മനസ് നിറയ്ക്കും ഈ സൗഹൃദയാത്ര
സൗഹൃദത്തിന്‍റെ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുരുകനും ജോണ്‍ മാത്യു മാത്തനും. ജീവിതത്തിന്‍റെ രണ്ടു ധ്രുവങ്ങളിൽ നിന്നുമെത്തി ഒന്നിച്ചു നടന്നവർ, രണ്ടു ജീവിത സാഹചര്യങ്ങളിൽ നിന്നും ഒരു മുനന്പിലെത്തിയവർ, അപരിചത്വത്തിന്‍റെ മൂടുപടത്തിൽ നിന്നും അവരെ ഒന്നിപ്പിച്ചതും സൗഹൃദത്തിന്‍റെ കാണാനൂലിഴകളായിരുന്നു. ഗോവയുടെ പരിചിതമാകാത്ത വഴിത്താരയിലൂടെ അവർ പറഞ്ഞതും പങ്കുവെച്ചതും ആടിത്തിമിർത്തതും ചങ്ങാത്തം എന്ന വാക്കിന്‍റെ പുതിയ തലങ്ങളെയായിരുന്നു. പ്രദർശന ശ്രദ്ധ നേടുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് മുരുകനും ജോണ്‍ മാത്യു മാത്തനും.

ഇന്ദ്രിയം, മെട്രോ, അവതാരം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ വ്യാസൻ കെ.പി ആദ്യമായി സംവിധായകനായ ചിത്രമാണ് അയാൾ ജീവിച്ചിരിപ്പുണ്ട്. കമ്മട്ടിപ്പാടത്തിലൂടെ പോയ വർഷം മികച്ച സഹനടനുള്ള അവാർഡ് കരസ്ഥമനാക്കിയ മണികണ്ഠൻ ആചാരിയാണ് ചിത്രത്തിൽ മുരുകനായി എത്തിയത്. ഒപ്പം നടനും നിർമ്മാതാവുമായ വിജയ് ബാബു ജോണായും പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ഒരു ചെറിയ കഥയെ അതിന്‍റെ എല്ലാ നർമ്മഭാവത്തോടും വൈകാരികതയോടുംകൂടെ കാഴ്ചക്കാരുമായി അടുപ്പിച്ചു നിർത്തുന്നിടത്താണ് ചിത്രത്തിന്‍റെ വിജയം. ജോണ്‍ എഴുത്തുകാരനാണ്. തന്‍റെ ആദ്യ പുസ്തകത്തിലൂടെ തന്നെ ബുക്കർ പ്രൈസ് നേടിയ ജോണ്‍ ഇന്നു കടുത്ത മാനസിക സംഘർഷത്തിലാണ്. പുതിയ പുസ്തകത്തിന്‍റെ എഴുത്തെന്ന ഭാരം അയാളെ അസ്വസ്ഥതപ്പെടുത്തുന്നു. കാരണം എഴുതാനൊന്നുമില്ലാതെ മനസ് ശൂന്യമാണ്. എന്തെന്നറിയാത്ത ഒരു തടസം തൂലികത്തുന്പിൽ. മുരുകൻ കേരളത്തിന്‍റെ ഒരു കടലോര പ്രദേശത്തുള്ളവനാണ്. മലയാളം മാത്രമറിയുന്ന അവന്‍റെ വലിയ ആഗ്രഹം ഗോവ ചുറ്റിക്കാണുക എന്നതാണ്. പക്ഷേ, ഭാഷയെപ്പോലും വകവയ്ക്കാതെ ഗോവയിലെത്തുന്ന മുരുകനു മുന്പിൽ ഭാഷ വലിയ വെല്ലുവിളി തന്നെയായിരുന്നു. അവിടെവെച്ചാണ് ആകസ്മികമായി മുരുകനും ജോണും കൂട്ടുകാരാകുന്നത്.

