നാണംകെട്ട് മലയാള സിനിമ
മലയാളസിനിമാരംഗം ഇപ്പോൾ എല്ലാ അർത്ഥത്തിലും പ്രതിരോധ വലയത്തിലാണ്. സിനിമയുടെ ചരിത്രത്തിൽ ആദ്യമായ് ഒരു നടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന വാർത്തകളിലൂടെയാണ് കേരളസമൂഹം ഇപ്പോൾ കടന്നുപോകുന്നത്. കേസിലെ പ്രതികളെ പിടികൂടിക്കഴിഞ്ഞിട്ടും വിവാദങ്ങളും വാദപ്രതിവാദങ്ങളും അടങ്ങിയിട്ടില്ല. സിനിമാരംഗത്തിനാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവം ഈ മേഖലയിലെ ജീർണതകളിലേക്കും അരാജകത്വത്തിലേയ്ക്കും തന്നെയാണ് വിരൽ ചൂണ്ടുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കി.... സിനിമയിലെ ഭൂരിഭാഗവും ഇങ്ങനെയാണോ... അല്ല എന്നു തന്നെ പറയേണ്ടി വരും. ഒരു ചെറിയ ശതമാനം കാണിക്കുന്ന വൃത്തികേടുകൾ പക്ഷേ അറിഞ്ഞോ അറിയാതെയോ മൂടിവയ്ക്കപ്പെടുകയോ കാര്യമാക്കപ്പെടുകയോ ചെയ്യാതെ പോകുന്നതിൽ എല്ലാവർക്കുമില്ലേ ഉത്തരവാദിത്തം.

ക്രിമിനലുകൾ പലരും സിനിമാസെറ്റിൽ കാര്യസ്ഥ·ാരായി വിലസുന്പോൾ പലപ്പോഴും ഇവരുടെ യഥാർത്ഥ മുഖം തങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞൊഴിയാൻ ഇനി ഒരു സിനിമാക്കാരനും കഴിയില്ല. ചിലരെങ്കിലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുയും അവർക്ക് ചെല്ലും ചെലവും കൊടുത്തു വളർത്തുന്നുമില്ലേ.... ചോദ്യം സിനിമാ മേഖലയോടു തന്നെ. ഒരു ശുദ്ധികലശത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് സിനിമാരംഗത്തുള്ളവർ എടുക്കുന്നതെങ്കിൽ അവർ അതിന് വില കൊടുക്കേണ്ടി വരും. പ്രമുഖ നടിയുടെ തട്ടിക്കൊണ്ടു പോകൽ സംബന്ധിച്ച് സിനിമയിലെ എത്രയെത്ര പ്രമുഖരാണ് പഴികേട്ടത്. എത്ര പേരുടെ മനസമാധാനം പോയി. കെട്ടുകഥകളും അർത്ഥ സത്യങ്ങളും ഉൗഹാപോഹങ്ങളും ഒട്ടേറെ ഇവിടെ പ്രചരിച്ചു. പക്ഷേ പല യാഥാർഥ്യങ്ങളും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുമില്ല.

സിനിമയും സദാചാരവും

സിനിമയുടേയും സിനിമാ പ്രവർത്തകരുടേയും സദാചാര സംബന്ധിയായ വിഷയങ്ങൾ പൊതു സമൂഹത്തിന് എന്നും താൽപര്യമുള്ള വിഷയമാണ്. പലപ്പോഴും പൊടിപ്പും തൊങ്ങലുമൊക്കെ വച്ച സത്യങ്ങളും നുണകളുമൊക്കെ ഇവരേക്കുറിച്ച് പ്രചരിക്കാറുണ്ട്. സിനിമയെന്ന കലാരൂപം പോപ്പുലറായ കാലം മുതൽ ഈ പ്രവണതയുള്ളതാണ്. ഗോസിപ് എന്നു പറഞ്ഞ് സിനിമാക്കാർ അതിനെ തള്ളിക്കളയുകയും ചെയ്യും. പക്ഷേ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഇത്തരം ഗോസിപ്പുകൾക്കും അപവാദങ്ങൾക്കുമൊക്കെ മേലെ ഈ മേഖലയിലെ ചില പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ്. മൊത്തം സിനിമാക്കാരുടെ സദാചാരത്തിന് കോട്ടം തട്ടുന്ന രീതിയിൽ അവരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു സമീപകാല സംഭവങ്ങൾ.

