താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി സംരക്ഷണത്തിനായി മുത്തശിമാർ ഉണ്ടാക്കിത്തന്നിരുന്ന സൗന്ദര്യക്കൂട്ടുകൾ ഏറെയുണ്ടായിരുന്നു. മനോഹരമായ മുടിക്കായി വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന ഏതാനും താളികൾ ഒന്നു പരീക്ഷിച്ചുനോക്കൂ...

ചെന്പരത്തി താളി

സ്ത്രീകൾ മുടി കഴുകാനായി പൊതുവേ ഉപയോഗിക്കുന്ന ഒന്നാണ് ചെന്പരത്തി താളി. ചെന്പരത്തിയില മാത്രമായി കല്ലിലുരച്ച് മുടിയിൽ തേച്ചു കഴുകുകയായിരുന്നു പതിവ്. എന്നാൽ, ചുവന്ന അഞ്ചിതൾ പൂവുള്ള ചെന്പരത്തിയാണ് താളിക്കായി ഉപയോഗിക്കേണ്ടത്. അഞ്ചിതൾ ചെന്പരത്തിയുടെ ഇലയും പൂവും മൊട്ടും ചേർത്തുവേണം താളിയുണ്ടാക്കുവാൻ. ഇവ നന്നായി അരച്ചെടുത്ത് മുടിയിൽ തേയ്ക്കാം. ചെന്പരത്തി താളി ഉപയോഗിക്കുന്പോൾ എണ്ണമയം മാറും. മുടിയിലെയും തലയോട്ടിയിലെയും എണ്ണമയവും അഴുക്കും പോകും.

തിരുതാളി

വേലിപ്പടർപ്പുകളിൽ സുലഭമായി കാണുന്നതാണ് തിരുതാളി. ദശപുഷ്പത്തിൽ മുക്കുറ്റി കഴിഞ്ഞാൽ അടുത്തസ്ഥാനം തിരുതാളിക്കാണ്. തിരുതാളിയിലയും വള്ളിയും അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. കുളിക്കുന്നതിനു മുന്പായി താളി തലയിൽ തേച്ചുപിടിപ്പിക്കണം. രണ്ടു മിനിറ്റു കഴിഞ്ഞ് ധാരാളം വെള്ളം ഉപയോഗിച്ച് താളി കഴുകി കളയുക. തിരുതാളി ദേഹമാസകലം തേച്ചു കുളിക്കുന്നതും ആോഗ്യത്തിന് നല്ലതാണ്.


കുറുന്തോട്ടിത്താളി

ഏറെ ഒൗഷധഗുണമുള്ള കുറുന്തോട്ടി മുടിയഴകിന് മാത്രമല്ല തലച്ചോറിനും ബുദ്ധിശക്തിക്കും ഉത്തമമാണ്. കുറുന്തോട്ടി സമൂലം അരച്ചെടുത്ത് തലയിൽ തേച്ച് കുളിക്കുക. തലയിലെ എണ്ണമയം നിലനിർത്തിക്കൊണ്ടു ദിവസം മുഴുവൻ തലയോട്ടിക്ക് തണുപ്പ് നൽകാൻ കുറുന്തോട്ടിക്കു കഴിയും. അതിനാൽ വരണ്ട തലമുടിയുള്ളവർക്ക് ഏറ്റവും അനുയോജ്യമാണിത്.

തുളസിയില താളി

തുളസിയില അരച്ച് കുഴന്പ് പരുവത്തിൽ മുടിയിൽ തേച്ചുപിടിപ്പിക്കുക. രണ്ടു മിനിറ്റു കഴിഞ്ഞ് കഴുകി കളയുക. പേൻ, ഈര്, ചിലതരം ശിരോചർരോഗം എന്നിവയ്ക്കെല്ലാം ഉത്തമ പ്രതിവിധിയാണിത്.

ചെറുപയർ പൊടി

ചെറുപയർ പൊടിയും താളിയായി ഉപയോഗിക്കാം. ചെറുപയർ പൊടിച്ച് തലയിൽ തേച്ച് കുളിക്കുന്നത് തലയോട്ടിയിലെയും മുടിയിലെയും അഴുക്കുകൾ നീങ്ങിക്കിട്ടാൻ ഏറെ ഉത്തമമാണ്.

വാകപ്പൊടി

നെന്മേനി വാകയുടെ തോലും പൂവും ഉണക്കിപ്പൊടിച്ചെടുത്ത് തലയിൽ തേയ്ക്കുന്ന പതിവ് മുത്തശിവൈദ്യത്തിലുള്ളതാണ്. മുടിക്ക് ഏറെ ഉത്തമമാണിത്.

എസ്.എം