ജീവിത ലക്ഷ്യവും ആസൂത്രണവും എസ്ഐപിയും
തീർച്ചയായും പണം പ്രധാനമാണ്!

ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ ബില്ലു നൽകാൻ പണം വേണം. ആശുപത്രിയിൽ പ്രവേശിച്ചാൽ, യാത്ര ചെയ്യാൻ, കാർ വാങ്ങാൻ , നിക്ഷേപം നടത്താൻ, കുട്ടികളെ സംരംക്ഷിക്കാൻ, ദാനം നൽകാൻ.... എന്നുവേണ്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും ചെലവുണ്ട്. ആ ചെലവു വഹിക്കാൻ പണം വേണം.
ചുരുക്കിപ്പറഞ്ഞാൽ ഏതു പ്രവർത്തനത്തിനും പണം വേണം. അത് ഒരാളുടെ ജീവിതത്തിൽ ഒഴിവാക്കാനാകാത്തവിധം പ്രധാനപ്പെട്ടതാണ.്

പക്ഷേ അതുകൊണ്ടുതന്നെ ധനകാര്യം സംബന്ധിച്ച തീരുമാനങ്ങളും പ്രധാനപ്പെട്ടതാണ്.അതിനാൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ പ്രത്യേക ശ്രദ്ധ നൽകണം.തീരുമാനങ്ങൾ എടുക്കുന്പോൾ വലിയ പിരിമുറുക്കമൊന്നുമുണ്ടാക്കുന്ന വിധത്തിലാവരുത്. മറ്റു വാക്കിൽ പറഞ്ഞാൽ പണം നിങ്ങളുടെ ജീവിത്തെ ഞെരുക്കരുത്.
നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ജീവിതത്തിനുള്ളതാണ് പണം. ലക്ഷ്യത്തോടുകൂടി വേണം പണം സംബന്ധിച്ച തീരുമാനമെടുക്കാൻ. അതിനായി ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് തീരുമാനിക്കുകയും അതിനനുസരിച്ച് ധനകാര്യ ലക്ഷ്യം നിശ്ചയിക്കുകയും ചെയ്യുക. ഇത് ഒരാളെ മികച്ച ധനകാര്യ സ്ഥിതിയിൽ എത്തിക്കും. പുതിയതായി ജോലിയിലേക്കു പ്രവേശിക്കുകയും വരുമാനമുണ്ടാക്കിത്തുടങ്ങുകയും ചെയ്യുന്നവർക്കു മികച്ച രീതിയിൽ ധനകാര്യ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും. അതിനു സഹായകരമായചില നിർദ്ദേശങ്ങൾ ചുവടെ.

1. സന്തോഷകരമായ ജീവിതം

എല്ലാവരും സ്വപ്നത്തിൽ അല്ലെങ്കിൽ ഭാവനയിൽ കാണുന്നത് സന്തോഷകരമായ ജീവിതമാണ്. നാല്പതോ അന്പതോ വർഷം കഴിഞ്ഞിട്ടല്ല അടുത്ത ഭാവിയിലാണ്. കൂടിയാൽ അഞ്ചോ എട്ടോ വർഷത്തിനുള്ളിൽ. ജീവിതം എങ്ങനെയായിരിക്കണം, എവിടയെയായിരിക്കണം. എപ്പോൾ റിട്ടയർ ചെയ്യണം. തുടങ്ങി ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഭാവനയിൽ കാണുക.

2. ഭാവനയിലെ ജീവിതം കടലാസിലാക്കുക
എന്തു ഭാവനയിൽ കണ്ടാലും അതു കടലാസിലാക്കുന്പോഴാണ് യാഥാർത്ഥ്യത്തിനടുത്തേക്കു നീങ്ങുക. ഭാവനയിൽ നാം ആഗ്രഹിച്ചത് കടലാസിലേക്ക് പകർത്തുക. ഇതാണ് നാം ലക്ഷ്യമായി ജീവിതത്തിൽ വയ്ക്കുക.

3. മുൻഗണന നിശ്ചയിക്കുക
കടലാസിൽ പകർത്തിയതിന് മുൻഗണനാ ക്രമം നിശ്ചയിക്കുകയെന്നതാണ് അടുത്തപടി. ആദ്യം ഏതു ലക്ഷ്യമാണ് നേടുകയെന്നതു നിശ്ചയിക്കുക. യുവാക്കളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ലക്ഷ്യം തീർച്ചയായും മോട്ടോർ സൈക്കിളും മൊബൈൽ, ലാപ് ടോപ്പ് ഉൾപ്പെടെയുള്ള കമ്യൂണിക്കേഷൻ സൗകര്യങ്ങളുമായിരിക്കും.


