നിക്ഷേപത്തിനൊപ്പം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയാൽ, താമസിയാതെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടതായി വരും.’’ ലോകപ്രശസ്ത നിക്ഷേപ ഗുരു വാറൻ ബുഫെയുടെ വാക്കുകളാണ്.

ഇത് അക്ഷരാർഥത്തിൽത്തന്നെ ശരിയാണെന്ന് എല്ലാവർക്കും അനുഭവത്തിൽനിന്നു മനസിലായിട്ടുണ്ടാവും.

സന്പന്നരായ ആളുകളെ നിരീക്ഷിച്ചാൽ ഒരു കാര്യം മനസിലാകും അവർ ആദ്യം ചെയ്യുന്നത് അവർക്കുവേണ്ടി നിക്ഷേപം നടത്തുകയായിരിക്കും. വരുമാനത്തിന്‍റെ 20 ശതമാനമെങ്കിലും അവർ നിക്ഷേപം നടത്തും. ശേഷിച്ചതാണ് ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കുക.
വരുമാനം ചിലപ്പോൾ ചെറുതായിരിക്കാം. പക്ഷേ സന്പാദ്യശീലം നിശ്ചയമായും ഭാവി സുരക്ഷിതമാക്കും. ഇവർക്കു റിട്ടയർമെന്‍റ് സമയത്തു വരുമാനം കണ്ടെത്താനായി പെടാപാടു ചെയ്യേണ്ടതായി വരികയില്ല.

പണം കൈവശം വന്നു ചേരുന്പോൾ ചെലവു ചെയ്യാനുള്ള ത്വര എല്ലാവരിലുമുണ്ട്. പലർക്കും ഈ പ്രലോഭനത്തിൽനിന്നു രക്ഷ നേടാൻ സാധിക്കുകയില്ല.എങ്കിലും ചില നടപടികൾവഴി ഇതിൽനിന്നു രക്ഷ നേടാം.

ജോലി കിട്ടിയാൽ അതോടൊപ്പം തന്നെ സന്പാദ്യവും തുടങ്ങണം. അതിനായി നിരവധി നിക്ഷേപ ഉപകരണങ്ങളുണ്ട് എന്നൊക്കെ പറയുമെങ്കിലും അത് എങ്ങനെയൊക്കെ സാധ്യമാകും എന്നു പലർക്കും അറിയില്ല. അത് സാധ്യമാകണമെങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ശ്രദ്ധിച്ചെങ്കിൽ മാത്രമേ നിക്ഷേപം എന്ന ലക്ഷ്യം പൂർണമാകു.

ഷോപ്പിംഗ് ഭ്രമം കുറക്കാം

പലരും നേരിടുന്ന പ്രശ്നമാണിത് അമിതമായ ഷോപ്പിംഗ് ഭ്രമം. ഷോപ്പിംഗിനിറങ്ങി കഴിഞ്ഞാൽ പിന്നെ ചെലവിടുന്നതിന് ഒരു കണക്കുമില്ലാത്ത ചിലരുണ്ട്.

ഡിസൈനർ വസ്ത്രങ്ങൾ, ബ്രാൻഡഡ് ഷൂസ്, മറ്റ് ബ്രാൻഡഡ് ഗാഡ്ജറ്റുകൾ തുടങ്ങിയവ ഉപയോഗിക്കുന്നവരുണ്ട്. സ്മാർട്ടായ സന്പന്നർ ഇതൊഴിവാക്കുകയാണ് പതിവ്. പകരം തങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുഖകരവും അതേ സമയം കുലീനതയും ലളിതവുമായ വസ്ത്രങ്ങളും മറ്റു അനുബന്ധ വസ്തുക്കളുമാണ് ഉപയോഗിക്കുക.

ഇവർ ആവശ്യത്തിനായി ചെലവഴിക്കുകയാണ്. പത്രാസ് കാട്ടാൻ മലവെള്ളം പോലെ പണമൊഴുക്കുകയല്ല ചെയ്യുന്നത്. പ്രത്യേകിച്ചും വീടും മറ്റും നിർമിക്കുന്പോൾ.

