ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ആയ ലക്സസ് മൂന്നു പുതിയ വാഹന മോഡലുകളുമായി ഇന്ത്യയിലെത്തി. 1.09 കോടി രൂപ വരെ (എക്സ് ഷോറൂം) വില വരുന്ന വാഹനങ്ങളാണിവ. ഇന്നലെ രാജ്യത്ത് അവതരിപ്പിച്ച ആർഎക്സ് ഹൈബ്രിഡ് മോഡലിന് 1.07 കോടി രൂപയും ആർഎക്സ് എഫ് സ്പോർട് ഹൈബ്രിഡ് മോഡലിന് 1,09 കോടി രൂപയും ഇഎസ് 300എച്ച് ഹൈബ്രിഡ് സെഡാൻ മോഡലിന് 55.27 ലക്ഷം രൂപയുമാണ് വില.

കന്പനിയുടെ ടോപ് എൻഡ് എസ്യുവിയായ എൽഎക്സ് 450ഡി അവതരിപ്പിച്ചെങ്കിലും വില പുറത്തുവിട്ടില്ല. അടുത്ത വർഷം മുതൽ അഞ്ചാം തലമുറ ലക്സസ് എൽഎസ് മോഡലും ഇന്ത്യയിൽ വിൽപനയ്ക്കെത്തും.


ആഡംബര വാഹനങ്ങൾക്ക് രാജ്യത്ത് വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ടൊയോട്ട ലക്സസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിലെ ടൊയോട്ടയുടെ ഉപയോക്താക്കൾക്കായി അനുയോജ്യ സമയത്താണ് ലക്സസ് എത്തിക്കുന്നതെന്ന് ഇൻറർനാഷണൽ പ്രസിഡൻറ് യോഷിഹിറോ സാവ പറഞ്ഞു.

ഇപ്പോൾ ഈ മോഡലുകൾ ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. വിപണിയിലെ സാധ്യത കണക്കിലെടുത്ത് വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.