കഥകളേറെയുള്ളവനും കഥകളന്വേഷിക്കുന്നവനും തമ്മിൽ കണ്ടുമുട്ടിയാലെന്താകും അവസ്ഥ? അതു തന്നെയാണ് പിന്നീടു സംഭവിക്കുന്നതും. മുരുകനും ജോണും തമ്മിലുള്ള ആ സൗഹൃദം ഇരുവർക്കും പുത്തൻ അനുഭവങ്ങളായിരുന്നു. സംഭവബഹുലമായ സന്ദർഭങ്ങളോ ട്വിസ്റ്റോ ത്രസിപ്പിക്കുന്ന സസ്പെൻസോ കുത്തി നിറയ്ക്കാതെ ലളിതമായി രണ്ടു ജീവിതങ്ങളെ കാട്ടിത്തരാനാണ് സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. ഇതിനിടയിൽ മറ്റു പല കഥാപാത്രങ്ങളും വന്നു പോകുന്നുവെങ്കിലും കഥ മുരുകനിലും ജോണിലും മാത്രമാണ് ചുറ്റപ്പെട്ടു കിടക്കുന്നത്. മണികണ്ഠനും വിജയ് ബാബുവിനുമൊപ്പം ഹരീഷ് പേരടി, കിഷോർ സത്യ, സുധീർ കരമന, തെസ്നിഖാൻ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

മുരുകന്‍റെയും ജോണിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെ യാത്രയിലേക്കാണ് പ്രേക്ഷകരും എത്തുന്നത്. ഗോവയുടെ ഗന്ധവും രുചിയും എല്ലാ മുഖങ്ങളും മുരുകനു മനസിലാക്കിക്കൊടുക്കുന്നതു ജോണാണ്. എന്നാൽ മുരുകനറിയാതെ തന്നെ ജോണിന്‍റെ പുതിയ എഴുത്തിനുള്ള നിമിത്തമായി മാറുകയായിരുന്നു അവൻ. വെള്ളത്തിനടിയിൽ നിന്നും കുതിച്ചു കയറുന്നതുപോലെ മുരുകൻ ജോണിന്‍റെയുള്ളിൽ പരിവർത്തനം സൃഷ്ടിക്കുകയായിരുന്നു. സ്വപ്നം കാണാൻ ആഗ്രിക്കുന്നവനും സ്വപ്നത്തിനു പിന്നാലെ പോകുന്നവനും ഒന്നിച്ചപ്പോൾ അതു പ്രേക്ഷകർക്കും ചില ന·യുടെ ചിന്ത നൽകുന്നു.


കമ്മട്ടിപ്പാടത്തിലെ ബാലനായി വിസ്മയിപ്പിച്ച മണികണ്ഠൻ നായകനിലേക്കു ഒരു പടി കയറിയപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. നിഷ്ക്കളങ്കതയും ശുദ്ധ നർമ്മവും ഒന്നിച്ചു ചേരുന്നിടത്തു നിന്നും വൈകാരികതയിലൂന്നി ഒന്നു നോവിക്കാനും മണികണ്ഠനു കഴിഞ്ഞതാണ് ചിത്രത്തിന്‍റെ മികവ്. ജോണ്‍ മാത്യു മാത്തനായി വിജയ് ബാബുവും തന്‍റെ കരിയറിലെ മികച്ച വേഷമാണ് ചിത്രത്തിൽ പ്രകടമാക്കുന്നത്. എഴുത്തുകാരനും സാധാരണക്കാരനും തമ്മിലുള്ള സൗഹൃദരസത്തിനെ പ്രേക്ഷകരുടെ ഉള്ളിൽ നിറയ്ക്കാൻ ഇരുവർക്കും കഴിഞ്ഞിരിക്കുന്നു. ആദ്യ ചിത്രമായിരുന്നിട്ടുകൂടി താര പരിവേഷത്തിനും വിജയ ഫോർമുലയ്ക്കും പിന്നാലെ പോകാതെ തന്േ‍റതായ കാഴ്ചപ്പാടിലേക്കാണ് സംവിധായകൻ ചിത്രത്തിനെ കൊണ്ടെത്തിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിന്‍റെ അവസാന ഭാഗത്തിൽ മണികണ്ഠന്‍റെ വ്യത്യസ്തമായ ഗെറ്റപ്പാണ് സംവിധായകൻ ഒരുക്കുന്നത്. നാട്ടുന്പുറത്തുകാരനിൽ നിന്നും ഗോവയിലെ പരദേശിയിലേക്കു മാറി കഥയെ പുതിയ വഴിത്തിരിവിലേക്കു കൊണ്ടെത്തിച്ചപ്പോഴും പ്രേക്ഷകനു ചിന്തിക്കാനുള്ള അവസരം നൽകിയാണ് കഥ അവസാനിക്കുന്നത്.

