ഫോഡ് എൻഡേവർ
ഇന്ത്യയിലെ ആദ്യകാല പ്രീമിയം എസ്യുവികളിലൊന്നാണ് ഫോഡ് എൻഡേവർ. 2003 ൽ വിപണിയിലെത്തിയ എൻഡേവർ മികച്ച വിൽപ്പനയാണ് നേടിയത്. 2009 ൽ ടൊയോട്ട ഫോർച്യൂണർ വിപണിയിലെത്തുന്നതുവരെ എൻഡേവറായിരുന്നു താരം. നിലവിൽ ഈ വിഭാഗത്തിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് ഈ രണ്ടു മോഡലുകൾ തമ്മിലാണ്.
പുതിയ തലമുറ എൻഡേവറിനെ പുറത്തിറക്കി കളം പിടിച്ചടക്കാൻ ഫോഡ് ഇറങ്ങിയതോടെ ഫോർച്യൂണറിന്‍റെ പുതിയ മോഡലിനെ ടൊയോട്ടയും അവതരിപ്പിച്ചു. വിൽപ്പനയിൽ ഫോർച്യൂണറാണ് മുന്നിലെങ്കിലും എൻഡേവറാണ് മികച്ചതെന്നൊരു ശ്രുതിയുണ്ട്. അത് എത്രമാത്രം സത്യമാണെന്ന് എൻഡേവറിനെ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മനസിലാക്കാം.

രൂപകൽപ്പന

പെട്ടി രൂപമായിരുന്നു പഴയ എൻഡേവറിനെങ്കിൽ രണ്ടാം തലമുറ എൻഡേവറിന്‍റെ ബോഡിയ്ക്ക് ഉരുളിമയുണ്ട്. വലിച്ചുനീട്ടിയപോലുള്ള ശരീരപ്രകൃതി മാറി കൂടുതൽ ഭംഗിയുള്ളതായി മാറി. എസ്യുവി തലയെടുപ്പ് ഫോർച്യൂണറിനെക്കാളുണ്ടെന്ന് വ്യക്തം. വലുപ്പം കൂടിയ ക്രോം ഗ്രില്ലും ഉയരത്തിലുള്ള ബോണറ്റും 18 ഇഞ്ച് വീലുകളുമെല്ലാം എൻഡേവറിനു നല്ല റോഡ് പ്രസൻസ് നൽകുന്നു.

ഡിക്കി ഡോറിൽ ഉറപ്പിച്ചിരുന്ന സ്റ്റെപ്പിനി ടയർ വാഹനത്തിന്‍റെ അടിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.

ഏറെ ബലവത്താണ് ബോഡി. ഡോർ അടയ്ക്കുന്പോഴുള്ള ഘനഗംഭീരമായ ശബ്ദം വാഹനത്തിന്‍റെ ഉറപ്പ് വെളിവാക്കുന്നു. ഓഫ് റോഡിങ് മികവിനും കൂടുതൽ ഭാരം വഹിക്കുന്നതിനും ഫ്രെയിമിൽ ബോഡി ഉറപ്പിച്ചുള്ള നിർമിതിയാണ് ഇതിന്‍റേത്. ഫോർച്യൂണറിനും ഇങ്ങനെ തന്നെ.

ടൊയോട്ട ഫോർച്യൂണറിനെക്കാൾ നീളവും വീതിയും വീൽബേസും കൂടുതലുണ്ട് എൻഡേവറിന്. നീളം 4.9 മീറ്ററുള്ള എൻഡേവറിന് 2,850 മിമീ ആണ് വീൽബേസ്. ഗ്രൗണ്ട് ക്ലിയറൻസ് 225 മിമീ. ആഴമുള്ള വെള്ളക്കെട്ടുകളെ താണ്ടാൻ എതിരാളികളെക്കാൾ ശേഷിയുണ്ട് എൻഡേവറിന്. 800 മിമീ പൊക്കത്തിലുള്ള വെള്ളത്തിലൂടെയും എൻഡേവർ കൂസലില്ലാതെ പോകും.

