ഹാലജൻ മുതൽ ലേസർ വരെ
വാഹനങ്ങളുടെ സുരക്ഷ നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവയാണ് ഹെഡ് ലൈറ്റുകൾ. അവയുടെ സാങ്കേതികവിദ്യ അനുദിനം വികസിപ്പിക്കുന്ന തിരക്കിലാണ് വാഹനനിർമാതാക്കൾ. പ്രൊജക്ടർ, സീനോണ്‍, എൽഇഡി, ലേസർ തുടങ്ങിയ പദങ്ങൾ ഹെഡ്ലാംപുമായി ബന്ധപ്പെട്ട് കേൾക്കാറുണ്ട്. അവയൊക്കെ എന്താണെന്ന് വിശദമാക്കുകയാണിവിടെ.

ഹാലജൻ ലാംപ്

വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ബൾബിന് സമാനമായാണ് ഇതിന്‍റെപ്രവർത്തനം. സാധാരണ ബൾബുകൾ വായുരഹിതമാണെങ്കിൽ ഇവയിൽ ഉയർന്ന മർദ്ദത്തിൽ ഹാലജൻ വാതകം നിറച്ചിട്ടുണ്ട്. നിഷ്ക്രിയ വാതകമായ ഹാലജന്‍റെ സാന്നിധ്യം മൂലം ഇതിന്‍റെ ടങ്സ്റ്റണ്‍ ഫിലമെൻറിന് ഉയർന്ന താപനില കൈവരിക്കാനും അങ്ങനെ കൂടുതൽ പ്രകാശം നൽകാനുമാകും. മഞ്ഞകലർന്ന പ്രകാശമാണ് ഹാലജൻ ബൾബ് നൽകുക. ഏകദേശം 100 മീറ്റർ ദൂരത്തേയ്ക്ക് പ്രകാശം പരത്താൻ ഹാലജൻ ബൾബിനു കഴിയും.

ഹാലജൻ വാതകവുമായി ടങ്സ്റ്റൻ നടത്തുന്ന പ്രത്യേക രാസപ്രവർത്തനം മൂലം ഫിലമെൻറ് ഏറെക്കാലം നീണ്ടുനിൽക്കും. കൂടാതെ ബൾബിന്‍റെ ഉൾഭാഗം മങ്ങിപ്പോകാതെയും ഇരിക്കും.
ഉള്ളിലെ വാതകത്തിന്‍റെ മർദ്ദവും ഫിലമെന്‍റിന്‍റെ ഉയർന്ന ചൂടും താങ്ങാനായി കടുപ്പമുള്ള ക്വാർട്സ് ഗ്ലാസാണ് ഇതിന്‍റെ നിർമാണത്തിനു ഉപയോഗിക്കുന്നത്. ക്വാർട്സ് ഗ്ലാസിന്‍റെ പുറത്ത് എണ്ണമയം പറ്റിയാൽ അത് മങ്ങിപ്പോകും. അതുകൊണ്ടാണ് ഹാലജൻ ബൾബുകളുടെ ഗ്ലാസിൽ കൈകൊണ്ടു നേരിട്ടു തൊടരുതെന്നു പറയുന്നത്. ചൂടിന്‍റെ രൂപത്തിൽ ഉൗർജനഷ്ടം ഉണ്ടാകുന്നു എന്നത് ഹാലജൻ ബൾബിന്‍റെ പോരായ്മയാണ്.

