അലമാരയിലെ അതിഥി
അലമാരയിലെ അതിഥി
Monday, May 15, 2017 4:54 AM IST
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പുതിയ നായികയാണ് അതിഥി രവി. സിനിമയിൽ പുതുമുഖമെങ്കിലും മലയാളികൾക്കു ഏറെ പരിചിതമാണ് അതിഥിയെ. "തുണിയും കോട്ടണ്‍, കരയും കോട്ടണ്‍’ എന്നു പറഞ്ഞെത്തുന്ന രാംരാജിന്‍റെ പരസ്യ നായികയെ പ്രേക്ഷകർ പെട്ടെന്നു മറക്കുന്നതല്ല. പിന്നീട് ധാത്രി, ബിഎസ്എൻഎൽ തുടങ്ങി നിരവധി ഹിറ്റു പരസ്യങ്ങളുടെ ഭാഗമായിരുന്നു അതിഥി. പിന്നീട് സിനിമയിൽ എത്തിയപ്പോൾ ആദ്യ ചിത്രം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടാനും ഈ കലാകാരിക്കു കഴിഞ്ഞു. തന്‍റെ ആദ്യ ചിത്രത്തിന്‍റെ വിശേഷങ്ങളും പുതിയ പ്രതീക്ഷകളും അതിഥി വായനക്കാരുമായി പങ്കുവെയ്ക്കുന്നു...

ഒരു സാധാരണ പെണ്‍കുട്ടിയിൽ നിന്നും സിനിമയിൽ നായികയിലേക്കുള്ള വളർച്ച എങ്ങനെയായിരുന്നു ?
ഞാൻ സിനിമയിൽ എത്തുന്നത് പരസ്യ ചിത്രങ്ങളിലൂടെയാണ്. പരസ്യങ്ങൾ ചെയ്തു തുടങ്ങുന്പോഴും ചെറിയ വേഷങ്ങളായിരുന്നു ആദ്യമൊക്കെ കിട്ടിയിരുന്നത്. പിന്നീട് പ്രധാന വേഷങ്ങൾ കിട്ടി. നല്ല രീതിയിൽ പരസ്യങ്ങൾ ചെയ്യുന്നതിനൊപ്പം സിനിമയിലും ട്രൈ ചെയ്യുന്നുണ്ടായിരുന്നു. ഓഡിഷൻ കോൾസിനൊക്കെ അയച്ചു കൊടുത്തിട്ടുണ്ട്. എനിക്ക് ഒരു ബ്രേക്കു നൽകുന്നത് യെ ലൗവ് എന്നൊരു മ്യൂസിക് വീഡിയോ ആണ്. ശ്രേയ ഘോഷാലും തൈക്കൂടം ബ്രിഡ്ജ് ബാൻഡിലെ സിദ്ധാർത്ഥ് മേനോനുമാണ് ആ പാട്ട് പാടിയത്. സിദ്ധാർത്ഥും ഞാനുമാണ് അതിൽ അഭിനയിച്ചിരിക്കുന്നത്. അതു യൂടൂബിലും യൂത്തിനിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷവും പരസ്യ ചിത്രങ്ങളുമായി മുന്നോട്ടു പോകുന്ന സമയത്ത് ചെയ്ത ഒരു ചിത്രമായിരുന്നു ആംഗ്രി ബേബീസ്. ആദ്യമായിട്ട് ബിഗ് സ്ക്രീനിൽ വരുന്നത് അതിലൂടെയാണ്. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ സംവിധായകൻ സജി സുരേന്ദ്രൻ സാറ് ഒരു കാര്യം പറഞ്ഞു. ഭാവിയിൽ നായിക വേഷം നോക്കുന്നുണ്ടെങ്കിൽ ഇത്തരം റോള് ചെയ്യരുത്, ചെറിയ വേഷമാണത്. ഒരു നല്ല ടീമിനൊപ്പമായതു കൊണ്ട് എനിക്കു കുഴപ്പമായൊന്നും തോന്നിയില്ല. പിന്നെ സിനിമയുമായി മറ്റൊരു തരത്തിലുമുള്ള ബാക്ക്ഗ്രൗണ്ട് എനിക്കില്ല. അപ്പോൾ സിനിമയെ അടുത്തറിയാനാണ് ഞാൻ ശ്രമിച്ചത്. പിന്നെ അന്നങ്ങനെ പറഞ്ഞുതരാൻ സജി സുരേന്ദ്രൻ സാറ് കാണിച്ച മനസിനെ ഞാൻ ഇപ്പോഴും ബഹുമാനിക്കുന്നു. പിന്നീട് അത്തരം സിനിമകൾ അത്ര ഞാൻ ചെയ്തില്ല.

