വേണാടിന്റെ കൈയ്യൊപ്പുള്ള ചിക്കൻ
ലോകത്തു തന്നെ ആദ്യ പരീക്ഷണമാണ് കൊല്ലം കൊട്ടിയത്തെ ഇറച്ചിക്കോഴി വളർത്തുന്നവരുടെ കൂട്ടായ്മയായ വേണാട് പൗൾട്രി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടേത്. വേണാട് സിഗ്നേച്ചർ ചിക്കൻ എന്നപേരിൽ ഇവർ നൽകുന്ന ജീവനുള്ള ചിക്കനാണ് ഭക്ഷ്യോത്പാദന രംഗത്ത് പുത്തൻ ചരിത്രം സൃഷ്‌ടിക്കുന്നത്. ജൈവരീതിയിൽ വളർത്തുന്ന കോഴിയുടെ കാലിൽ സ്റ്റിക്കറിൽ ക്യുആർകോഡ് പതിപ്പിച്ചിരിക്കുന്നു ഇത് വാങ്ങുന്നവർക്ക്് തങ്ങളുടെ സ്മാർട്ട് ഫോണിലെ സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്താൽ മതി തങ്ങൾ വാങ്ങിക്കുന്ന കോഴിയെക്കുറിച്ചറിയാൻ. വളർത്തിയ കർഷകന്റെ കോഡ് നമ്പർ, വിലാസം, കോഴിക്കുഞ്ഞിനെ വാങ്ങിയ ഹാച്ചറിയുടെ പേര്, നൽകിയ തീറ്റ ഏത്, ആ ബാച്ചിലെ കോഴികളുടെ എണ്ണം, പ്രായം, ബാച്ച് നമ്പർ എന്നിവയാണ് കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്നതെന്ന് കമ്പനി ചെയർമാനും റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസറുമായ ഡോ. കെ. ചന്ദ്രപ്രസാദ് പറയുന്നു. നബാർഡിന്റെ ധനസഹായത്തോടെയാണ് കൊല്ലം ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. മറ്റു ജില്ലകളിൽ കമ്പനിയുമായിച്ചേർന്ന് ധനസഹായമില്ലാതെ കർഷകർക്ക് പദ്ധതിയിൽ പങ്കാളികളാകാം. കൊല്ലം ജില്ലയിൽ കമ്പനിക്കു കീഴിൽ 140 കർഷകരാണുള്ളത്. ജില്ലയ്ക്കാവശ്യമുള്ള ഇറച്ചി എത്തിക്കുക എന്നതാണ് ലക്ഷ്യം. കർഷകരുടെ ഇറച്ചി, ജില്ലയിൽ സ്‌ഥാപിക്കുന്ന 14 ഫ്രാഞ്ചൈസികൾ വഴിയാണ് വിൽക്കുന്നത്. അഞ്ചു മുതൽ 10 വരെ കർഷകരാണ് ഒരു ഫ്രാഞ്ചൈസിക്കു കീഴിലുള്ളത്.

കർഷകർക്ക് വളർത്താൻ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, വാക്സിൻ മുതലായവ കമ്പനി നൽകും. സൊയാബീൻ അടിസ്‌ഥാനമായ വെങ്കീസിന്റെയും ഗോദറജിന്റെയും സർട്ടിഫൈഡ് വെജിറ്റേറിയൻ തീറ്റയാണ് നൽകുന്നത്. ഹോർമോൺ, ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ്സ് എന്നിവ ഇല്ലാത്ത തീറ്റയാണ് കോഴികൾക്കു നൽകുന്നത്.

