വിപ്ലവം കൊടികയറുന്ന ഒരു മെക്സിക്കൻ അപാരത
കോളജ് രാഷ്ട്രീ യത്തിന്‍റെ ചുവടുപിടിച്ചെത്തി തിയറ്ററുകളെ ആവേശക്കൊടുമുടിയിലെത്തിക്കുകയാണ് ഒരു മെക്സിക്കൻ അപാരത. വിപ്ലവം കൊടിപോലുയർന്നുനിന്ന തൊണ്ണൂറുകളിലെ മഹാരാജാസ് കോളജിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ കോളജ് ജീവിതം ആവേശവും ആഘോഷവുമാക്കിയ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതു ഗതകാല സ്മരണകളുടെ അപാരത...

നവാഗതനായ ടോം ഇമ്മട്ടിയാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിക്കുന്നത്. കഐസ്ക്യു, എസ്എഫ്വൈ എന്നീ രണ്ടു യുവജനപ്രസ്ഥാനത്തിനൊപ്പമാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, മനു, സുബീഷ് സുധി, ഗായത്രി സുരേഷ്, കലാഭവൻ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു കാന്പസ് സിനിമയുടെ എല്ലാ ചേരുവകളേയും ഉൾക്കൊള്ളിച്ച് രാഷ്ട്രീയമായ ചിന്താധാരകളിലൂടെയാണ് ചിത്രം മുന്നേറുന്നത്. പോളായി ടോവിനോയും സുഭാഷായി നീരജ് മാധവും കഐസ്ക്യു നേതാവ് രൂപേഷായി രൂപേഷ് പീതാംബരനും കയ്യടി നേടുന്നുണ്ട്. സ്ഫടികത്തിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരൻ ഈ കഥാപാത്രത്തിലൂടെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി.

യുവാക്കൾക്കിടയിൽ ഏറെ ആരാധകരുള്ള ടൊവിനോയുടെ താരപദവിയിലേക്കുള്ള ചുവടുവയ്പ്പാണ് ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങളും. ചിത്രത്തിന്‍റെ തുടക്ക ഭാഗത്ത് സഖാവ് കൊച്ചനിയനായും നായക കഥാപാത്രം പോളായും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ പകുതിൽ പൈങ്കിളി പ്രണയവും വിരഹവുമായി കാണുന്ന പോൾ രണ്ടാം പകുതിൽ എസ്എഫ്വൈയുടെ വിപ്ലവകാരിയായി മാറുന്ന കാഴ്ചയാണ് സിനിമയിൽ. ചിത്രത്തിന്‍റെ ക്ലൈമാക്സിലേക്കെത്തുന്പോഴുള്ള ടൊവിനോയുടെ പ്രകടനം എടുത്തു പറയണ്ടതാണ്.

ഫ്ളാഷ് ബാക്കിലൂടെ അടിയന്തരാവസ്ഥക്കാലത്തെ സഖാവ് കൊച്ചനിയന്‍റെ രക്തസാക്ഷിത്വത്തിലൂടെയാണ് കഥ തുടങ്ങുന്നത്. പിന്നീട് കഐസ്ക്യു അടക്കി വാഴുന്ന കോളജിൽ എസ് എഫ്വൈയുടെ കൊടി സ്ഥാപിക്കാനുള്ള സഖാവ് സുഭാഷിന്‍റെയും കൂട്ടരു ടെയും പ്രയത്നത്തിലൂടെ കഥ മുന്നേറുന്നു. ഇതിനിടയിൽ കോളജിലെ അനു എന്ന പെണ്‍കുട്ടിയോട് പോളിനു പ്രണയം തോന്നുന്നുണ്ട്. ആ കഥാപാത്രമായാണ് ഗായത്രി സുരേഷ് എത്തുന്നത്. ഒരു പാട്ടിനു മുന്നിലും പിന്നിലുമായി ആ കഥാപാത്രം ചിത്രത്തിലൊതുങ്ങുന്നു. കോളേജ് ഹോസ്റ്റലും കാന്പസുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാകുന്നത്. സംഘബലം കൊണ്ടും അധികാരം കൊണ്ടും ദുർബലരായ എസ്എഫ്വൈയിലെ യുവത്വങ്ങൾ അക്രമത്തിനും പീഡനത്തിനും ഇരയാകേണ്ടി വരുന്നുണ്ടെങ്കിലും അവരുടെ ആവേശം ഒട്ടും ഒഴിഞ്ഞു പോയിരുന്നില്ല. ചെറിയ കശപിശകളിൽ നിന്നും വലിയ കയ്യാങ്കളിയിലേക്കു കഥ മുന്നേറുന്നു, യൂണിയൻ ചെയർമാനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ആകുന്നതോടെ ചിത്രം കൂടുതൽ സംഘർഷഭരിതമാകുന്നുണ്ട്. പിന്നീട് കണ്ണഞ്ചിപ്പിക്കുന്ന അടിപിടിയും അക്രമവും നിറയുന്നു. വെറുതെ കഥ പറഞ്ഞു പോകാതെ വേണ്ടുവോളം ആവേശം പ്രേക്ഷകരിലേക്കു പകരുവാനും പ്രവചനാതീതമെങ്കിലും ചിത്രത്തിന്‍റെ കൈമാക്സിലേക്ക് ഒപ്പം കൂട്ടിക്കൊണ്ടു പോകാനും ചിത്രത്തിനു കഴിഞ്ഞിരിക്കുന്നു.


