കാന്പസുകൾക്ക് ഒരു കൃഷി മോഡൽ
പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും ഉൾക്കൊണ്ടുകൊണ്ട് പുത്തൻ കൃഷിശാസ്ത്രം പച്ചപിടിക്കുകയാണിവിടെ. വ്യക്തികൾക്കും സമൂഹത്തിനും പുരോഗതി നേടുവാൻ കഴിയണമെങ്കിൽ കാർഷിക മേഖല വളരുക തന്നെ വേണം. നല്ലതു ഭക്ഷിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്പോൾ ആരോഗ്യപൂർണമായ വളർച്ചയാണ് ഉണ്ടാകുന്നതെന്ന് വിദ്യാർഥികളും തിരിച്ചറിഞ്ഞുകഴിഞ്ഞു.

കാർഷിക മേഖലയിൽ നാടിന് മാതൃകയാകുന്ന കാന്പസുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള ഫിസാറ്റ്. നാൽപത് ഏക്കർ കോളജ് കാന്പസിൽ അഞ്ചേക്കറിലാണ് വ്യത്യസ്തമായ കൃഷി. പാവൽ, കോവൽ, പയർ ഇനങ്ങളായിരുന്നു ആദ്യഘട്ടകൃഷി. ഇന്ന് ചീരയ്ക്കാണ് പ്രധാന സ്ഥാനം. അര ഏക്കർ സ്ഥലത്ത് നേന്ത്രവാഴക്കൃഷിയും ശീതകാലവിളകളുടെ കൃഷിയും അടുത്തകാലത്താണ് ആരംഭിച്ചത്.

മൂന്നു വർഷം മുന്പാരംഭിച്ച പോളിഹൗസ് കൃഷി ഇപ്പോഴില്ല. പ്രതീക്ഷിച്ചതിലേറെ നഷ്ടം തുടർച്ചയായി ഉണ്ടായപ്പോൾ പോളിഹൗസ് കൃഷി നിർത്തി. ഇന്ന് അതിൽ അക്വാപോണിക്സ് കൃഷിയാണ്. കൃത്രിമ കുളം നിർമിച്ചാണ് വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്. ഹോളോബ്രിക്സ് കൊണ്ട് നിർമിച്ച നീളത്തിലുള്ള ടാങ്കുകളിൽ മെറ്റൽ നിറച്ച് പച്ചക്കറികൾ നട്ടിരിക്കുന്നു. കുളത്തിലെ വെള്ളം കൃഷിയിടത്തിൽ. കൃഷിയിടത്തിൽ നിന്ന് കുളത്തിലേക്ക്. അക്വാപോണിക്സ് കുളത്തിൽ 3500 തിലാപ്പിയ കുഞ്ഞുങ്ങളുണ്ട്. എല്ലാത്തരം കൃഷിരീതികളും കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവർക്ക് അഗ്രി-ബിസിനസിലേക്ക് തിരിയാൻ ഇത് വഴിയൊരുക്കും.

വിഷരഹിത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കോളജിലെ പെയിന്‍റിംഗിനായി കൊണ്ടുവരുന്ന ടിന്നുകളിൽ മണ്ണും മണലും കന്പോസ്റ്റും ചേർത്ത മിശ്രിതം നിറച്ച് പച്ചക്കറികൾ നട്ടിരിക്കുന്നു. കൃഷിക്കാവശ്യത്തിനുള്ള ചാണകത്തിനായി ഏഴ് പശുക്കളേയും വളർത്തുന്നുണ്ട്. കോളജിലെയും ഹോസ്റ്റലിലെയും വേസ്റ്റുവെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കാൻ ഒരു ട്രീറ്റ്മെന്‍റ് പ്ലാന്‍റുണ്ട്. ഫിസാറ്റിലെ കുട്ടികൾക്ക് കൃഷി ഒരു വിനോദമാണ്. ഇവിടെ വിളയുന്ന ജൈവ ഉത്പന്നങ്ങളെല്ലാം കാന്‍റീനിൽ ഉപയോഗിക്കുന്നു. പഴങ്ങൾ കൃഷിക്കാരായ കുട്ടികൾക്ക് ഭക്ഷിക്കാനും കൊടുക്കുന്നു.

കോളജ് വളപ്പിലെ ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ച് കന്പോസ്റ്റ് നിർമിക്കുന്നു. ജൈവ കീടനാശിനികൾ പരന്പരാഗത കർഷകരുടെ നിർദ്ദേശമനുസരിച്ച് പ്രയോഗിക്കുന്നു. ചെടികളെ അറിയാനും പ്രകൃതിയുടെ ഗുണങ്ങൾ തിരിച്ചറിയാനും കൃഷി പരിചരണത്തിലൂടെ സാധിക്കുന്നു.

ഹരിത കാന്പസ് എന്ന ആശയം ആരംഭഘട്ടത്തിൽ മാനേജ്മെന്‍റിന് ഉണ്ടായിരുന്നതുകൊണ്ട് കാർഷിക വിളകൾ സംരക്ഷിച്ചുകൊണ്ടുള്ള കെട്ടിടനിർമാണ രീതിയാണ് സ്വീകരിച്ചത്. 2002 ൽ കോളജ് ആരംഭിക്കുന്പോൾ, പറന്പിലുണ്ടായിരുന്ന നല്ലൊരു ശതമാനം വൃക്ഷങ്ങളും സംരക്ഷിച്ചു. അന്നുണ്ടായിരുന്ന തെങ്ങുകളിൽ നൂറിലേറെയും ഇന്നുമുണ്ട്. കൂടാതെ അന്പത് ജാതിയും. നേച്ചർ ക്ലബിലെ വിദ്യാർഥികൾ അന്പതിലേറെ ഫലവൃക്ഷങ്ങൾ വെച്് പിടിപ്പിച്ചിട്ടുണ്ട്.