പതിവു സിനിമ കാഴ്ചകളിൽ നിന്നും മാറി കഥയ്ക്കൊപ്പം പ്രേക്ഷകരെ കൊണ്ടു പോകുന്ന സംവിധായകൻ കഥാന്ത്യത്തിൽ ജോണിനേയും മുരുകനെയും പ്രേക്ഷകരെ ഏൽപ്പിച്ചാണ് പിന്തിരിയുന്നത്. സൗഹൃദത്തിന്‍റെ ശുഭ പര്യവസാനം പ്രേക്ഷകർക്കു വിട്ടു നൽകുകയാണ്.

ഗോവയുടെ പശ്ചാത്തലത്തിൽ നിരവധി കഥകൾ പറഞ്ഞു പോകുന്നുവെങ്കിലും പ്രേക്ഷകർക്കു പരിചിതമല്ലാത്ത ഭൂമികയിലൂടെയാണു സിനിമയുടെ സഞ്ചാരം. സൗഹൃദത്തിന്‍റെ പാതയിൽ ഗോവയിലൂടെ സഞ്ചരിക്കുന്പോൾ അഭിനന്ദനീയമായ മറ്റൊന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണ മേ·യാണ്. കാഴ്ച്ചക്കിന്പമേറുന്ന മനോഹാരിതയുടെ മകുടമായി ഗോവൻ കാഴ്ചയെ മാറ്റുന്നിടത്താണ് കാമറമാൻ ഹരി നായരുടെ മികവു കാണാനാവുന്നത്.

വാണിജ്യ ചേരുവകളുടേയും മാസ് മസാല രസക്കൂട്ടിന്‍റെയും പിൻബലമില്ലാതെയാണ് അയാൾ ജീവിച്ചിരിപ്പുണ്ട് പ്രേക്ഷകർക്കു മുന്നിലെത്തയിരിക്കുന്നത്. എങ്കിലും ആസ്വാദനത്തിൽ മനസ് നിറയ്ക്കാനും നഷ്ടപ്പെട്ടതും നേടിയെടുത്തതുമായ സൗഹൃദങ്ങളെ ഒരുവേള ഓർമിപ്പിക്കുവാനും ചിത്രത്തിനു കഴിയുന്നു. പരീക്ഷണ സിനിമയുടെ വേഷപ്പകർച്ചയിലും പ്രേക്ഷകന്‍റെ മനസു നിറച്ച് മുരുകനും ജോണും തങ്ങളുടെ സൗഹൃദ യാത്ര തുടരുകയാണ്. ഓർമകളിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ ഓരോ മലയാളിക്കും തങ്ങളുടെ ജീവിതത്തിൽ എവിടെയെങ്കിലും ഒരു മുരുകനേയോ ഒരു ജോണിനേയോ കാണാം... ഇത് സൗഹൃദത്തിന്‍റെ ന·യുടെ കഥ...

സ്റ്റാഫ് പ്രതിനിധി