ഗിരീഷ് ഗംഗാധരൻ
കാമറ സ്ലോട്ട്

തിരക്കഥയ്ക്കുവേണ്ടി പശ്ചാത്തലമൊരുക്കുന്ന രീതി മാത്രമല്ല ഇന്നു സിനിമയിലുള്ളത്. മറിച്ച് ആരെയും ആകർഷിക്കുന്ന മനോഹര ദൃശ്യങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരക്കഥ എഴുതിയും സിനിമ നിർമിക്കാറുണ്ട്. ഒരുപക്ഷേ, ദീർഘദൂര യാത്രയ്ക്കിടയിലോ ഉൾവനങ്ങളിലൂടെയുള്ള സഞ്ചാരത്തിനിടയിലോ മാത്രം കാണാൻ സാധിക്കുന്ന കാഴ്ചകളാകാം ഇത്തരം ചിത്രങ്ങളിലുള്ളത്. സാധാരണക്കാർക്ക് അത്രയെളുപ്പം സാധ്യമാകാത്ത കാഴ്ചകൾ വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകർ അവ ഏറെ കൗതുകത്തോടെ സ്വീകരിച്ചു. യുവപ്രേക്ഷകരുടെ ന്ധപൾസ്’ മനസിലാക്കി ഇത്തരം ചിത്രമൊരുക്കിയ സംവിധായകർക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ അവസരം ലഭിച്ച യുവ ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാധരൻ.

ബാംഗളൂരിലുള്ള ഗവണ്‍മെന്‍റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ഗിരീഷ് കാമറയുടെ പ്രവർത്തനങ്ങൾ സ്വായത്തമാക്കിയത്. സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന റോഡ് മൂവിക്ക് കാമറ നിയന്ത്രിച്ചാണ് ഇദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.
സുഹൃത്തുക്കളായ കാസിയും സുനിയും കേരളത്തിൽനിന്ന് ബുള്ളറ്റിൽ ഒരു യാത്ര പോകുന്ന കഥയാണ് നീലാകാശത്തിന്േ‍റത്. മലയാളത്തിന്‍റെ അതിർത്തികൾ കടന്ന് തമിഴും തെലുങ്കും ഒറിയയും ബംഗാളിയും ആസാമുമൊക്കെ പിന്നിട്ടുപോകുന്ന ആ ചെറുപ്പക്കാരുടെ കണ്ണിലൂടെ പ്രേക്ഷകരും ചില പുതുമയുള്ള ദൃശ്യങ്ങൾ കാണുന്നു. പുരി ബീച്ച്, കൊണാർക്കിലെ സൂര്യക്ഷേത്രം, ബംഗാൾ, നാഗാലാൻഡ്... ആരെയും കൊതിപ്പിക്കുന്ന വിഷ്വലുകളിലൂടെ പ്രേക്ഷകർക്ക് സുന്ദരമായ ഒരു യാത്രാനുഭവം പകർന്നുനൽകിയ ഈ ചിത്രം, മലയാളസിനിമയ്ക്കു പുതിയൊരു പാത തുറന്നുനൽകുന്നതിൽ വിജയിച്ചു.

ജയിംസ് ആൽബർട്ട് ആദ്യമായി സംവിധാനം ചെയ്ത മറിയംമുക്ക് എന്ന ചിത്രമായിരുന്നു തുടർന്ന് ഗിരീഷ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം. ഫഹദ് ഫാസിലും സന അൽത്താഫുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊല്ലം തങ്കശേരി കടപ്പുറത്ത് ചിത്രീകരിച്ച മറിയംമുക്ക് ഗിരീഷിന്‍റെ ഛായാഗ്രഹണമികവ് വീണ്ടും തെളിയിച്ചു.


സമീർ താഹിർ സംവിധാനം ചെയ്ത കലിക്കുവേണ്ടിയായിരുന്നു തുടർന്ന് ഗിരീഷ് കാമറ നിയന്ത്രിച്ചത്. നിയന്ത്രണാതീതമായ കോപത്തിനുടമയായ സിദ്ധാർഥ്, ഇയാളുടെ ഭാര്യ അഞ്ജലി എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കാമറാ ഗിമ്മിക്കുകൾക്കൊന്നും ശ്രമിക്കാതെ കിടിലൻ നേർക്കാഴ്ചകളാണ് ഈ ചിത്രത്തിൽ ഗിരീഷ് കാണിച്ചുതരുന്നത്. ഉൗട്ടിയിലെ പൈൻമരക്കാടുകൾക്കിടയിലൂടെയുള്ള കാർ ചേസിംഗ് ചിത്രീകരിച്ച ഇദ്ദേഹത്തിന്‍റെ വൈദഗ്ധ്യം അഭിനന്ദനം അർഹിക്കുന്നു. ഇടവേളയ്ക്കുശേഷം റോഡ് മൂവിശൈലിയിലേക്കു ചിത്രം മാറിയപ്പോഴും ഏതു തരത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കത്തക്ക രീതിയിലായിരുന്നു ചിത്രീകരിച്ചത്.

ജോണ്‍ പോൾ ജോർജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗപ്പി എന്ന കൊച്ചുചിത്രം പ്രേക്ഷകർക്ക് ആസ്വാദ്യകരമായി അവതരിപ്പിച്ചതിൽ കാമറാമാനായ ഗിരീഷിനും ഗണ്യമായ പങ്കുണ്ട്. കേരളത്തിലെ കടലോര ഗ്രാമത്തിൽ ജനിച്ചുവളർന്ന ഗപ്പി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒരു കുട്ടിയുടെ കഥയാണ് ചിത്രത്തിൽ പറഞ്ഞത്.

ലിജോ ജോസ് പല്ലിശേരി സംവിധാനംചെയ്യുന്ന അങ്കമാലി ഡയറീസാണ് ഗിരീഷ് കാമറ നിയന്ത്രിക്കുന്ന പുതിയ ചിത്രം. 84 പുതുമുഖങ്ങളെ അണിനിരത്തി തയാറാക്കുന്ന ഈ ചിത്രവും ഏറെ പ്രത്യേകതകളുള്ളതാണ്. അങ്കമാലിയുടെ ഭാഷ, സംസ്കാരം, ഭക്ഷണരീതി, കലാരംഗം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയൊക്കെ ഈ ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുന്നുണ്ട്.

കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ ഗിരീഷ് കൊച്ചിയിലാണ് താമസിക്കുന്നത്. സിനിമകളുടെ തെരഞ്ഞെടുപ്പിൽ അതീവശ്രദ്ധ പുലർത്തുന്ന ഗിരീ ഷിന്‍റെ സിനിമയോടുള്ള ആവേശവും പ്രതിബദ്ധതയും ഇദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കുമെന്നു തീർച്ച.

തയാറാക്കിയത്: സാലു ആന്‍റണി