കോമർലായുടെയും വെങ്കീസിന്റെയും കോഴിക്കുഞ്ഞങ്ങളെയാണ് വളർത്താൻ നൽകുന്നത്. ക്യൂആർ കോഡ് സോഫ്റ്റ് വെയർ നിർമിച്ചിരിക്കുന്നത് തൃശൂർ തൈക്കാട്ടെ എൻഹോബ്സ് ആണ്. തങ്ങൾ പറയുന്ന മാനദണ്ഡങ്ങൾ അടിസ്‌ഥാനമാക്കിയാണോ കർഷകർ കോഴിവളർത്തുന്നതെന്നറിയാൻ കമ്പനിയുടെയും നബാർഡിന്റെയും കെവികെയുടെയും കർഷകരുടെയും ഒരു പ്രതിനിധി ഉൾപ്പെട്ട നാലംഗസംഘം ഫാം പരിശോധിക്കും. അതിനു ശേഷമാണ് കോഡ് നൽകുന്നത്. വളർത്തു ചെലവും ലാഭവും ചേർത്തുള്ള വിലയാണ് നൽകുന്നത്. വിപണിവിലയിലും 5–10 രൂപ കൂട്ടിയാണ് വിൽപന. സുരക്ഷിത ചിക്കൻ ഉപഭോക്‌താവിനും ന്യായവില കർഷകനും എന്നതാണ് ഇവരുടെ മുദ്രാവാക്യം. കൊട്ടിയം ജംഗ്ഷനിൽ നിക്സൺ ഗോമസ് ആദ്യ ഫ്രാഞ്ചൈസി ആരംഭിച്ചിട്ടുണ്ട്. മറ്റുള്ളവ ഉടൻതന്നെ തുടങ്ങാനാണ് തീരുമാനം.


മുട്ടക്കോഴിയും താറാവും

മുട്ടക്കോഴിവളർത്തലും താറാവുകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനി വിവിധ കാര്യങ്ങൾ ചെയ്യുന്നു. കോഴിമുട്ട ഉത്പാദനത്തിന് ബിവി 380 കോഴികളെയാണ് നൽകുന്നത്. സെമി ഓട്ടോമേറ്റഡ് രീതിയിലാണ് ഫീഡിംഗ്. കൂടുസഹിതം കോഴികളെ വളർത്താൻ നൽകുന്നു. അഞ്ചു കോഴിയും കൂടൂം 2750 രൂപയ്ക്കാണ് നൽകുന്നത്. 10 കോഴിയും കൂടും 4800, 25 കോഴിയും കൂടും– 9000, 50 കോഴിയും കൂടും–17000, 100കോഴിയും കൂടും– 33,000 എന്ന നിരക്കിലാണ് വിൽപന. 3000ത്തിൽ അധികം കോഴികളെ വാങ്ങിയാൽ മുട്ടഗ്രാമം പോലെ തീറ്റയും വാക്സിനും കമ്പനി തന്നെ നൽകും. മുട്ട വിപണനവും കമ്പനി നടത്തിക്കൊടുക്കും. കുട്ടനാട്ടിൽ പക്ഷിപ്പനി പടർന്നപ്പോൾ താറാവുവളർത്തൽ ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കാൻ കമ്പനി പദ്ധതി തയാറാക്കി. ഇതിനായി 40 സ്ക്വയർഫീറ്റും അഞ്ചടി ഉയരവുമുള്ള ചെയിൻ ലിങ്ക് കൂടും കൃത്രിമക്കുളവും ഒരു ഫ്രയ്മിൽ മാറ്റാവുന്ന രീതിയിൽ ഡിസൈൻ ചെയ്ത് 25 താറാവും സഹിതം 9500 രൂപയ്ക്ക് കമ്പനി നൽകുന്നു. മുട്ട, ഇറച്ചിത്താറാവുകളെ വളർത്താനായി നൽകുന്നുണ്ട്്. കൊട്ടാരക്കരയിലുള്ള ഹെഡ് ഓഫീസിലാണ് ക്യൂആർ കോഡിംഗ് നടത്തുന്നത്. ഡോ. ചന്ദ്രപ്രസാദ്– 8111884440.

ടോം ജോർജ്
ഫോൺ–93495 99023.