കംപ്യൂട്ടർ കാര്യസ്‌ഥന്മാർഇനി എഴുതിച്ചോദിക്കും
കംപ്യൂട്ടർ കാര്യസ്‌ഥന്മാർഇനി എഴുതിച്ചോദിക്കും
Wednesday, March 8, 2017 3:26 AM IST
ഡിന്നർ കഴിക്കാനിരിക്കുമ്പോൾ ഒരു പ്രത്യേക പാട്ടുവേണമെന്ന് ആവശ്യപ്പെടാം, കിടപ്പുമുറിയിലേക്കു കടക്കുമ്പോൾ അത്ര വെളിച്ചം വേണ്ട എന്നു വിളിച്ചുപറയാം, ഹോട്ടലിൽ ഇഷ്‌ടഭക്ഷണം ഓർഡർചെയ്തു വരുത്താം, പാചകം ചെയ്യുമ്പോൾ കൃത്യസമയം അലാം വയ്ക്കാം... കംപ്യൂട്ടർ കാര്യസ്‌ഥൻ ഇതെല്ലാം വളരെ എളുപ്പത്തിൽ ചെയ്യും. അതെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഹോം അസിസ്റ്റൻറുമാർ വലിയ കൈത്താങ്ങാണ്. ആമസോൺ അലക്സ, ഗൂഗിൾ ഹോം അസിസ്റ്റ് എന്നിവയ്ക്കുള്ള ജനപ്രീതി തെളിയിക്കുന്നതും അതാണ്. നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ലെങ്കിലും ആമസോൺ അലക്സ ഡിവൈസുകൾ 1.10 കോടി എണ്ണം വിറ്റുപോയിട്ടുണ്ടെന്നറിയുന്പോൾ അതു കൂടുതൽ വ്യക്‌തമാകും.

എന്നാൽ ഈ കാര്യസ്‌ഥന്മാർക്കു ചില പോരായ്മകളുണ്ട്. അവ എങ്ങനെ മറികടക്കാമെന്ന ചിന്തയിലാണ് കന്പനികൾ. എക്സ്ട്രാ ഫീച്ചറുകൾ കൂട്ടിച്ചേർത്ത് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമം തുടരുകയാണ് അവർ. സ്വകാര്യത എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചാണ് കൂടുതലും പരീക്ഷണങ്ങൾ നടക്കുന്നത്. എല്ലായ്പ്പോഴും കണ്ണും കാതും തുറന്നിരിക്കുന്ന തരത്തിലുള്ളതാണല്ലോ ഈ ഡിവൈസുകൾ.


സ്പീക്കർഫോൺ വഴിയാണ് ഇവയുടെ പ്രവർത്തനം എന്നതിനാൽ അല്പം മന്ദതയുള്ളതും മറികടക്കാൻ ശ്രമമുണ്ട്. ഉദാഹരണത്തിന് ഉച്ചഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കുന്നുവെന്നു കരുതുക. അതാവശ്യപ്പെട്ടാൽ ഉടൻ ഡിവൈസ് അടുത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് എണ്ണമിട്ടു പറയും. നമുക്കിഷ്‌ടമുള്ളതു പറയുന്നതുവരെ കാത്തുനിൽക്കണം. അതേസമയം ഒരു ലിസ്റ്റ് എഴുതിക്കാണിച്ചാൽ അതിൽനോക്കി തെരഞ്ഞെടുക്കാൻ എളുപ്പമാണുതാനും. അതുകൊണ്ടുതന്നെ ഈ ഡിവൈസുകളിൽ സ്ക്രീനുകൾ കൂട്ടിയിണക്കാനുള്ള ശ്രമവും കന്പനികൾ നടത്തുന്നു.

ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന തേഡ് പാർട്ടി ആപ്പുകളുടെ കാര്യത്തിലും പുരോഗതിയുണ്ട്. കഴിഞ്ഞ ആറുമാസംകൊണ്ട് ആപ്പുകൾ 950ൽനിന്ന് 8,000 ആയി വർധിച്ചു. ഇനി ഓരോ ആവശ്യങ്ങൾക്കും ആപ്പുകളുടെ സഹായംകൂടിയുണ്ടാകും.

കണക്ടിവിറ്റിയുടെ ലഭ്യതയും വേഗതയും കൂടുന്നതിനനുസരിച്ച് ഈ ഡിജിറ്റൽ കാര്യസ്‌ഥന്മാർ നമ്മുടെ നാട്ടിലും പ്രചാരത്തിലാകുമെന്നാണ് കരുതുന്നത്.

–വി.ആർ. ഹരിപ്രസാദ്