ആഡംബര പൂർണ്ണമായ ഇന്‍റീരിയർ

ബീജ് , ഗ്രേ നിറങ്ങൾ ഇടകലർന്ന ഡാഷ്ബോർഡ്, മുന്തിയയിനം ലെതർ കൊണ്ടുള്ള അപ്ഹോൾസ്റ്ററി, ലളിതമായ സെന്‍റർ കണ്‍സോൾ , ഉയർന്ന നിലവാരമുള്ള സ്വിച്ചുകൾ എന്നിവയെല്ലാം ഇന്‍റീരിയറിനും പ്രീമിയം ഫീൽ നൽകുന്നു. ഫോർച്യൂണറിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ഇന്‍റീരിയർ നിലവാരം.

ചെരിവ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീലിൽ മൊത്തം 22 ബട്ടനുകളുണ്ട്.
ഫോണ്‍ , ഓഡിയോ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, ക്രൂസ് കണ്‍ട്രോൾ എന്നിവയെല്ലാം സ്റ്റിയറിങ്ങിലെ ബട്ടനുകൾ ഉപയോഗിച്ച് നിയന്ത്രിക്കാം. ലൈറ്റിന്‍റെയും വൈപ്പറിന്‍റെയും സ്റ്റാക്കുകൾ പഴയ മോഡിലിലേതുപോലെ വശം തെറ്റിച്ചല്ല. ലൈറ്റുകളുടെ നിയന്ത്രണം വലതുവശത്തും വൈപ്പർ കണ്‍ട്രോൾ ഇടതുവശത്തും നൽകിയിരിക്കുന്നു. ബട്ടനുകൾ പ്രവർത്തിപ്പിച്ച് ഡ്രൈവർ സീറ്റ് എട്ടു തരത്തിൽ ക്രമീകരിക്കാം.

പനോരമിക് സണ്‍റൂഫ്, മുന്നിൽ പാർക്കിങ് സെൻസർ , സെമി ഓട്ടോ പാരലൽ പാർക്ക് അസിസ്റ്റ്, രണ്ട് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ എസി എന്നീ ഫീച്ചറുകൾ എൻഡേവറിന് അധികമായുണ്ട് . ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയുമുള്ള 10 സ്പീക്കർ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം ഫോർച്യൂണറിന്‍റെ ആറ് സ്പീക്കർ സിസ്റ്റത്തേക്കാൾ മികച്ചതാണ്. സ്റ്റിയറിങ്ങിന്‍റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൻ , നാവിഗേഷൻ സിസ്റ്റം എന്നിവയാണ് എൻഡേവറിന് ഫോർച്യൂണറിനെക്കാൾ അധികമുള്ള ഫീച്ചറുകൾ .

രണ്ട് എസ്യുവികളുടെയും ഡിക്കി ഡോർ കീ ഫോബിലെ ബട്ടൻ അമർത്തി ഉയർത്താം.
മൂന്ന് നിരകളിലായി ഏഴ് പേർക്ക് ഇരിക്കാവുന്ന വിധമാണ് ഇന്‍റീരിയർ . മുൻനിരയിൽ ഏറ്റവും സ്ഥലസൗകര്യം എൻഡേവറിനാണ്. രണ്ടാം നിരയിൽ ആവശ്യത്തിനു ലെഗ്റൂം നൽകുന്നുണ്ടെങ്കിലും ഫോർച്യൂണറിനൊപ്പം വരില്ല അത്. എന്നാൽ തുടകൾക്ക് നല്ല താങ്ങേകാൻ ഫോഡ് എസ്യുവിയുടെ സീറ്റുകൾക്ക് കഴിയുന്നു.