ചരിത്രം തിരയുന്പോൾ...

മലയാളസിനിമാ ചരിത്രം തിരയുന്പോൾ സ്ത്രീവിരുദ്ധതയും ഇത്തരം പ്രവണതകളും പണ്ടു മുതലേയുള്ളതായി കാണാം. മലയാളത്തിലെ രണ്ടു പ്രമുഖ ബാനറുകളുടെ കുടിപ്പകയുടെയും മൽസരത്തിന്േ‍റയും ഇരയായിരുന്നു എഴുപതുകളുടെ ഹരമായിരുന്ന വിജയശ്രീ. വിജയശ്രീയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇന്നത്തേതുപോലെ വാർത്താമാധ്യമങ്ങൾ ശക്തമല്ലാതിരുന്ന ഒരുകാലത്ത് എല്ലാം മൂടിവയ്ക്കപ്പെടാനും കുഴിച്ചു മൂടാനും വളരെയെളുപ്പമായിരുന്നു. സിനിമയിൽ അവസരം തേടി ചതിക്കുഴിയിൽ വീണ് ജീവിതം നഷ്ടപ്പെട്ട എത്രയെത്ര പെണ്‍കുട്ടികളുടെ കദനകഥകൾ സിനിമാ ഭൂമികയ്ക്ക് പറയാനുണ്ട്. പഴയകാലത്ത് പലതും കുഴിച്ചുമൂടപ്പെട്ടു. മലയാളസിനിമ കോടന്പാക്കത്ത് ചുറ്റിക്കറങ്ങിയ ആ സമയത്ത് കേരളസമൂഹത്തിൽ സിനിമാ മേഖല അത്രയുമൊരു ചർച്ചാവിഷയുമായിരുന്നില്ല. ഇന്നു സ്ഥിതി മാറി. സിനിമ പൂർണമായും കേരളത്തിലാണ്. ഇവിടുത്തെ ഏതു മുക്കിനും മൂലയിലൂം ഷൂട്ടിംഗുകൾ. കുറെയധികം പേർ സിനിമയുടെ വിവിധ മേഖലകളിൽ പണിയെടുക്കുന്നു. സ്വാഭാവികമായും പൊതു സമൂഹവും മീഡിയായും ഈ രംഗത്തേയ്ക്ക് കണ്ണും കാതും കൂർപ്പിക്കുകയാണ്.

സിനിമാ സെറ്റിന്‍റെ വൈവിധ്യം

വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുമുള്ളവർ ഒന്നിച്ചു കൂടുന്ന സ്ഥലമാണ് സിനിമ. ഒരു ഷൂട്ടിംഗ് സെറ്റിൽ ഏതെല്ലാം ആൾക്കാരാണ് ഒത്തു കൂടുന്നതെന്ന് ഓർക്കണം. ഡ്രൈവർമാർ, പാചകക്കാർ, ലൈറ്റ് ബോയ്സ്, ജൂനിയർ ആർട്ടിസ്റ്റുകൾ, മേക്കപ്, കോസ്റ്റ്യൂം, സാങ്കേതിക പ്രവർത്തകർ, നടീനട·ാർ തുടങ്ങി ഒട്ടേറെ മേഖലകളിലുള്ള പല വിധ സ്വഭാവക്കാർ ഒരുമിച്ചു കൂടുന്ന സെറ്റിൽ നെല്ലും പതിരും തിരിച്ചറിയുക പ്രയാസമാണ്. സിനിമാ മേഖലയെ ആകെ കരിനിഴലിൽ നിറുത്തിയ ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ ഒരു ഡ്രൈവറാണ്. ഒരു ഡ്രൈവറിന്‍റെ ചരിത്രവും സദാചാരവുമൊകകെ പരിശോധിച്ചിട്ട് ജോലിക്കെടുക്കാനാവുമോ എന്ന മറു ചോദ്യമുണ്ട്. പക്ഷേ ഇപ്പോഴത്തെ പ്രതിയായ സുനി എന്ന ഡ്രൈവർ ഇതിനു മുന്പും ഇത്തരം പല ആരോപണങ്ങളിലും കുടുങ്ങിയ ആളാണ്. എന്നിട്ടും അയാൾ എങ്ങനെ സിനിമാ സെറ്റുകളിൽ സ്വാധീനമുള്ളവനായി? അവിടെയാണ് സിനിമാക്കാരിൽ ചിലരുടെയെങ്കിലും ഇത്തരക്കാരോടുള്ള മൃദുസമീപനം ഇവർക്ക് വളം വച്ചു കൊടുക്കുന്ന രീതിയിലാകുന്നത്.


