കരിന്പിന്‍റെ ജനിതക കലവറയൊരുക്കി കണ്ണൂർ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കരിന്പ് കൃഷി വ്യാവസായി കാടിസ്ഥാനത്തിൽ നടക്കുന്നില്ലെങ്കിലും കരിന്പിന്‍റെ ലോകോത്തര ജനിതക ശേഖരം കേരളത്തിലുണ്ടെന്ന കാര്യം അധികമാർക്കുമറിയില്ല. കണ്ണൂരിൽ തുളിച്ചേരി എന്ന സ്ഥലത്താണ് കരിന്പിന്‍റെ ഏറ്റവും വലിയ അന്താരാഷ്ട്ര ജനിതകശേഖരമുള്ളത്. ഇവിടത്തെ ഷുഗർകേൻ ബ്രീഡിം ഗ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെന്‍ററിൽ 3373 വൈവിധ്യമാർന്ന കരിന്പിൻ ഇനങ്ങളാണ് സംരക്ഷിക്കുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായാണ് ഇവയെങ്കിലും സിഒ 62175, 86032 തുടങ്ങിയ കോയന്പത്തൂരിൽ വികസിപ്പിച്ച സങ്കരയിനം കരിന്പിൻ തൈകൾ അത്യാവശ്യക്കാർക്ക് നൽകുന്നുമുണ്ട്.

ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന കരിന്പിന്‍റെ എല്ലാ ഇനങ്ങളും കരിന്പുജനുസായ സക്കാരത്തിന്‍റെ മറ്റു സ്പീഷിസുകളോ അനുബന്ധ ജനുസുകളോ ഉൾപ്പെട്ടിട്ടുള്ള സങ്കരയിനങ്ങളാണ്. നമ്മുടെ രാജ്യത്ത് കരിന്പിലുള്ള ഗവേഷണം 1912 മുതൽ സജീവമാണ്. ഷുഗർകേൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിവച്ച ഗവേഷണം കരിന്പിന്‍റെ വിളവു വർധിപ്പിക്കാനും ഉത്പാദനത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കാനും സഹായിച്ചു. ഇതു സാധ്യമായത് ജനിതക ശേഖരം ഉണ്ടായിരുന്നതുകൊണ്ടാണ്.

കണ്ണൂരിലുള്ള ജനിതക ശേഖരത്തിൽ മുഖ്യമായും 757 വിവിധ തരത്തിലുള്ള സക്കാരം ഒഫീസിനാരവും, 145 സക്കാരം റോബസ്റ്റവും, 42 സക്കാരം ബാർബേറിയും, 30 സക്കാരം സൈനെൻസെയും, 384 സക്കാരം സ്പൊണ്ടേനിയവും ഉൾപ്പെടുന്നു. ഇതുകൂടാതെ 240 അനുബന്ധ ജനുസുകളിൽപ്പെട്ട ഇനങ്ങളും 130 ഇന്തോ- അമേരിക്കൻ സങ്കരയിനങ്ങളും 614 വിദേശ സങ്കരയിനങ്ങളും 1031 ഇന്ത്യൻ സങ്കരയിനങ്ങളുമാണുള്ളത്.

ഓരോ സങ്കരയിനത്തിനും പ്രത്യേക ഗുണങ്ങൾ ലഭിക്കുന്നത് പ്രകൃതിയിലെ ജനിതക വൈവിധ്യത്തിൽ നിന്നാണ്. കരിന്പിന് വിവിധ ഗുണങ്ങൾ ലഭ്യമാകാൻ സാധ്യതയുള്ള ജനിതക വൈ വിധ്യം വിശാലമാണ്. അതിനു കാരണം കരിന്പിന്‍റെ ജനിതക ഘടനയും വളരെ അകന്ന ബന്ധമുള്ള മറ്റു ചെടികളിൽ നിന്നു പോലും ജനിതക ഗുണങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവുമാണ്. ഉദാഹരണമായി കരിന്പിന്‍റെ ജനുസായ സക്കാരത്തിന്‍റെ മറ്റു നാലു സ്പീഷീസുകളിൽ നിന്നും അനുബന്ധ ജനുസുകളായ ഏരിയാന്തസ്, മിസ്കാന്തസ്, സ്ക്ളീ റോസ്റ്റാക്കിയ, നരംഗ, സ്വർഗം, സിയ എന്നിവയിൽ നിന്നു പോലും ക്രോമസോമുകളെ സ്വാംശീകരിക്കാൻ കഴിവുണ്ടെ ന്നതാണ്. അതുകൊണ്ട് കരിന്പിനെ സംബന്ധിച്ചിടത്തോളം ജനിതക ശേഖരത്തിന്‍റെ സമാഹരണവും ഉപയോഗവും മറ്റു വിളകളെക്കാളും പ്രാധാന്യം അർഹിക്കുന്നു.

