കർമശേഷി വർധിപ്പിക്കാൻ കൊക്കോ
കഴിഞ്ഞ കാലങ്ങളിൽ പലരും കൈവിട്ട കൊക്കോ കാർഷിക മേഖലയ്ക്ക് ഉണർവായി പുനർജനിക്കുകയാണ്. സാമാന്യം നല്ലവില സ്‌ഥിരമായി ലഭിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ പരിചരണത്തിനുസരിച്ച് വിളവ് നൽകാനുള്ള കഴിവ്, റബറിനും തെങ്ങിനും യോജിച്ച ഇടവിള, എളുപ്പം വളർത്താം, അധ്വാനക്കുറവ്, വരുമാനം കുറഞ്ഞ കാലയളവിൽ വിളവു ലഭിക്കുന്നു മുതലായ ഗുണങ്ങൾ കൊക്കോയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

ഇന്ന് ചോക്ലേറ്റുകമ്പനികൾ മത്സരിച്ചു പരിപ്പു ശേഖരിക്കുന്നു. പല കയറ്റുമതി കമ്പനികളും കർഷകരിൽ നിന്നും പരിപ്പു ശേഖരിക്കുന്നതിന് ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. കൂടാതെ സ്വദേശി ചോക്ലേറ്റുകൾ കുടിൽ വ്യവസായമായും വളർന്നുകൊണ്ടിരിക്കുന്നു. ആഗോളതലത്തിലും ഉപഭോഗം വർധിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ കൊ ക്കോ ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് പ്രചരിപ്പിച്ചിരുന്നത്. എങ്കിലും ഹൃദയാഘാതം തടയുന്നതിനുള്ള പരമ്പരാഗത മരുന്നുകളുടെ സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണം കൊ ക്കോപാനീയത്തെ ഒരു അത്ഭുത ഭക്ഷണമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തെക്കേ അമേരിക്കയിലെ പനാമയിൽ, അമേരിക്കൻ ഇന്ത്യൻ വംശജരായ കുനാ ഗോത്രവർഗക്കാരുടെ ഇടയിൽ ഹൃദയാഘാതം, രക്‌തചംക്രമണരോഗങ്ങൾ എന്നിവ ഇല്ലത്രേ. കുനാ ഗോത്രത്തിലുള്ളവർ കൊക്കോ പാനീയം തലമുറകളായി ഉപയോഗിക്കുന്നവരാണ്. ഇത് കൊക്കോയുടെ ഔഷധ ഗുണത്തെക്കുറിച്ചുള്ള ഗവേഷണം ത്വരിതപ്പെടുത്തുകയും ആരോഗ്യദായക മികവ് തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ അറിവ് കൊക്കോയുടെ ഉപയോഗം വർധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. കുനാ ഗോത്രവർഗക്കാരെക്കുറിച്ച് പഠനം നടത്തിയ ക്രിസ് കിൽഹാമിന്റെ അഭിപ്രായത്തിൽ, വെള്ളം കഴിഞ്ഞാൽ ശരീരത്തിലേക്ക് സ്വീകരിക്കാവുന്ന ഭക്ഷണ പദാർഥങ്ങളിൽ ഏറ്റവും ഉത്തമമായത് കൊക്കോയാണ്. മനുഷ്യരെ ബാധിക്കുന്ന മാരകരോഗങ്ങൾ തടയാൻ കെൽപ്പുള്ളതാണിത്. അമൃതുപോലെയാണ് കൊക്കോ എന്നർഥം. കൊക്കോയുടെ ആവശ്യകത വർധിക്കുവാൻ ഇനിയെന്തുവേണം?

തെക്കേ അമേരിക്കയിലെ മായൻ ജനത 1000 ബി.സി. മുതൽ കൊക്കോ കൃഷിചെയ്തിരുന്നെന്നാണ് അനുമാനം. ഇവർ കൊക്കോ ദൈവിക ഭക്ഷണമായി കരുതി. ഒരു നാണയമായി ഉപയോഗിക്കുകയും ചെയ്തു. കൊക്കോ പാനീയം കണ്ടുപിടിച്ച മായൻ ജനതയുടെ വൈഭവം സമ്മതിച്ചു കൊടുത്തേ പറ്റൂ. ഏതോ ദേവൻ ഈ രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു എന്നു തോന്നും. ഈ ഭൂഖണ്ഡം ആദ്യമായി കണ്ടുപിടിച്ചത് കൊളമ്പസ് ആണെങ്കിലും പിന്നീട് എത്തിച്ചേർന്ന കോർട്ടസ് എന്ന സ്പാനീഷുകാരനാണ് കൊക്കോ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും പ്രചരിപ്പിച്ചത്.

