ഓഫർ പെരുമഴ പ്രഖ്യാപിച്ചു ജിയോ
ഓഫർ പെരുമഴ പ്രഖ്യാപിച്ചു ജിയോ
Wednesday, February 22, 2017 6:31 AM IST
ന്യൂഡൽഹി: ജിയോ വരിക്കാർക്ക് ഉദാരനിരക്ക് പ്രഖ്യാപിച്ചു ചെയർമാൻ മുകേഷ് അംബാനി. നിലവിൽ ജിയോ ഉപഭോക്‌താക്കൾക്കു ലഭ്യമായിരിക്കുന്ന സൗജന്യ വോയിസ് കോളുകളും ഇൻറർനെറ്റ് ഡേറ്റാ പാക്കുകളും ഏപ്രിൽ ഒന്നോടെ അവസാനിക്കാനിരിക്കെയാണ് ചെയർമാൻ മുകേഷ് അംബാനി പുതിയ താരിഫ് പ്രഖ്യാപിച്ചത്.

ഇപ്പോൾ ജിയോ നൽകുന്ന എല്ലാ ഓഫറുകളും തുടർന്നും ലഭിക്കാൻ ഒരു മാസം 303 രൂപ നൽകണം. പുറമേ 99 രൂപ വൺ–ടൈം ജോയിനിംഗ് ഫീയായും നൽകണം.

ടെലികോം മേഖലയിലെ എല്ലാ സേവനദാതാക്കളെയും ഞെട്ടിച്ചു കൊണ്ടാണ് സൗജന്യ വോയിസ് കോൾ, ഡേറ്റ സൗകര്യം എന്നിവ വാഗ്ദാനം ചെയ്ത് ജിയോ ആറുമാസം മുന്പ് എത്തിയത്.


ജിയോ വരിക്കാരുടെ എണ്ണം 10 കോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. വെറും 170 ദിവസം കൊണ്ടാണ് പത്തു കോടി ഉപഭോക്‌താക്കൾ എന്ന ലക്ഷ്യം കടന്നത്.

കഴിഞ്ഞ 170 ദിവസങ്ങളിൽ ഒരു സെക്കൻഡിൽ ഏഴു വരിക്കാർ എന്ന കണക്കിലാണ് ജിയോ വളർന്നതെന്ന് അംബാനി പറഞ്ഞു. ഈ കാലയളവിൽ ഒരു ദിവസം 200 കോടി മിനിറ്റുകളാണ് ജിയോ നെറ്റ്വർക്കിൽനിന്നുള്ള വോയിസ് കോളുകളുടെ കണക്ക് – അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മറ്റേത് സേവന ദാതാക്കളെക്കാളും ഇരട്ടി 4 ജി ബേസ് സ്റ്റേഷനുകൾ ഉള്ളത് ജിയോയ്ക്കാണെന്നും അംബാനി പറഞ്ഞു.