സീനോണ്‍ ലാംപ്

എച്ച്ഐഡി ( ഹൈ ഇന്‍റൻസിറ്റി ഡിസ്ചാർജ്) ലാംപ് എന്നും പേരുണ്ട്. ട്യൂബ് ലൈറ്റിനോട് സമാനമാണ് സീനോണ്‍ ലാംപിന്‍റെ പ്രവർത്തനം. ഫിലമെന്‍റ് ജ്വലിപ്പിച്ചല്ല പ്രകാശമുണ്ടാകുന്നത്. ബൾബിൽ നിറച്ചിരിക്കുന്ന ഉയർന്ന മർദ്ദത്തിലുള്ള സീനോണ്‍ വാതകത്തെ വൈദ്യുതിതരംഗങ്ങളാൽ ഉത്തേജിപ്പിച്ചാണ് പ്രകാശം ഉണ്ടാക്കുന്നത്. നീലകലർന്ന വെളുത്ത പ്രകാശമാണ് സീനോണ്‍ ലാംപുകൾ ചൊരിയുക.
ട്യൂബ് ലൈറ്റുകളെപ്പോലെ, തെളിയാനും പൂർണ്ണ ശോഭയോടെയാകാനും സീനോണ്‍ ലാംപിന് ഒരു സെക്കൻഡ് വൈകും. അതുകൊണ്ടുതന്നെ ഹൈ ബീം ( ബ്രൈറ്റ്) മോഡിന് അത് യോജിക്കില്ല. ഡിം മോഡിൽ നിന്ന് ബ്രൈറ്റ് മോഡിലേയ്ക്കിടുന്പോൾ ഒരു സെക്കൻഡ് നേരം പ്രകാശം ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും. ഇതിനെ മറികടക്കാൻ ഒരു ഹാലജൻ ലാംപും സീനോണ്‍ ലാംപിനൊപ്പം ഉപയോഗിക്കുന്നു. ഹൈ ബീമിനാണ് ഹാലജൻ ഉപയോഗിക്കുന്നത്. ഫലത്തിൽ സീനോണ്‍ ലാംപുകളുള്ള കാറിന്‍റെ ഹെഡ് ലാംപ് യൂണിറ്റുകളിൽ ആകെ നാല് ബൾബുകളുണ്ടാകും.

ഹാലജൻ ലാംപുകളെ അപേക്ഷിച്ച് വിലക്കൂടുതലാണ് സീനോണ്‍ ലാംപിന്. എന്നാൽ ദീർഘകാല ഈടുനിൽപ്പ് , കുറഞ്ഞ വൈദ്യുതി ഉപഭോഗം, തെളിമയുള്ള പ്രകാശം എന്നീ ഗുണങ്ങൾ സീനോണ്‍ ലാംപിനുണ്ട്. 1992 ലാണ് സീനോണ്‍ ലാംപുകൾ കാറുകളിൽ ഉപയോഗിച്ച് തുടങ്ങിയത്. ഹാലജൻ ബൾബിനെക്കാൾ അഞ്ചിരട്ടി ആയുസ് സീനോണ്‍ ലാംപിനുണ്ട്. പതിനായിരം മണിക്കൂറോളം പ്രവർത്തിക്കും.

ബൈ സീനോണ്‍ ലാംപ്

പേര് കേൾക്കുന്പോൾ രണ്ട് സീനോണ്‍ ബൾബുകൾ ഉപയോഗിക്കുന്നുണ്ടാവും എന്നു കരുതേണ്ട. ഒറ്റ സീനോണ്‍ ബൾബേയുള്ളൂ ഇതിന്. ഹൈ ബീമിനും ലോ ബീമിനും ഇതാണുപയോഗിക്കുന്നത്.

ബൾബ് ചലിപ്പിച്ച് പ്രകാശത്തിന്‍റെ ദിശമാറ്റിയോ ബൾബ് ഭാഗികമായി മറച്ചോ ആണ് ലോം ബീം സൃഷ്ടിക്കുന്നത്. ഒരു ഹാലജൻ ബൾബിനുള്ള സ്ഥലം ലാഭിക്കാമെന്നതിനാൽ ബൈ സീനോണ്‍ ലാംപ് യൂണിറ്റ് വലുപ്പം കുറച്ച് നിർമിക്കാനാവും.

പ്രൊജക്ടർ ഹെഡ് ലാംപ്

പ്രൊജക്ടർ ഹെഡ്ലാംപിൽ സീനോണ്‍ ബൾബ് ആയിരിക്കണമെന്ന് നിർബന്ധമില്ല. അത് ഹാലജൻ ബൾബോ എൽഇഡി ലാംപോ ആകാം. ലെൻസിന്‍റെ സഹായത്തോടെ പ്രകാശം ചിതറിപ്പോകാതെ റോഡിലേയ്ക്ക് ഫോക്കസ് ചെയ്യുകയാണ് പ്രൊജക്ടർ ഹെഡ്ലാംപ് ചെയ്യുന്നത്.