അടച്ചാക്ഷേപിക്കുന്നതിൽ അർത്ഥമില്ല

കേരളത്തെ നടുക്കിയ ഈ ക്രൂരകൃത്യം കൊണ്ടു മാത്രം സിനിമാ മേഖലയെ അടച്ചാക്ഷേപിക്കുന്നതിൽ അർത്ഥമില്ല. ഈ മേഖലയിൽ ചെറിയ ശതമാനം ആളുകൾ കാണിക്കുന്ന കൊള്ളരുതായ്മകൾ പക്ഷേ എല്ലാവരേയും ബാധിക്കുകയാണ്. ഇന്ന് സിനിമയെ പാഷനായി കൊണ്ടു നടക്കുന്ന ഒട്ടേറെ ചെറുപ്പക്കാരുണ്ട്. പുതിയ തലമുറയിലെ കഴിവുള്ള ചെറുപ്പക്കാർ ഇന്ന് സിനിമയുടെ വിവിധ മേഖലകളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. വിദ്യാഭ്യാസും സംസ്കാരവുമുള്ള നിരവധി ചെറുപ്പക്കാർ സാങ്കേതിക രംഗത്തും അഭിനയത്തിലുമെല്ലാം വന്നു കഴിഞ്ഞു. അങ്ങനെ മലയാളസിനിമ വളരെ നല്ല രീതിയിൽ മുന്നേറുന്ന സമയത്താണ് ഒരു ശതമാനം ആളുകൾ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ ഈ മേഖലയെ പ്രതിരോധത്തിലാക്കുന്നത്. പുതിയ സംഭവുമായ് ബന്ധപ്പെട്ട് സിനിമാ മേഖലയിലെ പലരുടേയും പേര് വലിച്ചിഴച്ച് ആനന്ദം കൊള്ളുന്നവരുമുണ്ട്. സത്യവുമായി അതിനൊന്നും ബന്ധമില്ലെങ്കിൽ അവരുടെ ഹൃദയത്തിൽ ഏറ്റ മുറിവ് ആരുണക്കും?

ന്യൂജൻ സിനിമാക്കാരും ആരോപണങ്ങളും

ന്യൂജൻ സിനിമാക്കാരിൽ ഒരു വിഭാഗം കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്ന രീതിയിൽ വ്യാപകമായ ഒരു പ്രചാരണം നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പൾസർ സുനിമാരെപ്പോലുള്ള ക്രിമിനലുകൾ ഇത്തരക്കാർക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നുവെന്നും ഈ മേഖലയിലുള്ളവർ തന്നെ അടക്കം പറയുന്നുണ്ട്. ഇതിനെക്കുറിച്ച് വസ്തു നിഷ്ഠമായ അന്വേഷണം ഇവിടുത്തെ അധികാരികൾ നടത്തേണ്ടതുണ്ട്. അന്തസായ രീതിയിൽ സിനിമാപ്രവർത്തനം നടത്തുന്ന ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോഴുണ്ട്. അതുകൊണ്ടു തന്നെ പുതിയ തലമുറ രംഗം കൈയ്യടക്കുന്നതിന്‍റെ അസൂയ കൊണ്ട് പഴയ തലമുറയിലെ സിനിമാക്കാർ പടച്ചു വിടുന്ന കഥകളാണ് ഇതെന്നും ഒരു വിഭാഗം പറയുന്നു. പക്ഷേ തീയില്ലാതെ പുകയില്ല എന്നു പറയുന്നതുപോലെ കുറച്ചുപേരെയെങ്കിലും ഇത്തരം പ്രവണതകൾ ബാധിച്ചിട്ടുണ്ട് എന്നു പറയേണ്ടിയിരിക്കുന്നു. ഭാവന ചിറകുമുളയ്ക്കാൻ അൽപം ലഹരി എന്ന മട്ടിൽ ഇതു ശീലമാക്കിയിരിക്കുന്ന ന്യൂജൻ സിനിമാക്കാർ ഉണ്ട് എന്നതു സത്യം തന്നെ. പണ്ട് ഒട്ടേറെ പ്രതിഭകൾ മദ്യത്തിന് അടിമകളായി കരിയറും ജീവിതവും നശിപ്പിച്ചെങ്കിൽ ഇന്നു പുതിയ ലഹരികൾക്ക് ന്യൂജൻ സിനിമയിലെ ചെറിയ വിഭാഗമെങ്കിലും അടിമകളായിക്കഴിഞ്ഞുവെന്നത് പരസ്യമായ രഹസ്യമാണ്.

