കൃഷിയെ പ്രണയിക്കുന്ന യുവത്വം
കൃഷിയെ പ്രണയിക്കുന്ന യുവത്വം
Saturday, June 3, 2017 4:48 AM IST
കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലെത്തണം. ചൊരിമണലിനോട് മല്ലിടുന്ന ഇവരുടെ കഠിനാധ്വാനത്തിന്‍റെ പരിണിത ഫലമാണ് ഇവിടുത്തെ പച്ചക്കറി പ്രദർശനത്തോട്ടം. കുറച്ചുനാൾ മുന്പുവരെ ന്ധചാണകമോ ? അയ്യേ!...ന്ധ എന്നു പറഞ്ഞിരുന്ന കുട്ടികൾ ഇപ്പോൾ പറയുന്നത് ന്ധ ചാണകമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം ’എന്നാണ്. ഇതു കോളജിൽ പരീക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ രീതിയുടെയും എൻഎസ്എസിന്‍റെയും വിജയം കൂടിയാണ്. കാന്പസിലെ അഞ്ചേക്കർ ചൊരിമണലിൽ വിരിയുന്നത് ജൈവ പച്ചക്കറിയുടെ പുത്തൻ പാഠങ്ങളാണ്.

നൂതന സാങ്കേതിക വിദ്യയായ ഓപ്പണ്‍ പ്രസിഷൻ ഫാമിംഗ് സന്പ്രദായത്തിലാണ് ഇവിടെ കൃഷി നടത്തുന്നത്. 100 കുട്ടികളടങ്ങുന്ന എൻഎസ്എസിന്‍റെ കാർഷിക കർമസേനയ്ക്കാണ് പച്ചക്കറി തോട്ടത്തിന്‍റെ ചുമതല. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ അതീവ ശ്രദ്ധയോടുള്ള ആസൂത്രണമാണ് ഈ കുട്ടികർമസേനയെ ശ്രദ്ധേയമാക്കുന്നത്. ഈ സാന്പത്തിക വർഷത്തിൽ തന്നെ മൂന്ന് വിളയിറക്കി നാടിന്‍റെ ആകെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണിവർ. രണ്ടര ഏക്കർ സ്ഥലത്ത് പടവലം, പാവൽ, പയർ, പീച്ചിങ്ങ, വെണ്ട, വഴുതന, തക്കാളി, ചീര, പച്ചമുളക് എന്നിവ ഓപ്പണ്‍ പ്രിസിഷൻ ഫാമിംഗ് അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു. മറ്റിടങ്ങളിൽ ചേന, ചേന്പ്, കാച്ചിൽ എന്നിവയും കൂടി കൃഷി ചെയ്യുന്നു. രണ്ടാം വിളയായി പരീക്ഷണാടിസ്ഥാനത്തിൽ ശീതകാല വിളകളായ കാബേജും, കോളിഫ്ളവറും വിജയകരമായി കൃഷി ചെയ്ത് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു.

പുരയിടത്തെ ചാലുകളും വരന്പുകളുമായി മാറ്റുകയാണ് ആദ്യം ചെയ്തത്. പച്ചക്കറി അവശിഷ്ടങ്ങൾ ചന്തയിൽ നിന്നും ശേഖരിച്ച് അടിവളമായി നിക്ഷേപിച്ചു. പിന്നീട് ചാണകവും, ചാരവും, കോഴിവളവും, ഉമിക്കരിയും, റോക്ക് ഫോസ് ഫേറ്റും നൽകി. കൃഷി തുടങ്ങുന്നതിന് മുന്പായി അടിവളങ്ങൾ നല്ല രീതിയിലിട്ട് ചെറിയ വരന്പുകളാക്കി അതിന് മുകളിലാണ് ഫെർട്ടിഗേഷൻ പൈപ്പുകൾ ഘടിപ്പിച്ചത്. വെള്ളം കടത്തിവിട്ട് എല്ലാ ദ്വാരങ്ങളിൽക്കൂടിയും വരുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് പുതയിട്ടത്.