മുതിർന്നവരെ വെല്ലുന്ന രീതിയിലാണ് ഫിസാറ്റിലെ വിദ്യാർഥികളുടെ കൃഷി. ശാസ്ത്രീയമായി ചിട്ടയോടെ കൃഷി നടത്താൻ നേതൃത്വം നൽകുന്നത് ഫിസാറ്റിലെ സ്റ്റാഫ് അംഗങ്ങളാണ്. നേച്ചർ ക്ലബിന്‍റെ സാരഥിയായ ജിജി ആന്‍റണി ഒരു പാരന്പര്യകർഷകയാണ്. വീട്ടുവളപ്പിൽ കൃഷി നടത്തുന്ന കുടുംബിനി. സ്വന്തം അനുഭവം കുട്ടികളുമായി പങ്കുവച്ച് കൃഷിയിൽ മുന്നേറാനുള്ള കരുത്ത് പകരുകയാണിവർ. അത്യാവശ്യ കൃഷിപ്പണികൾക്കായി പൗലോസ് എന്ന കർഷകനുമുണ്ട്. ഇദ്ദേഹത്തിന്‍റെ പരന്പരാഗത രീതികളും കുട്ടികൾ പരീക്ഷിക്കുകയാണ്. കാർഷിക വിജയത്തിന് കുട്ടികളോടൊപ്പം നിന്ന് കൃഷിചെയ്യുന്ന സ്റ്റാഫ് അംഗമാണ് കെ.ഐ. ധനീഷ്. ഇദ്ദേഹത്തിന്‍റെ ആശയം അനുസരിച്ച് രണ്ടു സെന്‍റിൽ കപ്പലണ്ടിക്കൃഷി നടത്തി. പ്രതീക്ഷയ്ക്ക് വക നൽകുന്ന വിളവാണ് കപ്പലണ്ടികൃഷിയിൽ നിന്നു ലഭിച്ചത്.

അധ്യാപക-രക്ഷാകർതൃ സംഘടനയുടെ പിന്തുണയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും ഹോർട്ടികൾച്ചർ മിഷനും നൽകുന്ന പ്രോത്സാഹനവും കുട്ടികൾക്കുണ്ട്. കോളജിലെ 200 കുട്ടികളാണ് കൃഷിപ്പണികൾ ചെയ്യുന്നത്. കൃത്യമായ നനയും വളപ്രയോഗവും മുടങ്ങാതെ നടക്കുന്നു. നാളെയുടെ നല്ല പൗര·ാരായി ഉയരാൻ കൃഷിസഹായിക്കുന്നെ ന്നാണ് വിദ്യാർഥികളുടെ അഭിപ്രായം.

ടെൻഷനില്ലാതെ പഠിക്കാനും, പിരിമുറുക്കങ്ങളിൽ നിന്ന് മോചനം നേടാനും തിരിച്ചടികളെ അതിജീവിച്ച് സ്വന്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താനും കൃഷി പരിപാലനം സഹായിക്കുന്നു. മാനസികവും ശാരീരികവുമായ വളർച്ചയും ആരോഗ്യസംരക്ഷണവും കൃഷിയിലൂടെ നേടുവാൻ കഴിയും. ബുദ്ധിശക്തി വർധിപ്പിക്കാനും പഠനത്തിൽ മികവു നേടാനും പച്ചപ്പിന്‍റെ ലോകം സഹായിക്കുന്നുണ്ട്. ഹരിതപൂർണമായ അന്തരീക്ഷം കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വിദ്യാഭ്യാസ ഉയർച്ചയ്ക്കും സഹായകമാകുന്നതുകൊണ്ടാണ് കൃഷിക്ക് മുഖ്യസ്ഥാനം കാന്പസിൽ നൽകിയിരിക്കുന്നതെന്ന് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ പറഞ്ഞു.

കൃഷിയിറക്കലിന്‍റെയും വിളവെടുപ്പിന്‍റെയും ആഘോഷങ്ങൾ നടത്തിയ പല വിദ്യാലയങ്ങളും പിന്നീട് കൃഷി നിർത്തി. ഈ അനുഭവം ഫിസാറ്റിൽ ഉണ്ടായിട്ടില്ല. 14 വർഷമായി കുട്ടികളുടെ നേതൃത്വത്തിൽ കൃഷി മുന്നേറുകയാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള പുത്തൻരീതികൾ നടപ്പാക്കാൻ ലാഭനഷ്ടം നോക്കാതെ മാനേജ്മെന്‍റ് തയാറാകുന്നതാണ് ഇതിനു കാരണം. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും നല്ല പൗര·ാരായി വളരാനുമുള്ള കഴിവ് തുടർച്ചയായ കൃഷി പരിപാലനത്തിലൂടെ കുട്ടികൾക്ക് നേടുവാൻ കഴിയുന്നതോടൊപ്പം, അറിവും ബുദ്ധിശക്തിയും വർധിപ്പിക്കാൻ കാന്പസിലെ കൃഷി പരിചരണം കൊണ്ട് വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ടെന്ന് നേർച്ചർ ക്ലബിന്‍റെ സാരഥിയായ ജിജി ആന്‍റണി പറഞ്ഞു. ആരോഗ്യമുള്ള പുത്തൻ തലമുറയുടെ വളർച്ചയ്ക്ക് എല്ലാവിദ്യാലയങ്ങളിലും കൃഷിയും കൃഷി പഠനപദ്ധതിയും ഉണ്ടാകണമെന്നാണ് ഇവരുടെ അഭിപ്രായം.ജിജി: ഫോണ്‍- 9495943406.

നെല്ലി ചെങ്ങമനാട്