ആംഗ്രി ബേബീസിനു ശേഷം അലമാരയിൽ നായികയായിട്ടാണല്ലോ കാണുന്നത് ?

അലമാരയ്ക്കു മുന്നേ രണ്ടു ചിത്രങ്ങൾ കൂടി ഞാൻ ചെയ്തിരുന്നു. പക്ഷേ, അതൊന്നും റിലീസായില്ല. ഇപ്പോൾ ആ ചിത്രങ്ങൾ റിലീസാകാൻ പോകുന്നുവെന്നറിഞ്ഞു. അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, തേഡ് വേൾഡ് ബോയ്സ് എന്നിവയായിരുന്നു ആ ചിത്രങ്ങൾ. തേർഡ് വേൾഡ് ബോയ്സിൽ സൗബിൻ ചേട്ടന്‍റെ പെയറായിട്ടാണ് അഭിനയിക്കുന്നത്. അതിൽ ബാലു, സെജു വിൽസണ്‍, ഷൈൻ ടോം ചാക്കോ, സുധി കോപ്പ തുടങ്ങിയവരുമുണ്ട്. രണ്ടു വർഷം മുന്പു ചെയ്ത ചിത്രങ്ങളാണ് ഇവയൊക്കെ. ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അലമാരയിലൂടെയാണ് ഒരു ഹീറോയിനായി ഞാൻ എത്തുന്നത്. കാസ്റ്റിംഗ് കോൾ കണ്ട് ആപ്ലിക്കേഷൻ അയച്ചാണ് അതിൽ എത്തുന്നത്. പ്രൊഫഷണലായിട്ടുള്ള ഒരു ഓഡീഷനിലായിരുന്നു അത്.

ആഡ് ഫിലിമിലേക്ക് എത്തുന്നത്?

തൃശൂരാണ് എന്‍റെ സ്വദേശം. സ്കൂളിൽ പഠിക്കുന്പോൾ ഒരു പ്രോഗാമിലും പങ്കെടുക്കുന്ന ആളായിരുന്നില്ല ഞാൻ. ഡാൻസ് മൂന്നു വർഷം പഠിച്ചിട്ടുണ്ടെങ്കിലും ഡിഗ്രിക്കു കോളേജിലെത്തിയപ്പോഴാണ് സ്റ്റേജിൽ കയറുന്നതും പരിപാടികളിൽ ചേരുന്നതു പോലും. സ്റ്റേജ് ഫിയർ മാറിയതും ആ സമയത്താണ്. ഞങ്ങൾതന്നെ കോറിയോഗ്രഫി ചെയ്തു പരിപാടികൾ അവതരിപ്പിച്ചിരുന്നു. അതിനു നല്ല അഭിപ്രായങ്ങളാണ് എല്ലാവരും പറഞ്ഞതും. പിന്നീട് ഫ്രണ്ട്സിന്‍റെ ഷോർട്ട് ഫിലിംസും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതൽ സിനിമയിലഭിനിയിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നെങ്കിലും എങ്ങനെയെന്ന ഐഡിയ മനസിലുണ്ടായിരുന്നില്ല. അതിനുവേണ്ടി പലരും കലാതിലകമൊക്കെ ആകുന്നതു കണ്ടപ്പോഴേ കരുതി, എനിക്കു കലാതിലകമോ, മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടോ സിനിമയിലെത്താതെ നായികയാകണമെന്നതായിരുന്നു ആഗ്രഹം. കുറച്ചു വ്യത്യസ്തമായി ചിന്തിച്ചിരുന്നു എന്നതാണ് സത്യം.

കോളജിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു ആഡ് ഫിലിം ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടേയാതിരുന്നു അത്. അഭിനയിക്കുന്നതിനോട് എന്‍റെ താല്പര്യമറിയാവുന്ന എന്‍റെ സീനിയേഴ്സാണ് ഓഡിഷനെപ്പറ്റി പറയുന്നത്. അങ്ങനെ ആപ്ലിക്കേഷൻ അയച്ചു ചെന്നപ്പോൾ കുറേ കുട്ടികളുണ്ട്. അവർക്കൊപ്പമായിരുന്നു ആദ്യത്തെ ആഡ് ചെയ്തത്. പിന്നെ അവിടുന്നു കിട്ടിയ കോണ്ടാക്ടിലൂടെയാണ്
ആഡ് ഫിലിംസിൽ കൂടുതൽ സജീവമാകുന്നത്.