4. പങ്കാളികളുമായി പങ്കുവയ്ക്കുക
ഭാവനയിൽ കണ്ട് കടലാസിൽ പകർത്തിയ ജീവിത സ്വപ്നങ്ങൾ പങ്കാളികളുമായി പങ്കുവയ്ക്കുക. ചർച്ചകളിലൂടെ കൂടുതൽ മെച്ചപ്പെട്ട ലക്ഷ്യങ്ങൾ കണ്ടെത്താൻ സഹായിക്കും. തങ്ങളൊരുമിച്ച് കെട്ടിപ്പെടുക്കാനിരിക്കുന്ന ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ നെയ്തുകൂട്ടുക തീർച്ചയായും ആനന്ദദായകമായിരിക്കും.
ഈ ചർച്ചകളിലൂടെ ഇരുവർക്കും ഒരേപോലെ താൽപര്യമുള്ള കാര്യങ്ങൾക്കു മുൻഗണന നൽകാം. മറ്റുള്ളവയുടെ കാര്യത്തിൽ പരസ്പരം കേൾക്കുവാനും മനസിലാക്കുവാനും ശ്രമിക്കുക. പിന്നീട് പല തവണ അതേക്കുറിച്ചു ചർച്ച ചെയ്യുന്പോൾ ഇരുവർക്കും താല്പര്യമുള്ളത് ഉരുത്തിരിഞ്ഞുവരും.

5. പഴയതും പുതിയതുമായ താല്പര്യങ്ങൾ
കാലം കടന്നുപോകുന്പോൾ പുതിയ താല്പര്യങ്ങൾ കടന്നുവരും. പഴയ താല്പര്യങ്ങൾ ഇല്ലാതാകും. പുതിയതിനു പണം നീക്കി വയ്ക്കണം. എന്നാൽ പഴയ താല്പര്യങ്ങൾ ഇല്ലാതാകുന്നതോടെ കുറെ പണം സ്വതന്ത്രമായി ലഭിക്കും.
പണം വകമാറ്റുന്പോൾ എപ്പോഴും തങ്ങളുടെ ഐഡിയൽ ജീവിത ലക്ഷ്യങ്ങളെ ഒഴിവാക്കുക. പകരം ഇടയ്ക്കു വന്നു കയറിയ താൽപര്യങ്ങൾക്കു നീക്കി വയ്ക്കുന്ന തുകയിൽനിന്ന് എടുക്കുക.

6. മുൻഗണനകൾ ലക്ഷ്യങ്ങളാക്കുക
മുൻഗണന ലക്ഷ്യങ്ങളെ വ്യക്തമായി നിർവചിച്ചുകഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായി. അവയിൽ എത്തിച്ചേരുവാനും സാധിക്കും.
ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കുക ( ഉദാഹരണത്തിന,വീടിന് അഡ്വാൻസ് തുക നൽകാനായി അടുത്ത അഞ്ചുവർഷംകൊണ്ട് 10,00,000 രൂപയുടെ അടിയന്തര നിധി രൂപീകരിക്കണം). ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തോടെ നിശ്ചയിക്കുകലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുക അതിന്‍റെ പുരോഗതി അളക്കുകലക്ഷ്യങ്ങൾ നേടുന്നതിനു പരിധി വയ്ക്കുക. ഇനി ഈ ലക്ഷ്യങ്ങൾക്കായി തുക നീക്കി വയ്ക്കുകയാണ് ചെയ്യാനുള്ളത്.

7. ലക്ഷ്യം നടപ്പാക്കുക
ലക്ഷ്യവും തുക നീക്കി വയ്ക്കലും കാലയളവുമെല്ലാം പ്ലാൻ ചെയ്തു കടലാസിലാക്കി. പക്ഷേ അവയിൽ നടപടി എടുത്തില്ലെങ്കിൽ ഒന്നു നേടാനാവുകയില്ല. അതിനാൽ ലക്ഷ്യം നേടുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക.

8. ക്രമമായ വിലയിരുത്തൽ
സ്ഥിരതയോടെ ക്രമമായി ലക്ഷ്യത്തിലേക്കുള്ള പ്രയാണം വിലയിരുത്തണം. കാരണം ജീവിതവും ലക്ഷ്യങ്ങളും മാറാം. അതിനനുസരിച്ച് ചിലപ്പോൾ മാറേണ്ടാതായി വരും. അത് സ്വീകരിക്കുക. പക്ഷേ തങ്ങളുടെ ജീവിത സന്തോഷമെന്ന ലക്ഷ്യം കാതലായിരിക്കണം. ഓരോ വർഷവും പ്രക്രിയകളിലൂടെ കടന്നുപോവുകയും ആവശ്യമെങ്കിൽ പുനർക്രമീകരിക്കുകയും ചെയ്യുക.