സക്കാരം ഒഫീസിനാരം

ഈ സ്പീഷീസിലെ ഇനങ്ങളുടെ കാണ്ഡത്തിന് നല്ല ഭംഗിയും വണ്ണവുമുണ്ട്. വളരെ മൃദുവായ കാണ്ഡത്തോടുകൂടിയ, ജ്യൂസും മധുരവും കൂടുതലുള്ള ഇനം. അതുകൊണ്ടു തന്നെ ഇത് നോബിൾ കെയ്ൻ എന്നും കടിച്ചു തിന്നാൻ എളുപ്പമായതിനാൽ ച്യൂയിംഗ് കെയ്ൻ എന്നും അറിയപ്പെടുന്നു. പസഫിക് സമുദ്രത്തിലുള്ള ന്യൂഗിനിയ ദീപിൽ ഉത്ഭവിച്ചതിനാൽ ഇതിന്‍റെ ജനിതക വൈവിധ്യം ന്യൂ ഗിനിയയിലും സമീപത്തുള്ള ഇന്തോനേഷ്യ, മലേഷ്യ, ഫിജി എന്നീ ദ്വീപുകളിലുമാണുള്ളത്. ഈ സമാഹാരത്തിലുള്ള ഇനങ്ങളിൽ മിക്കതും പ്രാദേശിക പേരുകളിലാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ആബോ, ആഷി മൗറീഷ്യസ്, ബ്ലാക്ക് ഫിജി എന്നിങ്ങനെ. ഈ ഗ്രൂപ്പിലെ ഭൂരിഭാഗം ഇനങ്ങളും വിദേശങ്ങളിൽ നിന്നു സമാഹരിച്ചവയാണെങ്കിലും ചുരുക്കം ചില ഇനങ്ങൾ നമ്മുടെ രാജ്യത്തെ അടുക്കളത്തോട്ടങ്ങളിലും കാണുന്നു. വെള്ള, പൂവൻ, പൂന, രാംഗർഹ്, മഞ്ചരി റെഡ്, പക്കവേലി, പക്കവേലി സ്ട്രൈപ്ഡ്, തെല്ലച്ചെറുക്ക്, സഹ്റാൻപൂർ ബ്ലാക്ക്, ബ്ലാക്ക് കെയിൻ നാസിക്, പെനാങ്, ദേശി പൗണ്ട എന്നിവ ഇന്ത്യയിലെ ഇനങ്ങളാണ്. ഇവ ഇപ്പോൾ ജനിതക ശേഖരത്തിൽ സംരക്ഷിച്ചുവരുന്നു. ഈ ഇനങ്ങൾ ഉഷ്ണമേഖലാ പ്രദേശത്തു നന്നായി വളരും. പല ഇനങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും രോഗ-കീടാക്രമണങ്ങൾക്കും പ്രതിരോധ ശേഷി കുറഞ്ഞവയാണ്. അതിനാൽ ഇവയെ ജനിതക ശേഖരത്തിൽ സംരക്ഷിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടിവരുന്നു.

സക്കാരം റോബസ്റ്റം

സക്കാരത്തിന്‍റെ ഈ സ്പീഷീ സ് ഒരു വന്യ ഇനമാണ്. ഇതു ന്യൂഗിനിയനയിൽ തന്നെ ഉത്ഭവിച്ചു എന്നാണ് കരുതപ്പെടുന്നത്. സക്കാരം ഒഫീസിനാരം ഇതിൽ നിന്നുണ്ടായെന്നാണ് ശാസ്ത്രമതം. ഏതാണ്ട് 10 മീറ്റർ ഉയരത്തിൽ വളരുന്നവയാണെങ്കിലും ഇതിൽ പഞ്ചസാരയുടെ അളവും (>10%) നീരിന്‍റെ അളവും (>30%) കുറവാണ്. കാണ്ഡം വളരെ ഉറപ്പുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതും വെള്ളക്കെട്ടുള്ള പ്രദേശത്തു സാമാന്യം നന്നായി വളരുന്നതുമാണ്. വന്യ ഇനമാണെങ്കിലും അടുക്കളത്തോട്ടത്തിന്‍റെ വേലിയായി പസഫിക് ദ്വീപു സമൂഹങ്ങളിൽ വളർത്തുന്നു. ജനിതക ശേഖരത്തിലുള്ള ഈ സ്പീഷീസിന്‍റെ 145 ഇനങ്ങളും പസഫിക് ദ്വീപുകളിൽ നിന്നു സമാഹരിച്ചവയാണ്.