ഒന്നു തിരിഞ്ഞു നോക്കിയാൽ ഇത്തരത്തിലുള്ള ധാരാളം സന്പന്നരെ നമുക്കു സമൂഹത്തിൽ കാണാൻ കഴിയും. ഉദാഹരണത്തിന് റോൾ മോഡലുകളായ ഇൻഫോസിസിന്‍റെ സ്ഥാപകൻ എൻ ആർ നാരായണമൂർത്തി.

ഒരു സമയത്തു സ്പോർട്സിലും മറ്റും തിളങ്ങി നിന്ന് ദശലക്ഷക്കണക്കിനു ഡോളർ വരുമാനമുണ്ടാക്കിയവർ ആ കാലത്തിനുശേഷം നിത്യവൃത്തിക്കു വിഷമിക്കുന്ന ധാരാളം കഥകൾ സമകാലീന ചരിത്രത്തിലുണ്ട്.

പ്ലാസ്റ്റിക് മണി ഒഴിവാക്കാം:

വാലറ്റിനുള്ളിലെ പ്ലാസ്റ്റിക് മണിയാണ് വസ്തുക്കൾ വാങ്ങികൂട്ടാനുള്ള അമിതാസക്തിയുടെ പ്രധാനകാരണങ്ങളിലൊന്ന്. മറ്റൊന്ന് കൈവശം അധികം കാഷ് ഇരിക്കുന്നതും. ഇതു രണ്ടും ഒഴിവാക്കുക. മോഡറേറ്റ് സമീപനം സ്വീകരിക്കുക.

ഇവ രണ്ടു കൈവശമുള്ളപ്പോൾ സാധാരണക്കാർ പോലും ഒരു വിഷമവുമില്ലാതെയാണ് സാധനങ്ങൾ വാങ്ങികൂട്ടുന്നത് എന്നാണ് അനുഭവം. കയ്യിലുള്ള പണം പോകുന്നു എന്നൊരു തോന്നൽ ആർക്കും ഉണ്ടാകാത്തതാണ് ഇതിനുള്ള പ്രധാന കാരണ.


ക്രെഡിറ്റ് കാർഡ് സൗകര്യപ്രദമാണ്. അതിനാൽ തീർച്ചയായും അത് കൈവശമുള്ളത് നല്ലതാണ്. പക്ഷേ ഒന്നോ രണ്ടോ ക്രെഡിറ്റ് കാർഡുകൾ മാത്രം ഉപയോഗിക്കുക. ക്രെഡിറ്റ് കാർഡ് നിബന്ധനകൾ പാലിക്കുന്നതിലും കുടിശിക വരുത്താതിരിക്കുന്നതിലും അച്ചടക്കം പാലിക്കുക. കടം ഇടാതിരിക്കുക. സമയത്ത്തന്നെ അടച്ചുതീർക്കുക.

ചെലവഴിക്കുന്നതിന് മുന്പ് ചിന്തിക്കാം

വില കൂടിയ ഗാഡ്ജെറ്റുകൾ, വസ്ത്രം, പാദരക്ഷകൾ അങ്ങനെ എന്തെങ്കിലും വാങ്ങിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ ഒരു മാസത്തെ സമയമെങ്കിലുമെടുത്ത് അതിന്‍റെ ആവശ്യകത ഉണ്ടോ എന്ന് ചിന്തിക്കണം. അത്രക്ക് അത്യാവശ്യമെന്ന് തോന്നുന്നു എങ്കിൽ വാങ്ങുക.
അതേപോലെ തന്നെ കുറഞ്ഞ വിലയിൽ ലഭിക്കുന്നതുകൊണ്ടു മാത്രം ഒരു സാധനം വാങ്ങരുത്. ഇത് പണം ലാഭിക്കുവാൻ പലപ്പോഴും സഹായിക്കുകയില്ല. ദീർഘകാലം ഈടു നിൽക്കുന്ന ഗുണമമേൻമയുള്ള സാധനങ്ങൾ വാങ്ങുക.