കൂടുതൽ ദൂരത്തിലേയ്ക്ക് പ്രകാശം പരത്തി മികച്ച റോഡ് കാഴ്ച പ്രൊജക്ടർ ഹെഡ്ലാംപ് നൽകുന്നു. വാഹനത്തിന്‍റെ ഭംഗി കൂട്ടുന്നതിലും പ്രൊജക്ടർ ഹെഡ്ലാംപുകൾ മുഖ്യപങ്ക് വഹിക്കുന്നു. പ്രൊജക്ടർ ഹെഡ്ലാംപിൽ ചെളി പറ്റിയാൽ അതിന്‍റെ പ്രകടനം മോശമാകും. അതുകൊണ്ടുതന്നെ പ്ൊജക്ടർ ഹെഡ്ലാംപുകൾക്ക് അത് കഴുകാനുള്ള വാഷർ സംവിധാനവും ഉണ്ടായിരിക്കണം.


എൽഇഡി ഹെഡ് ലാംപ്

ലൈറ്റ് എമിറ്റിംഗ് ഡയോഡ് അഥവാ എൽഇഡി 2004 മുതൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ആദ്യം ഡേ ടൈം റണ്ണിംഗ് ലാംപുകളായാണ് എൽഇഡി കാറുകളിൽ സ്ഥാനം പിടിച്ചത്. 2007 ൽ പൂർണ്ണമായും എൽഇഡി ഉപയോഗിച്ചുള്ള ഹെഡ്ലാംപ് ഒൗഡിയുടെ ആർ 8 സ്പോർട്സ് കാറിൽ അവതരിപ്പിച്ചു. സൂര്യപ്രകാശത്തോട് അടുത്ത് നിൽക്കുന്ന പ്രകാശമാണ് എൽഇഡി നൽകുന്നത്.

പെട്ടെന്ന് പ്രകാശിക്കാനുള്ള കഴിവ്, കുറഞ്ഞ ഉൗർജഉപഭോഗം, ദീർഘകാല ഈടുനിൽപ്പ് എന്നിവയാണ് എൽഇഡിയുടെ മേൻമകൾ, ചില വാഹനങ്ങളിൽ ലോ ബീമിനു മാത്രവും ചിലവയിൽ ലോ, ഹൈ ബീമുകൾക്കു രണ്ടിനും എൽഇഡി ഉപയോഗിക്കുന്നുണ്ട്.

ഡേ ടൈം റണ്ണിംഗ് ലാംപുകൾ

എതിരെ വരുന്ന വാഹനം കണ്ണിൽപ്പെടാത്തതാണ് പല അപകടങ്ങൾക്കും കാരണം. ആ വാഹനത്തിൽ ശ്രദ്ധ ആകർഷിക്കും വിധം ഒരു ലൈറ്റുണ്ടെങ്കിൽ ഒരുപക്ഷേ, അപകടം ഒഴിവാക്കാം. ഈ ഉപയോഗം കണ്ട് വാഹനങ്ങൾക്ക് നൽകിയ സംവിധാനമാണ് ഡേ ടൈം റണ്ണിംഗ് ലാംപുകൾ . പേരുസൂചിപ്പിക്കുന്നതുപോലെ പകൽ സമയത്ത് അവ പ്രകാശിച്ചു നിൽക്കും.

എൽഇഡിയാണ് പൊതുവേ ഇതിന് ഉപയോഗിക്കുന്നത്. ഹെഡ്ലാംപ് യൂണിറ്റിലോ ബന്പറിലോ ആണ് ഇവ ഘടിപ്പിക്കാറുള്ളത്. വാഹനത്തിൻറെ അഴക് കൂട്ടുന്നതിലും ഡേ ടൈം റണ്ണിംഗ് ലാംപുകൾക്ക് സ്ഥാനമുണ്ട്. ഡിആർഎൽ എന്നാണ് ചുരുക്കപ്പേര്.

കോണറിംഗ് ലൈറ്റുകൾ

വളവുകളുടെ വശങ്ങളിലേയ്ക്ക് പ്രകാശം നൽകി മെച്ചപ്പെട്ട കാഴ്ച ഉറപ്പുനൽകുന്ന സംവിധാനമാണിത്. സ്റ്റിയറിംഗ് വീലിന്‍റെ ചലനത്തിന് അനുസരിച്ചാണ് ഇതിന്‍റെ പ്രവർത്തനം.

ഹെഡ്ലാംപിന്‍റെ ഭാഗമായോ പ്രത്യേക യൂണിറ്റായോ കോണറിംഗ് ലൈറ്റ് ഘടിപ്പിക്കാറുണ്ട്. ചില വാഹനങ്ങളിൽ ഫോഗ് ലാംപാണ് കോണറിംഗ് ലൈറ്റായി പ്രവർത്തിക്കുക.