മൂന്നാം നിരയിലേയ്ക്ക് കടക്കുക അൽപ്പം ആയാസകരമാണ്. ഫോർച്യൂണറിന്‍റെ രണ്ടാം നിര സീറ്റിന്‍റെ ഒരുഭാഗം മടക്കി മുന്നോട്ട് മറിക്കാവുന്നതാണെങ്കിൽ എൻഡേവറിന്‍റെ സീറ്റ് ബാക്ക് റെസ്റ്റ് മാത്രമേ മടക്കാനാവൂ. എന്നാൽ സീറ്റ് മുന്നിലേയ്ക്ക് തള്ളി നീക്കാനാവും. മൂന്നാം നിര സീറ്റും ആവശ്യം പോലെ വീതിയുള്ളതാണ്. ഡിക്കിയിലെ ബട്ടൻ അമർത്തിയാൽ മതി, മൂന്നാം നിര സീറ്റ് മടങ്ി ഫ്ലോറിന്‍റെ നിരപ്പിലാകും. എൻഡേവറിനെ ഏഴ് സീറ്ററോ അഞ്ച് സീറ്ററോ ആയി മാറ്റുന്നത് വളരെ സിംപിൾ . അതേ സ്ഥാനത്ത് ഫോർച്യൂണറിൽ സീറ്റ് മടക്കണമെങ്കിൽ കൈബലം പ്രയോഗിക്കണം.


എൻജിൻ ഡ്രൈവ്

ആറ് സ്പീഡ് മാന്വൽ , ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള എൻഡേവറിന് 2.2 ലിറ്റർ നാല് സിലിണ്ടർ (158 ബിഎച്ച്പി 385 എൻഎം) , 3.2 ലിറ്റർ ,അഞ്ച് സിലിണ്ടർ (197 ബിഎച്ച്പി 470 എൻഎം) ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. രണ്ട് വീൽഡ്രൈവ്, നാല് വീൽഡ്രൈവ് ഓപ്ഷനുകൾ ലഭ്യമാണ്.

മൈലേജ്
2.2 ലിറ്റർ ആറ് സ്പീഡ് മാന്വൽ 14.12 കിമീ / ലിറ്റർ
2.2 ലിറ്റർ ആറ് സ്പീഡ് ഓട്ടോമാറ്റിക് 12.62 കിമീ / ലിറ്റർ
3.2 ലിറ്റർ ആറ് സ്പീഡ് ഓട്ടോമാറ്റിക് 10.91 കിമീ / ലിറ്റർ
ഫോർച്യൂണറിന് 2.7 ലിറ്റർ പെട്രോൾ ( 164 ബിഎച്ച്പി 245 എൻഎം) , 2.8 ലിറ്റർ ഡീസൽ ( 175 ബിഎച്ച്പി 450 എൻഎം) എൻജിനുകളുണ്ട്. 3.2 ലിറ്റർ എൻജിനുള്ള എൻഡേവറാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. കരുത്ത് കൂടുതലുള്ള എൻഡേവർ ഫോർച്യൂണറിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നു.

മികവുള്ള ഇൻസുലേഷനാണ് പാസഞ്ചർ ക്യാബിനു നൽകിയിരിക്കുന്നത്. ഡീസൽ എൻജിന്‍റെ ശബ്ദം ഉള്ളിൽ അറിയാനില്ല. പ്രീമിയം സെഡാനിലേതുപോലെ സുഖകരമായ യാത്ര. ഹന്പുകളുടെയും ഗട്ടറുകളുടെയേും ആഘാതം സസ്പെൻഷൻ നന്നായി ആഗിരണം ചെയ്ത് യാത്രാസുഖം നൽകുന്നു. സ്റ്റിയറിങ് വളരെ കട്ടി കുറഞ്ഞതായതുകൊണ്ട് നഗരവീഥികളിൽ സുഖമായി കൈകാര്യം ചെയ്യാം. ഇത്രയും വലിയൊരു വാഹനമാണ് ഓടിക്കുന്നതെന്ന തോന്നലില്ല. ഹാച്ച്ബാക്ക് ഓടിക്കുന്ന ലാഘവത്തോടെ കൊണ്ടുപോകാം. ഹൈവേയിലെ ഉയർന്ന വേഗത്തിൽ ബോഡി റോൾ അനുഭവപ്പെടുന്നുണ്ട്.
ഓഫ് റോഡ് മികവെടുത്താലും എൻഡേവറാണ് മുന്നിൽ . ഏതു മലയും താണ്ടാൻ എൻഡേവർ തയ്യാർ . ഫോർ വീൽഡ്രൈവ് എസ്ഐവിയുടെ ടെറെയ്ൻ മാനേജ്മെന്‍റ് സിസ്റ്റവും റിയർ ഡിഫറൻഷ്യൽ ലോക്കും ഓഫ് റോഡിങ്ങ് മികവേകുന്നു. നോർമൽ , സാൻഡ് /സ്നോ, റോക്ക് മോഡുകൾ ഇതിനുണ്ട്. ഗീയർ ലിവറിനു സമീപത്തുള്ള ഡയൽ തിരിച്ച് ആവശ്യമുള്ള മോഡ് തിരഞ്ഞെടുക്കാം. ഓഫ് റോഡിലെ വെല്ലുവിളികൾ വാഹനം തന്നെ ഏറ്റെടുക്കും. ആവശ്യാനുസരണം സ്റ്റിയറിങ്ങും ബ്രേക്കും ആക്സിലറേറ്ററും പ്രയോഗിച്ചാൽ മതി ഉടുന്പിനെപ്പോലെ മലയിലും കുത്തിറക്കത്തിലുമെല്ലാം അടിപതറാതെ എൻഡേവർ നീങ്ങും.