ഉദാഹരണത്തിന് വില കുറഞ്ഞ ഒരു വീട്ടുപകരണം വാങ്ങിയെന്നു കരുതുക.തീർച്ചയായും അതിന് അധികം ആയുസുണ്ടായിരി ക്കുകയില്ല. അതിന്‍റെ അറ്റകുറ്റപ്പണിക്കും മറ്റുമായി പണം ചെലവഴിക്കേണ്ടി വരും. അധികം താമസിയാതെ അതിനു പകരം വാങ്ങേണ്ടതായും വരും.

നല്ല ചെലവഴിക്കൽ ശീലം

യുവതലമുറയുടെ ചെലവാക്കലിനുള്ള പ്രധാനകാരണം കൂട്ടുകാരുടെ സമ്മർദം അല്ലെങ്കിൽ അവർ ചെയ്യുന്നതു പോലെ ചെയ്യാനുള്ള ശ്രമമാണ്. സ്വന്തം ആവശ്യങ്ങൾ എന്താണെന്നും ആഗ്രഹമെന്താണെന്നും വേർതിരിച്ചറിയാൻ സ്വയം കഴിയണം. ഇതിനർത്ഥം പിശുക്കനാകണമെന്നല്ല. നമുക്ക് ആവശ്യമുള്ളത് വാങ്ങാൻ പണം ചെലവഴിക്കുന്നതിൽ മടി കാണിക്കേണ്ട.

പകരം നല്ലൊരു ചെലവഴിക്കൽ ശീലം വളർത്തിയെടുക്കണം. ആവശ്യമുള്ളത്, ഗുണമേൻമയുള്ളത്, ദീർഘകാലത്തിൽ ഈടു നിൽക്കുന്നത് വാങ്ങാം.
ഡിസ്കൗണ്ടുകൾ, കൂപ്പണ്‍, റിവാർഡ്, ലോയൽറ്റി പോയിന്‍റ് തുടങ്ങിയവയൊക്കെ ഉപയോഗപ്പെടുത്താം.

ചെറിയ ഡിസ്കൗണ്ടുകൾ കൂട്ടിച്ചേർത്താണ് ദീർഘകാലത്തിൽ വലിയ തുകയായി മാറുന്നത്.

ദശാംശം നൽകുക

ചെലവും സന്പാദ്യവും നിക്ഷേപവുംപോലെ തന്നെ പ്രധാനപ്പെട്ടതാണ് വരുമാനത്തിൽ ഒരു ഭാഗം താൻ ജീവിക്കുന്ന സമൂഹത്തിലെ നല്ല കാര്യങ്ങൾക്കായി മടക്കിക്കൊടുക്കുകയെന്നത്. തങ്ങൾക്കു ലഭിച്ച അവസരം ലഭിക്കാതെ വലിയൊരു ജനവിഭാഗം ഇവിടെ ജീവിക്കുന്നുണ്ടെന്നു ഓർമയിൽ വയ്ക്കുക.

* നല്ല നിലയിൽ തന്നെ ദാനം ചെയ്യുക. പക്ഷേ ആദ്യം നിങ്ങളുടെ സന്പാദ്യവും നിക്ഷേപവും ഉറപ്പുവരുത്തുക.

മാസത്തിലൊരിക്കൽ സ്വയം ട്രീറ്റ് ചെയ്യാം

ചെലവു ചുരുക്കിയുള്ള ജീവിതത്തിനിടയിൽ എല്ലാമാസവും ചെറിയൊരു തുക സ്വന്തം ഇഷ്ടങ്ങൾക്കായി ചെലവഴിക്കാം.

* ദാനം ചെയ്യുന്നതിനിടയിൽ നികുതിയിളവും ലഭിക്കുമെന്ന കാര്യം മറക്കാതിരിക്കുക. ( ആദായനികുതി വകുപ്പ് 80ജി)