ രചന ശ്രീനിവാസ് ഇന്റർവ്യൂ ചെയ്യാനായി തയാറായിരുന്ന ഒരു വ്യക്‌തി കൊല്ലപ്പെടുന്നു. ആ കുറ്റം രചനയിൽ ആരോപിക്കപ്പെടുന്നു.
സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള രചനയുടെ പരിശ്രമങ്ങളാണ് ഈ സിനിമ. അതിനു രചനയെ പ്രധാനമായും സഹായിക്കുന്നത് എസ്ഐ ജയകൃഷ്ണനാണ്. പ്രശസ്ത ക്ലാസിക്കൽ ഡാൻസറായ സന്ധ്യാ രാജുവാണ് രചന ശ്രീനിവാസിനെ അവതരിപ്പിക്കുന്നത്. എസ്ഐ ജയകൃഷ്ണനെ വിജയ് ബാബു അവതരിപ്പിക്കുന്നു. അജു വർഗീസ് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

അശോകൻ, ശ്രീജിത് രവി, സൈജു കുറുപ്പ്, മുകുന്ദൻ, കൃഷ്ണകുമാർ, വിനീത് കുമാർ, പാർവതി നമ്പ്യാർ എന്നിവർക്കൊപ്പം ജോമോൾ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബിഗ് സ്ക്രീനിലേക്കു വീണ്ടും കടന്നുവരുന്നു. രാജേഷ് ജയരാമന്റേതാണു തിരക്കഥ. ഗാനങ്ങൾ: രാജീവ് നായർ, സംഗീതം– അരവിന്ദ് ശങ്കർ. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും ബാബുരത്നം എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡ. കൺട്രോളർ– സജി ജോസഫ്. മാക്സ് ലാബ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്