വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
Tuesday, May 23, 2017 4:56 AM IST
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി തമിഴ്നാട്ടിലെ ഒരു ആയോധന കലയായ സിലന്പാട്ടം വശമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സാമന്ത. ചിത്രത്തിൽ സാമന്തയെ കൂടാതെ കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരും വിജയ്ക്കു നായികമാരായി എത്തുന്നുണ്ട്.

തെരിയുടെ വിജയത്തിനു ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. എ. ആർ മുരുദോസ് ഒരുക്കിയ കത്തിയിൽ വിജയ്ക്കു നായിക സാമന്തയായിരുന്നു. വീണ്ടും വിജയുമായി ഒന്നിക്കുകയാണ് സാമന്ത. ഈ ചിത്രങ്ങൾക്കു പിന്നാലെ തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് സാമന്തയ്ക്കു കരാറായിരിക്കുന്നത്. വിശാൽ നായകനായി എത്തുന്ന ഇരുന്പു തിരൈ, ശിവകാർത്തികേയൻ- പൊൻറാം പ്രോജക്ട്, വിജയ് സേതുപതി- ത്യാഗരാജൻ കുമാരരാജൻ ചിത്രങ്ങളിലും സാമന്തയാണ് നായികയായി എത്തുന്നത്.

കുമ്കി 2: പ്രഭു സോളമന്‍റെ അടുത്ത ചിത്രം

മൈന, കുമ്കി, തൊടരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രഭു സോളമൻ. സാധാരണക്കാരനു പരിചിതമായ കഥകളെ മികച്ച ത്രില്ലർ സ്വഭാവത്തോടെ പറയുന്ന പ്രഭു സോളമൻ തന്‍റെ സൂപ്പർ ഹിറ്റു ചിത്രത്തിനു രണ്ടാം ഭാഗവുമായി എത്തുകയാണ്. വിക്രം പ്രഭുവിനെ നായകനാക്കി 2012-ൽ സൂപ്പർഹിറ്റാക്കിയ കുമ്കിയുടെ രണ്ടാം ഭാഗത്തിന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. വിക്രം പ്രഭുവിനൊപ്പം ഒരു ആനയും പ്രധാന കഥാപാത്രമായ കുമ്കിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ജൂലൈ മാസത്തോടെ ആരംഭിക്കുമെന്നു സംവിധായകൻ തന്‍റെ ട്വിറ്ററിൽ അറിയിച്ചു.

||


മിൻമിനി: അമല പോളിനു വിഷ്ണു വിശാൽ നായകൻ

മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് അമല പോൾ. അമല പോളിന്‍റെ പുതിയ ചിത്രത്തിൽ വിഷ്ണു വിശാൽ നായകനാകുന്നു. മുണ്ടാസുപട്ടി ഫെയിം രാംകുമാറാണ് ആദ്യമായി ഈ കൂട്ടുകെട്ടിലുള്ള ചിത്രം ഒരുക്കുന്നത്. മിൻമിനി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധായകന്‍റെ രണ്ടാമത്തെ പ്രോജക്ടാണ്. ഗജനി ജോർജ്, സഞ്ജെയ്, കാളി വെങ്കട്ട്, രാംദോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിബ്രാൻ സംഗീതം ഒരുക്കുന്നു. ധനുഷിനു നായികയായി അമല പോളെത്തുന്ന വാടാ ചെന്നൈ, അരവിന്ദ് സ്വാമിയും അമല പോളും ഒന്നിക്കുന്ന ഭാസ്കർ ഒരു റാസ്കൽ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്.

ശരത് കുമാർ തിരിച്ചെത്തുന്നു രണ്ടാവതു ആട്ടം

ആക്ഷൻ സൂപ്പർസ്റ്റാർ ശരത് കുമാർ ചെറിയൊരു ഇടവേളയ്ക്കു ശേഷം കോളിവുഡിൽ കാമറയ്ക്കു മുന്നിൽ സജീവമാകുന്നു. പൃഥ്വി ആദിത്യ സംവിധാനം ചെയ്യുന്ന രണ്ടാവതു ആട്ടം എന്നു പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലറിൽ പോലീസ് വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ശരത് കുമാർ. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണു ചിത്രം പറയുന്നത്. ഈ ചിത്രത്തിനു ശേഷം ശരത് കുമാർ നായകനാകുന്ന മറ്റൊരു ചിത്രമാണ് ചെന്നൈയിൽ ഒരു നാൾ 2. നവാഗതനായ ജെപിആർ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത തമിഴ് നോവലിസ്റ്റ് രാജേഷ് കുമാറിന്‍റെ ഒരു നോവലിനെ അവലംബിച്ചാണ് ഒരുക്കുന്നത്. ഈ ചിത്രത്തിൽ ഒരു സ്പൈ ഏജന്‍റായിട്ടാണ് ശരത് കുമാർ അഭിനയിക്കുന്നത്. തന്‍റെ തിരിച്ചു വരവ് കോളിവുഡിൽ ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ശരത് കുമാർ.