ഇതുവരെ പഠനം നടത്തിയിട്ടുള്ള സസ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആന്റി ഓക്സിഡന്റുകൾ (621 എണ്ണം) കൊക്കോയിലടങ്ങിയിരിക്കുന്നു. ഇതിലുള്ള പോളിഫീനോൾ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനാൽ പ്രായാധിക്യത്തെ ചെറുക്കുന്നു. കൂടാതെ ഹാനികരമായ ചീത്ത കോളസ്റ്ററോളിന്റെ (എൽഡിഎൽ) ഓക്സീകരണം കുറയ്ക്കുകയും കൊറോണറിരോഗം, ഹൃദയസ്തംഭനം, സട്രോക്ക് എന്നിവയുണ്ടാകാതെ കാക്കുകയും ചെയ്യുന്നു. രക്‌തത്തിലുള്ള പ്ലേറ്റുലെറ്റുകൾ കൂടിച്ചേരാതെ തടയുന്നതിനാൽ രക്‌തം കട്ടപിടിക്കുന്ന ആർടീരിയോ സ്ലീറോസിസ് മുതലായ രോഗങ്ങൾ വരാതെ നിയന്ത്രിക്കുന്നു. രക്‌തം കട്ടപിടിക്കാതിരിക്കുന്നതിന് ഉപയോഗിക്കുന്ന ആസ്പിരിനു തുല്യമാണ് കൊക്കോയുടെ പ്രവർത്തനം. ആസ്പിരിൻ ആമാശയത്തിൽ രക്‌തസ്രാവം ഉണ്ടാക്കുമെന്നും കൂടി അറിയുമ്പോൾ കൊക്കോയുടെ പ്രാധാന്യം മനസിലാകും. രക്‌തസമ്മർദ്ദം കുറയ്ക്കുന്നു. കൊക്കോയിലുള്ള മഗ്നീഷ്യവും (272ഗ്രാം/100ഗ്രാം) ഇതേ ഗുണം ചെയ്യുന്നു. മിതമായി സ്‌ഥിരതയോടെ കൊക്കോ കഴിച്ചുകൊണ്ടിരുന്നാൽ രക്‌തധമനികൾ തടസങ്ങളില്ലാതെ പ്രവർത്തനക്ഷമമായിരിക്കും. പ്രമേഹരോഗികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.


കൊക്കോ ‘ബുജി’ കളുടെ പാനീയം

കൊക്കോ അനിതരസാധാണമായ ഊർജസ്വലത ദിവസം മുഴുവൻ പ്രദാനം ചെയ്യും. അലസതയും, വിരസതയും ഇല്ലാതാക്കി എപ്പോഴും പ്രവർത്തന നിരതരായിരിക്കാൻ അത്യുത്തമമാണ്. പ്രത്യേകിച്ചും ബുദ്ധിപരമായ ജോലി ചെയ്യുന്നവർക്ക് (വിദ്യാർഥികൾ, അദ്ധ്യാപകർ, ഗവേഷകർ, ഓഫീസ് ജോലിക്കാർ മുതലായവർ) ജോലിക്കാരുടെ കർമശേഷി വർധിപ്പിക്കുവാൻ രാവിലെ ചായയിൽ ഒരു ടീസ്പൂൺ കോക്കോപൊടി ചേർത്തു കഴിച്ചാൽ മതി. തലച്ചോറിനെ ഉദ്ദീപിപ്പിക്കും.

കൊക്കോയുടെ അതിവിശിഷ്ടമായ ഒരു സ്വഭാവസവിശേഷതയെക്കുറിച്ച് ഇനി പ്രതിപാദിക്കാം. കൊക്കോയ്ക്കു മാത്രം അവകാശപ്പെടാവുന്ന ഒരു രാസവസ്തുവാണ് ഫീനൈൽ ഈതൈൽ അമൈൻ ഇത് തലച്ചോറിൽ പ്രവർത്തിച്ച്, സിറോടോണിൻ, എഫെഡ്രിൻ, ആനന്ദാമൈഡ് എന്നീ രാസവസ്തുകൾ ജനിപ്പിക്കും. സിറോടോണിൻ മാനസിക സംഘർഷം ചെറുക്കുന്നതിനും, ശാന്തത കൈവരിക്കുന്നതിനും, ആശങ്കകളെ അകറ്റി ശുഭാപ്തി വിശ്വാസം പ്രദാനം ചെയ്യുന്നതിനും ഉപകരിക്കുന്നു. എഫെഡ്രിൽ ലൗ ഹോർമോൺ എന്നാണ് അറിയപ്പെടുന്നത്. ഈ രാസവസ്തു മനസിൽ ആർദ്രത, റൊമാൻസ്, കരുതൽ, സ്നേഹം, വാത്സല്യം എന്നിവ ഉളവാക്കും. ലൈംഗിക ശേഷി വർധിപ്പിക്കും. ആനന്ദമൈഡ് എന്ന വസ്തു സ്വർഗീയ ആനന്ദം നൽകുമത്രേ. മേൽപറഞ്ഞ അനുഭവങ്ങൾ ആവശ്യമുള്ളവർ ഔഷധത്തിനുള്ള തോതിൽ കൂടുതലായി കഴിക്കണം. ഓരോരുത്തരുടേയും തോത് ശരീരതൂക്കത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, സ്വയം പരീക്ഷിച്ചു പറ്റിയ തോത് സ്വന്തമായി കണ്ടുപിടിക്കണം. പക്ഷെ കൂടിയ തോത് സ്‌ഥിരമായി കഴിക്കാതെ ഇടവേളകൾ നൽകി ആവശ്യാനുസരണം കഴിക്കണം. എന്തായാലും മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ കൊക്കോയ്ക്കില്ലാത്തതിനാൽ മാനസിക സംഘർഷം നേരിടുന്നവർ ഇവയ്ക്കുപകരം കൊക്കോ പാനീയം കഴിച്ച് ആശ്വാസം കണ്ടെത്തുക.
(തുടരും). ഫോൺ– പി.എ. മാത്യു–04862– 288202

പി. എ. മാത്യു
പ്രിൻസിപ്പൽ സയന്റിസ്റ്റ് (റിട്ട), ഐസിഎആർ