സണ്ണി വെയ്ന്‍റെ നായികയായിട്ട് അലമാരയിലൂടെ തുടക്കം കുറിക്കുന്നു. ടെൻഷൻ ഉണ്ടായിരുന്നോ?
ചെറുപ്പം മുതലുള്ള ആഗ്രഹമായതു കൊണ്ടാകാം ആദ്യ സിനിമയുടെ പേടിയൊന്നും എനിക്കില്ലായിരുന്നു. ഞാൻ നല്ല ആവേശത്തിലായിരുന്നു. തരൂ, ഞാൻ ചെയ്യാം എന്നായിരുന്നു എന്‍റെ മനസിൽ. പിന്നെ ആ സിനിമയുടെ ക്രൂവും സെറ്റും നമുക്കു ഫുൾ സപ്പോർട്ടാണ്. ഒരു പക്ഷേ, എനിക്കു പകരം ആരുതന്നെയായിരു്നെങ്കിലും ആ വേഷം മികച്ച രീതിയിൽ ചെയ്യും. കാരണം അലമാരയുടെ ഫുൾ സെറ്റ് അങ്ങനെയാണ്. വളരെ കംഫർട്ടബളായിരുന്നു. പിന്നെ കഥ പറഞ്ഞു നൽകുന്ന രീതീപോലും വളരെ റിയലിസ്റ്റിക്കായിട്ടാണ്. കാരണം ഇതു പലയിടത്തും സംഭവിക്കുന്നതാണ്. നമുക്കു ചുറ്റുമുള്ളതിനെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കഥ കേട്ടപ്പോൾ തന്നെ എനിക്കൊരു കോണ്‍ഫിഡൻസ് തോന്നിയിരുന്നു നല്ലതായി ചെയ്തു ഫലിപ്പിക്കാമെന്ന്. പിന്നെ ആ കഥാപാത്രവും ഞാനും തമ്മിൽ ഒരുപാട് സാമ്യവുമുണ്ട്. അതുകൊണ്ടു തന്നെ പേടിയേക്കാൾ നല്ലതായി ചെയ്തു ഫലിപ്പിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്.


പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞപ്പോൾ എന്തു തോന്നി?

ഒരു മാളിലാണ് ഞാൻ ഫാമിലിയായിട്ട് സിനിമ കാണാൻ പോയത്. പിന്നീട് മാളിൽ പോയപ്പോൾ സിനിമ കണ്ടവർ എന്ന തിരിച്ചറിഞ്ഞു. അവർ എന്നെ അതിഥി എന്നതിനു പകരം അലമാര എന്നും അരുണേട്ടാ എന്നൊക്കെയാണ് വിളിച്ചത്. കൂടുതലും അലമാര എന്നാണ് വിളിച്ചത്. അലമാരയല്ല, അതിഥിയാണു ഞാനെന്നു പറഞ്ഞുകൊടുക്കേണ്ടി വന്നു. സത്യത്തിൽ അതു മനസിന് ഏറെ സന്തോഷമാണ് നൽകിയത്. നമ്മളെ പ്രേക്ഷകർ ഓർത്തിരിക്കുന്നു എന്നതാണല്ലോ അതു സൂചിപ്പിക്കുന്നത്.

സിനിമ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിന്‍റെ നിരാശയുണ്ടോ?

നിരാശയൊന്നുമില്ല. കാരണം ഒരു സിനിമ വിജയിക്കുക, പരാജയപ്പെടുക എന്നത് നമ്മുടെ കൈയിലുള്ള കാര്യമല്ല. എന്‍റെ ആഗ്രഹം ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളെ മികച്ചതാക്കണമെന്നാണ്. പിന്നെ സിനിമയുടെ വിജയം അതു ഭാഗ്യവും സമയവുമൊക്കെ ആശ്രയിച്ചിരിക്കുന്നതാണ്. എത്രയോ നല്ല സിനിമകൾ തിയറ്ററിൽ പരാജയപ്പെടുകയും മോശം സിനിമകൾ വിജയക്കുകയും ചെയ്യുന്നതാണ് നമ്മുടെ നാട്ടിൽ. അപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കും വിധം മെച്ചമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പിന്നെ അങ്ങനെ നിരാശപ്പെടാൻ തുടങ്ങിയാൽ നമുക്കു മുന്നോട്ടു പോകാനാവില്ല. ഒന്നു പോയാൽ അടുത്തത് നോക്കാം, പോസിറ്റീവായിട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഫാമിലി സപ്പോർട്ട് എത്രത്തോളമുണ്ടായിരുന്നു?