വില

ടൊയോട്ട ഫോർച്യൂണറിനെ അപേക്ഷിച്ച് വിലക്കുറവ് ഫോഡ് എൻഡേവറിനുണ്ട്. ഒരു പുസ്തകമാക്കാൻ പോന്ന ഫീച്ചറുകൾ എൻഡേവറിൽ കാണാം. സ്റ്റാൻഡേർഡ് ഫിറ്റിങ്ങായി തന്നെ നിരവധി ഫീച്ചറുകൾ എൻഡേവർ നൽകുന്നുണ്ട്. ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ എയർബാഗ് , എബിഎസ് , ട്രാക്ഷൻ കണ്‍ട്രോൾ , ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ , ടച്ച് സ്ക്രീനുള്ള ഫോഡ് സിങ്ക് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം , ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ , റിയർ പാർക്കിങ് സെൻസറുകൾ , ക്രൂസ് കണ്‍ട്രോൾ , സ്റ്റിയറിങ്ങിൽ ഓഡിയോ കണ്‍ട്രോളുകൾ, റയിൻ സെൻസിങ് വൈപ്പർ എന്നിവ അടിസ്ഥാന വകഭേദമായ ട്രെൻഡിനുണ്ട്.

ഏഴ് എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ് ലാംപുകൾ , ഡേ ടൈം റണ്ണിങ് ലാംപുകൾ , ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ , ഇലക്ട്രിക് സണ്‍റൂഫ് എന്നീ ഫീച്ചറുകൾ മുന്തിയ വകഭേദമായ ടൈറ്റാനിയത്തിന് അധികമായുണ്ട്.

അവസാനവാക്ക്

വലുപ്പം കൂടിയതും പ്രകടനമികവുമുള്ള എസ്യുവി നോക്കുന്നവർക്ക് ഫോഡ് എൻഡേവർ ഇണങ്ങും. എൻജിൻ കരുത്ത്, സൗകര്യങ്ങൾ , സുരക്ഷ , സാങ്കേതികവിദ്യ എന്നിവയിലെല്ലാം ഫോർച്യൂണറിനെക്കാൾ എൻഡേവർ മുന്നിട്ടുനിൽക്കുന്നു. എതിരാളിയെ അപേക്ഷിച്ച് വിലക്കുറവും എൻഡേവറിനുണ്ട്. ടൊയോട്ട ബ്രാൻഡിനോടുള്ള മമത, മികച്ച വിൽപ്പനാനന്തരസേവനം, റീസെയിൽ വാല്യു എന്നിവയാണ് ഫോർച്യൂണറിനു വിപണിയിൽ പ്രിയം നേടിക്കൊടുക്കുന്നത്. എൻഡേവറിനു സർവീസ് ചെലവ് കുറവാണെന്ന് ഫോഡ് അവകാശപ്പെടുന്നു. പതിനായിരം കിലോമീറ്റർ അല്ലെങ്കിൽ ഒരു വർഷം ആണ് സർവീസ് ഇടവേള. മുടക്കിനൊത്ത മൂല്യം നൽകുന്നത് എൻഡേവർ തന്നെ.

ഐപ് കുര്യന്‍