കാർ വിപണിയിൽ കരുത്തറിയിച്ച് റെനോ–നിസാൻ കൂട്ടുക്കെട്ട്
കാർ വിപണിയിൽ കരുത്തറിയിച്ച് റെനോ–നിസാൻ കൂട്ടുക്കെട്ട്
Friday, February 24, 2017 6:28 AM IST
മുംബൈ: രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളിൽ മൂന്നാം സ്‌ഥാനത്തേക്ക് നിസാൻ–റെനോ കൂട്ടുകെട്ട്. ഇന്ത്യൻ കന്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്തള്ളിയാണ് ഇവർ മൂന്നാം സ്‌ഥാനത്ത് എത്തിയിരിക്കുന്നത്. ക്വിഡ്, റെഡ് ഗോ തുടങ്ങിയ കാറുകളുടെ വിൽപ്പനയാണ് നിസാൻ– റെനോ കന്പനിയെ മൂന്നാം സ്‌ഥാനത്തേക്ക് എത്തിച്ചത്.

അമേരിക്കൻ കന്പനി ഫോർഡ് അഞ്ചാം സ്‌ഥാനത്തേക്കും ഉയർന്നു. ഫോർഡിൻറെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോ സ്പോർട്ടിൻറെ ഡിമാൻഡ് ഉയർന്നതാണ് ഫോർഡിനെ അഞ്ചാം സ്‌ഥാനത്ത് എത്തിച്ചത്.

സിയാം പുറത്തു വിട്ട കണക്കനുസരിച്ച് റെനോ–നിസാൻ കന്പനിയുടെ ഉത്പാദനം 50 ശതമാനം ഉയർന്ന് മൂന്ന് ലക്ഷം കാറുകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിച്ചത്. ഇതോടെയാണ് അഞ്ചാം സ്‌ഥാനത്തുനിന്നു മൂന്നാം സ്‌ഥാനത്തേക്കു ഉയർന്നത്. എതിരാളിയായ മഹീന്ദ്രയ്ക്ക് അഞ്ച് ശതമാനം ഉത്പാദന വര്ധനയാണുണ്ടായത്.


2017ൽ ഡാട്ട്സൺ റെഡിഗോയുടെയും റെനോ ക്വിഡിൻറെയും ഉത്പാദനം ഉയർത്താനാണ് കന്പനി ഉദ്ദേശിക്കുന്നതെന്നും, ഇതിനു പുറമെ ഈ വർഷം പുതിയ മോഡലുകൾ പുറത്തിറക്കുമെന്നും റെനോ–നിസാൻ എംഡി കോളിൻ മക്ഡോണാൾഡ് അറിയിച്ചു.

2.42 ലക്ഷം കാറുകളാണ് ഫോർഡ് 2016ൽ നിരത്തിലെത്തിച്ചത്. ഇക്കോ സ്പോർട്ട്, ഫിഗോ, ആസ്പയർ തുടങ്ങിയ മോഡലുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഫോർഡിൻറെ ഉത്പാദനം 41 ശതമാനമായി ഉയർത്തിയത്.

2015–16ൽ ഇന്ത്യയിൽ മൊത്തത്തിൽ 34 ലക്ഷം കാറുകളാണ് ഉത്പാദിപ്പിച്ചത്. ഇതിൽ 6,53,889 കാറുകളുടെ കയറ്റുമതിയും ചെയ്തു.