ഇടതുപക്ഷ രാഷ്ട്രീയ നിലപാടിനൊപ്പമാണ് ചിത്രം സഞ്ചരിക്കുന്നതെങ്കിലും രാഷ്ടീയത്തിനേക്കാൾ സിനിമയെന്ന കലാരൂപത്തിന്‍റെ വാണിജ്യച്ചേരുവകൾ മനസിലാക്കി പ്രേക്ഷകരെ ആവേശത്തിലാഴ്ത്താനാണ് ചിത്രം ശ്രമിക്കുന്നത്. അതിന്‍റെ വിജയമാണ് മറ്റൊരു പിൻബലവുമില്ലാതെ എത്തിയിട്ടും ആദ്യ വാരം ചിത്രം ബോക്സോഫീസിൽ കാണിച്ച മാജിക്. താര രാജാക്ക·ാർ മാത്രം ഒന്നാം ദിവസ കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നിടത്തേക്കാണ് ആദ്യ ദിന കളക്ഷൻ മൂന്നു കോടിയിലധികം നേടി രണ്ടാം സ്ഥാനത്തേക്ക് ഈ ചിത്രം എത്തുന്നത്. പുലിമുരുകൻ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ഇനിഷ്യൽ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഒരു മെക്സിക്കൻ അപാരത. റിലീസ് ചെയ്ത നാലു ദിവസം കൊണ്ടു ചിത്രം പത്തുകോടിയിലധികം കളക്ഷൻ നേടിയും ശ്രദ്ധേയമായി. ഇപ്പോഴും തിയറ്ററിൽ മികച്ച വിജയം നേടുന്ന ചിത്രം മികച്ച ഒരു ഗ്രോസ് കളക്ഷൻ നേടുമെന്നു തന്നെയാണ് സിനിമ ലോകം വിലയിരുത്തുന്നത്.

സംവിധായകനായ ജൂഡ് ആന്‍റണി ഒരുക്കിയ തിരക്കഥയിൽ നിന്നുകൊണ്ടാണ് ടോം ഇമ്മട്ടി ഈ ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആകർഷകമായ മറ്റൊരു ഘടകമായിരുന്നു ഒരു മെക്സിക്കൻ അപാരത എന്ന പേര്. തിരക്കഥ ഒരുക്കിയ ജൂഡ് നൽകിയ ഈ പേരിന്‍റെ അർത്ഥം ചിത്രത്തിന്‍റെ കഥയുമായി ഇഴുകിച്ചേർന്നു കിടക്കുന്നതാണ്. പേരിന്‍റെ ആവേശം മുഴുവൻ ഉൾക്കൊണ്ട ചിത്രത്തിന്‍റെ ക്ലൈമാക്സ് സീനുകൾ സിനിമ കണ്ടിറങ്ങിയാലും പ്രേക്ഷകരുടെ ഉള്ളിൽ നിലകൊള്ളുന്നതാണ്. അതിനനുസൃതമായാണ് ഗോപിസുന്ദർ പശ്ചാത്തല സംഗീതം ഒരുക്കിയതും. കഥയ്ക്കൊപ്പം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതിൽ ഈ പശ്ചാത്തല സംഗീതത്തിനും മണികണ്ഠൻ അയ്യപ്പന്‍റെ ഗാനങ്ങൾക്കും വലിയ പങ്കാണുള്ളത്.

കോളജും ഹോസ്റ്റലുമെന്ന പരിമിതിയിലും ചിത്രത്തിനു മിഴിവേകുന്ന കാമറ ഒരുക്കുന്നതിൽ പ്രകാശ് വേലായുധന്‍റെ ഛായാഗ്രഹണ മികവ് എടുത്തു പറയാനുള്ളതാണ്. കാഴ്ചയുടെ ആവേശം പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ അതു വിജയിച്ചിരിക്കുന്നു. കഥ പറച്ചിലിനനുയോജ്യമായ മേക്കിംഗാണ് ചിത്രം അവലംബിച്ചിരിക്കുന്നത്. ഇത്തരമൊരു കഥയെ സിനിമയാക്കുന്പോഴുള്ള വെല്ലുവിളിയേറ്റെടുത്ത നിർമാതാവായ അനൂപ് കണ്ണന് പ്രത്യേക അഭനന്ദനം നൽകേണ്ടതാണ്. സംവിധായകനായി കഴിവു തെളിയിച്ച അനൂപ് കണ്ണന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ചുവടു പിടിച്ചാണ് ചിത്രം മുന്നേറുന്നതെങ്കിലും പ്രേക്ഷകർക്ക് ആസ്വാദന തലത്തിൽ സംതൃപ്തി നൽകുന്നതാണ് ഒരു മെക്സിക്കൻ അപാരതയിലെ വിജയ ഘടകം. ഇന്നു കോളേജ് രാഷ്ട്രീയം അതിന്‍റെ ലക്ഷ്യത്തിൽ നിന്നു മാറിപ്പോകുന്പോൾ ഒരു തിരിച്ചറിവു നൽകാൻ ഈ ചിത്രത്തിനു കഴിയുന്നുണ്ട്. കാലത്തിന്‍റെ പിന്നിലേക്കു സഞ്ചരിച്ച് അന്നത്തെ കോളജിന്‍റെ ഇടനാഴികളിലേക്കു ചെല്ലാൻ ചിത്രം ഓരോ മലയാളിലേയും പ്രേരിപ്പിക്കും. ഒപ്പം ഒരു കയ്യിൽ കൊടിയേന്തി മറുകൈയുടെ മുഷ്ടി ചുരുട്ടി ആകാശത്തിലേക്കുയർത്തി ഉച്ചത്തിൽ മുദ്രാവാക്യമൊന്നു വിളിക്കാൻ ആവേശം ജനിപ്പിക്കുന്നു ഈ അപാരത.

സ്റ്റാഫ് പ്രതിനിധി