ഫാമിലിയുടെ സപ്പോർട്ടുള്ളതുകൊണ്ടാണ് മുന്നോട്ടു പോകുന്നത് തന്നെ. ഞങ്ങൾ ഇപ്പോൾ സെറ്റിൽ ചെയ്തിരിക്കുന്നത് കൊച്ചിയിലാണ്. അച്ഛനും അമ്മയും ഒരു സിസ്റ്ററും ബ്രദറുമാണ് എനിക്കുള്ളത്. സഹോദരങ്ങൾ എന്നേക്കാൾ മൂത്തതാണ്. ഇവരുടെ പിന്തുണ വളരെ വലുതാണ്. സിസ്റ്ററിന്‍റെ കുട്ടികൾ പോലും വരെ ക്രിട്ടിക്കായിട്ടാണു കാര്യങ്ങൾ പറയുന്നത്. ഒന്നു നമ്മൾ ഡൗണായാൽ, കുഴപ്പമില്ല നമുക്ക് അടുത്തതിൽ പിടിക്കാമെന്നു പറയുന്നവരാണ് എന്‍റെ ഫാമിലി.

സിനിമയുടെ കാമറയ്ക്കു മുന്നിൽ ആദ്യമെത്തിയപ്പോൾ?

ആഡ് ഫിലിമിൽ കൂടി വന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. കാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണമെന്നുള്ള ഐഡിയ ഉണ്ടായിരുന്നു. പിന്നെ അഭിനയത്തിനൊപ്പം ടെക്നിക്കലിയുള്ള കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്. കാമറയ്ക്കു മുന്നിൽ എങ്ങനെയാകണം എന്നതിനു ചിത്രത്തിന്‍റെ കാമറമാൻ സതീഷേട്ടൻ വളരെ ഹെൽപ്ഫുള്ളായിരുന്നു. ഒരു ആർട്ടിസ്റ്റ് വെറുതെ നിന്നഭിനയിച്ചാൽ മാത്രം പോരാ, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിന്‍റെയൊക്കെ പാഠങ്ങൾ അലമാരയുടെ സെറ്റിൽ നിന്നുമാണ് കിട്ടുന്നത്. വളരെ ഗുണകരമായ പാഠങ്ങളാണ് അലമാര എനിക്കു നൽകിയത്.

കഥാപാത്രത്തിനുള്ള തയ്യാറെടുപ്പുകൾ?

അങ്ങനെ തയ്യാറെടുപ്പൊന്നുമില്ല. പിന്നെ സ്ക്രിപ്ട് വായിച്ചുകൊണ്ടിരിക്കും. ഇപ്പോഴും ഞാൻ ഒരു ചിത്രത്തിന്‍റെ സ്ക്രിപ്ട് വായിക്കുകയാണ്. എന്തും ഒരുപാട് തവണ വായിച്ചാൽ അതു നമ്മുടെ മനസിൽ പതിയുമെന്നാണല്ലൊ. അപ്പോൾ കഥാപാത്രം നമ്മുടെയുള്ളിൽ എത്തിക്കഴിഞ്ഞാൽ ഷൂട്ടിംഗ് സമയത്ത് ഏതു സീൻ അഭിനയിക്കേണ്ടി വന്നാലും അതു പെട്ടെന്നു കണക്ട് ചെയ്യാൻ സാധിക്കും.

ആഡ് ഫിലിം ഇപ്പോഴും തുടരുന്നുണ്ടോ?

സിനിമയ്ക്കൊപ്പം തന്നെ ആഡ് ഫിലിമും കൊണ്ടു പോകുന്നുണ്ട്. സിനിമയിലെത്തുന്നതിനു മുന്നേ അതെന്‍റെ ഒപ്പം ഉണ്ടായിരുന്നതാണ്. ഇപ്പോഴും അത്ര തിരക്കോ മറ്റോ വന്നാൽ മാത്രമാണ് ആഡ് ഫിലിം ഒഴിവാക്കുകയുള്ളു. അല്ലാതെ ആഡ് ഫിലിം ഒരിക്കലും മാറ്റി നിർത്താനാവില്ല എനിക്ക്.

പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ് ?

ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത് ടിക് ടോക് എന്ന ചിത്രമാണ്. അതിൽ ടോവിനോയാണ് നായകൻ. വിവേക് അനിരുദ്ധൻ എന്ന പുതിയ സംവിധായകന്‍റെ ചിത്രമാണ്. ഈ വർഷാവസാനമോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്‍റെ പ്രമോസോംഗിന്‍റെ ഷൂട്ടിംഗ് ഉടനുണ്ട്. ടോവിനോയുടെ ഡേറ്റിന് അനുസരിച്ചായിരിക്കും പിന്നീടുള്ളത്. ഒന്നു രണ്ടു ചിത്രത്തിന്‍റെ കഥകൾ കേട്ടു. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

സ്റ്റാഫ് പ്രതിനിധി