ഡിജിറ്റൽ എൽഇഡി ഹെഡ്ലാംപ്

മെഴ്സിഡീസ് ബെൻസ് മൾട്ടി ബീം എൽഇഡി എന്നും ഒൗഡി മാട്രിക്സ് എൽഇഡി എന്നും ബിഎംഡബ്ല്യു ഇൻറലിജന്‍റ്ഹെഡ്ലൈറ്റ് ടെക്നോളജി എന്നും വിളിക്കുന്ന സാങ്കേതികവിദ്യയാണിത്. ഡ്രൈവർ ഡിം, ബ്രൈറ്റ് മോഡുകൾ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. മുന്നിലെ ട്രാഫിക് വിലയിരുത്തി ഈ സംവിധാനം സ്വയം അതെല്ലാം ചെയ്യും.
നിരവധി എൽഇഡി ചിപ്പുകൾ ഉപയോഗിക്കുന്ന ഡിജിറ്റൽ എൽഇഡി ഹെഡ്ലാംപിലെ ഒരോ എൽഇഡിയും സ്വതന്ത്രമായി നിയന്ത്രിച്ച് റോഡിൽ പ്രകാശം പതിയുന്നത് വ്യത്യാസപ്പെടുത്താനാവും. റോഡിലെ വാഹനങ്ങളെയും കാൽനടയാത്രക്കാരേയും മറ്റു തടസ്സങ്ങളെയെല്ലാം കാമറ സഹായത്തോടെ വിലയിരുത്തിയാണ് ഹെഡ്ലൈറ്റ് പ്രകാശം പരത്തുന്നത്. ഹൈ ബീമിലിടുന്പോഴും എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണിൽ വെളിച്ചം അടിയ്ക്കാതെ നോക്കാൻ ഈ സംവിധാനത്തിനു കഴിയും. 300 മുതൽ 400 മീറ്റർ വരെ അകലത്തിൽ മുന്നിൽ പോകുന്ന വാഹനങ്ങളെ തിരിച്ചറിഞ്ഞാണ് ഹെഡ്ലാംപിന്‍റെ പ്രവർത്തനം.

ലേസർ ലൈറ്റ്

എൽഇഡി കഴിഞ്ഞെത്തിയ നൂതന ഓട്ടോമോട്ടീവ് ലൈറ്റിംഗ് സംവിധാനമാണിത്. എൽഇഡിയെക്കാൾ നാലിരട്ടി പ്രകാശം നൽകാൻ ഇതിനു കഴിയും. വലുപ്പവും തീരെ കുറവാണ്. പക്ഷേ ചെലവേറും. ലേസർ രശ്മികളുടെ തീവ്രത കുറച്ചാണ് ഹെഡ്ലാംപ് യൂണിറ്റിൽ ഉപയോഗിക്കുന്നത്. 2014 ൽ ബിഎംഡബ്ല്യു ഐ8, ഒൗഡി ആർ 8 എൽഎംഎക്സ് മോഡലുകളിലാണ് ആദ്യമായി ലേസർ ലൈറ്റുകൾ ഉപയോഗിച്ചത്. 2015 ൽ ബിഎംഡബ്ല്യുവിന്‍റെ സെവൻ സീരീസിലും ലേസർ ലൈറ്റ് ഇടം നേടി.

ഹൈ ബീമിൽ 600 മീറ്റർ വരെ ദൂരത്തേയ്ക്ക് പ്രകാശം ചൊരിയാൻ ലേസർ ലൈറ്റിനു കഴിയും. എൽഇഡിയുമായി താരതമ്യപ്പെടുത്തുന്പോൾ ഇരട്ടി ദൂരമാണിത്. ലേസർ ഹെഡ്ലാംപ് യൂണിറ്റിൽ എൽഇഡിയും ഉപയോഗിക്കുന്നുണ്ട്. വാഹനം മണിക്കൂറിൽ 70 കിലോമീറ്റർ വേഗമെടുക്കുന്പോഴാണ് ലേസർ ഡയോഡ് പ്രവർത്തിക്കുക. ലേസറിന്‍റെ പ്രകാശത്തിന് തീവ്രതയുള്ളതിനാൽ ക്യാമറയുടെ സഹായത്തോടെ എതിരേ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഐപ് കുര്യന്‍