സല്യൂട്ട്... പ്രിയ നായികേ...

എല്ലാം തുറന്നു പറയാനും പരാതിപ്പെടാനും തയാറായ ആ നടിയുടെ ധീരതയ്ക്ക് മുന്നിൽ സല്യൂട്ട്. ഇതൊരു വിപ്ലവത്തിന് തുടക്കമാകട്ടെ. മലയാളസിനിമയിലെ പല അനഭിലഷണീയമായ പ്രവണകൾക്കെതിരേയുള്ള പോരാട്ടത്തിന് ഇതു തുടക്കമാകട്ടെ. ഒട്ടേറെ സ്ത്രീകൾ ഇന്ന് ഈ രംഗത്തേക്കു കടന്നു വരുന്നുണ്ട്. പണ്ടൊക്കെ അഭിനയത്തിൽ മാത്രം ഒതുങ്ങി നിന്ന സ്ത്രീ സാന്നിധ്യം ഇന്നു സിനിമയുടെ വിവിധ മേഖകളിൽ കാണാം. അത്തരമൊരു പരിതസ്ഥിതിയിൽ ഈ നടിയുടെ നിലപാടിന് ഏറെ മാനങ്ങളുണ്ട്. എന്തും സഹിച്ചും ക്ഷമിച്ചും ഇന്നത്തെ സ്ത്രീകൾ ഈ രംഗത്തു പിടിച്ചു നിൽക്കാൻ തയാറല്ല എന്ന സന്ദേശമാണ് അവർ നൽകുന്നത്. ഒപ്പം പൃഥ്വിരാജിനെപ്പോലുള്ളവർ എടുക്കുന്ന നിലപാടുകളും അഭിനന്ദനമർഹിക്കുന്നു. സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയുള്ള സംഭാഷണങ്ങളും സീനുകളും ഇനി തന്‍റെ സിനിമയിലുണ്ടാകില്ലെന്ന് ഈ നടൻ ഉറപ്പു പറയുന്നു. ഇങ്ങനെ എല്ലാ രീതിയിലും ഒരു മാറ്റത്തിന് സിനിമാരംഗം തയാറെടുക്കേണ്ടിയിരിക്കുന്നു. സിനിമയുടെ എല്ലാ രംഗത്തും തന്നെ ചെറിയ ശതമാനമെങ്കിലും ന്ധസുനിമാർ’ വാഴുന്നുണ്ട്. അവരെ ഒറ്റപ്പെടുത്താനും പുതിയ സുനിമാരെ ഈ രംഗത്തേക്കു സ്വാഗതം ചെയ്യാതിരിക്കാനും ഇവിടുത്തെ സിനിമാ സംഘടനകളും കലാകാര·ാരും ജാഗരൂകരാകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇനിയും ഇതുപോലുള്ള നാണക്കേടുകൾക്കും കുറ്റകൃത്യങ്ങൾക്കും മുന്നിൽ മലയാളസിനിമ തലകുനിക്കേണ്ടി വരും.

-ബി.അപർണ