സക്കാരം ബാർബേറി

ബിസി 1000- എഡി 500 കാലഘട്ടത്തിൽ ന്യൂ ഗിനിയയിൽ നിന്നുവന്ന സക്കാരം ഒഫീസിനാരം ഇന്ത്യയിലെ സക്കാരം സ്പൊണ്ടേനിയവുമായി പ്രകൃതിദത്തമായി സങ്കരണം നടന്നാണ് ബാർബേറി ജ·മെടുക്കുന്നത്. കരിന്പിൽ ആദ്യകാലത്തു ഗവേഷണം നടത്തിയ ഡോ. സി.എ. ബാർബർ എന്ന ശാസ്ത്രജ്ഞന്‍റെ ബഹുമാനാർഥമണ് ഈ പേര് നൽകിയിരിക്കുന്നത്. ക്രോമസോമുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏതാണ്ട് നാല് ഇനങ്ങൾ ഈ സ്പീഷീസിലുണ്ട്. സന്നബയിൽ, മുൻഗോ, നർഗോ രി, സരിത എന്നിവയാണിവ. ഇന്നത്തെ സങ്കരയിനങ്ങൾ വരുന്നതിനുമുന്പ് ഉത്തരേന്ത്യയിൽ ഇവ കൃഷി ചെയ്തിരുന്നു. അതുകൊണ്ട് ഇതിനെ നോർത്ത് ഇന്ത്യൻ കെയിൻ എന്നും പറയാറുണ്ട്. ഇവ പൊക്കവും വണ്ണവും കുറഞ്ഞവയാണ്. മോശം കാലാവസ്ഥയിൽ വളരാൻ പ്രാപ്തിയുണ്ട്. രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. കൃഷിയിടത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്ന ഇവയുടെ 42 ഇനങ്ങൾ ജനിതക ശേഖരത്തിലുണ്ട്.


സക്കാരം സൈനെൻസെ

സക്കാരം ബാർബേറിയുടെ ഉത്ഭവ കാലഘട്ടത്തിൽ തന്നെയാണ് ചൈനയിൽ സക്കാരം സൈനെൻസെയുടെ ജനനവും. സക്കാരം ഒഫീസിനാരവും സക്കാരം സ്പൊണ്ടേനിയവും ചേർന്നുണ്ടായ പ്രകൃതിദത്തസങ്കരയിനം. ബാഹ്യപ്രകൃത്രിയിൽ സക്കാരം ബാർബേറിയോട് സാമ്യമുണ്ടെങ്കിലും അതിലും ഉയരവും വണ്ണവുമുണ്ട്. ഇത് വളരെ വ്യാപകമായി ചൈനയിൽ പണ്ടുകാലത്ത് കൃഷി ചെയ്തിരുന്നതും ഇപ്പോൾ നിലവില്ലാത്ത ഇനവുമാണ്.

സക്കാരം സ്പൊണ്ടേനിയം

സക്കാരം സ്പീഷീസുകളിൽ ഏറ്റവും അധികം ഭൂപ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഇനം. വന്യമായതും കുപ്രസിദ്ധിയാർജിച്ചതു മായ ഒരു കള കൂടിയാണിത്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ മുതൽ കിഴക്കു പസഫിക് സമുദ്രത്തിലെ ദ്വീപു സമൂഹങ്ങൾ വരെ നീണ്ടുകിടക്കുന്നതാണ് ഈ സ്പീഷീസിന്‍റെ ആവാസ വ്യവസ്ഥ. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വളരെ വ്യാപകമായി കണ്ടുവരുന്നു. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരാൻ കഴിവുള്ള ഈ സ്പീഷീസിനു കരിന്പിന്‍റെ സങ്കരയിനം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുണ്ട്. ഇന്ത്യയിൽ ഉണ്ടാക്കിയ ആദ്യത്തെ സങ്കരയിനമായ സിഒ-205 ന്‍റെ പിതാവ് കൂടിയാണിത്.

അനുബന്ധ ജനുസുകൾ

പുല്ല് വർഗത്തിലെ എരിയാന്തസ്, മിസ്കാന്തസ്, നരംഗ, സ്ക്ളീറോസ്റ്റാക്കിയ എന്നീ ജനുസുകളുടെ സമാഹാരമാണ് ഈ ഗ്രൂപ്പിൽപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കൂടുതലും ഏരിയാന്തസ് സ്പീഷീസുകളുടെ സമാഹാരമാണ്.