മേൽപറഞ്ഞ രീതിയിൽ തയാറാക്കിയ വരന്പുകളിലാണ് ആവശ്യമായ അകലത്തിൽ പച്ചക്കറി തൈകൾ നട്ടത്. വെണ്ട, വഴുതന എന്നിവ 45 സെന്‍റീമീറ്റർ അകലത്തിലാണ് നടുന്നത്. നടുന്നതിനായി പോളിത്തീൻ കവർ പൊട്ടിച്ച് ചെറുകുഴികൾ എടുത്തു. 3-4 ഇല പ്രായത്തിലുള്ള പച്ചക്കറി തൈകളാണ് നട്ടത്. ആദ്യ രണ്ടു മൂന്നു ദിവസം നല്ല ശ്രദ്ധയും തീവ്ര പരിചരണവും തന്നെ വേണ്ടിവന്നു.

രോഗ കീടാക്രമണം ചെറുക്കാൻ മഞ്ഞകെണി, കായീച്ച കെണി, സ്യൂഡോമോണസ് തളിയ്ക്കൽ, മത്സ്യ ഗവ്യത്തിന്‍റെ ഉപയോഗം എന്നിവ സഹായിച്ചു. വേപ്പിൻ പിണ്ണാക്ക് കിഴികെട്ടിയ വെള്ളം, പത്തുതരം കളകൾ ഗോമൂത്രത്തിൽ മുക്കി വെച്ച് അരിച്ചെടുത്തുണ്ടാക്കുന്ന ലായനി എന്നിവയും നല്ല ഫലം നൽകുകയുണ്ടായി. ജൈവകൃഷിയിൽ രോഗകീടാക്രമണം വരുന്നതിനു മുന്പും തുടങ്ങുന്ന സമയത്തും നടപടി സ്വീകരിച്ചാവണം രോഗകീടങ്ങളിൽ നിന്ന് രക്ഷനേടാൻ എന്ന പാഠം കുട്ടികൾ ഓർമപ്പെടുത്തുന്നു.

നാടൻ വാഴയിനങ്ങളുടെ സംരക്ഷണത്തിനായും അവയുടെ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഒരുക്കിയ പ്രദർശന വാഴത്തോട്ടം ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. പടത്തി, ആറ്റുകണ്ണൻ, ചുണ്ടില്ലാകണ്ണൻ, കപ്പക്കാളി, മധുരവള്ളി, ചെങ്കദളി, ചാരക്കാളി, ഗിരിസുധ തുടങ്ങിയ 24 ഇനം നാടൻ വാഴകളാണ് തോട്ടത്തിലുള്ളത്.

കോളജിന്‍റെ മുൻവശത്ത് നാഷണൽ ഹൈവേയുടെ ഓരംചേർന്ന് കൃഷി വകുപ്പിന്‍റെ എ ഗ്രേഡ് ക്ലസ്റ്റർ, പച്ചക്കറി വിപണന സ്റ്റാ ൾ തുടങ്ങിയത് ഇവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ന്യായവില ലഭിക്കാൻ സഹായിച്ചു.

കുട്ടികൾക്ക് പ്രചോദനവും മാർഗനിർദ്ദേശകവുമായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജെ.പ്രേംകുമാറും, കോളജ് മാനേജർ ഫാ. സോളമൻ ചാരങ്കാട്ടും, മുൻ പ്രിൻസിപ്പൽ എ.ബി. ജോണ്‍ ജോസഫും ചേർത്തല തെക്ക് കൃഷി ഓഫീസർ അനൂപും, പ്രോഗ്രാം ഓഫീസർ പ്രഫ. പ്രതീഷും, യുവ കർഷകനായ സ്വാമിനികർത്തിൽ സുജിത്തും കൂടെയുണ്ട്. കോളജിന് നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.
ഫോണ്‍: എ.ബി. ജോണ്‍ ജോസഫ്- 94469 17211