ഇന്ത്യൻ സങ്കരയിനങ്ങൾ

ഇന്ത്യയിൽ ഉണ്ടാക്കിയിട്ടുള്ള മിക്കവാറും എല്ലാ സങ്കരയിനങ്ങളും സിഒ സീരീസിലുള്ളവയാണ്. ഉദാഹരണത്തിന് സിഒ 205, സിഒ 99006, സിഒ 62175, സിഒ 86032 എന്നിങ്ങനെ. ഇതിൽ സിഒ പ്രതിനിധാനം ചെയ്യുന്നത്

കോയന്പത്തൂർ ഷുഗർ കെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. കരിന്പ് ഗവേഷണത്തിൽ ഒരു നൂറ്റാണ്ടു പിന്നിടുന്പോൾ മൂവായിരത്തിലധികം സങ്കരയിനങ്ങൾ ഷുഗർ കെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ജനിതകശേഖരത്തിലുള്ള ഇന്ത്യൻ സങ്കരയിനങ്ങളുടെ സമാഹാരത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് പല കാലഘട്ടങ്ങളിൽ വ്യാപകമായി ഇന്ത്യയിലും വിദേശത്തും കൃഷിചെയ്തിരുന്നതും ഇപ്പോൾ കൃഷിയിടങ്ങളിൽ കണ്ടു വരാത്തവയുമായ ഇന്ത്യൻ സങ്കരയിനങ്ങൾക്കാണ്.

വിദേശ സങ്കരയിനങ്ങൾ

640 വിദേശ സങ്കരയിനങ്ങളാണ് കണ്ണൂരിലുള്ള ജനിതക ശേഖരത്തിലുള്ളത്. ഇതിൽ ചരിത്രപ്രാധാന്യമുള്ളതും അതേസമയം പ്രകൃതിദത്തവുമായ സങ്കരയിനങ്ങളും വിദേശ രാജ്യങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയും സങ്കരയിനങ്ങളും ഉൾപ്പെടുന്നു. ഇരുപത്തിയേഴോളം രാജ്യങ്ങളിൽ നിന്നുള്ള 1031 ഇത്തരത്തിലുള്ള സങ്കരയിനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ, അർജന്‍റീന, ഫിജി, ഹവായി, ബാർബഡോസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇനങ്ങളുള്ളത്.

ജനിതകശേഖരത്തിന്‍റെ ലഭ്യത മാത്രമല്ല, അതിന്‍റെ ഗുണങ്ങളുടെ മൂല്യനിർണയം നടത്തുകയും, ശരിയായ രീതിയിൽ ഉപയോഗിക്കുകയും വേണം. എങ്കിൽ മാത്രമേ പുതിയ, മെച്ചപ്പെട്ട, രോഗപ്രതിരോധ ശേഷിയും മറ്റു ഗുണങ്ങളും ഉൾക്കൊള്ളുന്ന സങ്കരയിനങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ. കരിന്പിന്‍റെ ഈ ജനിതക ശേഖരത്തിൽ ഉള്ളവ ഇത്തരത്തിൽ മൂല്യനിർണയം നടത്തിയവയും ചിട്ടയോടുകൂടി രേഖപ്പെടുത്തിയവയുമണ്. ഇത് കരിന്പിൽ ഗവേഷണം നടത്തുന്ന എല്ലാ ശാസ്ത്രജ്ഞ·ാർക്കും ലഭ്യമാണ്. മാത്രവുമല്ല ഇവിടെ സംരക്ഷിച്ചുപോരുന്ന എല്ലാ ഇനങ്ങളും കരിന്പിന്‍റെ പ്രധാനമായ രണ്ടു രോഗങ്ങളായ ചുവന്ന അഴുകൽ (റെഡ് റോട്ട്), ഷുഗർകേൻ മൊസൈക്ക് എന്നിവയിൽ നിന്നും വിമുക്തമാണ്. ഇത് സാധ്യമായത് കരിന്പു കൃഷി ഈ പ്രദേശത്തു താരതമ്യേന കുറവായതുകൊണ്ടും വളരെ കണിശമായി ക്വാറന്ൈ‍റൻ പ്രക്രിയ പാലിക്കുന്നതുകൊണ്ടുമാണ്. അതു കൊണ്ടുതന്നെ ജനിതക ശേഖരത്തിലുള്ള ഇനങ്ങൾ മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് സുഗമമാക്കുകയും ചെയ്യുന്നു.

ഡോ. കെ. ചന്ദ്രൻ
ഡോ. എം. നിഷ
പി. പി. ഗിരീശൻ

ഷുഗർകേൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെന്‍റർ, കണ്ണൂർ

ഫോണ്‍- ഡോ. ചന്ദ്രൻ: 094474 86 554.
ഇമെയിൽ: chandranksd62@gmail.com